കൊല്ലൂർ
കൊല്ലൂർ Kolluru | |
---|---|
Village | |
ശ്രീ കൊല്ലൂർ മൂകാംബിക ക്ഷേത്രം. | |
Coordinates: 13°41′56″N 74°48′42″E / 13.69889°N 74.81167°E | |
Country | India |
State | Karnataka |
District | Udupi |
Taluk | Byndoor Taluk |
ഉയരം | 82 മീ(269 അടി) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 576220 |
Telephone code | 08254 |
വാഹന റെജിസ്ട്രേഷൻ | KA-20 |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ഉഡുപ്പി ജില്ലയിൽ ബൈന്ദൂർ താലൂക്കിലെ ഒരു ചെറിയ ക്ഷേത്രനഗരമാണ് കൊല്ലൂരു അഥവാ കൊല്ലൂർ. ബൈന്ദൂർ ടൌണിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ അടിവാരത്തിൽസ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തിന്റെ സാമീപ്യത്താൽ പേരുകേട്ടതാണ്. കുടജാദ്രി മലനിരകളിൽ നിന്നൊഴുകിവരുന്ന സൗപർണികാനദിയുടെ തീരത്താണ് കൊല്ലൂർ സ്ഥിതിചെയ്യുന്നത്.
കർണാടക സംസ്ഥാനത്തെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂർ, കോലാപുര (കോല മുനിയുടെ പേരിൽ) എന്നും വിളിക്കപ്പെടുന്നു. ആദിപരാശക്തിയായ മൂകാംബിക അല്ലെങ്കിൽ ദുർഗ്ഗാ ഭഗവതിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു മഹാക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
മൂകാസുരൻ എന്ന രാക്ഷസനെ വധിച്ചതായി പറയപ്പെടുന്നതിനാലാണ് ദുർഗ്ഗാ ഭഗവതിയെ മൂകാംബിക എന്ന് വിളിക്കുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപിണിയാണ് മൂകാംബിക എന്ന് വിശ്വാസം. ശിവനെയും ശക്തിയെയും ഉൾക്കൊള്ളുന്ന ഒരു ജ്യോതിർലിംഗത്തിന്റെ രൂപത്തിലാണ് ഇവിടെ ഭഗവതിയെ വിശേഷിപ്പിക്കുന്നത്. ഇതിന് പിന്നിൽ ശ്രീചക്രത്തിലെ മൂകാംബികയുടെ പഞ്ചലോഹ പ്രതിഷ്ഠ സമർപ്പിച്ചത് ശ്രീ ആദി ശങ്കരാചാര്യരാണെന്ന് പ്രസ്താവിക്കപ്പെടുന്നു. കുടജാദ്രിയിലെ ചിത്രമൂല ഗുഹയിൽ ആണ് ഭഗവതിയുടെ മൂല സ്ഥാനം.
പുരാണങ്ങളും ഇതിഹാസങ്ങളും
[തിരുത്തുക]ശക്തി ആരാധനയുടെ ഒരു പ്രധാന കേന്ദ്രമാണ് കൊല്ലൂർ. അതുപോലെതന്നെ ക്ഷേത്രചരിത്രം പുരാണ കഥകളാൽ സമ്പന്നവുമാണ്.
കോലൻ എന്ന് പേരുള്ള ഒരു മഹർഷി ഈ പ്രദേശത്തെ പ്രകൃതി സൗന്ദര്യത്തിൽ ആകൃഷ്ടനാകുകയും അഗ്നിതീർത്ഥത്തിനു സമീപത്തുള്ള ഒരു പാറയിൽ തപസ്സുനുഷ്ടിക്കാൻ തീരുമാനിച്ചതായും ഐതിഹ്യം പറയുന്നു. കോല മഹർഷിയിയുടെ തപസിൽ പ്രസാദിച്ച ശിവൻ അദ്ദേഹത്തിനു മുമ്പാകെ പ്രത്യക്ഷനായി അനുഗ്രഹിക്കുകയും ഇഷ്ടമുള്ള വരം ചോദിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ചെയ്തു. മഹർഷി മനുഷ്യരാശിയുടെ ക്ഷേമത്തിനായി മാത്രമാണ് ആഗ്രഹിച്ചത്. കോല മുനിയിൽ സന്തുഷ്ടനായ ഭഗവാൻ അദ്ദേഹം ആവശ്യപ്പെട്ട വരം നൽകി. മുനിയുടെ ദൈനംദിന ആരാധനയ്ക്കായി ഒരു സ്വയംഭുവായ ശിവലിംഗം പ്രത്യക്ഷപ്പെടുമെന്ന് ഭഗവാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. എന്നിരുന്നാലും ശിവനോടൊപ്പം ശക്തിയേയുംകൂടി ആരാധിക്കാൻ കോല മഹർഷി ആഗ്രഹിച്ചു. അതിനാൽ, ദേവിയെ സൂചിപ്പിക്കുന്ന ഒരു സുവർണ്ണ രേഖ (സ്വർണ്ണ വര) ശിവലിംഗത്തിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ശിവലിംഗത്തിൽ ശിവനും ശക്തിയും ഒരുമിച്ച് ഇവിടെ ആരാധിക്കപ്പെടുന്നു. ഇതുകൂടാതെയുള്ള മറ്റൊരു പ്രത്യേകത, ഹിന്ദു ദേവതാഗണത്തിലെ മറ്റ് ദേവന്മാരും ദേവിമാരും ലിംഗത്തിൽ അരൂപിയായി (രൂപമല്ലാത്ത) കുടികൊള്ളുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇത് വിണ്ണിലെ മുഴുവൻ ആരാധനാമൂർത്തികളുടേയും സമ്മേളന സ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദി ശങ്കരാചാര്യർക്ക് ശ്രീ മൂകാംബി ദേവിയുടെ ഒരു ദർശനം ഉണ്ടായതായും തദനുസരണമാണ് ഇവിടെ മൂർത്തിയെ പ്രതിഷ്ഠിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ആദി ശങ്കരൻ കുടജാദ്രി മലകളിൽ ധ്യാനനിരതനായിരിക്കവേ ദേവി അദ്ദേഹത്തിന്റെ മുൻപിൽ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും വര പ്രസാദം നൽകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ആരാധനയ്ക്കായി കേരളത്തിലെ ഒരു സ്ഥലത്ത് താൻ ആഗ്രഹിക്കുന്നിടത്ത് ദേവീ വിഗ്രഹം സ്ഥാപിക്കാനുള്ള ആഗ്രഹം അദ്ദേഹം ദേവിയുടെ മുന്നിൽ വെളിപ്പെടുത്തി. ദേവി സമ്മതിച്ചെങ്കിലും ശങ്കരനെ പിന്തുടരുമെന്നും അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ തിരിഞ്ഞുനോക്കരുത് എന്നുമൊരു വെല്ലുവിളി ദേവി മുന്നോട്ടുവച്ചു. എന്നാൽ ശങ്കരനെ പരീക്ഷിക്കാൻ ദേവി കൊല്ലൂരിലെത്തിയപ്പോൾ തന്റെ കണങ്കാലുകളിലെ ചിലങ്കകളുടെ ധ്വനി നിർത്തുകയും, തുടർന്ന് സംശയഗ്രസ്ഥനായ ശങ്കരൻ തിരിഞ്ഞുനോക്കുകയും ചെയ്തു. കൊല്ലൂരിലെ തന്നെ ഇപ്പോൾ കാണുന്നിടത്തുതന്നെ വിഗ്രഹം സ്ഥാപിക്കാൻ ദേവി ശങ്കരനോട് ആവശ്യപ്പെട്ടതോടെ വിഗ്രഹം അവിടെ പ്രതിഷ്ടിക്കപ്പെട്ടു. കൊല്ലൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കുടജാദ്രി കൊടുമുടിയിലാണ് (1343 മീറ്റർ) ശങ്കരൻ ദേവിയെ ധ്യാനിച്ചതും ദേവി പ്രത്യക്ഷപ്പെട്ടതുമായി സ്ഥിലം. ക്ഷേത്രത്തിന് മുന്നിൽ ഒരു വലിയ പർവതശിഖരമായി ഇത് കാണാവുന്നതാണ്. കുടജാദ്രി കൊടുമുടിക്കു സമീപവും മൂകാംബികയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രംകൂടി സ്ഥിതിചെയ്യുന്നുണ്ട്.
മുകാംബികയിലെ പ്രധാന ക്ഷേത്രം
[തിരുത്തുക]- ശ്രീ മൂകാംബിക ദേവി ക്ഷേത്രം
പരശുരാമക്ഷേത്രത്തിലെ ഏഴ് തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് (സപ്തക്ഷേത്രം) കൊല്ലൂർ എന്ന് വിശ്വസിക്കപ്പെടുന്നു. പരമ ശിവന്റെ പത്നിയായ പാർവ്വതി ദേവിക്കായി ഈ ക്ഷേത്രം സമർപ്പിച്ചിക്കപ്പെട്ടിരിക്കുന്നു. പരശുരാമൻ സൃഷ്ടിച്ച മറ്റ് തീർത്ഥാടനകേന്ദ്രങ്ങളിൽ ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി എന്നിവർക്കായി സമർപ്പിക്കപ്പെട്ടതാണെങ്കിലും ഇത് പാർവതി ദേവിയ്ക്കായാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സൌപർണ്ണികാ നദിയുടെ പോഷകനദിയുടെ തീരത്ത് വന മധ്യത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽനിന്ന് കുടജാദ്രി മലയും കൊടുമുടിയും കാണുന്നത് ഒരു നയനമനോനോഹരമായ കാഴ്ചയാണ്. കുടജാദ്രി കൊടുമുടിയുടെ മുകളിലായാണ് യഥാർത്ഥ ക്ഷേത്രം എന്നും ഭക്തർക്ക് പൂജ നടത്തുന്നതിനുള്ള സൗകര്യാർത്ഥമാണ് ക്ഷേത്രം കൊല്ലൂരിൽ നിർമ്മിച്ചിരിക്കുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നു. കേരളത്തിൽ നിന്നുള്ള നിരവധി തീർത്ഥാടകർ ക്ഷേത്രം സന്ദർശിക്കുകയും വിജയദശമീവേളയിൽ ഇവിടെ വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.
കൊല്ലൂരിന്റെ ചുറ്റുപാടുകൾ
[തിരുത്തുക]- മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പാലവും വനയാത്രക്ക് അവസരവുമുള്ള ഒരു മനോഹരമായ നദീതീരമാണ് കാശി തീർത്ഥ.
- ഭക്തർ പുണ്യസ്നാനം നടത്തുന്ന നദീതീരമാണ് സൌപർണ്ണിക. ഈ ടൂറിസ്റ്റ് സ്ഥലത്ത് പാർക്കിംഗ് സൗകര്യങ്ങളും കുളിപ്പുരകളും ഒരു ചെറിയ ചായക്കടയും ഉണ്ട്. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം.