കനോസാ നടത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനോസായിൽ മാർപ്പാപ്പയുടെ മുൻപിൽ മാപ്പിരക്കുന്ന സമ്രാട്ട് - കാർളോ എമ്മാനുവേലിന്റെ ചിത്രം

വിശുദ്ധ റോമാസമ്രാട്ടായിരുന്ന ഹെൻറി നാലാമന് ക്രി.വ. 1077 ജനുവരി മാസത്തിൽ, ജർമ്മനിയിലെ സ്പേയർ നഗരത്തിൽ നിന്ന് വടക്കൻ ഇറ്റലിയിൽ കനോസായിലെ കോട്ട വരെ ചെയ്യേണ്ടി വന്ന വന്ന യാത്രയും അതുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുമാണ് കനോസ നടത്തം(Walk to Canossa) അല്ലെങ്കിൽ കനോസാവഴി എന്നറിയപ്പെടുന്നത്. ഹിൽഡെബ്രാൻഡ് എന്നു കൂടി അറിയപ്പെട്ട ഗ്രിഗോരിയോസ് ഏഴാമൻ മാർപ്പാപ്പയും സമ്രാട്ടുമായി, ഇരുവരുടേയും അധികാരസീമകളെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഹെൻറി നാലാമന് അപമാനകരമായ ഈ നടത്തത്തിൽ ഏർപ്പെടേണ്ടി വന്നത്. മനസ്താപിയുടെ ചമയങ്ങളിൽ നഗ്നപാദനായി ആൽപ്സ് പർവതം താണ്ടി, മാർപ്പാപ്പ താവളമടിച്ചിരുന്ന കനോസയിലെ കോട്ടവാതിൽക്കലെത്തിയ സമ്രാട്ടിന് വാതിൽ തുറന്നുകിട്ടിയത് മഞ്ഞിനു മുകളിൽ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ്.[1][2]

യൂറോപ്യൻ ചരിത്രത്തിൽ രാഷ്ട്രീയാധികാരവും ക്രിസ്തുമതനേതൃത്വവുമായുള്ള ബന്ധത്തിന്റെ വികാസത്തിൽ ഒരു നിർണ്ണായക സംഭവമായി ഹെൻറി നാലാമന്റെ കനോസ നടത്തം കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയുടെ ഏകീകരണത്തിനു മുൻകൈയ്യെടുത്ത് ആധുനികജർമ്മൻ രാഷ്ട്രത്തിന്റെ സ്രഷ്ടാവായിത്തീർന്ന ഓട്ടോ വോൺ ബിസ്മാർക്ക് കത്തോലിക്കാസഭയുമായുള്ള തർക്കത്തിനിടെ, "നാം ശരീരം കൊണ്ടോ മനസ്സു കൊണ്ടോ കനോസായിലേക്കു നടക്കില്ല" എന്നു ദേശവാസികൾക്കു ഉറപ്പു നൽകിയത്, ഹെൻറിയുടെ കനോസാ നടത്തം ഉണർത്തുന്ന സ്മരണകളേയും ആധുനിക കാലത്തു പോലും അതിനുള്ള പ്രതീകാത്മക പ്രസക്തിയേയും ഉദാഹരിക്കുന്നു.[3]

സംഘർഷം[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

കനോസായിലെ കോട്ടയുടെ നഷ്ടശിഷ്ടങ്ങൾ

മദ്ധ്യകാലകത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനും നയനിപുണനുമായിരുന്ന ഹിൽഡെബ്രാൻഡ്, മാർപ്പാപ്പാ ആകുന്നതിനു മുൻപ് 25 വർഷക്കാലം 8 മുൻഗാമികളുടെ കീഴിൽ സഭാഭരണത്തിൽ ഉന്നതപദവികൾ വഹിച്ചിരുന്നു. 1073-ൽ ഗ്രിഗോരിയോസ് ഏഴാമൻ എന്ന പേരിൽ അദ്ദേഹം മാർപ്പാപ്പ ആയത് സഭയിൽ സമൂലമായ പരിഷ്കാരങ്ങൾ വരുത്താനുള്ള പദ്ധതിയോടെ ആയിരുന്നു. മെത്രാന്മാരേയും ആശ്രമാധിപന്മാരേയും പോലുള്ള സഭയിലെ പ്രാദേശിക അധികാരികളെ തെരഞ്ഞെടുക്കാനുള്ള സമ്രാട്ടിന്റെ പരമ്പരാഗതമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് മാർപ്പാപ്പ വിളംബരം ഇറക്കിയതോടെയാണ് സംഘർഷം തുടങ്ങിയത്. മെത്രാന്മാരും ആശ്രമാധിപന്മാരും മറ്റും ആത്മീയമായവയ്ക്കു പുറമേ ഒട്ടേറെ ഔദ്യോഗിക-സിവിൽ ചുമതലകളും സാമ്പത്തിക അധികാരങ്ങളും കൂടി കൈകാര്യം ചെയ്തിരുന്നതിനാൽ അവരുടെ നിയമത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് സമ്രാട്ടിന്റെ അധികാരത്തെ കാര്യമായി ബാധിക്കുമായിരുന്നു. അതിനാൽ, നിയമനങ്ങളുടെ കാര്യത്തിൽ തനിക്കു മുൻപുള്ള സമ്രാട്ടുകൾക്കുണ്ടായിരുന്ന അധികാരം താൻ തുടർന്നു പ്രയോഗിക്കുമെന്ന നിലപാടിൽ ഹെൻറി ഉറച്ചുനിന്നു. മാർപ്പാപ്പായുടെ വിളംബരത്തെ ധിക്കരിച്ച അദ്ദേഹം, ജർമ്മനിയിലെ വേംസ് നഗരത്തിൽ വിളിച്ചു ചേർത്ത സൂനഹദോസ് ഗ്രിഗോരിയോസ് ഏഴാമനെ സ്ഥാനഭ്രഷ്ടനാക്കി.[൧] ജർമ്മനിയിൽ നിന്നുള്ള 25 മെത്രാന്മാരായിരുന്നു ആ സൂനഹദോസിൽ പങ്കേടുത്തത്. 1076-ലെ വലിയനോയമ്പു കാലത്തു റോമിൽ മാർപ്പാപ്പ വിളിച്ചു ചേർത്ത സൂനഹദോസിൽ പങ്കെടുത്ത ഇറ്റലിയിലും ഫ്രാൻസിലും നിന്നുള്ള 110 മെത്രാന്മാർ, സമ്രാട്ടിനെ സഭാഭ്രഷ്ടനും സ്ഥാനഭ്രഷ്ടനുമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിനകം ഹെൻറിയുടെ സഭാഭ്രഷ്ട് സ്ഥിരവും പിൻവലിക്കാനാകാത്തതും ആയിത്തീരുമെന്നു കൂടി മാർപ്പാപ്പ പ്രഖ്യാപിച്ചു.[4]

മാർപ്പാപ്പായുടെ പലായനം[തിരുത്തുക]

അതേസമയം, സൈന്യത്തിന്റെ സഹായത്തോടെ ഹെൻറി തന്നെ സ്ഥാനഭ്രഷ്ടനാക്കിയേക്കുമെന്ന് മാർപ്പാപ്പാ ഭയന്നു. അതിനാൽ റോമിൽ നിന്നു വടക്കോട്ടു യാത്ര ചെയ്ത അദ്ദേഹം, ഉത്തര ഇറ്റലിയിൽ സമ്രാട്ടിന്റെ അധികാരസീമയിലുള്ള പ്രദേശങ്ങളിൽ തന്റെ ശക്തി മനസ്സിലാക്കാനും പുരോഹിതന്മാരേയും വിശ്വാസികളേയും സ്വന്തം ചേരിയിൽ കൊണ്ടു വരാനും ശ്രമിച്ചു. ആധുനിക ഇറ്റലിയുടെ വടക്കൻ അതിർത്തിക്കടുത്ത് ഗ്രിഗോരിയോസ് ഏഴാമൻ, ടസ്കനിയിലെ പ്രഭ്വി മറ്റിൽഡായെ കണ്ടുമുട്ടി. ഹെൻറിയുടെ ഭീഷണി ഭയപ്പെടേണ്ടാത്ത ഒരിടത്ത് അദ്ദേഹത്തെ എത്തിക്കാമെന്ന് മറ്റിൽഡാ ഉറപ്പു കൊടുത്തു. തുടർന്ന് കനോസയിലെ മറ്റിൽഡയുടെ കോട്ടയിലേക്കു പോയ അവർ അതിൽ പ്രവേശിച്ചു കോട്ടവാതിൽ അടച്ചു.

ഹെൻറിയുടെ വഴി[തിരുത്തുക]

മാർപ്പാപ്പായെ പിന്തുടരാൻ ജർമ്മനിയിലെ സ്പെയറിൽ നിന്നു തിരിച്ചു തെക്കോട്ടു യാത്ര ചെയ്ത ഹെൻറി അവിടങ്ങളിൽ തന്റെ നില പരുങ്ങലിലായിരിക്കുന്നതു തിരിച്ചറിഞ്ഞു. സാധാരണ ജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിലും പ്രഭുവർഗം മാർപ്പാപ്പായുടെ പക്ഷത്തായിരുന്നു. പുതിയൊരു സമ്രാട്ടിനെ തെരഞ്ഞെടുക്കുമെന്ന് അവർ ഭീഷണി മുഴക്കി. അതിനാൽ മാർപ്പാപ്പ പ്രഖ്യാപിച്ച ഒരു വർഷത്തെ അവധി പൂർത്തിയാകുന്നതിനു മുൻപ് സഭയിലെ തന്റെ നില മെച്ചപ്പെടുത്താതെ വഴിയില്ലെന്നു അദ്ദേഹം മനസ്സിലാക്കി. അൽപസ് പർവതത്തിലെ സേനിസ് മലച്ചുരത്തിൽ എത്തിയതോടെ,[5] ഹെൻറി മനസ്താപിയുടെ ചമയങ്ങൾ സ്വീകരിച്ചു. താപസന്മാർ അണിയാറുള്ള രോമക്കുപ്പായം ധരിച്ച അദ്ദേഹം നഗ്നപാദനായിരുന്നെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പരിജനങ്ങളിൽ ചിലരും ഈ രീതികൾ അനുകരിച്ചു. ഈ സ്ഥിതിയിൽ, ജനുവരിയുടെ ശൈത്യത്തിൽ, ദീർഘവും വിഷമം പിടിച്ചതുമായ യാത്രയിൽ ആൽപ്സ് കടന്ന ഹെൻറി 1077 ജനുവരി 25-ന് കനോസയിലെ കോട്ടയുടെ വാതിൽക്കലെത്തി.

കോട്ടയിൽ[തിരുത്തുക]

കോട്ടവാതിൽക്കൽ, സമ്രാട്ടിന്റെ കാത്തുനിൽപ്പ്
കനോസാ കോട്ടയ്ക്കുള്ളിൽ മറ്റിൽഡാ പ്രഭ്വിയുടേയും മാർപ്പാപ്പയുടേയും മുൻപിൽ സമ്രാട്ട്

കോട്ടവാതിൽക്കലെത്തിയ സമ്രാട്ടിന് പ്രവേശനം നിഷേധിക്കാൻ മാർപ്പാപ്പ ഉത്തരവിട്ടു. മൂന്നു മുഴുവൻ ദിവസം ഹെൻറിക്ക് കോട്ടക്കു മുൻപിൽ കത്തിരിക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ പശ്ചാത്താപിയുടെ രോമക്കുപ്പായമണിഞ്ഞ് ഉപവസിക്കുകയായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. കോട്ട സ്ഥിതി ചെയ്തിരുന്ന മലയുടെ അടിവാരത്തിലുള്ള ഗ്രാമത്തിലാണ് ഈ ദിവസങ്ങൾ ഹെൻറി ചെലവഴിച്ചതെന്നും ഊഹമുണ്ട്.

ജനുവരി 28-ആം തിയതി കോട്ടവാതിൽ തുറക്കുകയും ഹെൻറിയ്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. സമ്രാട്ട് മാർപ്പാപ്പയ്ക്കു മുൻപിൽ മുട്ടുമുത്തി മാപ്പു ചോദിച്ചതായി സമകാലീന രേഖകൾ പറയുന്നു. ഹെൻറിക്കു മാപ്പു നൽകിയ മാർപ്പാപ്പ അദ്ദേഹത്തെ സഭയിൽ തിരികെ സ്വീകരിച്ചു. ഇതേക്കുറിച്ച് മാർപ്പാപ്പ പിന്നീട്, തന്നെ പിന്തുണച്ച ജർമ്മൻ പ്രഭുക്കന്മാർക്ക് ഇങ്ങനെ എഴുതി:-

ആ സായാഹ്നത്തിൽ മാർപ്പാപ്പയും, ഹെൻറിയും മറ്റിൽഡയും, കോട്ടയ്ക്കുള്ളിലെ വിശുദ്ധ നിക്കോളാസിന്റെ ഭദ്രാസനപ്പള്ളിയിൽ വിശുദ്ധകുർബ്ബാനയിൽ ഒത്തുചേർന്നത് ഹെൻറിയുടെ സഭാഭ്രഷ്ട് അവസാനിച്ചതിന്റെ സൂചനയായിരുന്നു.

കനോസക്കു ശേഷം[തിരുത്തുക]

കനോസയിൽ മാർപ്പാപ്പായ്ക്കും സമ്രാട്ടിനും ഇടയിലുണ്ടായ രഞ്ജിപ്പ് ഏറെക്കാലം നിലനിന്നില്ല. താമസിയാതെ ഹെൻറിയുടെ ജർമ്മനിയിലെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിയുകയും മറ്റൊരു സമ്രാട്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ പഴയ സംഭവങ്ങളുടെ ആവർത്തനം അരങ്ങേറി. 1080-ൽ, ജർമ്മനിയിലെ ആഭ്യന്തരകലഹത്തിൽ പൂർണ്ണമനസ്സോടെയല്ലെങ്കിലും, മാർപ്പാപ്പ ഹെൻറി-വിരുദ്ധപക്ഷം ചേർന്നു. അദ്ദേഹം ഹെൻറിയെ രണ്ടാമതും സ്ഥാനഭ്രഷ്ടനായി പ്രഖ്യാപിച്ചു. അതോടെ ഹെൻറി വീണ്ടും ഒരു ജർമ്മൻ സൂനഹദോസ് വിളിച്ചു കൂട്ടി മാർപ്പാപ്പായെ സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് സമ്രാട്ട് റോം ആക്രമിച്ചപ്പോൾ മാർപ്പാപ്പ അവിടത്തെ സാൻ അഞ്ചെലോ കോട്ടയിലെ അഭയം തേടി. ഹെൻറിപക്ഷം, ക്ലെമന്റ് മൂന്നാമൻ എന്ന പേരിൽ ഒരു വിരുദ്ധമാർപ്പാപ്പായെ (anti-Pope) തെരഞ്ഞെടുത്തു. വിരുദ്ധ-മാർപ്പാപ്പ ഹെൻറിയെ റോമാസമ്രാട്ടായി വീണ്ടും അഭിക്ഷേകം ചെയ്തു. 1084-ൽ തെക്കു നിന്ന് മാർപ്പാപ്പായെ സഹായിക്കാനെത്തിയ നോർമൻ സൈന്യമാകട്ടെ റോം കൊള്ളയടിച്ച ശേഷം ഗ്രിഗോരിയോസ് ഏഴാമനെ തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ സലേണോയിലേക്കു കൊണ്ടുപോയി. അവിടെ പരാജയത്തിന്റേയും പ്രവാസത്തിന്റേയും വേദനയിൽ മാർപ്പാപ്പ അടുത്ത വർഷം (1085-ൽ) 62-ആമത്തെ വയസ്സിൽ മരിച്ചു.[6] "നന്മയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്തതിനാൽ എനിക്ക് പ്രവാസത്തിൽ മരിക്കേണ്ടി വരുന്നു" എന്ന് അദ്ദേഹം അവസാനകാലത്ത് വിലപിച്ചു.[4]

ചരിത്രപ്രസക്തി[തിരുത്തുക]

"കനോസയിലേക്കു പോവില്ല" ഓട്ടോ വോൺ ബിസ്മാർക്ക്


ജർമ്മനിയുടേയും യൂറോപ്പിന്റേയും ചരിത്രത്തിൽ കനോസായാത്രയുടെ അർത്ഥവും പ്രസക്തിയും അതിന്റെ ത്വരിതഫലങ്ങളെ അതിലംഘിച്ചു നിൽക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകർത്താക്കൾ ഹെൻറി നാലാമനെ, മാർപ്പാപ്പാമാരുടെ അമിതാധികാരത്തോടുള്ള എതിർപ്പിന്റേയും, ജർമ്മനിയുടെ ദേശീയാഭിലാഷങ്ങളുടേയും പ്രതീകമായി ഉയർത്തിക്കാട്ടി. ജർമ്മനിയിൽ ലൂഥർ അനുയായികൾ ഹെൻറിയെ ആദ്യത്തെ പ്രൊട്ടസ്റ്റന്റായി കരുതി. അവർക്ക് അദ്ദേഹം, അനീതിയിലും അടിച്ചമർത്തലിലും ഉറച്ചതായി കരുതപ്പെട്ട സഭാനേതൃത്വത്തിനെതിരായുള്ള പ്രതിരോധത്തിൽ അനുകരിക്കാവുന്ന മാതൃകയായി.

പിൽക്കാലത്തെ ജർമ്മൻ ചരിത്രത്തിൽ കനോസായാത്രയിലെ സംഭവങ്ങൾക്ക് കുറേക്കൂടി മതേതരമായ അർത്ഥം കൈവന്നു: റോമൻ കത്തോലിക്കാ സഭ ഉൾപ്പെടെ ഏതൊരു ബാഹ്യശക്തിയുടേയും മേൽക്കോയ്മയെ ചെറുക്കാനുള്ള ജർമ്മൻ ദേശീയതയുടെ ദൃഢനിശ്ചയത്തിന്റെ ഓർമ്മയാണ് അപ്പോൾ 'കനോസാ' കൊണ്ടുവന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാസഭയുമായുണ്ടായ 'കുൾത്തൂർകംഫ്' ( Kulturkampf) വിവാദത്തിനിടെ ജർമ്മൻ ചൻസലർ ബിസ്മാർക്ക്, "നാം ശരീരം കൊണ്ടോ ആത്മാവു കൊണ്ടോ കനോസയിലേക്കു പോവില്ല" എന്നു പറഞ്ഞത്[7], ഇത്തരം നിശ്ചയത്തെയാണ് സൂചിപ്പിച്ചത്. ജർമ്മനി അതിന്റെ രാഷ്ട്രീയ-മത-സാംസ്കാരിക നയങ്ങൾ, ബാഹ്യ ഇടപെടൽ കൂടാതെ സ്വയം രൂപപ്പെടുത്തുമെന്നാണ് ബിസ്മാർക്ക് അർത്ഥമാക്കിയത്.

ഇതിനു നേർവിപരീതമായി, പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം നിലവിൽ വന്ന ജർമ്മൻ മേധാവിത്വത്തിനെതിരെ, ഇറ്റാലിയൻ ദേശീയതയുടെ ആദ്യവിജയമായിരുന്നു കനോസയിലെ ഹെൻറിയുടെ കീഴടങ്ങൾ എന്നു കരുതുന്നവരുമുണ്ട്. ഇറ്റാലിയൻ ചിന്തകനായ ബെനഡിറ്റോ ക്രോസ്(1866–1952) ഈ പക്ഷക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇറ്റലിയിൽ നിന്നുള്ള വിശുദ്ധറോമാസാമ്രാജ്യത്തിന്റെ പിൻവാങ്ങലിന്റെ ആദ്യഘട്ടം സൂചിപ്പിച്ച കനോസ, ഇറ്റാലിയൻ നവോത്ഥാനത്തിനു തുടക്കമിട്ടു. അതിന്റെ പൂർത്തിയിൽ 15-ആം നൂറ്റാണ്ടോടെ, വടക്കൻ ഇറ്റലിയുടെ മേലുള്ള ജർമ്മനിയുടെ ആധിപത്യം പൂർണ്ണമായി അവസാനിച്ചു.

കുറിപ്പുകൾ[തിരുത്തുക]

^ റോമിൽ താൻ വിളിച്ചു ചേർത്ത സൂനഹദോസിൽ ആയിരിക്കെയാണ് വേംസിൽ ഹെൻറി വിളിച്ചുകൂട്ടിയ സൂനഹദോസിന്റെ തീരുമാനത്തിന്റെ അറിയിപ്പ് ഒരു സന്ദേശവാഹകൻ മുഖേന മാർപ്പാപ്പയ്ക്ക് കിട്ടിയത്. ഗ്രിഗോരിയോസ്, മാർപ്പാപ്പാ സ്ഥാനത്തെത്തിയത് അവിഹിതമാർഗ്ഗങ്ങൾ ഉപയോഗിച്ചാണെന്നു സൂചിപ്പിക്കുന്ന ഒരു മേൽക്കുറിപ്പ് സന്ദേശത്തിൽ ഹെൻറി എഴുതിച്ചേർത്തിരുന്നു. "അട്ടിമറി വഴിയല്ലാതെ, ദൈവനിശ്ചയത്താൽ രാജാവായ ഹെൻറി, മാർപ്പാപ്പയല്ലാതെ കപടസന്യാസി മാത്രമായിരിക്കുന്ന ഹിൽഡെബ്രാൻഡിന്" എന്നായിരുന്നു കുറിപ്പ്. സൂനഹദോസിൽ പങ്കെടുത്തിരുന്ന മെത്രാന്മാർ സന്ദേശവാഹകനെ കൊല്ലാൻ ആഗ്രഹിച്ചെങ്കിലും മാർപ്പാപ്പ അത് അനുവദിച്ചില്ല.[4]

അവലംബം[തിരുത്തുക]

  1. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 415-16)
  2. John A Hutchison, Paths of Faith (പുറം 507)
  3. "നാം കനോസയിലേക്കു പോവില്ല എന്നു പറഞ്ഞ ബിസ്മാർക്ക് അദ്ദേഹത്തിന്റെ ചരിത്രബോധം പ്രകടമാക്കി": ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറം 720)
  4. 4.0 4.1 4.2 4.3 വിൽ ഡുറാന്റ്, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറങ്ങൾ 545-551)
  5. Orton, C. W. Previté (1910). "A Point in the Itinerary of Henry IV, 1076–1077". English Historical Review. 25 (99): 520–522. doi:10.1093/ehr/XXV.XCIX.520.
  6. A History of Christianity by Kenneth Scott Latourette (പുറം 473)
  7. കത്തോലിക്കാവിജ്ഞാനകോശം Kulturkampf
"https://ml.wikipedia.org/w/index.php?title=കനോസാ_നടത്തം&oldid=3775392" എന്ന താളിൽനിന്ന് ശേഖരിച്ചത്