കൊട്ടിയൂർ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1961-62 കാലത്ത് ഇന്നത്തെ കേളകം , കൊട്ടിയൂർ, കണിച്ചാർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ കുടിയിറക്കിനെതിരെ നടന്ന പ്രക്ഷോഭം ആണ് കൊട്ടിയൂർ സമരം[1] എന്ന പേരിൽ അറിയപ്പെടുന്നത് .


കൊട്ടിയൂർ ദേവസ്വത്തിൻറെ 27000 ഏക്കർ ഭൂമി, ഏക്കർ ഒന്നിന് ഒരു രൂപ പ്രതിഫലം നിശ്ചയിച്ചുകൊണ്ട് നായർ സർവീസ് സൊസൈറ്റിക്ക് ചാർത്തിക്കൊടുത്തുകൊണ്ടുള്ള ഒരു പത്രപ്പരസ്യം 1961-ൽ പ്രത്യക്ഷപ്പെട്ടു. കൈമാറുന്ന സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലാത്തത് കർഷകരിൽ ആശങ്കയുളവാക്കി. വർഷങ്ങളോളമുള്ള കർഷകരുടെ കഠിനാദ്ധ്വാനം പാഴാകുന്നത് അവർക്ക് താങ്ങാനാകുമായിരുന്നില്ല. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ ഒട്ടനവിധി സ്ഥാപനങ്ങളും ഇവിടെ ഇക്കാലയളവിനു മുൻപേ ആരംഭിച്ചുകഴിഞ്ഞിരുന്നു.


നിയമവിധേയമായി ഭൂമി സ്വന്തമാക്കുകയും കൃഷിയിറക്കുകയും ചെയ്ത കർഷകർ കുടിയിറക്കിനെതിരായി പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചു . കുടിയിറക്കിനെ ചെറുക്കുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ നടന്ന സമരമാണ് കേരളമാകെ ശ്രദ്ധയാകർഷിച്ച കൊട്ടിയൂർ സമരം[2]. പ്രശസ്ത കമ്യൂണിസ്ററ് നേതാവായിരുന്ന എൻ.ഇ. ബാലറാം ആണ് പ്രക്ഷോഭ രംഗത്തെത്തിയ ആദ്യ നേതാവ്. അദ്ദേഹം കൊട്ടിയൂർ സമരത്തിന് കമ്യൂണിസ്ററ് പ്രസ്ഥാനത്തിൻറെ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം പ്രതിഷേധയോഗങ്ങളിൽ പ്രസംഗിക്കുകയും പ്രക്ഷോഭത്തിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . പിന്നാലെ എ.കെ.ജി യും രംഗത്തെത്തിയതോടെ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചു .


കൊട്ടിയൂർ സ്വതന്ത്ര കർഷക സംഘം ആണ് സമരവുമായി ബന്ധപ്പെട്ട് ആദ്യം രൂപീകരിച്ച സംഘടന . പിന്നീട് കൊട്ടിയൂർ കുടിയാൻ സംഘവും രൂപീകരിക്കപ്പെട്ടു. ഭൂമികൈമാറ്റത്തിനെതിരെ എ.കെ.ജി യുടെ നേതൃത്വത്തിലുള്ള ഒരു ജീപ്പ് ജാഥയും തിരുവനന്തപുരത്തേക്കു നടത്തി . ഈ രണ്ടു സംഘ‍ടനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നുവരവേയാണ് ഫാദർ ജോസഫ് വടക്കനും ബി.വെല്ലിംങ്ങ്ടണും സമര നേതൃത്വത്തിലെത്തുന്നത് . ഫാദർ വടക്കൻറെ ആവേശോജ്ജ്വലമായ പ്രസംഗത്തിൽ ആകൃഷ്ടരായ ധാരാളം പേർ അദ്ദേഹം രൂപീകരിച്ച മലനാട് കർഷക യൂണിയനിൽ ചേർന്നു .


കേരളത്തിൻറെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചുകൊണ്ടുള്ള ഒരു കാൽനടജാഥ ബി.വെല്ലിങ്ങ്ടന്റെ നേതൃത്വത്തിൽ കൊട്ടിയൂർ നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ചു . ജാഥയുമായി സഹകരിക്കരുതെന്ന് കോൺഗ്രസ്സ് പ്രസ്താവനയിറക്കിയപ്പോൾ ജാഥയ്ക്ക് വഴിനീളെ സഹായമെത്തിക്കാനും സ്വീകരണം നൽകാനും എ.കെ.ജി., എൻ.ഇ ബാലറാം, എന്നിവരുൾപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായി. 1962 ഫെബ്രുവരിയിൽ ബി.വെല്ലിങ്ങ്ടൺ കേളകത്ത് നിരാഹാര സത്യാഗ്രഹവും ആരംഭിച്ചു . സമരത്തെ നേരിടാനായി എം എസ് പി കാരും എത്തിയിരുന്നു . ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതോടെ എൻ.എസ്.എസ് ഭൂമി കൈമാറ്റത്തിൽ നിന്നും പിന്മാറുകയും സമരം അവസാനിക്കുകയും ചെയിതു .

അവലംബം[തിരുത്തുക]

  1. P.M.ജോസഫ് (2004). പുറപ്പെട്ടവരുടെ പുസ്തകം. ഗ്രന്ഥകര്ത്താവ്.
  2. കേളകം ഗ്രാമപഞ്ചായത്ത് വികസന റിപ്പോര്ട്ട്. കേളകം ഗ്രാമപഞ്ചായത്ത്. 1997.
"https://ml.wikipedia.org/w/index.php?title=കൊട്ടിയൂർ_സമരം&oldid=3088211" എന്ന താളിൽനിന്ന് ശേഖരിച്ചത്