എം. ഹലീമാബീവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹലീമാബീവി
Haleemabeevi.png
ഹലീമാബീവി
ദേശീയതഇന്ത്യൻ
തൊഴിൽപത്രാധിപർ
അറിയപ്പെടുന്നത്ഭാരതചന്ദ്രിക

ആദ്യ കാല മലയാള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു ഹലീമാബീവി. സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലും അവർ സജീവമായി ഇടപെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

1918ൽ അടൂരിൽ പീർ മുഹമ്മദ് സാഹിബിന്റെയും മൈതീൻബീവിയുടെയും മകളായി ജനിച്ചു. പിതാവ് വളരെ ചെറുപ്പത്തിലേ മരിച്ചു. ഏഴു മക്കളുടെ മാതാവായ മൈതീൻബീവി സമുദായത്തിന്റെ എതിർപ്പുകൾ അവഗണിച്ചു കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം നൽകി. അടൂർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 17ാം വയസ്സിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വക്കം മൌലവിയുടെ ശിഷ്യനുമായ കെ.എം. മുഹമ്മദ് മൗലവിയെ വിവാഹം ചെയ്തു[1]. പെരുമ്പാവൂരിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന അൻസാരി മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ഹലീമാബീവി ഭർത്താവിന്റെ സഹായത്തോടെയാണ് പത്രപ്രവർത്തനത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്.

1938ൽ തിരുവല്ലയിൽനിന്നു ഹലീമാബീവി മാനേജിങ് എഡിറ്ററായി മുസ്ലിം വനിത (1938) എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു. പത്രാധിപ, ലേഖിക, പ്രിന്റർ, പബ്ലിഷർ, കമ്പോസർ തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഒരേ സമയം നിർവഹിച്ചുകൊണ്ട് അവർ ഈ രംഗത്തു പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകളും സാമ്പത്തിക പ്രയാസങ്ങളെയും തുടർന്ന് പത്തുമാസത്തിനുശേഷം മാസിക നിർത്തേണ്ടിവന്നു.. ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരത ചന്ദ്രിക ദിനപത്രം, ആധുനിക വനിത (1970)[1] എന്നിവ പുറത്തിറക്കുകയുണ്ടായി. 1970ൽ ആധുനിക വനിതയെന്ന പേരിൽ മാസിക വീണ്ടും ആരംഭിച്ചു. 'മാപ്പിള റിവ്യൂവി'ന്റെ പ്രസിദ്ധീകരണത്തിൽ പങ്കാളിയാവുകയും ചെയ്തു.

ഭാരതചന്ദ്രിക[തിരുത്തുക]

1946ൽ ഹലീമാബീവി മാനേജിങ് ഡയറക്ടറായി ഭാരതചന്ദ്രിക എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പിനു രൂപം നൽകി. വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്ദുൽ ഖാദർ, വെട്ടൂർ രാമൻനായർ എന്നിവരായിരുന്നു സബ് എഡിറ്റർമാർ. സാഹിത്യവിഷയങ്ങൾക്കായിരുന്നു ആഴ്ചപ്പതിപ്പിൽ മുൻതൂക്കം നൽകിയിരുന്നത്. ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തൻ നായർ, ഒ.എൻ.വി. കുറുപ്പ്, പി.എ. സെയ്തുമുഹമ്മദ് തുടങ്ങിയവരെല്ലാം ആഴ്ചപ്പതിപ്പിലെ എഴുത്തുകാരായിരുന്നു. ബഷീറിന്റെ നീലവെളിച്ചം, വിശുദ്ധരോമം, പാത്തുമ്മയുടെ ആട് എന്നിവയൊക്കെ ആദ്യം പ്രസിദ്ധീകരിച്ചുവന്നത് ഭാരതചന്ദ്രികയിലാണ്. [2]

ഒരു വർഷത്തിനു ശേഷം വാരിക ദിനപത്രമാക്കി. തിരുവിതാംകൂറിൽ സർ സി.പി.യുടെ ഭരണത്തെ നഖശിഖാന്തം എതിർത്തു. സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയ പത്രത്തെ വരുതിയിലാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു ഭീഷണികളും പ്രലോഭനങ്ങളുമുണ്ടായി. തുടർന്ന് അറബി മുൻഷിയായിരുന്ന ഭർത്താവ് കെ.എം. മുഹമ്മദ് മൗലവിയുടെ ടീച്ചിങ് ലൈസൻസ് സർക്കാർ റദ്ദാക്കി. സിംഗപ്പൂരിലെ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ പുതിയ പ്രസ് വാങ്ങി. അതിനുവേണ്ടി പെരുമ്പാവൂരിലെ വീടും പുരയിടവും വിറ്റു. മലയാള മനോരമ കണ്ടുകെട്ടിയപ്പോൾ കെ.സി. മാമ്മൻ മാപ്പിളയ്ക്കു വേണ്ടി ലഘുലേഖകൾ അടിച്ചുകൊടുത്തത് ഈ പ്രസ്സിൽ നിന്നായിരുന്നു.

സാമൂഹിക-രാഷ്ട്രീയരംഗങ്ങളിൽ[തിരുത്തുക]

‘അഖില തിരുവിതാംകൂർ മുസ്ലിം വനിതാ സമ്മേളനം’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു പ്രവ്ര‍ത്തിച്ചു. കേരള നദ്വത്തുൽ മുജാഹിദീന്റെ കീഴിൽ നടത്തപ്പെട്ട കൊച്ചിൻ വനിതാ സമ്മേളന സംഘാടകയെന്ന നിലയ്ക്കും അധ്യക്ഷയെന്ന നിലയ്ക്കും പ്രവർത്തിച്ചു. വിമോചനസമരത്തിൽ സജീവമായിരുന്നു. അഞ്ചു വർഷം തിരുവല്ല മുനിസിപ്പൽ കൌൺസിലറായും പ്രവർത്തിച്ചു.

തിരുവിതാംകൂർ മുസ്‌ലിം മഹിളാ സമാജം[തിരുത്തുക]

1938-ൽ തിരുവല്ലയിൽ സംഘടിപ്പിച്ച കേരള ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ സമ്മേളനത്തിലാണ് അഖില തിരുവിതാംകൂർ മുസ്‌ലിം മഹിളാ സമാജം രൂപീകരിക്കപ്പെട്ടത്. ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനവും സംഘടനയും അന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ഹിന്ദിരാഷ്ട്ര ഭാഷാ വിശാരദ് പരീക്ഷ പാസായ മൈതീൻ ബീവിക്കും, ആദ്യമായി വൈദ്യശാസ്ത്ര ബിരുദം നേടിയ ഡോ. അബ്ഷാ മരയ്ക്കാറിനും തിരുവിതാംകൂർ സർക്കാർ സർവീസിൽ ജോലി നൽകണമെന്നും സമ്മേളനം സർക്കാറിനോട് അഭ്യർഥിക്കുകയുണ്ടായി. 200-ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താൻ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചു[3]. സമ്മേളനത്തെ തുടർന്ന് തിരുവല്ല കേന്ദ്രമാക്കി രൂപംകൊണ്ട വനിതാ സമാജത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമാബീവിയായിരുന്നു. തിരുവല്ലയിൽ സമാജത്തിന്റെ ഓഫീസ് സജീവമായി പ്രവർത്തിച്ചിരുന്നതിനാൽ അവിടെ പലപ്പോഴായി വനിതാ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്ന് വർഷത്തോളം സമാജം നന്നായി പ്രവർത്തിക്കുകയുണ്ടായി. സമാജം, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകി. പെൺകുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു, താഴ്ന്ന ക്ലാസുകളിലെ നിർധന വിദ്യാർഥിനികൾക്ക് ധനസഹായം നൽകി, ഉയർന്ന ക്ലാസുകളിലെ പെൺകുട്ടികൾക്ക് മുസ്‌ലിം പ്രമുഖരിൽനിന്നും മറ്റും ധനസഹായം ലഭ്യമാക്കി, ഗവൺമെന്റ് സ്‌കോളർഷിപ്പുകൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ എടുത്തു.[4]


2000 ജനുവരി 14ന് അന്തരിച്ചു.

ജന്മശതാബ്ദി[തിരുത്തുക]

കേരള സാഹിത്യ അക്കാദമി 2019 ൽ പുസ്തകോത്സവത്തോടനുബന്ധിച്ച് ഹലിമാബീവി ജന്മശതാബ്ദി സമ്മേളനം നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "പ്രതിഭാധനയായ പത്രപ്രവർത്തക". പ്രബോധനം വാരിക (122). 17 മെയ് 2013. ശേഖരിച്ചത് 9 സെപ്റ്റംബർ 2019. Check date values in: |date= (help)
  2. https://nakshatram.wordpress.com/2013/05/16/%E0%B4%B9%E0%B4%B2%E0%B5%80%E0%B4%AE%E0%B4%BE%E0%B4%AC%E0%B5%80%E0%B4%B5%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82/
  3. "പ്രതിഭാധനയായ പത്രപ്രവർത്തക". പ്രബോധനം വാരിക (123). 24 മെയ് 2013. ശേഖരിച്ചത് 9 സെപ്റ്റംബർ 2019. Check date values in: |date= (help)
  4. http://aramamonline.net/articles/show/1269

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ഹലീമാബീവി&oldid=3504562" എന്ന താളിൽനിന്ന് ശേഖരിച്ചത്