തായ് നാടകവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡിൽ നിലവിലുള്ള നാടകവേദിയാണ് തായ് നാടകവേദി. പുരാതനകാലത്ത് മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നൃത്തവും നാടകവും രൂപം കൊണ്ടത്. 13-ആം നൂറ്റാണ്ടിൽ തായ്ലൻഡ് ഒരു രാഷ്ട്രീയ ശക്തിയായി മാറി. എങ്കിലും 15-ആം നൂറ്റാണ്ടിൽ ഖ്മർ ഭരണകൂടങ്ങളെ കീഴടക്കിയതിനുശേഷമാണ് ഖ്മർ കലകൾ തായ്ലൻഡിൽ പ്രചാരം നേടിയത്. ഖ്മർ രാജാക്കന്മാരുടെ കൊട്ടാരത്തിലെ നർത്തകരും ഗായകരുമെല്ലാം തായ്ജനതയുടെ മേൽനോട്ടത്തിലായി. ഖ്മർ കലകളെ അവർ പരമാവധി പരിപോഷിപ്പിച്ചു. 1767-ൽ ബർമീസ് സൈന്യം തായ് തലസ്ഥാനം പിടിച്ചടക്കിയപ്പോൾ ബർമയിലെ നാടകവേദിക്കും ഖ്മർ കലകൾ മാതൃകയായി മാറി.

ഇന്ത്യൻ സ്വാധീനം[തിരുത്തുക]

ഇന്ത്യയിലേയും മറ്റു ചില ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേയും നാടകവേദികൾ തായ് നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ കലകൾ ഇന്തോനേഷ്യയിലൂടെ ഖ്മർ വംശജരേയും അവരിലൂടെ തായ് വംശജരേയും ആകർഷിച്ചിരുന്നു. കംബോഡിയൻ-മലായ് നാടകവേദികൾ നിരന്തരമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകൾ വേണ്ടുവോളമുണ്ട്. തായ് നാടകവേദിയുടെ സവിശേഷതകളെ ആധാരമാക്കി അവയെ നാല് വിഭാഗങ്ങളായി തരംതിരിക്കാം.

  1. ഗ്രാമീണ നാടകങ്ങൾ
  2. കൊട്ടാരനാടകങ്ങൾ
  3. ആധുനിക ജനപ്രിയ നാടകങ്ങൾ
  4. ആധുനിക ഭാഷണ നാടകങ്ങൾ എന്നിവയാണ്.

ഗ്രാമീണ നാടകങ്ങൾ[തിരുത്തുക]

ഗ്രാമീണനാടകങ്ങളുടെ പ്രാരംഭം പുരാതനകാലത്ത് അമാനുഷിക ശക്തികൾക്കുള്ള നൃത്തസമർപ്പണങ്ങളിൽ ദർശിക്കാവുന്നതാണ്. ആധുനിക കാലത്തും ദേവപ്രീതിക്കായി ക്ഷേത്രങ്ങളിൽ നൃത്തപരിപാടികൾ നടത്തിവരുന്നു. പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നൃത്തത്തോടൊപ്പം നാടക രൂപങ്ങളും അരങ്ങേറുന്നു. ഇവയിൽ ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനം പ്രകടമാണ്.

14-ആം നൂറ്റാണ്ടിൽ തായ്ലൻഡിലെ ഗ്രാമങ്ങളിലാണ് നാടകത്തിന്റെ ആദ്യരൂപം അരങ്ങേറിയതെന്ന് കരുതപ്പെടുന്നു. ദക്ഷിണമലായിൽ ബുദ്ധമതാനുഷ്ഠാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നോറ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന നാടക രൂപം പിൽക്കാല നാടകവേദിയെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. പരമ്പരാഗത നാടകത്തിൽ മൂന്ന് അഭിനേതാക്കളാണുള്ളത്. നായികാനായകന്മാരായ രാജകുമാരനും രാജകുമാരിയും പിന്നെയൊരു കോമാളിയും. പക്ഷികളുടേയും മൃഗങ്ങളുടേയും മറ്റും മുഖംമൂടി ധരിച്ചുകൊണ്ട് കോമാളി വിഭിന്ന കഥാപാത്രങ്ങളായി രംഗത്തു വരുന്നു. നർത്തകരുടെ അധ്യാപകനായിരിക്കും നാടകസംഘത്തിന്റെ തലവൻ. ഗാനാലാപനത്തിലൂടെ ആരംഭിച്ച് നൃത്തങ്ങളിലൂടെ മുന്നേറിയശേഷമാണ് നാടകം അവതരിപ്പിക്കുന്നത്. പുരാതനനാടകപ്രമേയങ്ങൾ യക്ഷിക്കഥകളിൽ അധിഷ്ഠിതമാണ്. മനോറ എന്ന പക്ഷിരൂപത്തിലുള്ള സ്ത്രീയാണ് ഇതിലെ ഒരു മുഖ്യ കഥാപാത്രം. മന്ത്രവാദിയുടെ പരിവേഷമുണ്ടായിരുന്ന നാടക സംഘത്തലവന്മാർ ആചാരാനുഷ്ഠാനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. അവരുടെ മാന്ത്രിക ശക്തിയാൽ കാണികൾ നാടക സംഘങ്ങൾക്കു പിന്നാലെ പാഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു. പിൽക്കാലത്ത് പരിവർത്തനങ്ങൾ പലതുമുണ്ടായെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം നാടകങ്ങളിൽ നിന്ന് പൂർണമായും വിട്ടുമാറിയിട്ടില്ല.

പുറംനാടകം[തിരുത്തുക]

പുരാതന നാടകരൂപമായ നോറയിൽ നിന്ന് പിൽക്കാലത്ത് രൂപംകൊണ്ട ലകോൺനോക് (പുറംനാടകം) 20-അം നൂറ്റാണ്ടിന്റെ ആരംഭം വരെ കാണികളെ ആകർഷിച്ചിരുന്നു. ബാങ്കോക്കിലാണ് ഈ രൂപം ആദ്യമായി അവതരപ്പിക്കപ്പെട്ടത്. കൂടുതൽ അഭിനേതാക്കളും വാദ്യവൃന്ദക്കാരും പങ്കെടുക്കുന്ന ഈ നാടകത്തിന് മതേതര സ്വഭാവം കൂടുതലാണ്. പഴയ രൂപത്തിൽ പാട്ടിനും നൃത്തത്തിനുമായിരുന്നു പ്രാധാന്യമെങ്കിൽ പുതിയ രൂപത്തിൽ സംഭാഷണത്തിനും സംഭവബഹുലതയ്ക്കുമാണ് പ്രാധാന്യം. പരുക്കൻ ശൈലിയിലുള്ള അവതരണവും പരിഹാസവും മുന്നൊരുക്കമില്ലാത്ത അഭിനയവും കാണികളെ ഏറെ ആകർഷിച്ചു. നാടകനടിമാർ രംഗത്തുവന്നതും പുറം നാടകവേദിയിലൂടെയാണ്. ഇപ്പോൾ ഈ നാടകരൂപം നാമാവശേഷമായിരിക്കുകയാണ്. ബാങ്കോക്കിലെ നാഷണൽ തിയെറ്ററിൽ അപൂർവമായി അവതരിപ്പിച്ചുവരുന്നു.

കൊട്ടാരനാടകം[തിരുത്തുക]

15-ആം നൂറ്റാണ്ടിലെ കമ്പോഡിയൻ കൊട്ടാരനാടകരൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നാങ്യായ് (തോൽ പാവകളി), ഖോൻ (മുഖംമൂടി ധരിച്ച നൃത്ത നാടകം), ലകോൻ ഫായ് നായ് (സ്ത്രീനൃത്തനാടകം) എന്നീ നാടകരൂപങ്ങൾ തായ്ലൻഡിലും പ്രചരിക്കുകയുണ്ടായി. തോലുപയോഗിച്ച് നിർമിച്ച വലിയ പാവകളെ നിരത്തി കളിക്കുന്ന നിഴൽ നാടകമാണ് നാങ്യായ് മുപ്പതടി നീളവും പത്തടി വീതിയുമുള്ള വലിയ സ്ക്രീനിനു പിന്നിലാണ് കളി നടത്തുന്നത്. ഖോൻ പാക് എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് ആഖ്യാതാക്കൾ [[രാമായണം|രാമായണത്തിന്റെ തായ് പകർപ്പിലുള്ള ഒരു കഥ പാരായണം ചെയ്യുന്നു. മറ്റു കഥകളും അവതരിപ്പിക്കാറുണ്ടെങ്കിലും രാമായണത്തിന്റെ പ്രാമുഖ്യത്തിന് മങ്ങലേറ്റിട്ടില്ല. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് പാവനാടകങ്ങൾ നടത്താറുള്ളത്.

ഖോൻ നാടകം[തിരുത്തുക]

മുഖംമൂടി ധരിച്ച പുരുഷന്മാർ മാത്രം നടത്തുന്ന നൃത്തനാടകമാണ് ഖോൻ. കഥാഗാനം ആലപിക്കുന്ന രണ്ടു പേർ അടങ്ങുന്ന സംഘത്തെ ഖോൻ പാക് എന്നു വിളിക്കുന്നു. ഇവരുടെ ഗാനത്തിനനുസൃതമായി മുഖംമൂടിക്കാർ അഭിനയം കാഴ്ചവയ്ക്കുന്നു. ഖോൻ നാടകത്തിലും രാമായണകഥകൾക്കു തന്നെയാണ് പ്രാധാന്യം. സ്ത്രീനൃത്തനാടകത്തിന്റെ വരവോടെയാണ് മുഖം മൂടികൾ മാറ്റപ്പെട്ടത്. സ്ത്രീകൾ മുഖംമൂടി ധരിക്കാതെയാണ് അഭിനയിച്ചിരുന്നത്. 1431-ൽ ഖ്മർ കൊട്ടാര നർത്തകികളെ തായ്‌ലൻഡിൽ കൊണ്ടുവന്നതോടെയാണ് സ്ത്രീ നൃത്തനാടകത്തിന് പ്രചാരം ലഭിച്ചത്. കൊട്ടാരത്തിലെ സ്ത്രീകൾ മാത്രം അഭിനയിച്ചിരുന്നതിനാൽ ഇവ കൊട്ടാരത്തിൽ മാത്രം ഒതുങ്ങിനിന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് ഒഫ് ഫൈൻ ആർട്ട്സിന്റെ മേൽനോട്ടത്തിൽ പരമ്പരാഗത നാടകരൂപങ്ങൾ പരിഷ്കരിക്കപ്പെട്ടു. ആധുനിക നാടകങ്ങളിൽ സ്ത്രീകൾക്ക് പ്രമുഖമായ ഒരു സ്ഥാനമാണുള്ളത്.

പരിശീലന കേന്ദ്രം[തിരുത്തുക]

1914-ൽ ഡിപ്പാർട്ട്മെന്റ് ഒഫ് ഫൈൻ ആർട്ട്സിന്റെ മേൽനോട്ടത്തിൽ സംഗീതത്തിനും നൃത്തത്തിനുമായി ഒരു പരിശീലന കേന്ദ്രം സ്ഥാപിച്ചു. പിൽക്കാലത്ത് ഈ കേന്ദ്രം കോളജ് ഒഫ് ഡാൻസ് ആയി രൂപാന്തരപ്പെട്ടു. 1970-കളിൽ ഈ കോളജിന്റെ ഏഴ് ശാഖകൾ ബാങ്കോക്കിനു പുറത്തുള്ള പ്രദേശങ്ങളിൽ നിലവിൽ വന്നു. ഈ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽകിവരുന്നു. ഇവിടെ വൈദഗ്ദ്ധ്യം തെളിയിക്കുന്നവർ നാഷണൽ തിയെറ്റർ കമ്പനിയിൽ അംഗങ്ങളായി മാറുന്നു.

ആധുനിക നാടകവേദി[തിരുത്തുക]

ആധുനിക നാടകവേദിയിൽ ഏറ്റവും പ്രചാരം നേടിയവ നാങ്തലുങ്, ലികായ് എന്നീ നാടകരൂപങ്ങളാണ്. നാങ്നായ് എന്ന പേരിലറിയപ്പെടുന്ന കളിക്കാരൻ തോൽപ്പാവകളെ ഗാനത്തിനൊത്ത് ചലിപ്പിക്കുന്നു. ക്ലാസ്സിക്കൽ നൃത്തനാടകത്തിലെ വേഷവിധാനങ്ങളാണ് പാവകൾക്കു നൽകുന്നത്. അഞ്ച് പേരടങ്ങുന്ന ഒരു വാദ്യവൃന്ദസംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. അൻപതു മുതൽ ഇരുന്നൂറു വരെ പാവകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് രൂപംകൊണ്ട നാടകരൂപമാണ് ലികായ്. ഈ ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗക്കാരായ വീട്ടമ്മമാരാണ്. നായകനും നായികയും വില്ലനുമൊക്കെ ഇതിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ആധുനിക കഥകളും ലികായ് നാടകങ്ങളുടെ പ്രമേയമാകാറുണ്ട്.

ലകോൻ ഫുട് എന്ന പേരിൽ അറിയപ്പെടുന്ന സംഭാഷണ പ്രധാനമായ നാടകങ്ങളാണ് തായ് നാടകവേദിയിലെ ആധുനികതയ്ക്കു വഴിയൊരുക്കുന്നത്. എങ്കിലും ബുദ്ധിജീവികൾക്കിടയിൽ മാത്രമാണ് ഇവയ്ക്കു പ്രചാരം ലഭിച്ചിട്ടുള്ളത്. പരമ്പരാഗത നാടകങ്ങളാണ് ഇന്നും തായ്ജനതയെ ആകർഷിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ് നാടകവേദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തായ്_നാടകവേദി&oldid=3633727" എന്ന താളിൽനിന്ന് ശേഖരിച്ചത്