മൈൻഡ് അപ്‌ലോഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mind uploading എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മസ്തിഷ്കത്തെ, അഥവാ മനസ്സിനെ ഒരു കമ്പ്യൂട്ടറിലേക്കോ അതുപോലുള്ള ഏതെങ്കിലും അജൈവിക ഉപകരണങ്ങളിലേക്കോ മാറ്റി സ്ഥാപിക്കുന്ന ഒരു പ്രക്രിയയാണ് മൈൻഡ് അപ്‌ലോഡിങ് അഥവാ മൈൻഡ് ട്രാൻസ്ഫർ[1].

വിവരണം[തിരുത്തുക]

മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ പൂർണമായും കമ്പ്യൂട്ടറിലേക്ക് പകർത്തിക്കഴിയുമ്പോൾ, അതിന്റെ സ്ഥാനം കമ്പ്യൂട്ടർ ഏറ്റെടുക്കുന്നു. ഈ പകർത്തപ്പെട്ട വ്യക്തിത്വം ഒരു കമ്പ്യൂട്ടർ നിർമ്മിത വെർച്വൽ ലോകത്തിലോ അല്ലെങ്കിൽ ഒരു മനുഷ്യസദൃശ റോബോട്ടിലോ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തന സജ്ജമാക്കാവുന്നതാണ്. കൃത്രിമ ശരീരങ്ങൾ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ അതിലും പ്രവർത്തിപ്പിക്കാം.

കമ്പ്യൂട്ടേഷണൽ ന്യൂറോസയൻസ്, ന്യൂറോ ഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇതിനെ സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( കൃത്രിമ ബുദ്ധി ) ഗവേഷണ പ്രബന്ധങ്ങളിലും ഇത് പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.ഭാവിവാദികളുടെയും ട്രാൻസ് ഹ്യുമാനിസ്റ്റുകളുടെയും അഭിപ്രായപ്രകാരം വളരെ ഫലവത്തായ ഒരു അമരത്വ പ്രക്രിയയാണ് ഇത്. ഇന്ന് ശാസ്ത്രകഥകളിലും സിനിമകളിലും കാണപ്പെടുന്ന ഈ ചിന്താഗതിയുടെ തുടക്കം ബയോമെഡിക്കൽ സാഹിത്യത്തിൽ നിന്നാണെന്ന് കരുതപ്പെടുന്നു.

ശാസ്ത്രജ്ഞരും ഗവേഷകരും ഭവിഷ്യവാദികളുമൊക്കെ സമ്പൂർണ മസ്തിഷ്ക പകർപ്പിന്റെ സാധ്യതകളെ അനുകൂലിക്കുന്നു. ഇത് എന്ന് സംഭവിക്കും എന്ന പ്രവചനങ്ങളിൽ ചില ദിവസങ്ങൾ ഇപ്പോൾതന്നെ കഴിഞ്ഞിരിക്കുന്നു. എന്നിരിന്നാലും ഇപ്പോഴത്തെ സാങ്കേതിക വളർച്ചാ നിരക്കുകൾ അനുസരിച്ച് ഇരുപത് വർഷങ്ങൾക്കുള്ളിൽ നടന്നേക്കാം എന്നാണ് പ്രവചനം. ഇത് നേരത്തെയുമാകാം.സൂപ്പർ കമ്പ്യൂട്ടറുകൾ, വെർച്വൽ റിയാലിറ്റി, മസ്തിഷ്ക-കമ്പ്യൂട്ടർ പഠനങ്ങൾ, ബ്രയിൻ മാപ്പിങ്ങ്, നാനോസാങ്കേതികവിദ്യ, നാഡീ ശാസ്ത്രം, മുതലായവയുടെ വളർച്ചാ നിരക്കുകൾ മൈൻഡ് അപ്ലോഡിങ്ങിന്റെ വളർച്ചയെ സ്വാധീനിക്കുന്നു.

അവലോകനം[തിരുത്തുക]

Neuron anatomical model
Simple artificial neural network

മനുഷ്യ മസ്തിഷ്കത്തിൽ ഏതാണ്ട് 1000 ബില്ല്യൺ (1000 ലക്ഷം കോടി) നാഡീകോശങ്ങൾ ഉണ്ട്. ആക്സോണുകൾ ഡെൻഡ്രൈറ്റുകൾ മുതലായ ഭാഗങ്ങൾ ഉപയോഗിച്ച് ഓരോ നാഡീകോശവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ആവേഗങ്ങളും ഉദ്ദീപനങ്ങളും, ഇവയ്ക്കിടയിലുള്ള സിനാപ്സിലൂടെയുള്ള നാഡീയ പ്രേഷകങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നു. ഇങ്ങനെ നാഡീ ശൃംഖലകൾ വഴിയുള്ള ആവേഗ കൈമറ്റങ്ങളാണ് മനുഷ്യ മനസ്സിന്റെ അടിസ്ഥാനം എന്നാണ് നിലവിൽ ന്യൂറോസയൻസ് സ്ഥിരീകരിച്ച അഭിപ്രായം.

മനസ്സിന്റെ പ്രധാന പ്രവർത്തനങ്ങളായ പഠനം ( മനസ്സിലാക്കൽ ),ഓർമ്മ,ബോധം മുതലായവ ഭൗതികവും രാസ-വൈദ്യുതവുമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഉണ്ടാകുന്നതെന്ന് ന്യൂറോഗവേഷകർ പ്രസ്ഥാവിച്ചുകഴിഞ്ഞു.ഇത് എങ്ങനെയാണെന്ന് വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പഠിച്ചെടുക്കാനാവും.

ക്രിസ്റ്റഫ് കോച്, ഗിലിയോ ടൊണോണി മുതലായവർ 'IEEE Spectrum' മാസികയിൽ എഴുതിയ ഒരു ഉദാഹരണം :

" ബോധാവസ്ഥ എന്നുള്ളത് സ്വാഭാവികമായി ഉള്ളതാണ്. ഗണിതം, ലോജിക് മുതലായവ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയവയിലെ ചില തത്ത്വങ്ങൾ, ഇവയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇത് എന്നു ഞങ്ങൾ വിശ്വസിക്കുന്നു. അല്ലാതെ ഏതെങ്കിലും മാന്ത്രികമോ അഭൗമമോ ആയ രീതികളിലൊന്നുമല്ല ഇത് പ്രവർത്തിക്കുന്നത്. "

മൈൻഡ് അപ്‌ലോഡിങ് എന്ന ആശയം മെക്കാനിസം എന്ന തത്ത്വചിന്തയുടെ പിൻബലത്തോടുകൂടിയതാണ്. വൈറ്റലിസം എന്ന തത്ത്വത്തെ ഇത് നിരാകരിക്കുന്നു.

കമ്പ്യൂട്ടറുകൾക്ക് ചിന്തിക്കാനും ബോധത്തെ ഉൾക്കൊള്ളാനും സാധിക്കും എന്ന് Koch, Tononi, Douglas Hofstadter, Jeff Hawkins, Marvin Minsky, Randal A. Koene, Rodolfo Llinas എന്നിവരടക്കം പല ശാസ്ത്രജ്ഞരും പ്രവചിച്ചിരിക്കുന്നു.

അപ്ലോഡ് ചെയ്യപ്പെട്ട വ്യക്തിത്വം/വിവരങ്ങൾ ക്രിത്രിമ ബുദ്ധി നിലനിൽക്കുന്ന രൂപത്തിലായിരിക്കും ഉണ്ടായിരിക്കുക. ഇതിനെ ഇൻഫോമോർഫ് അഥവാ നൂമോർഫ് എന്നു വിളിക്കുന്നു.

മസ്തിഷ്കത്തിലെ വിവരങ്ങളെ ഉൾക്കൊള്ളാൻ എന്തുമാത്രം കമ്പ്യൂട്ടർ ശേഷി വേണം എന്നതിനെപ്പറ്റി പല മാതൃകകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ മോഡലുകളുടെ അടിസ്ഥാനത്തിൽ എത്തിയ നിഗമനം എന്തെന്നാൽ മൂർ നിയമം അനുസരിച്ച് ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ തന്നെ കമ്പ്യൂട്ടറുകൾ ഈ ശേഷി കൈവരിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും മൈൻഡ് അപ്ലോഡിങ് എന്ന ആശയം ചില ആശയപരമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ആത്മാവും മനസ്സും തലച്ചോറിന്റെ ചില പ്രവർത്തന ഫലമായാണ് ഉണ്ടാകുന്നതെങ്കിൽ വ്യക്തിത്വം, സ്വത്വം, മുതലായവയ്ക്ക് അപ്ലോഡിങ്ങിലൂടെ എന്തു സംഭവിക്കും തുടങ്ങിയ പ്രശ്നങ്ങൾ, പിന്നെ ജന്തുക്കളിൽ നടത്തുന്ന പരീക്ഷണങ്ങൾ, വൈദ്യശാസ്ത്ര സദാചാരസംഹിത മുതലായവയിലെ പ്രശ്നങ്ങൾ തുടങ്ങിയവ.

നേട്ടങ്ങൾ[തിരുത്തുക]

അമരത്വം[തിരുത്തുക]

പ്രധാന ലേഖനം: അമരത്വം

തലച്ചോറിലെ വിവരങ്ങളും മനസ്സിന്റെ പ്രവർത്തനങ്ങളും ജൈവ ശരീരത്തിൽ നിന്ന് വേർപെടുത്തിയെടുക്കാൻ സാധിച്ചാൽ, പരിമിതികളിൽ നിന്നും ശരീരത്തിന്റെ ആയുസ്സിൽ നിന്നും മുക്തമാകാം. മസ്തിഷ്കത്തെ പൂർണമായോ ഭാഗികമായോ മറ്റൊരു ഉപകരണത്തിലേക്കോ ക്രിത്രിമത്തലച്ചോറിലേക്കോ മാറ്റാൻ സാധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.

വേഗത വർദ്ധനവ്[തിരുത്തുക]

അപ്ലോഡ് പോലെയുള്ള ഒരു കമ്പ്യൂട്ടർ അധിഷ്ടിത ബുദ്ധി, അത് വളരെ ബുദ്ധിയുള്ളതല്ലെങ്കിൽകൂടി സാധാരണ മനുഷ്യനെക്കാൾ വളരെ വേഗത്തിൽ ചിന്തിക്കാൻ കഴിവുള്ളതായിരിക്കും. മനുഷ്യ മസ്തിഷ്കത്തിൽ നാഡീയ ആവേഗങ്ങൾ സെക്കൻഡിൽ 150 മീറ്റർ എന്ന വേഗത്തിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ പ്രകാശത്തിന്റെ വേഗത സെക്കൻഡിൽ 300 മില്ല്യൺ ( 300 ദശലക്ഷം ) മീറ്ററാണ്, അതായത് ഏതാണ്ട് രണ്ട് മില്ല്യൺ ഇരട്ടി വേഗത്തിൽ. തന്നെയല്ല ന്യൂറോണുകൾ സെക്കൻഡിൽ 200 മുതൽ 1000 വരെ ആക്ഷൻപൊട്ടൻഷ്യലുകൾ ആണ് കൈകാര്യം ചെയ്യുന്നത്.എന്നാൽ ആധുനിക കമ്പ്യൂട്ടർ ചിപ്പുകളിൽ ഒരു സെക്കൻഡിലെ സിഗ്നലുകൾ 3 GHz (3 ജിഗാ ഹെർട്സ് )കളാണ്, അതായത് 20 മില്ല്യൺ ഇരട്ടി. Singularity Institute for Artificial Intelligenceലെ Eliezer Yudkowsky കണക്കുകൂട്ടിയത് പ്രകാരം ക്രിത്രിമ ന്യൂറൽശൃംഖലകളുടെ വേഗത യദാർഥ മസ്തിഷ്കത്തെക്കാൾ ഒരു മില്ല്യൺ ഇരട്ടി വേഗത്തിലായിരിക്കും. അതായത് ഒരു വർഷത്തെ കാര്യങ്ങൾക്ക് വെറും മുപ്പത്തിയൊന്ന് സെക്കൻഡുകൾ മതിയാകും.

എന്നിരിക്കിലും, ഓരോ 100 ബില്ല്യൺ ന്യൂറോണുകൾക്കും 100 ട്രില്ല്യൺ സിനാപ്സുകൾക്കും പ്രത്യേകം കമ്പ്യൂട്ടേഷണൽ യൂണിറ്റുകൾ നിർമ്മിക്കാൻ വളരെ സങ്കീർണ്ണമായ സങ്കേതങ്ങൾ തന്നെ വേണ്ടിവരും. അത് ഇന്നത്തെ സൂപ്പർകമ്പ്യൂട്ടറുകളെയും അപേക്ഷിച്ച് ബൃഹത്തായ ഒരു കമ്പ്യൂട്ടറോ ക്രിത്രിമ ന്യൂറൽ ശൃംഖലയോ ആവേണ്ടതുണ്ട്.എന്നാൽ ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ, ടൈംഷെയറിങ്ങ് സങ്കേതം ഉപയോഗിച്ച് ധാരാളം ന്യൂറോണുകളെ ഒരു കമ്പ്യൂട്ടേഷണൽ യൂണിറ്റിൽ തന്നെ കൈകാര്യം ചെയ്യാൻ കഴിയും, അങ്ങനെ കമ്പ്യൂട്ടറുകളുടെ വലിപ്പം കുറയ്ക്കാൻ സാധിക്കും. പക്ഷേ വേഗത കുറയും.കോർട്ടിക്കൽ കോളങ്ങളോളം പോന്ന കമ്പ്യൂട്ടേഷണൽ യൂണിറ്റാണെങ്കിൽ ഇന്നത്തെ സൂപ്പർകമ്പ്യൂട്ടറുകൾ ഉപയോഗിച്ച് സസ്തനികളുടെ തലച്ചോറ് അനുകരിച്ച് നിർമ്മിക്കാൻ സാധിക്കും,പക്ഷേ നിലവിലെ ജൈവ മസ്തിഷ്കത്തെക്കാൾ വേഗത കുറവായിരിക്കും.

ഭൗമ ബാഹ്യ യാത്രകൾ[തിരുത്തുക]

അമിത വേഗത മൂലം തടസ്സം നേരിടേണ്ടി വരുന്ന ബഹിരാകാശ യാത്രകൾ മൈൻഡ് അപ്‌ലോഡിങ്ങിനാൽ പരിഹരിക്കാം. നിരവധി അപ്‌ലോഡുകൾ അടങ്ങിയ ഒരു സമൂഹത്തെ ഒരു ചെറിയ കമ്പ്യൂട്ടർ വഴി ചെറിയ സ്പേസ് ഷിപ്പിനകത്ത് ഉൾക്കൊള്ളിക്കാം, അങ്ങനെ ബഹിരാകാശ യാത്രകൾക്ക് ആവശ്യമായ ഊർജ്ജ ഉപഭോഗത്തിന്റെ അളവു കുറയ്ക്കാം. ഭൂമിയിൽ നിന്നുള്ള നിയന്ത്രണത്തിനു പകരം അതിനകത്തുള്ള അപ്‌ലോഡുകൾക്ക് തന്നെ വാഹനത്തെ നിയന്ത്രിക്കാം. ഇത് മാസങ്ങളോ വർഷങ്ങളോ നീളുന്ന ബഹിരാകാശ യാത്രകൾക്ക് സഹായകമാവും. വിർച്ച്വൽ മനസ്സുകളെ ദീർഘകാലത്തേക്ക് ഉറക്കിയിടാനോ, പ്രവർത്തന വേഗത കുറയ്ക്കാനോ സാധിക്കും, ഇതുവഴി നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷം യാത്ര ചെയ്താലും വിരസത ഒഴിവാക്കാനാവും, ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ സിസ്റ്റത്തിനകത്തുതന്നെയുള്ള കമ്പ്യൂട്ടറുകൾ താനെ ഉണർത്തിക്കോളും. ഒമേഗാപോയിന്റ് എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് പ്രപഞ്ചം ഇത്തരം അതി ബുദ്ധികളുടെ കോളനി വൽക്കരണത്തിന് വിധേയമാവും.

യാത്രയുടെ മറ്റൊരു സാധ്യതയെന്തെന്നാൽ ലേസർ രൂപത്തിലോ റേഡിയോ തരംഗ രൂപത്തിലോ വ്യക്തിത്വത്തെ യാത്രചെയ്യാൻ കഴിയും.ഇന്ന് കമ്പ്യൂട്ടർ ഡാറ്റകൾ കൈമാറുന്നത് പോലെ.യാത്ര ചെയ്യേണ്ട സ്ഥലങ്ങളിൽ ഒരു പ്രേഷണ ഉപകരണവും സ്വീകരണ ഉപകരണവും സ്ഥാപിച്ചാൽ ഡാറ്റാ രൂപത്തിൽ യാത്ര ചെയ്യാം ഏതാണ്ട് ടെലിപ്പോർടേഷൻ പോലെ. വാഹനങ്ങളുടെ ആവശ്യമില്ല, ഈ സിഗ്നലുകളെ കൈമാറ്റം ചെയ്യാൻ ആവശ്യമായ ഊർജ്ജം മാത്രം മതി. പ്രകാശത്തിനോടടുത്ത വേഗത്തിൽ യാത്ര ചെയ്യാം.ക്ഷണനേരം മതിയാകും.

വിഭിന്ന/സമാന്തര നിലനില്പ്[തിരുത്തുക]

സയൻസ് ഫിക്ഷനുകളിൽ പൊതുവേ കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ് ഒരേ സമയം ഒരേ വ്യക്തിത്വത്തിന്റെ രണ്ട് പകർപ്പുകൾ ഉണ്ടാവുക എന്നുള്ളത്. ഇങ്ങനെയുള്ള കോപ്പികളെ ഒരേ സമയം വിവിധങ്ങളായ അനുഭവങ്ങൾക്കു വിധേയമാക്കുന്നു എന്നിട്ട് ഈ അനുഭവങ്ങളെല്ലാം ഒരു പ്രധാന വ്യക്തിത്വത്തിൽ സമൻവയിപ്പിക്കുന്നു. ഫലത്തിൽ ഒരു ബോധ മനസ്സിനെ "ഒരേ സമയം" "പല സ്ഥലത്ത്" പല കാര്യങ്ങൾ ചെയ്യാൻ വിട്ടതായി. ഇത് ഫിക്ഷനുകളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ആശയമാണ്. പക്ഷേ ഇത് സ്വത്വം, വ്യക്തിത്വം മുതലായവയെ സംബന്ധിച്ച് രസകരമായ പല ചോദ്യങ്ങൾക്കും വഴിവയ്ക്കുന്നു.

ഉചിതമായ സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും[തിരുത്തുക]

ഫ്യൂച്വറിസ്റ്റ് റായ് കുഴ്സ്വെയിലിന്റെ അഭിപ്രായം അനുസരിച്ച് സൂപ്പർ കമ്പ്യൂട്ടറുകളുടെ പ്രോസസിങ് പവർ. (കമ്പ്യൂട്ടിങ്ങ് ശേഷിയെക്കുറിച്ചുള്ള മൂർ നിയമത്തിന്റെ അടിസ്ഥാനത്തിൽ). ഇവിടെ കമ്പ്യൂട്ടിങ് കപ്പാസിറ്റി ഇരട്ടിക്കുന്നത് 1.2 വർഷമായി കണക്കാക്കിയിരിക്കുന്നു.

കമ്പ്യൂട്ടേഷണൽ ശേഷി[തിരുത്തുക]

ആവശ്യമായ കമ്പ്യൂട്ടേഷണൽ ശേഷി ഏതാനും ദശാബ്ദത്തിനുള്ളിൽ നടക്കും എന്ന് മൂർ നിയമത്തിനെ അടിസ്ഥാനമാക്കി മൈൻഡ് അപ്‌ലോഡിങ് വാദികൾ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഒരു പൂർണ്ണ മനുഷ്യ മസ്തിഷ്കത്തെ ഉൾക്കൊള്ളാൻ വേണ്ട കമ്പ്യൂട്ടേഷണൽ ശേഷി എത്രയാണെന്ന് കണ്ടെത്താൻ പ്രയാസമാണ്.

മനുഷ്യ മസ്തിഷ്കത്തെ അപ്‌ലോഡ് ചെയ്യാൻ വേണ്ട സങ്കേതങ്ങളെക്കാൾ, സങ്കീർണമായിക്കിടക്കുന്നത് ധാരാളമായിക്കിടക്കുന്ന ന്യൂറോണുകളും ഓരോ ന്യൂറോണിന്റെയും സങ്കീർണ്ണതയും ആണ്.

2004 ൽ ബ്ലൂബ്രെയിൻ പ്രൊജക്ടിന് നേതൃത്വം കൊടുക്കുന്ന ഗവേഷകൻ ഹെൻറി മർക്രാം പറഞ്ഞത് " ഇന്റലിജന്റ് ന്യൂറൽ നെറ്റ്വർക്ക് നിർമ്മിക്കേണ്ടത് (അവരുടെ) ലക്ഷ്യമല്ല ",അത്തരം പ്രൊജക്ടിന്റെ കമ്പ്യൂട്ടേഷണൽ ആവശ്യകതയെ മാത്രം അടിസ്ഥാനമാക്കി പറഞ്ഞത്.

ഇത് വളരെ ശ്രമകരമായ ജോലിയാണ്. മസ്തിഷ്കത്തിലെ ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ്. നമുക്ക് ട്രില്ല്യൺ കണക്കിന് ന്യൂറോണുകളുടെ ഘടനയും പ്രവർത്തനവും അവയുടെ പരസ്പര ബന്ധത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ഒക്കെ മനസ്സിലാക്കേണ്ടതുണ്ട്. ശരിക്കും പറഞ്ഞാൽ ഇന്ന് നിലനിൽക്കുന്ന ഏതൊരെണ്ണത്തെക്കാളും ശക്തമായ ഒരു കമ്പ്യൂട്ടറാണ് നമുക്ക് ആവശ്യം.

അഞ്ച് വർഷത്തിനു ശേഷം, ഒരു എലിയുടെ മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ വിജയകരമായി സിമുലേറ്റ് ചെയ്തതിനു ശേഷം, അതേ ശാസ്ത്രജ്ഞൻ കൂടുതൽ ശുഭാപ്തി പ്രകടിപ്പിച്ചു തുടങ്ങി. 2009 ൽ ബ്ലൂബ്രെയിൻ പ്രൊജക്ടിന് നേതൃത്വം വഹിക്കവെ അദ്ദേഹം പറഞ്ഞു,

" വ്യക്തമായ, പ്രവർത്തിക്കുന്ന ക്രിത്രിമ മനുഷ്യ മസ്തിഷ്കം അടുത്ത പത്ത് വർഷത്തിനുള്ളിൽ നിർമ്മിക്കാൻ സാധിക്കും."

സിമുലേഷൻ മോഡൽ സ്കെയിൽ[തിരുത്തുക]

A high-level cognitive AI model of the brain architecture is not required for brain emulation
Simple neuron model: Black-box dynamic non-linear signal processing system
Metabolism model: The movement of positively-charged ions through the ion channels controls the membrane electrical action potential in an axon.

മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനവും, ന്യൂറൽ നെറ്റ്വർക്കുകളിൽ നിന്ന് അത് എങ്ങനെ ഉണ്ടാകുന്നു എന്നതും ഇന്നും വളരെ കുറച്ചു മാത്രമേ മനസ്സിലാക്കാൻ കഴിഞിട്ടുള്ളു. മൈൻഡ് അപ്ലോഡിങ് എന്ന ആശയം ന്യൂറൽ നെറ്റ്വർക്ക് എമുലേഷനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഹൈലെവെൽ സൈക്കോളജിക്കൽ പ്രക്രിയയെയും മസ്തിഷ്കത്തിന്റെ ലാർജ് സ്കെയിൽ ഘടനയെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രീതികൾ ഉപയോഗിച്ചും കഗ്നിറ്റീവ് സൈക്കോളജി മാതൃകകൾ ഉപയോഗിച്ചും ചെയ്യുന്നു. അതിനെക്കാൾ ന്യൂറൽ ശൃംഖലകളുടെ ലോലെവൽ ഘടന മനസ്സിലാക്കാനും ചിത്രീകരിക്കാനും, ഒരു കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച്. മസ്തിഷ്കത്തിലുള്ള അൽഗരിതമിക് ഡാറ്റകളെ റിവേഴ്സ് എഞ്ജിനീയറിങ്ങ് നടത്തുന്നതിനെക്കാൾ അതിന്റെ സോഴ്സ് കോഡിന്റെ ബ്ലൂപ്രിന്റിനെ പ്രോഗ്രാമിങ്ങ് ഭാഷയിലേക്ക് മാറ്റണം. അപ്പോൾ മനസ്സും വ്യക്തിത്വവും എല്ലാം ജൈവ ന്യൂറൽ നെറ്റ്വർക്കിൽ എന്നപോലെ എമുലേറ്റഡ് ന്യൂറൽ നെറ്റ്വർക്കിൽ ഉളവാകുന്നു.

മസ്തിഷ്കത്തിന്റെ മൊളിക്യുലാർ സ്കെയിൽ സിമുലേഷൻ വേണമെന്നില്ല. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ ക്വാണ്ടം ബലതന്ത്രം ബാധിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ന്യൂറൽ നെറ്റ്വർക്ക് എമുലേഷന്, ന്യൂറോണുകളുടെ പ്രവർത്തനവും ന്യൂറോണുകളും സിനാപ്സുകളും തമ്മിലുള്ള ബന്ധങ്ങളും മനസ്സിലാക്കിയാൽ മതിയാകും. നാഡീയ ഉദ്ദീപനങ്ങൾക്ക് ( വൈദ്യുത, രാസ ) ന്യൂറോണുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നു മനസ്സിലാക്കാൻ ബ്ലാക്ക്ബോക്സ് സിഗ്നൽ പ്രൊസസിങ് മോഡൽ മതിയാകും എന്നു കരുതുന്നു.

സങ്കീർണ്ണവും കൃത്യതയുള്ളതുമായ ന്യൂറൽ മോഡൽ ആവശ്യമാണ്, ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക് മോഡൽ. ഉദാഹരണം, മൾട്ടി ലെയർ പെർസെപ്ഷൻ മോഡൽ മതിയാകില്ല എന്നു കരുതുന്നു, ഡൈനാമിക് സ്പൈക്കിങ് ന്യൂറൽ നെറ്റ്വർക്ക് ആവശ്യമാണ്.

ദീർഘകാല ഓർമ്മകൾ,പഠിക്കുന്ന കാര്യങ്ങൾ, മുതലായവ സിനാപ്സുകളുടെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ( സിനാപ്റ്റിക് അഡാപ്റ്റേഷൻ ) എന്ന പ്രവർത്തന ഫലമായാണ് ഉണ്ടാവുന്നത്. മോഡൽ ഈ പ്രവർത്തനം ഉൾക്കൊള്ളുന്നതായിരിക്കണം. സെൻസറി റിസപ്റ്ററുകൾക്ക് വിവിധ ഉദ്ദീപനങ്ങളുമായുള്ള പ്രതികരണവും മോഡലിൽ ഉണ്ടായിരിക്കണം.

ന്യൂറോണുകൾ ഹോർമോണുകളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അറിയേണ്ടതുണ്ട് അതിനാൽ മോഡൽ ഉപാപചയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. ന്യൂറോ മോഡുലേറ്ററുകൾ, ന്യൂറോ ട്രാൻസ്മിറ്ററുകൾ, അയോൺ ചാനലുകൾ മുതലായവയും മോഡൽ ഉൾക്കൊള്ളേണ്ടതുണ്ട്. പ്രോട്ടീൻ ഇന്റെറാക്ഷനുകളും മോഡലിന് ഉൾക്കൊള്ളേണ്ടതിനാൽ അത് കമ്പ്യൂട്ടേഷണൽ ആയി സങ്കീർണ്ണമാകുന്നു.

മസ്തിഷ്കത്തെപ്പോലെയുള്ള ഒരു അനലോഗ് സിസ്റ്റത്തിന്റെ ഡിജിറ്റൽ കമ്പ്യൂട്ടർ സിമുലേഷൻ നടത്തുമ്പോൾ ക്വാണ്ടൈസേഷൻ ഏററുകൾ, ഡിസ്റ്റോർഷൻ മുതലായവ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാലും ജൈവ ന്യൂറോണുകളും റാൻഡമ്നെസ്സ് ലിമിറ്റഡ് പ്രിസിഷൻ മുതലായവയ്ക്ക് വിധേയമാവുന്നുണ്ട്. ഉദാ : ഒരു ശബ്ദത്തിൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റു 'ഒച്ച' കൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം. ഹൈ വേരിയബിൾ റെസൊല്യൂഷൻ, നോൺ ലീനിയാരിറ്റി കൃത്യതയാർന്ന മാതൃകകൾ മുതലായവ ഉപയോഗിച്ച് മോഡലിന്റെ എററുകൾ ജൈവ ന്യൂറോണിന്റെതിനെക്കാൾ കുറച്ച് കൊണ്ടുവരാൻ കഴിയും. ഇത്രയും ബൃഹത്തായ കമ്പ്യൂട്ടേഷണൽ പവറും കമ്പ്യൂട്ടേഷണൽ മെമ്മറിയും പ്രവർത്തിപ്പിക്കാൻ റിയൽ ടൈം കമ്പ്യൂട്ടറുകളിൽ(RTC) കഴിയും എന്നു കരുതുന്നു.

വ്യക്തിയുടെ സ്കാനിങ്, മാപ്പിങ് സ്കെയിലുകൾ[തിരുത്തുക]

ഒരു പ്രത്യേക വ്യക്തിയുടെ മസ്തിഷ്കം സിമുലേറ്റ് ചെയ്യുമ്പോൾ, ഇതിന്റെ അനാട്ടമിക്കൽ മോഡലിൽ ഒരു ബ്രെയിൻ മാപ്പോ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന കണക്ടിവിറ്റി ഡാറ്റാബേസോ ഉണ്ടായിരിക്കണം. പൂർണ്ണ ബ്രെയിൻ സിമുലേഷനിൽ സുഷുമ്നാകാണ്ഡം, സെൻസറി റിസപ്റ്ററുകൾ, പേശീ കോശങ്ങൾ എന്നിവയടക്കം മുഴുവൻ നെർവസ് സിസ്റ്റത്തിന്റെയും കണക്ടിവിറ്റി ഈ മാപ്പിൽ കാണും. ഒരു എലിയുടെ തലച്ചോറിലെ സിനാപ്ടിക് വിവരങ്ങളുടെ ഡിസ്ട്രക്ടീവ് സ്കാനിങ്, 2010 ൽ സാധ്യമായി.

ഹ്രസ്വകാല ഓർമ്മകളും മറ്റും ന്യൂറോണുകളുടെ തുടർച്ചയായ പ്രവാഹം, ഇൻട്രാ ന്യൂറൽ ഡൈനാമിക് പ്രവർത്തനം, ഇവ ഉൾക്കൊള്ളുന്നതിനാൽ രാസ വൈദ്യുത സിഗ്നൽ പ്രവർത്തനങ്ങൾ പകർത്താൻ പ്രയാസമായിരിക്കും. അങ്ങനെയാണെങ്കിൽ സിമുലേഷൻ സമയത്ത് അൽപ്പനേരം ഓർമ്മ , ചില മാനസിക പ്രവർത്തനങ്ങൾ എന്നിവ നിലയ്ക്കാൻ സാധ്യതയുണ്ട്. nano-replacement procedure[1] വഴിയാണ് നടത്തുന്നതെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാം.

ഒരു പൂർണ്ണ ബ്രയിൻമാപ്പ് 2 x 100,000,000,000,000,000 bytes (20,000 TB) സ്ഥലത്തിൽ താഴെയേ ഉൾക്കൊള്ളുന്നുള്ളു.[1]

സീരിയൽ സെക്ഷനിങ്ങ്[തിരുത്തുക]

Serial sectioning of a brain

മൈൻഡ് അപ്‌ലോഡിങ് നടത്തുന്നതിൽ ഒരു പ്രധാന രീതിയാണ് സീരിയൽ സെക്ഷനിങ്. ഈ രീതിയിൽ മസ്തിഷ്ക കലകളെയും മറ്റു ഭാഗങ്ങളെയും ശീതീകരിച്ച (frozen) ശേഷം ഓരോ പാളികളായി അപഗ്രഥിക്കുന്ന രീതിയാണിത്. ഈ സാമ്പിളിലെ ന്യൂറോണുകളുടെയും അവയുടെ പരസ്പര ബന്ധങ്ങളെയും നാനോ-സ്കെയിലിൽ അപഗ്രഥിക്കാൻ ക്രയോ-അൾട്രാ മൈക്രോമീറ്റർ വേണ്ടിവരും[2]]. പുറത്തെ പാളിയിലെ നാഡീ കലകളെ അപഗ്രഥിച്ച് ശേഖരിച്ച ശേഷം പുറം പാളി മാറ്റുന്നു. ഇത് വളരെയേറെ ദൈർഘ്യമേറിയ പ്രക്രിയയായ്തിനാലും ഇതിനെ ശ്രദ്ധിക്കാൻ പ്രത്യേകം ആളുകൾ വേണ്ടതിനാലും ഇതിനെ യന്ത്രവൽക്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നു. സ്ക്കാൻ ചെയ്തെടുത്ത ന്യൂറൽ ശൃംഖല കമ്പ്യൂട്ടർ സിസ്റ്റത്തിനുള്ളിൽ പ്രവർത്തിക്കുന്നു.അങ്ങനെ മനസും കമ്പ്യൂട്ടറിനുള്ളിൽ പ്രവർത്തിക്കുന്നു.

നാഡീ പ്രവർത്തനങ്ങളെ അതിനെ പുറമേ അപഗ്രഥിക്കുക വഴി സിമുലേറ്റ് ചെയ്യാൻ പറ്റുമെന്നുണ്ടെങ്കിൽ, അത് സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് വഴിയുള്ള നിർധാരണം വഴി കഴിയും.[3]][പ്രവർത്തിക്കാത്ത കണ്ണി] ഈ രീതി ഉപയോഗിച്ച് നമുക്കാവശ്യമായ എല്ലാ ജൈവ-രാസ പ്രവർത്തനങ്ങളും പകർത്താൻ കഴിയണമെന്നില്ല.

ബ്രയിൻ ഇമേജിങ്ങ്[തിരുത്തുക]

മസ്തിഷ്കത്തിന്റെ ത്രിമാന മാതൃകകൾ നിർമ്മിക്കാൻ സാധിക്കും. ഫങ്ഷണൽ എം.ആർ.ഐ , എം.ഇ.ജി (മാഗ്നെറ്റോസെഫലോഗ്രഫി ) , മുതലായ ന്യൂറോ ഇമേജിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ, രണ്ടും ഒരുമിച്ച് ഉപയോഗിച്ചോ മസ്തിഷ്കത്തിന്റെ വ്യക്തമായ ത്രിമാന മാതൃക നിർമ്മിക്കാൻ കഴിയും. ഇത് ഒരു നോൺ ഡിസ്ട്രക്ടീവ് രീതിയാണ്, അതായത് നിലവിലെ മസ്തിഷ്കത്തിന് കുഴപ്പമൊന്നും കൂടാതെ തന്നെ ഇത് ചെയ്യാൻ സാധിക്കും. സങ്കീർണ്ണമായ കഗ്നിറ്റീവ് പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന സിഗ്നലുകളെ അപഗ്രഥിക്കാൻ ഇന്ന് എഫ്.എം.ആർ.ഐ യും എം.ഇ.ജി യും ഉപയോഗിക്കുന്നു. മാപ്പിങ്ങിന്റെ റെസൊല്യൂഷൻ ഇപ്പോൾ അൽപ്പം കുറവാണ്, എങ്കിലും ഈ സങ്കേതത്തിന്റെ പുരോഗമനം കൂടുതൽ വ്യക്തതയുള്ള സ്കാനിങ്ങിന് വഴിയൊരുക്കും.

ബ്രയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ്[തിരുത്തുക]

ബ്രയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI)

ജീവനുള്ള മസ്തിഷ്കത്തിലെ നാഡീകോശങ്ങളും കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന സാങ്കേതികത. ഇത് ഒരു നോൺ ഡിസ്ട്രക്ടീവ് പ്രക്രിയയാണ്. ജീവനോടെയുള്ള മനുഷ്യ മസ്തിഷ്കത്തെ പകർത്താൻ ഇത്തരത്തിലുള്ള സാങ്കേതികതകൾ ആവശ്യമാണ്.

നിലവിലുള്ള ഗവേഷണങ്ങൾ[തിരുത്തുക]

C. elegans എന്ന വട്ടപ്പുഴുവിന്റെ ന്യൂറൽസിസ്റ്റം സിമുലേഷൻ[തിരുത്തുക]

ഈ ജീവിയുടെ സ്പർശന ശേഷിയുടെ നാഡീ ശൃംഖല 1985ൽ പകർത്തപ്പെട്ടു.[3] 2004ൽ നാഡീ-പേശീ വ്യവസ്ഥയുടെ മുഴുവനായുള്ള സോഫ്റ്റ്‌വേർ സിമുലേഷനും അതിന്റെ ആവാസ വ്യവസ്ഥയുടെ മാതൃകയും നിർമ്മിക്കപ്പെട്ടു. ഇത് ഡൗൺലോഡ് ചെയ്യാനും ലഭ്യമാണ്.[4] എന്നിരുന്നാലും, ഇത്തരം താരതമ്യേന ചെറിയ ജീവികളിൽ ഇത്രയും സങ്കീർണ്ണമായ നാഡീ വിനിമയങ്ങൾ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായും മനസ്സിലാക്കാൻ നമുക്ക് സാധിച്ചിട്ടില്ല.[5] [6]

ഡോർസോഫില്ല പഴ ഈച്ചയുടെ ന്യൂറൽസിസ്റ്റം സിമുലേഷൻ[തിരുത്തുക]

ഡ്രോസോഫില്ലയുടെയും മസ്തിഷ്കം പരിപൂർണമായും പഠിക്കപ്പെട്ടുകഴിഞ്ഞു. ഒരു പരിധിവരെ പകർക്കപ്പെടുകയും ചെയ്തു.[7]

എലിയുടെ / സസ്തനികളുടെ മസ്തിഷ്ക സിമുലേഷൻ[തിരുത്തുക]

എലിയുടെ തലച്ചോറിന്റെ പകുതിയോളം വലിപ്പവും അത്രയും തന്നെ സങ്കീർണ്ണതയും ഉള്ള ഒരു കൃത്രിമ നാഡീ ശൃംഖല ഐ.ബി.എമ്മിന്റെ ബ്ലൂജീൻ സൂപ്പർകമ്പ്യൂട്ടറിൽ 2007ൽ University of Nevada ഗവേഷണ സംഘം പ്രവർത്തിപ്പിക്കുകയുണ്ടായി. ഒരു സെക്കൻഡിന്റെ സിമുലേറ്റ് ചെയ്ത സമയത്തിന് കമ്പ്യൂട്ടറിന്റെ പത്തു സെക്കൻഡ് സമയം വേണ്ടിവന്നു. വിർച്ച്വൽ കോർട്ടെക്സ് വഴി ജൈവസമാനമായ നാഡീയ ആവേഗങ്ങൾ പോകുന്നത് കാണാൻ പറ്റി എന്ന് ഗവേഷകർ പറയുകയുണ്ടായി. എങ്കിലും സിമുലേഷനിൽ യദാർത്ഥ എലിയുടെ മസ്തിഷ്കത്തിൽ കാണുന്ന ചില ഘടകങ്ങളുടെ അഭാവം ഉണ്ടായിരുന്നു, നാഡീ മാതൃകയുടെ കൃത്യത മെച്ചപ്പെടുത്താൻ അവർ താൽപ്പര്യപ്പെടുന്നു.[8]

തന്മാത്രാ തലത്തിൽ സസ്തന കോർട്ടിക്കൽ കോളത്തിന്റെ കമ്പ്യൂട്ടർ സിമുലേഷൻ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ബി.എമ്മും സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് Lausanne യിൽ 2005ൽ തുടങ്ങിയതാണ് ബ്ലൂബ്രെയിൻ പദ്ധതി.[9] സിനാപ്ടിക് ബന്ധം, ആന്തരിക സ്തര വൈദ്യുത പ്രവാഹങ്ങളുടെ പൂരണം എന്നിവയെ അടിസ്ഥാനപ്പെടുത്തി ന്യൂറോണുകളുടെ വൈദ്യുത സ്വഭാവം പകർത്താനായി ഐ.ബി.എമ്മിന്റെ ബ്ലൂജീൻ അടിസ്ഥാനപ്പെടുത്തി ഉള്ള ഒരു സൂപ്പർകമ്പ്യൂട്ടർ ഈ പദ്ധതിയിൽ ഉപയോഗിക്കുന്നു. പദ്ധതിയുടെ ആദ്യത്തെ ലക്ഷ്യം 2006 ഡിസംബറിൽ പൂർത്തിയായി,[10] 10,000 ന്യൂറോണുകൾ(10^8 സിനാപ്സുകളും) അടങ്ങുന്ന, എലിയുടെ നിയോകോർട്ടിക്കൽ കോളം സിമുലേറ്റ് ചെയ്തു. ഇത് നിയോകോർട്ടെക്സിന്റെ(ബോധം,ചിന്തകൾ മുതലായവയ്ക്ക് കാരണമെന്നു കരുതപ്പെടുന്ന മസ്തിഷ്കഭാഗം) ഏറ്റവും ചെറിയ പ്രവർത്തനഭാഗം ആയി കണക്കാക്കാം. 1995നും 2005നും ഇടയ്ക്ക് ഹെന്രി മർക്രം ന്യൂറോണുകളുടെ തരവും ഇത്തരം കോളങ്ങളിൽ ഉള്ള ബന്ധവും പകർത്തി.[11] നിയോകോർട്ടിക്കൽ കോളത്തിന്റെ നിർമ്മാണം,ക്രമീകരിക്കൽ,ഗവേഷണം, എന്നിവയുടെ ഡാറ്റാധിഷ്ടിത പ്രോസസ് ലഭിച്ചതിലൂടെ പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞതായി പദ്ധതി അറിയിച്ചു. മനുഷ്യന്റെ ധൈഷണികശേഷി, ന്യൂറോണുകളുടെ പ്രവർത്തനത്തിലെ പ്രശ്നംകാരണം ഉണ്ടാകുന്ന ഓട്ടിസം പോലുള്ള മാനസിക രോഗങ്ങൾ, മരുന്നുകൾ ന്യൂറോണുകളുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുന്നു, എന്നിവയിലെ വസ്തുതകൾ ക്രമേണ ചുരുളഴിക്കാൻ പദ്ധതി ശ്രമിക്കുന്നു.

2010ൽ സ്ഥാപിതമായ ബ്രെയിൻ പ്രിസർവേഷൻ ഫൗണ്ടേഷൻ എന്ന സംഘടന, മസ്തിഷ്കം സൂക്ഷിച്ചു വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി പ്രസ്തുത സാങ്കേതിക സമ്മാനത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നു. നിലവിൽ 106,000 ഡോളർ ഉള്ള അവാർഡ് രണ്ടു ഭാഗങ്ങളായാണ് ലഭിക്കുക.ഒരു എലിയുടെ മുഴുവൻ മസ്തിഷ്കത്തിന് 25 % ആദ്യ ആഗോള സംഘത്തിനും വലിയ മൃഗത്തിന്റെ മസ്തിഷ്കത്തിന് 75 % ആദ്യ ടീമിനും ആയി ആണ് നൽകുക. ആശുപത്രിയിലോ അത്തരം സംവിധാനങ്ങളുള്ളിടത്തോ സംഭവിക്കുന്ന മരണത്തിൽ ഇത് മനുഷ്യന്റെ കാര്യത്തിലും അനുവർത്തിക്കാം. ഈ സമ്മാനത്തിന്റെ പ്രധാന ലക്ഷ്യം എന്നത്, വിർച്വൽ സ്പേസിലേക്ക് 'മനസ്സിനെ' റീബൂട്ട് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ വഴി സമ്പൂർണ്ണ മസ്തിഷ്ക ചിത്രം രൂപപ്പെടുത്തുക എന്നുള്ളതാണ്.

പ്രശ്നങ്ങൾ[തിരുത്തുക]

നിയമം, സദാചാരം, രാഷ്ട്രീയം, സാമ്പത്തികം[തിരുത്തുക]

വിർച്വൽ ലോകങ്ങളും, അപ്‌ലോഡ് ചെയ്യപ്പെട്ട അതിമാനുഷ ശേഷിയുള്ള വ്യക്തിത്വങ്ങളും സമൂഹത്തിൽ ഉണ്ടാവുമ്പോൾ, നിലവിലെ സാമ്പത്തിക/സാമൂഹിക നിലവാര സ്ഥിതിയ്ക്കനുസരിച്ചാണ് പരിവർത്തനം എങ്കിൽ അത് സാധാരണ മനുഷ്യർ-അതിമാനുഷർ എന്ന വർഗ്ഗീകരണം സൃഷ്ടിക്കും. എല്ലാ മനുഷ്യർക്കും ഇതിന്റെ സാധ്യതകൾ ലഭിക്കാതെ പോകും. ട്രാൻസ് ഹ്യൂമനിസവും രാഷ്ട്രീയ ആശയങ്ങളുടെ പിൻ പറ്റിയുള്ളതാണെങ്കിൽ അവിടെയും പരിവർത്തനം എങ്ങനെ/ഏത് രാഷ്ട്രീയ കാഴ്ച്ചപ്പാട് അനുസരിച്ച് എന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകും.[12][13]. ലിബർട്ടേറിയൻ ട്രാൻസ് ഹ്യുമാനിസം,[14] ഡെമോക്രാറ്റിക് ട്രാൻസ് ഹ്യുമാനിസം[15] തുടങ്ങിയ രാഷ്ട്രീയാദർശങ്ങൾ ഇപ്പോഴേ നിലവിലുണ്ട്. ക്ലോണിങ്ങ്, അബോർഷൻ മുതലായ ശാസ്ത്രപരീക്ഷണങ്ങൾക്ക് നേരിടേണ്ടി വന്നതുപോലെയുള്ള വൈദ്യശാസ്ത്ര സദാചാരത്തിൽ നിന്നുള്ള എതിർപ്പുകൾ[16], മത വിശ്വാസങ്ങളുടെ എതിർപ്പ്[17] തുടങ്ങിയവ.

പകർപ്പുകൾ[തിരുത്തുക]

സയൻസ് ഫിക്ഷനുകളിൽ കണ്ടുവരുന്നതുപോലെയുള്ള മറ്റൊരു താത്വികമായ പ്രശ്നമാണ് പകർപ്പുകളെ സംബന്ധിച്ച് ഉള്ളത്. അപ് ലോഡ് ചെയ്യപ്പെട്ട വ്യക്തിത്വം അതേ വ്യക്തി തന്നെ ആയിരിക്കുമോ, ഒരേ പോലത്തെ ഓർമ്മകളും വ്യക്തിത്വവുമുള്ള മറ്റൊരു പകർപ്പ് ആയിരിക്കുമോ എന്നത് ഒരു ആശയക്കുഴപ്പമാണ്. അപ് ലോഡിങ് ചെയ്യുന്ന സമയം വരെ ഒരു വ്യക്തി ആയിരുന്ന വ്യക്തി, ഇത് ചെയ്യപ്പെട്ട അടുത്ത നിമിഷം മുതൽ ഒരേ ഓർമ്മകളും സ്വഭാവവും ഉള്ള രണ്ടു വ്യക്തികളാകാം-അനേകം വ്യക്തികളാകാം. ദ സിക്സ്ത് ഡേ എന്ന സിനിമയിൽ ഇത്തരം ഒരു സന്ദർഭം അവതരിപ്പിച്ചിരിക്കുന്നു.[18]

അവലംബം[തിരുത്തുക]

 1. 1.0 1.1 Anders, Sandberg; Nick, Boström (2008). Whole Brain Emulation: A Roadmap (PDF). Technical Report #2008‐3. Future of Humanity Institute, Oxford University. Retrieved 5 April 2009. The basic idea is to take a particular brain, scan its structure in detail, and construct a software model of it that is so faithful to the original that, when run on appropriate hardware, it will behave in essentially the same way as the original brain.
 2. Hagmann, Patric; Cammoun, Leila; Gigandet, Xavier; Meuli, Reto; Honey, Christopher J.; Wedeen, Van J.; Sporns, Olaf; Friston, Karl J. (2008). Friston, Karl J. (ed.). "Mapping the Structural Core of Human Cerebral Cortex". PLoS Biology. 6 (7): e159. doi:10.1371/journal.pbio.0060159. PMC 2443193. PMID 18597554.{{cite journal}}: CS1 maint: unflagged free DOI (link)
 3. http://www.jneurosci.org/content/5/4/956.full.pdf
 4. Bryden, J. and Cohen, N. (2004). A simulation model of the locomotion controllers for the nematodode Caenorhabditis elegans. In Schaal, S., Ijspeert, A., Billard, A., Vijayakumar, S., Hallam, J., and Meyer, J.-A., editors, From Animals to Animats 8: Proceedings of the eighth international conference on the Simulation of Adaptive Behaviour, pages 183–192.
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-12. Retrieved 2013-07-21.
 6. http://scholar.google.se/scholar?cluster=8784732820289974684&hl=sv&as_sdt=0&sciodt=0
 7. http://scholar.google.se/scholar?cluster=12345296403665184996&hl=sv&as_sdt=0,5
 8. http://news.bbc.co.uk/2/hi/technology/6600965.stm
 9. http://www.forbes.com/technology/sciences/2005/06/06/cx_mh_0606ibm.html
 10. http://bluebrain.epfl.ch/Jahia/site/bluebrain/op/edit/pid/19085
 11. http://bluebrain.epfl.ch/page18700.html
 12. http://www.changesurfer.com/Acad/TranshumPolitics.htm
 13. http://reason.com/archives/2009/04/28/transhumanism-and-the-limits-o
 14. http://en.wikipedia.org/wiki/Libertarian_transhumanism
 15. http://en.wikipedia.org/wiki/Democratic_transhumanism
 16. http://en.wikipedia.org/wiki/Bioethics
 17. http://www.religionnews.com/2013/05/15/human-cloning-breakthrough-prompts-religious-objections/
 18. http://www.imdb.com/title/tt0216216/

2. www.minduploading.org Archived 2014-04-07 at the Wayback Machine.

3. http://www.medicaldaily.com/news/20301117/3877/new-imaging-method-developed-at-stanford-reveals-stunning-details-of-brain-connections.htm[പ്രവർത്തിക്കാത്ത കണ്ണി]

4. http://www.merkle.com/merkleDir/brainAnalysis.html Archived 2012-02-04 at the Wayback Machine.

5. http://www.mcb.harvard.edu/lichtman/ATLUM/ATLUM_web.htm Archived 2008-02-01 at the Wayback Machine.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈൻഡ്_അപ്‌ലോഡിങ്&oldid=3948126" എന്ന താളിൽനിന്ന് ശേഖരിച്ചത്