Jump to content

കുൾത്തൂർകംഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർളിനും റോമും തമ്മിൽ എന്ന പേരിൽ ഒരു ജർമ്മൻ മാസിക 1875-ൽ പ്രസിദ്ധീകരിച്ച ഈ ഹാസ്യചിത്രത്തിൽ ബിസ്മാർക്കും ഒൻപതാം പീയൂസ് മാർപ്പാപ്പയുമാണ്

പ്രഷ്യയിലെ ഭരണാധികാരിയായിരുന്ന ഓട്ടോ വോൺ ബിസ്മാർക്ക്, ജർമ്മനിയിൽ റോമൻ കത്തോലിക്കാ സഭയുടെ സ്വാധീനം കുറയ്ക്കാനായി, 1871-നും 1878-നും ഇടയ്ക്ക് നടപ്പാക്കിയ നയങ്ങളും നിയമങ്ങളുമാണ് കുൾത്തൂർകംഫ് (Kulturkampf) എന്നറിയപ്പെടുന്നത്. "സംസ്കാരത്തിനു വേണ്ടിയുള്ള സമരം" എന്നാണ് ഈ ജർമ്മൻ വാക്കിന്റെ അർത്ഥം.[1] പ്രഷ്യയിൽ മാത്രം ഒതുങ്ങിനിന്ന ഈ നയം, അതിനു പുറത്ത് 'ബവേറിയ' പോലുള്ള ജർമ്മൻ പ്രവിശ്യകളിൽ നടപ്പായില്ല. പ്രൊട്ടസ്റ്റന്റുകൾ ബഹുഭൂരിപക്ഷമായിരുന്ന ഒരു രാഷ്ട്രത്തിൽ കത്തോലിക്കാ ന്യൂനപക്ഷത്തിനു സ്വാഭാവികമായും ഈർച്ചയുളവാക്കാൻ പോരും വിധം വിവേചനാപരമായ ഒരു പറ്റം നിയമങ്ങളായിരുന്നു ഈ നയത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. വിവേചനാപരമായ ഈ നയം പൊതുവേ വിപരീതഫലമാണ് ഉളവാക്കിയതെന്നു കണ്ട ബിസ്മാർക്ക് ക്രമേണ അതുപേക്ഷിച്ചു.

പശ്ചാത്തലം

[തിരുത്തുക]

പ്രഷ്യയുടെ ജനസംഖ്യയിൽ കത്തോലിക്കർ ഏകദേശം മൂന്നിലൊന്നായിരുന്നു. ബിസ്മാർക്കിന്റെ നേതൃത്വത്തിൽ നടപ്പായിക്കൊണ്ടിരുന്ന പ്രഷ്യയുടെ വികാസത്തിൽ രൂപപ്പെട്ടിരുന്ന ജർമ്മൻ സാമ്രാജ്യത്തിൽ, കത്തോലിക്കർക്ക് സംഖ്യാബലം കൂടുതലുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. വികസിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്തിൽ കത്തോലിക്കരുടെ രാഷ്ട്രീയ-സാമൂഹ്യ സ്വാധീനം നിയന്ത്രിക്കുക വഴി പ്രൊട്ടസ്റ്റന്റുകളുടെയും കത്തോലിക്കാവിരുദ്ധരായ ലിബറലുകളുടെയും പിന്തുണ ആർജ്ജിക്കാനാണ് ബിസ്മാർക്ക് ശ്രമിച്ചത്. 1870-ൽ പീയൂസ് ഒൻപതാമൻ മാർപ്പാപ്പ വിളിച്ചുകൂട്ടിയ ഒന്നാം വത്തിക്കാൻ സൂനഹദോസ്, മാർപ്പാപ്പാമാരുടെ അപ്രമാദിത്വത്തെ(infallibility - തെറ്റാവരം) വിശ്വാസസത്യമായി പ്രഖ്യാപിച്ചതും 'കുൾത്തൂർകംഫ്' നയത്തിനു പ്രേരണയായിരിക്കാം. അപ്രമാദിത്വസിദ്ധാന്തത്തെ എതിർത്ത കത്തോലിക്കാവിമതർക്കുള്ള സർക്കാൻ പിന്തുണയിലായിരുന്നു ഈ നയത്തിന്റെ തുടക്കം[1]

എട്ടു നൂറ്റാണ്ടുകൾക്കു മുൻപ് 1077-ൽ, ജർമ്മൻകാരനായ വിശുദ്ധറോമാസാമ്രാട്ട് ഹെൻറി നാലാമന് വടക്കൻ ഇറ്റലിയിലെ കനോസാ കോട്ടയിൽ ഗ്രിഗോരിയോസ് ഏഴാമൻ മാർപ്പാപ്പയുടെ മുൻപിൽ കീഴടങ്ങേണ്ടി വന്ന സംഭവം അനുസ്മരിച്ച്, "നാം കനോസയിലേക്കു പോവില്ല" എന്ന പ്രഖ്യാതമായ പ്രസ്താവന ബിസ്മാർക്ക് നടത്തിയത് കുൾത്തൂർകംഫിന്റെ പശ്ചാത്തലത്തിലാണ്.[2]

നടപടികൾ

[തിരുത്തുക]

പ്രഷ്യയിലെ പൊതു ആരാധനാവകുപ്പിന്റെ കത്തോലിക്കാവിഭാഗം ബിസ്മാർക്ക് നിർത്തലാക്കി. ആരാധാനാവകുപ്പിന്റെ തലവനായി അദ്ദേഹം കത്തോലിക്കാ വിരുദ്ധനായ പോൾ ഫാക്കിനെ നിയമിച്ചു. ഫാക്ക് കൊണ്ടു വന്ന നിയമങ്ങളിലൊന്ന് സർക്കാർ നിയന്ത്രണത്തിൽ ഒരു സഭാകോടതി സ്ഥാപിച്ചു കൊണ്ടുള്ളതായിരുന്നു. പുരോഹിതസ്ഥാനാർത്ഥികൾക്ക് സർക്കാൻ വിദ്യാലയങ്ങളിലെ പഠനം നിർബന്ധമാക്കിയ അദ്ദേഹം വൈദികവിദ്യാലയങ്ങളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു. പള്ളിയിലെ വിവാഹത്തിനു പുറമേ സിവിൽ വിവാഹം നിർബ്ബന്ധിതമാക്കി. ഈ നിയമങ്ങളെ പീയൂസ് ഒൻപതാമൻ മാർപ്പാപ്പ ഒരു ചാക്രികലേഖനത്തിലൂടെ എതിർത്തപ്പോൾ ബിസ്മാർക്ക് വത്തിക്കാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. വത്തിക്കാനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം ഇറ്റലിയോടാവശ്യപ്പെടുകകൂടി ചെയ്തു.[3]

ഈ നയത്തിന്റെ ഭാഗമായി ഇരുപതു വർഷത്തോളം കത്തിപ്പടർന്ന സന്യസ്ഥ-ജെസ്യൂട്ട് വിരുദ്ധ ഉന്മാദത്തിൽ, ജെസ്യൂട്ടുകൾ, ഫ്രാൻസിക്കന്മാർ, ഡൊമിനിക്കന്മാർ തുടങ്ങിയ കത്തോലിക്കാ സന്യാസമൂഹങ്ങൾ പ്രഷ്യയിൽ നിന്നു പുറത്താക്കപ്പെട്ടു.[4] കുൾത്തൂർകംഫിനെ ചെറുത്ത ഒട്ടേറെ പുരോഹിതന്മാരും മെത്രാന്മാരും തടവിലാക്കപ്പെടുകയോ നിക്കം ചെയ്യപ്പെടുകയോ ചെയ്തു. കുൾത്തൂർകംഫിന്റെ മൂർദ്ധന്യത്തിൽ, പ്രഷ്യയിലെ മെത്രാന്മാരിൽ പകുതിയും തടവിലോ പ്രവാസത്തിലോ ആയിരുന്നു; നാലിലൊന്ന് ഇടവകകളിൽ പുരോഹിതന്മാർ ഇല്ലാതെയായി; മൂന്നിലൊന്നു സന്യാസഭവനങ്ങളും കന്യാമഠങ്ങളും നിന്നുപോവുകയും, സന്യാസിനീ-സന്യാസികളിൽ പകുതിയും പ്രഷ്യ വിട്ടുപോവുകയും ചെയ്തു; 1800 ഇടവക വികാരിമാർ ജയിലിലോ പ്രവാസത്തിലോ ആയി; പുരോഹിതന്മാരെ സഹായിച്ച കുറ്റത്തിനു ഒട്ടേറെ സാധാരണവിശ്വാസികൾക്ക് ജയിൽശിക്ഷ ലഭിച്ചു.[5]

അവസാനം

[തിരുത്തുക]

കത്തോലിക്കരെ ഉത്തേജിപ്പിച്ച്, സെന്റർ പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയകക്ഷിയുടെ പിന്നിൽ സംഘടിക്കുവാൻ സഹായിച്ച ഈ നയം, പൊതുവേ വിപരീതഫലമാണ് ഉളവാക്കിയത്. അതിനോടുള്ള എതിർപ്പിന്റെ ശക്തി മനസ്സിലാക്കിയ ബിസ്മാർക്ക് താമസിയാതെ പിൻവാങ്ങാൻ തയ്യാറായി. പ്രഷ്യയുമായി ചർച്ചയിലേർപ്പെടുവാൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിമൂന്നാമൻ മാർപ്പാപ്പ തയ്യാറായതും, കത്തോലിക്കാവിരുദ്ധരായ ലിബറലുകൾ ബിസ്മാർക്കിന്റെ ഭരണമുന്നണിയിൽ നിന്നു പിൻവാങ്ങിയതും, 1880-കളിൽ 'കുൾത്തൂർകംഫ്'-ന്റെ തിരോധാനത്തിനു വഴിയൊരുക്കി. എല്ലാറ്റിനുമുപരി പ്രായോഗിക ബുദ്ധിയായ ബിസ്മാർക്ക്, ഈ പിൻവാങ്ങൽ വഴി പുതിയ ശത്രുക്കളായ സോഷ്യലിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ കത്തോലിക്കാ സെന്റർ പാർട്ടിയുടെ പിന്തുണ ഉറപ്പാക്കി. വത്തിക്കാനുമായുള്ള നയതന്ത്രബന്ധം പുനരാരംഭിച്ച അദ്ദേഹം, നയകൗശലത്തോടെ, കരോളീൻ ദ്വീപുകളുടെ കാര്യത്തിൽ ജർമ്മനിയും സ്പെയിനും തമ്മിലുള്ള തർക്കത്തിൽ മാർപ്പാപ്പയുടെ മദ്ധ്യസ്ഥത അഭ്യർത്ഥിക്കുക പോലും ചെയ്തു. ബിസ്മാർക്കിന് "ക്രിസ്തുവിന്റെ സേനാനി"(Order of Christ) എന്ന ബഹുമതി സമ്മാനിച്ച വത്തിക്കാനും അതേകൗശലം തിരിച്ചും പ്രകടിപ്പിച്ചു.[3]

കത്തോലിക്കാ സഭയെ ദുർബ്ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ നയം ജർമ്മനിയിൽ ആ ക്രിസ്തീയവിഭാഗത്തെ ഒന്നിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും കലാശിച്ചു.[1] കത്തോലിക്കരുടെ ഏകസ്വരത്തിലുള്ള എതിർപ്പും, രാഷ്ട്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ച് അതിനെ ചെറുക്കാനുള്ള സന്നദ്ധതയും കുൾത്തൂർകാംഫ്-ന്റെ പരാജയത്തിനു കാരണമായി. പ്രഷ്യൻ അധികാരികൾ മിക്കവാറും മെത്രാന്മാരേയും ആയിരക്കണക്കിനു പുരോഹിതന്മാരെയും സാധാരണവിശ്വാസികളേയും തടവിലിട്ടു. ഇതിനോട് അക്രമത്തിലൂടെ പ്രതികരിക്കാതെ സമ്മതിദാനാവകാശം ഉൾപ്പെടെയുള്ള രാജനൈതികമാർഗ്ഗങ്ങൾ ഉപയോഗിച്ച് പരിഹാരം തേടുകയാണ് കത്തോലിക്കാസമൂഹം ചെയ്തത്. ബിസ്മാർക്കിന്റെ 'സംസ്കാര-സമരം' എല്ലാ മതങ്ങളേയും ഒരുപോലെ പരിഹസിക്കാൻ മതവിരോധികൾക്ക് അവസരം നൽകിയെന്നത് പ്രൊട്ടസ്റ്റന്റ് നേതാക്കന്മാരേയും വിഷമിപ്പിച്ചു. പ്രൊട്ടസ്റ്റന്റ് ക്രിസ്തീയപശ്ചാത്തലത്തിൽ, അടിയുറച്ച ആസ്തിക്യബോധം പുലർത്തിയിരുന്ന ബിസ്മാർക്കിനും ഈ പരിണാമം വേദനാജനകമായി.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 A History of Christianity, Kenneth Scott Latourette(പുറങ്ങൾ 1107-08)
  2. കത്തോലിക്കാവിജ്ഞാനകോശം Kulturkampf
  3. 3.0 3.1 A New History of Christianity, Vivian Green (പുറങ്ങൾ 256-57 & 286)
  4. Gross, Michael B., The war against Catholicism: liberalism and the anti-Catholic imagination in nineteenth-century Germany, p. 1, University of Michigan Press, 2004
  5. Helmstadter, Richard J., Freedom and religion in the nineteenth century, p. 19, Stanford Univ. Press 1997
  6. Christopher Clark, Iron Kingdom: The Rise and Downfall of Prussia, 1600-1947 (2006) pp 568-576
"https://ml.wikipedia.org/w/index.php?title=കുൾത്തൂർകംഫ്&oldid=2214696" എന്ന താളിൽനിന്ന് ശേഖരിച്ചത്