ഗ്രന്മ (പായ്ക്കപ്പൽ)
ക്യൂബൻ വിപ്ലവം |
---|
സമയരേഖ |
പ്രധാന സംഭവങ്ങൾ |
വ്യക്തികൾ |
വിഷയങ്ങൾ |
ക്യൂബൻ വിപ്ലവത്തിൽ പങ്കെടുക്കാനുള്ള 82 വിമതസൈനികരേയും കൊണ്ട് മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്കു പോയ പായ്ക്കപ്പലാണ് ഗ്രന്മ.[1] ക്യൂബയുടെ ഏകാധിപതിയായിരുന്നു ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതായിരുന്നു ക്യൂബൻ വിപ്ലവത്തിന്റെ അന്തിമ ലക്ഷ്യം. 60അടി നീളമുള്ളതും, ഡീസൽ യന്ത്രത്താൽ പ്രവർത്തിക്കുന്നതുമായ ഒരു യാനമായിരുന്നു ഗ്രന്മ. 12 പേരെ വഹിക്കാൻ കരുത്തുള്ള ഈ പായ്ക്കപ്പൽ 1943 ൽ നിർമ്മിച്ചതായിരുന്നു. മുത്തശ്ശി എന്നർത്ഥം വരുന്ന ഗ്രാന്റ് മദർ എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കമാണ് ഗ്രന്മ. യഥാർത്ഥ ഉടമസ്ഥന്റെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായാണത്രെ ഈ ജലവാഹനത്തിന് ഗ്രന്മ എന്ന പേരു നൽകിയത്.[2]
ക്യൂബൻ വിപ്ലവത്തിലെ പങ്ക്[തിരുത്തുക]
26ജൂലൈ മൂവ്മെന്റ് എന്ന വിമതസേനയിലെ സൈനികരെ മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്ക് കടൽമാർഗ്ഗം കൊണ്ടു ചെന്നെത്തിച്ചത് ഗ്രന്മ എന്ന ഈ ചെറിയ കപ്പലാണ്. സൈനികരേയും കൊണ്ട് ഗൾഫ് ഓഫ് മെക്സിക്കോ കടക്കാൻ ഒരു നല്ല കപ്പൽ വാങ്ങാനായിരുന്നു ഫിദലിന്റെ നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും, പണത്തിന്റെ അഭാവത്താൽ അത് സാധിക്കുമായിരുന്നില്ല. അവസാനം 10 ഒക്ടാബർ 1956 ന് 15000 അമേരിക്കൻ ഡോളർ കൊടുത്ത് സേന സ്വന്തമാക്കിയതായിരുന്നു ഗ്രന്മ എന്ന പായ്ക്കപ്പൽ. മെക്സിക്കോ നഗരത്തിലെ ഒരു ആയുധവ്യാപാരിയായിരുന്ന അന്റോണിയോ ആണ് ഒരു അമേരിക്കൻ ദമ്പതികളിൽ നിന്നും 26ജൂലൈ മൂവ്മെന്റിനുവേണ്ടി ഈ കപ്പൽ വാങ്ങിയത്.[3] ക്യൂബയുടെ മുൻ പ്രസിഡന്റും, ബാറ്റിസ്റ്റയുടെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതും ആയ കാർലോസ് സോകാറസ് ആയിരുന്നു ഗ്രന്മ വാങ്ങുന്നതിനായുള്ള പണം സ്വരൂപിക്കാൻ ഫിദലിനേയും കൂട്ടരേയും സഹായിച്ചത്. ഫിദലും സഹപ്രവർത്തകരും മെക്സിക്കോയിൽ ക്യൂബൻ വിപ്ലവത്തിനുള്ള പദ്ധതി തയ്യാറാക്കുമ്പോൾ കാർലോസ് അവിടെ രാഷ്ട്രീയ അഭയാർത്ഥിയായി കഴിയുകയായിരുന്നു.[4]
യാത്ര[തിരുത്തുക]
1956 നവംബർ 25 ന് 82 സൈനികരേയും വഹിച്ചുകൊണ്ട് ഗ്രന്മ യാത്രക്കു തയ്യാറായി. മെക്സിക്കൻ തീരമായ ടക്സപാൻ എന്ന സ്ഥലത്തു നിന്നുമാണ് ഗ്രന്മ യാത്രതിരിച്ചത്. 26 ജൂലൈ മൂവ്മെന്റിന്റെ നേതാക്കളായ, ഫിദൽ കാസ്ട്രോ, സഹോദരൻ റൗൾ കാസ്ട്രോ, സുഹൃത്തും അർജന്റീനിയൻ ഡോക്ടറും, വിപ്ലവകാരിയും കൂടെയായ ചെ ഗുവേര എന്നിവർ കൂടി കപ്പലിലുണ്ടായിരുന്നു. സൈനികരെ കൂടാതെ, ആയുധങ്ങളും, ഭക്ഷണസാമഗ്രികളും കപ്പലിൽ ഉണ്ടായിരുന്നു. 1200 ഗ്യാലൻ ഇന്ധനം ഗ്രന്മയുടെ ടാങ്കിലുണ്ടായിരുന്നു,കൂടാതെ 2000 ഗ്യാലൻ കപ്പലിലും ശേഖരിച്ചിരുന്നു. ക്യൂബയിലെത്തുവാൻ ആവശ്യമുള്ളത്രയായിരുന്നു ഇത്. 12 പേർക്കു മാത്രം സഞ്ചരിക്കാൻ വേണ്ടി നിർമ്മിച്ച കപ്പലിൽ 82 പേർ യാത്രികരായിതന്നെ ഉണ്ടായിരുന്നു. തികച്ചും അപടകരമായ ഒരു കടൽ യാത്ര തന്നെയായിരുന്നു അത്. ക്യൂബൻ നേവിയിൽ നിന്നും വിരമിച്ച ഒരു നാവികനും, കാസ്ട്രോ അനുയായിയുമായിരുന്ന നോബർട്ടോ കൊളാഡോ ആയിരുന്നു ഗ്രന്മയുടെ കപ്പിത്താൻ.[5] കപ്പലിന്റെ കാലപ്പഴക്കം കൊണ്ടും, അനുവദനീയമായ അളവിൽ ഭാരം ഉൾക്കൊണ്ടിരുന്നതുകൊണ്ടും യാത്ര വളരെ ദുഷ്കരമായിരുന്നു. കൂടാതെ, കടലിൽവെച്ച് ഗ്രന്മക്ക് ചോർച്ചയും അനുഭവപ്പെട്ടു. സഹപ്രവർത്തകരിൽ ഒരാൾ കപ്പലിൽ നിന്നും കടലിൽ വീണു. അദ്ദേഹത്തിനു വേണ്ടി രണ്ടു വട്ടം തിരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താനായില്ല. സൈനികനെ കടലിൽ നഷ്ടപ്പെട്ട വിഷമത്തിലും, ലക്ഷ്യത്തിലേക്കു തന്നെ മുന്നേറാൻ ഫിദൽ ആജ്ഞാപിക്കുകയായിരുന്നു.[6]
വിചാരിച്ചതിലും വൈകിയാണ് ഗ്രന്മ ലക്ഷ്യസ്ഥാനത്തെത്തിയത്. വിമതസൈനികർ എല്ലാവരും തന്നെ ക്ഷീണിതരായിരുന്നു. ദൂരയാത്രയും, അവിചാരിത തടസ്സങ്ങളും കാരണം പെട്ടെന്ന് ഒരു യുദ്ധത്തിന് അവരാരും തന്നെ ശാരീരികമായോ, മാനസികമായോ കഴിവുള്ളവരായിരുന്നില്ല.
കരയ്ക്കിറങ്ങൽ[തിരുത്തുക]
തീരത്തു നിന്നും അറുപതു മീറ്റർ ദൂരെയായാണ് കപ്പൽ അടുത്തത്. തീരത്തു കെട്ടിക്കിടന്നിരുന്ന ചെളി കാരണം, കൂടുതൽ അടുപ്പിക്കാൻ കഴിയുമായിരുന്നില്ല. ഈ ചെളിയിൽകൂടെ വേണമായിരുന്നു സൈനികർക്ക് തീരത്തേക്ക് എത്തിച്ചേരാൻ. സൈനികരുടെ കയ്യിലേറിയിരുന്ന കനത്ത ഭാരം കാരണം, അവരെല്ലാം ഈ ചെളിയിൽ താഴ്ന്നുപോയേക്കുമോ എന്നു വരെ ഭയപ്പെട്ടിരുന്നു. ഈ അറുപതു മീറ്റർ ദൂരം താണ്ടാൻ ഏതാണ്ട് രണ്ടു മണിക്കൂർ സമയം എടുത്തു.[7]
വിപ്ലവാനന്തരം[തിരുത്തുക]
1959 ജനുവരി ഒന്നാം തീയതി, ക്യൂബൻ വിപ്ലവത്തിന്റെ വിജയശേഷം, ഗ്രന്മ ഹവാന നഗരത്തിലേക്ക് മാറ്റി. കപ്പലിന്റെ നാവികനായിരുന്ന നോബർട്ടോവിനായിരുന്നു പിന്നീട് അതിന്റെ ചുമതല മുഴുവൻ. ക്യൂബൻ വിപ്ലവത്തിന്റെ സ്മാരകമായി ഹവാനയിൽ പടുത്തുയർത്തിയ കാഴ്‌ചബംഗ്ലാവിൽ ഒരു പ്രത്യേക ചില്ലുമുറിയിൽ ഗ്രന്മയേയും സൂക്ഷിച്ചു. ഗ്രന്മ തീരത്തണഞ്ഞ ആ പ്രദേശത്തിന് പിന്നീട് ക്യൂബൻ സർക്കാർ ഗ്രന്മ പ്രൊവിൻസ് എന്നു പേരിട്ടു.[8] ഗ്രന്മ പ്രൊവിൻസിൽ സ്ഥിതി ചെയ്യുന്ന ഗ്രന്മ നാഷണൽ പാർക്ക് യുനെസ്കോയുടെ തിരഞ്ഞെടുക്കപ്പെട്ട പൈതൃക പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.[9]
അവലംബം[തിരുത്തുക]
- ↑ "ഗ്രന്മ വോയേജ് ബിഗാൻ റെവല്യൂഷണറി വാർ". ദ മിലിറ്റന്റ്. 1996-04-01. ശേഖരിച്ചത് 2013-11-16.
- ↑ വനീസ്സ, അരിംഗ്ടൺ (2006-07-25). "റൂട്ട്സ് ഓഫ് ക്യൂബൻ റെവല്യൂഷൻ ലൈ ഇൻ ദ ഈസ്റ്റ്". ഫോക്സ് ന്യൂസ്. ശേഖരിച്ചത് 2013-11-16.
- ↑ ഫ്രാങ്ക് ജാക്ക്, ഡാനിയേൽ (2006-11-16). "ഫിഫ്ടി ഇയേഴ്സ് ഓൺ, മെക്സിക്കോ സിറ്റി റീകോൾസ് യങ് കാസ്ട്രോ". ബാന്ദെരാസ് ന്യൂസ്. ശേഖരിച്ചത് 2013-11-16.
- ↑ ഹ്യൂ, തോമാസ് (2001). ക്യൂബ ദ പർസ്യൂട്ട് ഓഫ് ഫ്രീഡം. പിക്കാദോർ. പുറം. 584-585. ISBN 978-0330484176.
- ↑ "റെവല്യൂഷണറി കൊളാഡോ അബ്രു ഡൈസ്". ഹൈബീം റിസർച്ച്. 2008-04-03. ശേഖരിച്ചത് 2013-11-16.
- ↑ ജെ.എ, സിയറ. "ദ ലാന്റിംഗ് ഓഫ് ഗ്രന്മ". ഹിസ്റ്ററി ഓഫ് ക്യൂബ. ശേഖരിച്ചത് 2013-11-16.
- ↑ "ഗ്രന്മ കപ്പലടുത്തതിന്റെ 45ആം വാർഷികാഘോഷം". ക്യൂബ.സി.യു. 2001-12-02. ശേഖരിച്ചത് 2013-11-16.
ഗ്രന്മ യാത്ര ഫിദൽ കാസ്ട്രോ ഓർമ്മിക്കുന്നു
- ↑ "ഗ്രന്മ പ്രൊവിൻസ്". ക്യൂബൻ സർക്കാർ. ശേഖരിച്ചത് 2013-11-16.
- ↑ "ഗ്രന്മ നാഷണൽ പാർക്ക് യുനെസ്കോ പട്ടികയിൽ". യുനെസ്കോ. ശേഖരിച്ചത് 2013-11-16.