അകത്തിയം
അകത്തിയർ (അഗസ്ത്യർ) രചിച്ചു എന്ന് കരുതപ്പെടുന്ന ആദ്യത്തെ തമിഴ് വ്യാകരണഗ്രന്ഥമാണ് അകത്തിയം (തമിഴ്: அகத்தியம் ). എ.ഡി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന തൊൽകാപ്പിയർ, അകത്തിയരുടെ ശിഷ്യൻമാരിൽ പ്രമുഖനായിരുന്നുവെന്നും ആചാര്യന്റെ അകത്തിയം എന്ന ഈ കൃതിയാണ് തൊൽകാപ്പിയം എന്ന വ്യാകരണഗ്രന്ഥം രചിക്കാൻ ശിഷ്യന് പ്രചോദനം നല്കിയതെന്നും തമിഴ് പണ്ഡിതർ കരുതുന്നു.[1]
അകത്തിയത്തിന്റെ പൂർണരൂപം ലഭിച്ചിട്ടില്ല. അകത്തിയം, _[മാപുരാണം]], ഇചയ്നുണുക്കം എന്നിങ്ങനെ പല വ്യാകരണഗ്രന്ഥങ്ങൾ തൊൽകാപ്പിയത്തിനു മുമ്പ് പ്രചാരത്തിൽ ഇരുന്നതായും അവ കാലാന്തരത്തിൽ നശിച്ചുപോയതായും തമിഴ് വൈയാകരണൻമാർ അഭിപ്രായപ്പെടുന്നു. തൊൽകാപ്പിയം, യാപ്പെരുങ്കലം, നന്നൂൽ തുടങ്ങിയ ആധികാരിക വ്യാകരണഗ്രന്ഥങ്ങളിലും അവയെ ആസ്പദമാക്കിയുള്ള വ്യാഖ്യാനങ്ങളിലും അകത്തിയസൂത്രങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. 'എകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴു പൊതുമറ്റേ' എന്ന അകത്തിയസൂത്രം ലീലാതിലകകാരൻ ഉദ്ധരിക്കുകയും (ശില്പം 2) അതിനെ അവലംബിച്ച് സംസ്കൃതത്തിൽ ഇല്ലാത്ത ന്റ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങൾ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽനിന്ന് ലീലാതിലകകാരന് അഗസ്ത്യസൂത്രങ്ങൾ പരിചിതങ്ങളായിരുന്നു എന്ന് ഉള്ളൂർ പരമേശ്വരയ്യർ കേരളസാഹിത്യചരിത്രത്തിൽ സമർഥിക്കുന്നു. നന്നൂൽ വ്യാഖ്യാനം രചിച്ച മൈലൈനാഥൻ അകത്തിയത്തിലെ പല സൂത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടെന്നും അവയെ ആയിരിക്കണം ലീലാതിലകകാരൻ ഉപയോഗിച്ചിട്ടുള്ളതെന്നും ലീലാതിലകകാരൻ അകത്തിയം കണ്ടിരിക്കാനിടയില്ലെന്നും മറ്റൊരു അഭിപ്രായഗതിയുമുണ്ട്.[2]
അകത്തിയത്തിൽ തമിഴ് വ്യാകരണത്തിന്റെ പ്രധാനാംശങ്ങളായ ഇയൽ (സാഹിത്യം), ഇചൈ (സംഗീതം), നാടകം (നൃത്യാദി കലകൾ എല്ലാം) എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. അകത്തിയത്തിനു ശേഷം വൈയാകരണൻമാർ ഈ മൂന്നു വിഷയങ്ങൾക്കും പ്രത്യേകം പഠനങ്ങൾ തയ്യാറാക്കിയിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇയലിന്റെ മുഖ്യാംഗങ്ങളായ എഴുത്ത് (ഭാഷ), ചൊൽ (വാക്ക്), പൊരുൾ (കാവ്യവിഷയം) എന്നിവയെപ്പറ്റിയാണ് അകത്തിയത്തിനുശേഷമുണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളത്. അകത്തിയത്തിൽ എഴുത്ത്, ചൊൽ, പൊരുൾ എന്നീ ഘടകങ്ങളെക്കുറിച്ചുള്ള വിവരണം സൂത്രരൂപത്തിൽ കൊടുത്തിരിക്കുന്നു.[3]
അകത്തിയപരതം
[തിരുത്തുക]അകത്തിയത്തിന്റെ ഗാന്ധർവപ്പകുതി ആയി പരിഗണിക്കപ്പെടുന്ന കൃതിയാണിത്. പഴയ തമിഴിൽ വിരചിതമായ ഒരു സംഗീതശാസ്ത്രലക്ഷണഗ്രന്ഥമാണിത്. സംസ്കൃതത്തിലെ അഗസ്ത്യഭരതമാണ് തമിഴ് വ്യവഹാരത്തിൽ അകത്തിയപരതം ആയത്. ഗാനം, നൃത്തം, വാദ്യം ഇവ മൂന്നും ചേർന്ന ഗാന്ധർവത്തെക്കുറിച്ച് ഇതു പ്രതിപാദിക്കുന്നു. രചിച്ചത് അഗസ്ത്യമുനിയാണെന്നു വിശ്വസിക്കുന്നു. പല സംഘകാല തമിഴ്കൃതികളിലും ഇതിനെപ്പറ്റി പരാമർശം ഉണ്ട്. വ്യാകരണം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ഗാന്ധർവം തുടങ്ങി പല വിഷയങ്ങളെയും ആധാരമാക്കി അഗസ്ത്യമുനി തന്നെ രചിച്ച പില്ക്കാല കൃതികൾ ധാരാളം കടം കൊണ്ടിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ പ്രതികൾ ഇന്നു ലഭ്യമല്ല.
അവലംബം
[തിരുത്തുക]- ↑ Agattiyam: First Tamil Grammar from the Sangam Age of Tamil Literature [1] Archived 2010-07-17 at the Wayback Machine.
- ↑ http://www.servinghistory.com/topics/Agattiyam Agattiyam : Who, What, Where, When
- ↑ http://www.encyclo.co.uk/define/Agattiyam Agattiyam - Dictionary
പുറംകണ്ണികൾ
[തിരുത്തുക]- http://swapsushias.blogspot.com/2009/09/history-bits.html
- http://www.ireference.ca/search/Agattiyam/ Archived 2016-03-04 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അകത്തിയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |