Jump to content

കണ്ണമ്പ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.


കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള ഒരു ഗ്രാമമാണ് കണ്ണമ്പ്ര. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. കൂടാതെ വിശാലമായ ഒരു പഞ്ചായത്ത് കൂടിയാണ് കണ്ണമ്പ്ര . എല്ലാ വർഷവും വിഷു കഴിഞ്ഞ് 41ാം ദിവസം നടത്തുന്ന ( ഏകദേശം മെയ് 24 / 25 തീയതികളിൽ) ‘കണ്ണമ്പ്ര വേല‘യ്ക്ക് പ്രശസ്തമാണ് ഈ സ്ഥലം. കണ്ണമ്പ്ര, ഋഷിനാരദമംഗലം എന്നീ‍ ദേശങ്ങൾ മത്സരിച്ച് നടത്തുന്ന ഈ ഉത്സവം തൃശ്ശൂർ പൂരത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നു പറയാം.

പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള വേലയാണ് 'കണ്ണമ്പ്ര വേല '. പാലക്കാട് ജില്ലയിലെ ഏറ്റവും അവസാനത്തെ വേലയാണ്. പാലക്കാട് ജില്ലയിൽ നിലവിൽ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്ന സ്ഥലം കണ്ണമ്പ്രയാണ്. ( മുൻകാലങ്ങളിൽ നെന്മാറ വല്ലങ്ങി വേലയായിരുന്നു മുൻപന്തിയിൽ). പൊതുവേ കണ്ണമ്പ്ര വേല 'മൺസൂൺ ഫെസ്റ്റിവൽ' എന്നും ' ചക്കവേല' എന്നും അറിയപ്പെടുന്നു. തൃശ്ശൂർ ഭാഗത്തുള്ളവർ കണ്ണമ്പ്ര വേലയെ ചക്കപൂരം എന്നാണ് വിളിക്കാറുള്ളത്. ഒരുകാലത്ത് കണ്ണമ്പ്ര വേല പറമ്പ് നിറച്ച് ചക്കയും മാങ്ങയും വില്പനയ്ക്കായി വെച്ചിരുന്നു. അതിൻ്റെ മുഖ്യ വിപണന കേന്ദ്രം ആയിരുന്നു കണ്ണമ്പ്ര വേലപ്പറമ്പ്.

1887ൽ പുറത്തിറങ്ങിയതും മലയാളത്തിലെ ആദ്യത്തെ ആധികാരിക ചരിത്ര ഗ്രന്ഥമായ വില്യം ലോഗന്റെ മലബാർ മാനുവലിൽ പരാമർശിച്ചിരിക്കുന്ന പാലക്കാട്ടിലെ 2 ഉത്സവങ്ങളാണ് ഒന്ന് കാവശ്ശേരി പൂരം, രണ്ട് കണ്ണമ്പ്ര വേല ( ചരിത്ര ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന പാലക്കാടും ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ ഭൂപ്രദേശവും തമ്മിൽ ബന്ധമില്ല).ഈ രണ്ട് ഉത്സവങ്ങളാണ് ഏറ്റവും പഴക്കം ഉള്ളത്. ഏകദേശം ആയിരം വർഷത്തിലധികം പഴക്കമുണ്ട് ഈ ഉത്സവത്തിന്.

ഉത്സവത്തിൽ കണ്ണമ്പ്ര ദേശം ഈടുവെടിയും തുടർന്ന് ഉച്ചക്ക് കണ്ണമ്പ്ര നായർവീട്ടിലെ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യവും വൈകിട്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പരസപരം അഭിമുഖീകരിച്ച് രണ്ടു നിരയായി നിന്നു നടത്തുന്ന പാണ്ടിമേളവും കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ഉൾപ്പെടുന്നു. രാത്രി തായമ്പക പുലർച്ചെ പഞ്ചവാദ്യസമേതമായ എഴുന്നള്ളിപ്പ് തുടർന്ന് ഗംഭീരമായ വെടിക്കെട്ട് എന്നിവ നടക്കുന്നു. കാലത്ത് വീണ്ടും പാണ്ടിമേളത്തോട് എഴുന്നള്ളിപ്പ് പന്തലിൽ നിന്ന് ആരംഭിച്ച് കാവുകയറി വേല അവസാനിക്കുന്നു.

ഋഷിനാരദമംഗലം ദേശത്ത് ഉച്ചയ്ക്ക് വാളും ചിലമ്പും കണ്ണമ്പ്ര കാവിൽ നിന്നും ദേശ മന്ദത്തിലേക്ക് എഴുന്നള്ളിച്ച് ഈടുവെടി നടത്തുന്നു. തുടർന്ന് പഞ്ചവാദ്യസമേതമുള്ള ഏഴ് ആനകളുടെ എഴുന്നള്ളിപ്പ് ആരംഭിക്കുകയും എഴുന്നള്ളിപ്പ് കണ്ണമ്പ്ര വേല പറമ്പിലെ ആനപ്പന്തലിൽ എത്തുമ്പോൾ പാണ്ടിമേളം ആരംഭിക്കുകയും ചെയ്യുന്നു. അതിൻറെ കൂടെ വിവിധതരത്തിലുള്ള വെടിക്കെട്ടുകളും നടത്തുന്നു. തുടർന്ന് കണ്ണമ്പ്ര ദേശം കാവ് കയറി കഴിഞ്ഞാൽ ഋഷിനാരദമംഗലം ദേശവും കാവ് കയറുകയും. ആനകൾ ദേശ മന്ദത്തിൽ എത്തി തിടമ്പറക്കുന്നതോടെ വെടിക്കെട്ട് ആരംഭിക്കുന്നു. രാത്രി തായമ്പകയും അതുകഴിഞ്ഞ് പഞ്ചവാദ്യസമേതം 7 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടർന്ന് പുലർച്ചെ ഗംഭീരമായ വെടിക്കെട്ട് അതുകഴിഞ്ഞ് കാലത്ത് 7 ആനകൾ അണിനിരന്ന് പന്തലിൽ നിന്നും പാണ്ടിമേളം ആരംഭിച്ച കാവ് കയറി കണ്ണമ്പ്രമുത്തിയെ മൂന്നു വലം വെച്ച് തൊഴുതി സ്വന്തം ദേശത്ത് തിരിച്ചെത്തി മന്ദത്തിൽ തിടമ്പ് ഇറക്കുന്നതോടെ വേല അവസാനിക്കുന്നു.

കൂറയിടൽ

കണ്ണമ്പ്ര വേലയുടെ തുടക്കം കുറിക്കലാണ് കൂറയിടൽ . വിഷു ദിവസമാണ് ഇത് നടത്തുന്നത്. എന്നാൽ കൊടി എന്നാണ് അർത്ഥം. ദേശത്തെ അവകാശികളായ സമുദായക്കാർ വെട്ടികൊണ്ടുവരുന്ന മുള ( പ്രാദേശികമായി പരുവ എന്ന് വിളിക്കുന്നു) വൃത്തിയാക്കി അതിന്റെ ഇലകളും മുള്ളും വെട്ടിക്കളഞ്ഞ് അതിൽ പനയുടെ തളിർ പട്ട കീറി അതിന്റെ ശാഖകളിൽ തൂക്കിയിടുകയും , മാവില ( പ്രാദേശികമായി മൂച്ചിയില എന്ന് വിളിക്കുന്നു)കൂടി കോർക്കുകയും ചെയ്യുന്നു. ഇതിനെയാണ് കൂറ എന്ന് വിളിക്കുന്നത്. ഇതിനെ മൂന്ന് തവണ കാവുവലം വച്ച് കൊണ്ടുവരികയും , കാവിനു മുൻപിൽ തുളസിത്തിത്തറക്ക് കിഴക്കായി ഒരു കുഴിയെടുത്ത് അതിൽ കാവിലെ പൂജാരി പൂജ കഴിക്കുകയും ശേഷം ദേശക്കാർ എല്ലാവരും കൂടി ദേവിയെ അമ്മേ , അമ്മേ ദേവിയെ എന്ന് വിളിച്ച് കൂറ നാട്ടുന്നു. തുടർന്ന് ആചാരവെടി നടക്കുന്നു. ഇതോടെ വേലയ്ക്ക് ആരംഭമായി.

പിന്നെ ഇതുപോലെ അതത് ദേശമന്ദങ്ങളിലും കുമ്മാട്ടി മന്ദങ്ങളിലും കൂറ ഇടുന്നു. അവിടെയും ആചാരവെടി പൊട്ടിക്കുന്നു.അന്നുമുതൽ വേലയുടെ തലേദിവസം ഉള്ള വലിയ കുമ്മാട്ടി വരെ ഇരു ദേശങ്ങളിൽ നിന്നും നിത്യവും കുമ്മാട്ടി ഉണ്ടായിരിക്കും.

കുമ്മാട്ടി

കണ്ണമ്പ്ര വേലയുടെ തലേദിവസം കണ്ണമ്പ്ര , ഋഷിനാരദമംഗലം നടത്തുന്ന ആഘോഷമാണ് കുമ്മാട്ടി. വിഷു ദിവസം ഇരു ദേശങ്ങളിൽ നിന്നും തുടങ്ങുന്ന കുമ്മാട്ടി വേലയുടെ തലേന്ന് വലിയ കുമ്മാട്ടിയോടെ അവസാനിക്കുന്നു. ദേശത്തെ കുട്ടികൾ കുമ്മാട്ടി പാട്ടും കുമ്മാട്ടി വിളിയും പാടുകയും അതിനു പിന്നിൽ കൊട്ടും വാദ്യവും ഈഴവാദ്യവും ചേർന്ന് കൂടെ ഓലപ്പന്തം കത്തിച്ച് അതിനു പുറകിൽ കുമ്മാട്ടി എടുക്കുന്നവരും ക്രമമനുസരിച്ച് മന്ദങ്ങളിൽ നിന്നും കാവിലേക്ക് പോവുകയും വലം വച്ച് കുമ്മാട്ടി ദേവിക്ക് സമർപ്പിച്ച് തിരിച്ചുപോകുന്നു. വേലിയുടെ തലേദിവസത്തെ വലിയ കുമ്മാട്ടിക്ക് ആനയും പാണ്ടിമേളവും ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും. കൂടാതെ പതിവ് പോലുള്ള കുമ്മാട്ടി ചടങ്ങുകളും ഉണ്ടായിരിക്കും. അന്നാണ് കാവിൽ പാങ്കളി (വള്ളിക്കളി, വള്ളിയറുത്ത കളി , ഏഴുകളിവട്ടം, ആൺകളിവട്ടം, പെൺകളിവട്ടം എന്നീ പേരുകളിൽ അറിയപ്പെടുന്നവ) നടത്തുന്നത്.തുടർന്ന് പാലക്കാടിന്റെ തനത് ജനകീയ കലാരൂപമായ പുറാട്ടുനാടകം ( പെറാട്ടങ്കളി) നടത്തുന്നു.

പാവക്കൂത്ത്

ഇടവമാസം 4 ന് ( കൃത്യമായി വേലയുടെ ഏഴു ദിവസം മുൻപ് ) കാവിലെ കൂത്തുമാടത്തിൽ പുലവ സമുദായം അവതരിപ്പിക്കുന്ന പാവക്കൂത്ത് അരങ്ങേറുന്നു. രാമായണത്തെ അടിസ്ഥാനമാക്കിയാണ് പാവക്കൂത്ത് നടത്തുന്നത്. നിഴൽകൂത്ത് എന്നും ഇത് അറിയപ്പെടാറുണ്ട്. പ്രത്യേകിച്ച് വള്ളുവനാട് പാലക്കാട് പ്രദേശങ്ങളിൽ ഉള്ള കാവുകളിൽ ഇത് മുഖ്യമായും ഉത്സവങ്ങളോടനുബന്ധിച്ച് നടത്തിവരുന്നത്. വലിയ കുമ്മാട്ടി ദിവസമുള്ള ശ്രീരാമ പട്ടാഭിഷേകത്തോടെ പാവക്കൂത്ത് അവസാനിക്കുന്നു. ഭഗവതിക്ക് രാമായണ കഥ കേൾക്കാൻ ഇഷ്ടം ആയതുകൊണ്ട് അത് കേൾപ്പിക്കുകയാണത്രെ ഇങ്ങനെ ചെയ്യാൻ കാരണം.

കൂട്ടക്കളം, പന്തക്കളി

മണ്ണാൻ സമുദായക്കാരാണ് ഇത് അനുഷ്ഠിക്കുന്നത്. ശ്രീകോവിലിന് അകത്തുള്ള ആദ്യത്തെ മുറിയിൽ ദേവിക്ക് അഭിമുഖമായി ചെറിയ പന്തല് കെട്ടുകയും കൂട്ടക്കളത്തിനുള്ള തറയിൽ കളം എഴുതുകയും പന്തലിൽ കുരുത്തോലകളും പൂക്കളും പൂമാലകളും തൂക്കി അലങ്കരിച്ച് അതിൽ പട്ടും പട്ടുകൂറകളും ചാർത്തുന്നു. തുടർന്ന് മണ്ണാൻ സമുദായത്തിന്റെ ഭഗവതി പാട്ട് ( പ്രാദേശികമായി മണ്ണാൻ പാട്ട്) നടത്തുന്നു. ചിലപ്പതികാരത്തിലെ കണ്ണകിയുടെ ജീവിതകഥയാണ് പാടുന്നത്. ഒടുവിൽ ഭഗവതി കൊടുങ്ങല്ലൂർ വന്ന് കുടിയിരിക്കുന്നതോടെ പാട്ടിന്റെ ഇതിവൃത്തം അവസാനിക്കുന്നു. ഏഴു ദിവസമായിട്ടാണ് ഈ കഥ പാടി തീർക്കുന്നത്. രാത്രി തുടങ്ങുന്ന പാട്ടിന് പ്രാരംഭമായി പന്തക്കളി ഉണ്ടായിരിക്കും.

നടതുറക്കൽ

വേല കഴിഞ്ഞ് പിറ്റേന്ന് ശുദ്ധിക്ക് ശേഷം നടയടയ്ക്കുകയും പിന്നീട് ഏഴു ദിവസം കഴിഞ്ഞാണ് നട തുറക്കുക. നട തുറക്കുന്ന ദിവസം കാലത്ത് വേലയോടനുബന്ധിച്ച് നാട്ടിയ കൂറകൾ ഒക്കെ പുഴക്കി മാറ്റുന്നു. ഋഷിനാരദമംഗലം ദേശത്ത് അത് കഴിഞ്ഞുവരുന്ന ഒരു ദിവസം നായർ സമുദായത്തിന്റെ വക മലമക്കളി ( കണ്യാർ കളി) നടത്തുന്നു. ഋഷിനാരദമംഗലം ദേശമന്ദത്ത് വച്ചാണ് ഇത് നടത്തുക.

ഈഴവാദ്യം

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര , മുടപ്പല്ലൂർ, വടക്കഞ്ചേരി, അത്തിപൊറ്റ , കാവശ്ശേരി, പാടൂർ, എന്നീ പ്രദേശങ്ങളിലെ ഭഗവതി കാവുകളിൽ വേലയോട് അനുബന്ധിച്ച് നടത്തുന്ന വാദ്യമാണ് ഈഴവാദ്യം. പണ്ട് ഈഴവ സമുദായത്തിൽ നിന്നാണ് ഈ വാദ്യം ഉത്ഭവിച്ചത് എന്ന കാരണത്താലാണ് ഈഴവാദ്യം എന്ന പേര് വരാൻ കാരണം . രണ്ടു ചെറു ചെണ്ടകളും കുറുങ്കുഴലും ഇലത്താളവും ആണ് ഇതിനായി ഉപയോഗിക്കുന്നത്. വേല എഴുന്നള്ളിച്ചു പോകുന്നതിന്റെ മുൻപിൽ ഈഴവാദ്യം നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. ഭഗവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആദ്യമായതിനാൽ 'ഭഗവതിവാദ്യം' എന്നും ദേശവേലകളോടനുബന്ധിച്ച് എഴുന്നള്ളിക്കുന്നത് കൊണ്ട് 'ദേശവാദ്യം ' എന്നും അറിയപ്പെടുന്നു.ഇപ്പോൾ ഇത് വിവിധ സമുദായക്കാർ കെട്ടി വരുന്നുണ്ട്. വേല കൂടാതെ വേലക്കൂട്ടാഴി, കതിർ എന്നിവയ്ക്കും കൊട്ടി വരാറുണ്ട്.

കണ്ണമ്പ്രക്കാവ്

കണ്ണമ്പ്ര വേല നടത്തുന്ന കാവും , കണ്ണമ്പ്ര നാടിന്റെ മുഴുവൻ തട്ടകത്തമ്മയാണ് കണ്ണമ്പ്ര ഭഗവതി. കൊടുങ്ങല്ലൂർ അമ്മയുടെ മകളാണ് എന്നാണ് വിശ്വാസം. ദേവി ശ്രീകുറുമ്പ, കുറുമ്പ, ചീറമ്പ , കണ്ണമ്പ്ര ഭഗവതി, കണ്ണമ്പ്ര മുത്തി, കണ്ണമ്പ്രകാവിലമ്മ [നേരിട്ട് ചോദിച്ചു മനസ്സിലാക്കിയത് 1]എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഐതീഹ്യം

ഐതിഹ്യങ്ങൾ പലതുണ്ട് എങ്കിലും അതിൽ ഒന്നാണ് ഇവിടെ പറയുന്നത്. കണ്ണമ്പ്ര കാവിനടുത്തുള്ള ഒരു വീട്ടിലെ തണ്ടാൻ സമുദായത്തിൽപ്പെട്ട ഒരു വെളിച്ചപ്പാട് വർഷാവർഷം കൊടുങ്ങല്ലൂർ ഭരണിക്ക് പോയി കൊടുങ്ങല്ലൂരമ്മയെ കാണുകയും പ്രാർത്ഥിക്കുകയും ചെയ്തു. ദേവിയോട് അതിയായ ഭക്തിയായിരുന്നു അദ്ദേഹത്തിന് . ഒരു വർഷം പോലും കൊടുങ്ങല്ലൂർ ഭരണിക്ക് പോവാതിരിക്കാറില്ല. അദ്ദേഹത്തിന് പ്രായാധിക്യം കാരണം ഒരു വർഷം കൊടുങ്ങല്ലൂർ ഭരണിക്ക് കണ്ണമ്പ്രയിൽ നിന്നും അത്രയും ദൂരം സഞ്ചരിച്ച് പോകാൻ സാധിക്കാതെയായി. അദ്ദേഹം വിഷമത്തിൽ നിന്നെ കാണാൻ സാധിച്ചില്ലല്ലോ , എനിക്ക് നിന്നെ കാണാൻ തോന്നുന്നു എന്ന് പറഞ്ഞു കരഞ്ഞു. ആ കരച്ചിൽ ഭഗവതി കൊടുങ്ങല്ലൂരിൽ ഇരുന്നു കേട്ടു. ദേവി അന്നുതന്നെ ഭരണി ദിവസം ഒരു സുന്ദരിയായ ഒരു പെൺകുട്ടിയുടെ രൂപത്തിൽ അയാളുടെ വീട്ടിനുമുന്നിൽ എത്തി. കയ്യിൽ ഒരു പട്ടക്കുടയും പിടിച്ചിട്ടുണ്ട്. എന്നിട്ട് അയാളോട് ആയി ദാഹിക്കുന്നു കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ചു. പുറത്തുവന്നു നോക്കിയ അയാൾ സുന്ദരിയായ ഒരു കൊച്ചു കുട്ടിയെയാണ് കണ്ടത്. ഈശ്വരാംശം തുളുമ്പുന്ന ആ മുഖം കണ്ട് അയാൾക്ക് വാത്സല്യം തോന്നുകയും ആ കുട്ടിക്ക് വെള്ളം കൊടുക്കുകയും തുടർന്ന് ആ കുട്ടിയോട് വിശക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഉച്ചനേരം ആയതിനാൽ ആ കുട്ടി വിശക്കുന്നുണ്ട് എന്ന് പറഞ്ഞു. അയാൾ കഴിക്കാൻ ഭക്ഷണവും കൊടുത്തു. എവിടെ നിന്നാണ് വരുന്നതെന്ന് അയാൾ അന്വേഷിച്ചപ്പോൾ ഞാൻ കുറച്ച് പടിഞ്ഞാറ് നിന്നാണ് വരുന്നത്, എനിക്ക് ഇരിക്കുവാൻ സ്ഥലമില്ല കുറച്ച് സ്ഥലം കിട്ടുമോ എന്ന് അന്വേഷിച്ച് ഞാൻ വന്നതാണ് എന്ന് മറുപടി പറഞ്ഞു. അപ്പോൾ അയാൾ ഈ നാടിൻ്റെ ജന്മി കണ്ണമ്പ്ര നായർ വീട്ടിലെ ആളാണെന്നും അദ്ദേഹത്തോട് ചോദിക്കണമെന്നും പറഞ്ഞു. അയാൾ നായർ വീട്ടിലേക്ക് ഈ ആവശ്യം പറഞ്ഞു ആളെ അയച്ചു. കാര്യം കേട്ട് കണ്ണമ്പ്ര നായർ വീട്ടിലെ കാരണവർ ഒരു കുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം സഞ്ചരിച്ച് സ്ഥലമില്ല എന്ന് പറയുകയോ എന്ന് പറഞ്ഞു സംശയിക്കുകയും സംശയനിവാരണത്തിനായി പറയാൻ വന്ന ആളുടെ കൂടെ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു. കാരണവർ വന്നു നോക്കുമ്പോൾ തണ്ടാൻ വിളിച്ചപ്പാടിന്റെ കട്ടിലിൽ കൂടെയിരിക്കുന്ന ഒരു പെൺകുട്ടിയെയാണ് കണ്ടത്. കാരണവർ അന്വേഷിച്ചപ്പോൾ നേരത്തെ പറഞ്ഞ അതേ ആവശ്യങ്ങൾ തന്നെ ആ കുട്ടി അയാളോട് പറഞ്ഞു. കുട്ടിയുടെ മുഖത്തെ ദൈവകാംശം കണ്ട് കാരണവർക്കും വാത്സല്യം തോന്നി. അയാൾ ഒരു സ്ഥലം കൈകൊണ്ട് കാണിച്ചുകൊടുക്കുകയും ( നിലവിൽ കണ്ണമ്പ്ര മൃഗാശുപത്രിയിരിക്കുന്നതും കണ്ണമ്പ്രദേശം ആനപ്പന്തൽ കെട്ടുന്നതുമായ സ്ഥലം) അവിടെ ചെന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തനിക്ക് അവിടെ ഇരിക്കണ്ട എന്നും ഇവിടെത്തന്നെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പറഞ്ഞു. തുടർന്ന് തൻറെ വിശ്വരൂപം എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിക്കുകയും കയ്യിൽ വാള് , ചിലമ്പ്, കയർ, ഗദ എന്നിവ പിടിച്ച് വെളിച്ചപ്പാടിനോടായി ഇനി തന്നെ കാണാൻ അവിടെ കൊടുങ്ങല്ലൂർ വരെ വന്ന് ബുദ്ധിമുട്ടണമെന്നില്ല, ഇവിടെയിരുത്തി എന്നെ കുടിയിരുത്തി പൂജിച്ചാൽ മതി എന്ന് കൽപ്പിക്കുകയും നീ തന്നെ വേണം എന്നെ പൂജിക്കുവാൻ നിൻ്റെ കാലശേഷം നിൻ്റെ മക്കളും പൂജിച്ചു പോരട്ടെ എന്ന് പറഞ്ഞു.എന്ന് പറഞ്ഞ ഭഗവതി അപ്രത്യക്ഷയായി.അതാണ് ഇന്നത്തെ ദേവിയുടെ ശ്രീമൂലസ്ഥാനം. തുടർന്ന് കണ്ണമ്പ്ര നായർ പണിതീർത്ത ക്ഷേത്രമാണ് ഇന്നത്തെ കണ്ണമ്പ്രക്കാവ് .ഇന്നും അവരുടെ പിന്മുറക്കാരാണ് പൂജിച്ചു വരുന്നത്. ബ്രാഹ്മണ പൂജ ഇവിടെയില്ല. നിത്യവും ഭഗവതിക്ക് ഇവിടെ ചാന്താട്ടം ഉണ്ട്. ചാന്താണ് ഇവിടത്തെ മുഖ്യപ്രസാദം. കണ്ണമ്പ്ര ചാന്ത് പ്രസിദ്ധമായ പ്രസാദമാണ്.

കൂടാതെ മറ്റൊരു ഐതീഹ്യം എന്തെന്നാൽ കണ്ണമ്പ്ര നായരും ആവേൻ സമുദായത്തിൽപ്പെട്ട ഒരാളും കൂടി കൊടുങ്ങല്ലൂർ ഭരണിക്ക് പോവുകയും തിരിച്ചുവരുമ്പോൾ അവർ കൊണ്ടുവന്ന ഓലക്കുടയിൽ ദേവിയുടെ സാന്നിധ്യം ഉണ്ടാവുകയും കുടയ്ക്ക് കണ്ണമ്പ്ര എത്തിയപ്പോൾ ഭാരകൂടുതൽ അനുഭവപ്പെടുകയും പ്രശ്നം വെച്ച് നോക്കിയപ്പോൾ ദേവിയുടെ സാന്നിധ്യം ഉണ്ടെന്ന് തെളിയുകയും ചെയ്തു. ആ ഭഗവതിയെയാണ് കണ്ണമ്പ്രക്കാവിൽ ഇരുവരും ചേർന്ന് പ്രതിഷ്ഠിച്ചത് എന്നും വിശ്വസിക്കുന്നു. അതിൽ സമുദായക്കാരുടെ പിന്മുറക്കാരാണ് കണ്ണമ്പ്ര കാവിലെ പൂജാരിമാർ എന്നും വിശ്വസിച്ചുവരുന്നു.

കുറച്ച് വർഷം മുൻപ് ആണ് ഇവിടെ ഉപദേവങ്ങളായി നാഗരാജാവിനെയും അയ്യപ്പനെയും ഗണപതിയെയും പ്രതിഷ്ഠിച്ചത്. കൂടാതെ ക്ഷേത്രപാലകൻ, വസൂരി മാല തുടങ്ങിയ ദേവതമാരുടെ സാന്നിധ്യമുള്ളതായി വിശ്വസിച്ചു വരുന്നു.

ചെറുകണ്ണമ്പ്ര പള്ളിയറക്കാവ് ഭഗവതിയും, കാവശ്ശേരി പരക്കാട്ടുകാവ് ഭഗവതിയും, തെന്നിലാപുരം കുന്നേക്കാട്ട് ഭഗവതിയും, വടക്കഞ്ചേരി കെടിക്കാട്ടുകാവ് ഭഗവതിയും ഈ അമ്മയുടെ നാല് പെൺമക്കൾ ആണെന്നാണ് വിശ്വാസം. ഇവരെ പള്ളിക്കാടി പരക്കാടി കുന്നക്കാടി കൊടിക്കാടി എന്നാണ് വിളിക്കുക.



ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "നേരിട്ട് ചോദിച്ചു മനസ്സിലാക്കിയത്" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="നേരിട്ട് ചോദിച്ചു മനസ്സിലാക്കിയത്"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=കണ്ണമ്പ്ര&oldid=4136912" എന്ന താളിൽനിന്ന് ശേഖരിച്ചത്