ജി.എം. വിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനിതകമായി പരിവർത്തനം ചെയ്ത വിളകളാണ് ജി.എം വിളകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. ആംഗലേയ ഭാഷയിൽ ജി.എം എന്നതുകൊണ്ട് ജെനിറ്റിക്കലി മോഡിഫൈഡ് എന്നാണ് വിവക്ഷിക്കുന്നത്.[1] ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ സന്നിവേശിപ്പിച്ച് വികസിപ്പിച്ചെടുക്കുന്ന ബി.ടി. വിളകൾ ഇതിന് ഉദാഹരണമാണ്.

കൃഷിയിൽ ജനിതക സാങ്കേതിക വിദ്യയുടെ പ്രഭാവം[തിരുത്തുക]

കൃഷിയിൽ കൂടുതൽ വിളവുനൽകുന്ന വിത്തിനങ്ങൾ ഉണ്ടാക്കിയെടുക്കാൻ പലവഴികളും മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട്.വിളവ് കുറഞ്ഞതും രോഗപ്രതിരോധ ശേഷികൂടിയതുമായ നെല്ലിനെ വിളവ് കൂടിയതും രോഗപ്രതിരോധ ശേഷികുറഞ്ഞതുമായ നെല്ലുമായി ചേർത്ത് സങ്കരയിനം നെല്ല് വികസിപ്പിച്ചെടുത്തത് ഇതിനുദാഹരണമാണ്.നെല്ലിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു കാർഷികവിളകളുടെ കാര്യത്തിലും സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്

ജി.എം വിളകളെക്കുറിച്ച്[തിരുത്തുക]

സങ്കരയിനങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ജി.എം വിളകളുടെ സൃഷ്ടി.ഇത്തരം വിളകളുടെ കൂട്ടത്തിലെ ഭക്ഷണയോഗ്യമായ ധാന്യങ്ങളെയും പഴങ്ങളെയും പച്ചക്കറികളെയും ജിം.എം ഫുഡ് എന്നു പറയുന്നു. ജനിതകസാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യത്തിന്റെ ജീനുകളിൽ മാറ്റം വരുത്തിയാണ് ജി.എം വിള ഉണ്ടാക്കുന്നത്.ഇതിന് പല മാർഗ്ഗങ്ങളുണ്ട്. ബാക്ടീരിയയിൽ നിന്നും മറ്റും ജീനുകളെ വേർതിരിച്ച് അവചെടികളുടെ കോശങ്ങളിൽ കടത്തിവിടുകയാണ് ഒരു രീതി.ഇങ്ങനെ ജനിതകവ്യതിയാനം വരുത്തിയ ചെടികൾക്ക് ട്രാൻസ് ജനിക് സസ്യങ്ങൾ എന്ന പേരും ഉണ്ട്. പ്രകൃതിയിൽ അതുവരെ ഇല്ലാത്ത ഒരു ചെടിയായിരിക്കും ട്രാൻസജനിക് സസ്യം.അതായത് പ്രകൃതിയിലുള്ള ഒന്നിന്റെ പരിഷ്കരിച്ച പതിപ്പ് .കാർഷിക വിളകൾ ഉൾപ്പെടെയുള്ള ചെടികൾക്ക് കൂടുതൽ ഗുണങ്ങൾ കൂട്ടിച്ചേർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചില പ്രത്യേകതരം ജീവികളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാനോ ചില പ്രത്യേക കാലാവസ്ഥാമാറ്റങ്ങളെ അതിജീവിക്കാനോ കഴിവുള്ളവയാണ് ജി.എം വിളകൾ.

ജനിതക പരീക്ഷണങ്ങൾ കാർഷിക മേഖലയിൽ[തിരുത്തുക]

കൂടുതൽ വിളവു തരുന്നതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ സങ്കരയിനം ചെടികൾ ഉണ്ടാക്കിയെടുക്കുന്ന സാങ്കേതികവിദ്യയ്ക്ക് വർഷങ്ങളോളം പഴക്കമുണ്ട്.ജീനുകളുടെ ഘടനയിൽ മാറ്റം വരുത്തുന്ന മ്യൂട്ടേഷൻ എന്ന രീതിയാണ് അതിലൊന്ന്.മ്യൂട്ടേഷൻ സ്വാഭാവിക രീതിയിലോ കൃത്രിമമായ രീതിയിലോ നടത്താം.ടിഷ്യൂ കൾചർ സാങ്കേതിക വിദ്യയിലൂടെ ഒരു കോശത്തിൽ നിന്നും പൂർണ സസ്യത്തെ ഉണ്ടാക്കുന്ന വിദ്യയാണ് മറ്റൊന്ന്. ആണവ വികിരണങ്ങൾ മ്യൂട്ടേഷനുവേണ്ടി ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ഈ രംഗത്തെ ഒരു നാഴികക്കല്ലാണ്. 1980 കളുടെ തുടക്കത്തിൽ ഈ രംഗത്ത് വിപ്‌‌ളവം സംഭവിച്ചു.അമേരിക്കയിലെ വാഷിംഗ്ടൺ സർവ്വകലാശാല ,മോൺസാന്റോ കമ്പനി, ബെൽജിയത്തിലെ റിജക്സ് സർവകലാശാല ,വിസ്കോൺസിൽ സർവകലാശാല എന്നി ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷകർ ട്രാൻസ്ജനിക് സസ്യങ്ങൾ ഉണ്ടാക്കിയെടുത്തതായി അവകാശവാദമുന്നയിച്ചു. 1983 ൽ ഒരേചെടിയുടെ രണ്ട് ഇനങ്ങൾ തമ്മിൽ ജീനുകൾ മാറ്റിവച്ചതായി വിൻകോൺസിൻ സർവകലാശാല അവകാശവാദമുയർത്തി. പുകയിലച്ചെടികളുടെ പുതിയ ഇനമായിരുന്നു ആദ്യ മൂന്നു ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തത്.എന്നാൽ വിൻകോൺസിൽ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരായ ജോൺ കെംപും തിമോത്തി ഹാളും പയർചെടിയുടെ ജീനിനെ സൂര്യകാന്തിച്ചെടിയിൽ കടത്തിവിട്ട് പരീക്ഷണം നടത്തുകയുണ്ടായി. 1980 കളിൽ ബൽജിയത്തിലെ പ്ളാന്റ് ജനിറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനം കീടങ്ങളെ ചെറുക്കാൻ കഴിവുള്ള പുകയിലച്ചെടി വികസിപ്പിച്ചെടുത്തത് അത്ഭുതാവഹമായ നേട്ടമായിരുന്നു.പുകയിലയിൽ ബാസിലസ് തുരിഞ്ചിയൻസിസ് എന്നയിനം ബാക്ടീരിയയുടെ ജീൻ കടത്തിവിട്ടാണ്പുകയിലച്ചെടിയിൽമാറ്റമുണ്ടാക്കിയത്. ശാസ്ത്രജ്ഞന്മാരായ മാർക് വാൻ മൊണ്ടേഗും ജെഫ് ഷെല്ലുമായിരുന്നു ഇതിനുംപിന്നിൽ. ജനിതകമാറ്റം വരുത്തിയ വിളകൾ വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി കൃഷിചെയ്യാൻ ആരംഭിച്ചത് ചൈനയിലാണ്.1992 ൽ വൈറസുകളെ ചെറുക്കാൻ കരുത്തുറ്റ പുകയില ചെടികളാണ് കൃഷിചെയ്തത്. ഭക്ഷ്യവിളകളിൽ വിപണിയിലെത്തിയ ജി.എം ഫുഡ് അമേരിക്കയിലെ ഫ്ളേവർ സേവർ എന്ന ഇനം തക്കാളിയാണ്.കാൽജിൻ എന്ന അമേരിക്കൻ ബയോടെക്നോളജി കമ്പനിയാണ് ഈ തക്കാളി വികസിപ്പിച്ചെടുത്തത്.ചീഞ്ഞുപോവാതെ ഏറെ നാൾ സൂക്ഷിക്കാനാകും എന്നുള്ളതായിരുന്നു ഇതിന്റെ പ്രത്യേകത്.1995ൽ ജനിതകപരിവർത്തനം നടത്തിയ ഉരുളക്കിഴങ്ങ് വിപണിയിലെത്തി. 2009 ലെ കണക്കനുസരിച്ച് ഇപ്പോൾ 11 ഇനം ജി.എം.വിളകൾ കൃഷി ചെയ്യുന്നുണ്ട് .അമേരിക്ക , ചൈന , ബ്രസീൽ, അർജന്റീന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജി.എം വിളകൾ കൃഷിചെയ്യുന്നു

ജനിതകമാറ്റത്തിലെ ശാസ്ത്രം[തിരുത്തുക]

ഏതൊരു ജീവിയുടെയും കോശമർമ്മത്തിലെ ഡി.എൻ. എയിൽ വരുത്തുന്ന മാറ്റങ്ങളാണ് ജനിറ്റിക് മോഡിഫിക്കേഷൻ പ്രക്രിയയുടെ അടിസ്ഥാന തത്ത്വം. സസ്യത്തിന്റെ സ്വാഭാവിക ഡി.എൻ.എയിൽ മാറ്റങ്ങൾ വരുത്തുകയോ പുതിയ ചില ജീനുകൾ കൂട്ടിച്ചേർക്കുകയോ ചെയ്താണ് ജനിതകമാറ്റങ്ങൾ സാധ്യമാക്കുന്നത്. മനുഷ്യരിലെയും മറ്റു ജന്തുജാലങ്ങളിലെപ്പോലെയും സസ്യങ്ങളിലും പാരമ്പര്യമായി കൈമാറ്റം ചെയ്തു വരുന്ന ഒന്നാണ് ജീനുകൾ.ചെടികളിലും അവ എത്രമാത്രം പൊക്കം വയ്ക്കണം ,എപ്പോൾ പുഷ്പിക്കണം ,കായ്ക്കണം ,ഏതു നിറത്തിലുള്ള് കായ്കൾ ഉണ്ടാവണം എന്നൊക്കെ തീരുമാനിക്കുന്നത് കോശങ്ങളിലെ ജീനുകൾ തന്നെയാണ്. ജീനുകൾ ചെടിയിൽ നിന്നും വിത്തുകളിലേക്ക് ജീനുകൾ കൈമാറുന്നു.പ്രകൃതി സ്വാഭാവികമായി നടത്തുന്ന ഈ പ്രക്രിയയിൽ കൃതൃമമായി മാറ്റങ്ങൾ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ജനിറ്റിക് എഞ്ചിനീയറിംഗ് എന്നു പറയുന്നത്.ചെടിയുടെ സ്വാഭാവിക ജീനുകളിൽ ശാസ്ത്രജ്ഞന്മാർ പുതിയ ജീനുകൾ കൂട്ടിച്ചേർക്കുന്നു.ഇത്തരം കൂട്ടിച്ചേർക്കുന്ന ജീനുകൾ ചിലപ്പോൾ ബാക്ടീരിയയിൽ നിന്നുള്ളവയായിരിക്കും.ചില പ്രത്യേകതരം ബാക്ടീരിയകൾക്ക് കീടങ്ങളെ ചെറുക്കുവാനുള്ള ശക്തിയുണ്ടാകും .അത്തരം ബാക്ടീരിയയിലെ ജീനുകളെ ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് അവ സസ്യങ്ങളുടെ ജീനുകളിൽ സന്നിവേശിപ്പിക്കുകയും അങ്ങനെ ലഭിക്കുന്ന ചെടിയുടെ വിത്തുകൾ മുളച്ചുവരുന്ന ചെടികൾക്ക് കീടങ്ങളെ ചെറുക്കുവാൻ ശേഷിയുണ്ടാകുന്നു.

പോരായ്മകൾ[തിരുത്തുക]

ജനിതകപരിവർത്തനത്തിലൂടെ ലഭിക്കുന്ന പുതിയവിളകൾക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങളാവും ചിലപ്പോൾ ലഭിക്കുക.ജനിതക ഗവേഷണത്തിലെ പ്രധാന തിരിച്ചടിയും അതാണ്.ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉൽപാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കുവാൻ കഴിഞ്ഞാലും ആ ചെടിയിൽ നിന്നുള്ള വിള മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കളെ വഹിക്കുന്നതാണെങ്കിൽ ഉപയോഗരഹിതമായി തീരുന്നു.കൂടാതെ ഈ വിള മണ്ണിനെയും മറ്റു വിളകളെയും നശിപ്പിക്കുന്നതാണെങ്കിൽ ഹാനികരവുമായി ഭവിക്കുന്നു.

ജി.എം വിളകളിലൂടെ രണ്ടാം ഹരിത വിപ്ലവം[തിരുത്തുക]

കാർഷിക ഉൽപ്പാദനത്തിൽ കുതിച്ചു ചാട്ടത്തിനു ജനിതക മാറ്റം വരുത്തിയ വിളകൾ പ്രയോജനപ്പെടു ത്തണമെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം, 2011 ജനുവരി 6 നു ചെന്നയിൽ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൌഹൃദവും ഉൽപ്പാദനക്ഷമ ഏറിയതുമായ രണ്ടാം തലമുറ ജി.എം വിളകളിലൂടെ രണ്ടാം ഹരിത വിപ്ലത്തിനു തുടക്കം കുറിക്കണം. സ്വാഭാവിക പ്രതിരോധ ശേഷിയോടെ വികസിപ്പിച്ചെടുക്കുന്ന ജി എം വിളകൾ , കീടനാശിനി- രാസവള പ്രയോഗം വലിയതോതിൽ കുറക്കുമെന്നിരിക്കെ, യഥാർത്ഥത്തിൽ പരിതഃസ്ഥിതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. മനോരമ ഡൈജസ്റ്റ് 2010 ഒക്ടോബർ 2 ,ലക്കം 48,പുസ്തകം 11
  1. മലയാളമനോരമ , ൦൭ ജനുവരി ൨൦൧൦
"https://ml.wikipedia.org/w/index.php?title=ജി.എം._വിള&oldid=2282600" എന്ന താളിൽനിന്നു ശേഖരിച്ചത്