തറാവീഹ്
റമദാൻ മാസത്തിൽ പ്രത്യേകമായി നടത്തപ്പെടുന്ന രാത്രിനമസ്കാരമാണ് തറാവീഹ് (التّروويح, അത്തറാവീഹ് എന്നും ഉപയോഗിക്കപ്പെടുന്നു) ഖുർആനിൽ നിന്നും ധാരാളമായി പാരായണം ചെയ്യപ്പെടുന്ന ഈ നമസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം നിർണ്ണിതമല്ല. വിവിധ വിഭാഗങ്ങൾ 8 മുതൽ മുകളിലോട്ട് റക്അത്തുകൾ നമസ്കരിച്ചുവരുന്നു. രണ്ട് റക്അത്തുകൾ വീതമുള്ള ഖണ്ഡങ്ങളായി നമസ്കരിക്കുകയും വിത്ർ നമസ്കാരത്തിൽ അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നത്. എട്ടോ ഇരുപതോ നമസ്കരിക്കുന്ന പള്ളികൾ ആണ് പൊതുവേ കാണപ്പെടുന്നതെങ്കിലും വ്യക്തിതലത്തിൽ അതിൽ കൂടുതൽ നമസ്കരിക്കുന്നവരും കാണപ്പെടുന്നു.
ഖുർആൻ അവതരിച്ച മാസമായ റമദാനിൽ ഒരു പ്രാവശ്യമെങ്കിലും അതിന്റെ പാരായണം പൂർത്തീകരിക്കാനായി ദിവസവും കുറഞ്ഞത് ഒരു ജുസ്അ് എങ്കിലും ഈ നമസ്കാരങ്ങളിൽ പാരായണം ചെയ്യാനായി പല പള്ളികളിലും ശ്രമിക്കാറുണ്ട്. റമദാനിലെ വ്രതത്തോടൊപ്പം ഈ രാത്രി നമസ്കാരവും ഭക്തിയുടെ അളവുകോലായി പരിഗണിക്കുന്നുണ്ട്.
തറാവീഹ് പ്രാർത്ഥനകൾ പ്രബലമായ ഐച്ഛിക നമസ്കാരമാണ്. നിരവധി പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട ഒന്നായ ഇത്, പ്രവാചക ചര്യയും വലിയ പ്രതിഫലങ്ങൾക്ക് കാരണവുമാണെന്ന് സുന്നി മുസ്ലിംകൾ വിശ്വസിക്കുന്നു.
"ആരെങ്കിലും ഇമാമിനൊപ്പം (തറാവീഹ് നമസ്കാരത്തിൽ) പ്രാർത്ഥന പൂർത്തിയാക്കുന്നതുവരെ നിൽക്കുകയാണെങ്കിൽ, അത് രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതിന് തുല്യമാണ്".[1][2] (ഹദീഥ്)
രൂപം
[തിരുത്തുക]ഖിയാമുല്ലൈൽ എന്ന പേരിൽ അറിയപ്പെടുന്ന ഐച്ഛിക നമസ്കാരം എല്ലാ മാസങ്ങളിലും ഉള്ളതാണെങ്കിലും റമദാനിൽ ഇതിന് സംഘടിത രൂപം (ജമാഅത്ത്) കൈവരുന്നു. വിശ്വാസികൾ ഒറ്റക്കൊറ്റക്കാണ് മറ്റു മാസങ്ങളിൽ രാത്രിനമസ്കാരം നിർവ്വഹിക്കുന്നതെങ്കിൽ റമദാനിൽ തറാവീഹ് എന്നപേരിൽ ഇത് പള്ളികളിൽ ഒരു ഇമാമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. റമദാൻ മാസാരംഭമായി ചാന്ദ്രദർശനം നടന്ന രാത്രി മുതൽ ശവ്വാൽ മാസാരംഭമായി ചാന്ദ്രദർശനം നടക്കുന്നതിന്റെ തലേന്ന് രാത്രി വരെയാണ് തറാവീഹ് ഇപ്രകാരം സംഘടിതമായി നടത്തപ്പെടുന്നത്. ഈരണ്ട് റക്അത്തുകളായി പുരോഗമിക്കുന്ന ഇതിൽ ഖുർആൻ പാരായണം ഉച്ചത്തിൽ നടത്തപ്പെടുന്നു.
മദ്ഹബുകളെല്ലാം പൊതുവെ 20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും പിന്തുടരുമ്പോൾ 8 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും പല പ്രമാണങ്ങളിലും കാണപ്പെടുന്നുണ്ട്. ഇത് പിന്തുടരുന്നവരും മുസ്ലിംകളിൽ കാണപ്പെടുന്നു. പല റിപ്പോർട്ടുകളിലും റക്അത്തുകളുടെ എണ്ണം 8 എന്നും 20 എന്നും കാണപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഖിയാമുല്ലൈൽ മിൻ റമദാൻ, ഖിയാമുർറമദാൻ എന്നെല്ലാമാണ് തറാവീഹിനെ സൂചിപ്പിക്കുന്നതായി പ്രമാണങ്ങളിൽ കാണപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് ഏതാനും ദിവസങ്ങളിൽ പള്ളിയിൽ വന്ന് ഈ പ്രാർത്ഥന നിർവ്വഹിച്ചെങ്കിലും, പിന്നീടങ്ങോട്ട് സ്വകാര്യമായി വീട്ടിൽ വെച്ച് നമസ്കരിക്കുകയായിരുന്നു. അതൊരു നിർബന്ധമായ കർമ്മമായി വ്യാഖ്യാനിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയായിരുന്നു ഈ പിന്മാറ്റത്തിന് കാരണം[3]. പിന്നീട് രണ്ടാം ഖലീഫ ഉമറിന്റെ നിർദ്ദേശപ്രകാരമാണ് തറാവീഹ് സംഘടിതമായി ആരംഭിക്കുന്നത്[4].
ശീഈ മുസ്ലിംകൾ തറാവീഹിനെ ഒരു ബിദ്അത്ത് (അനാചാരം) ആയി കണക്കാക്കുന്നു[5]. എന്നാൽ ചില ശീഈ പ്രമാണങ്ങൾ തറാവീഹിനെ സാധൂകരിക്കുന്നതായി കാണപ്പെടുന്നുണ്ട്[6][better source needed].
അവലംബം
[തിരുത്തുക]- ↑ "The Taraweeh Prayer and Its Origins". Arab News. Susi Research & Publishing Company. 12 March 2007. Retrieved 6 May 2019.
- ↑ "Riyad as-Salihin 1187 - The Book of Virtues - كتاب الفضائل - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم)". sunnah.com. Retrieved 2021-03-18.
- ↑ "The Book of Prayer - Travellers". Book 4, Hadith 1663. Sahih Muslim. Retrieved 1 September 2015.
- ↑ "Praying at Night in Ramadaan (Taraweeh)". Book 32, Hadith 227. Sahih Bukhari. Retrieved 1 September 2015.
- ↑ "Praying at Night in Ramadaan (Taraweeh)". Book 31, Hadith 3. Sahih al-Bukhari. Retrieved 1 September 2015.
- ↑ "Tarawih proven from (12er) Shia books". 22 May 2017.