നീലവെളിച്ചം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രസിദ്ധമായൊരു ചെറുകഥയാണ് നീലവെളിച്ചം. കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങുന്ന[1] ഈ കഥ, പ്രേതബാധക്കു കുപ്രസിദ്ധി കിട്ടിയിരുന്ന ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്റെ കഥയാണ്. ഈ കഥ വികസിപ്പിച്ച് ഭാർഗ്ഗവീനിലയം എന്ന പേരിൽ ബഷീർ തന്നെ എഴുതിയ തിരക്കഥ ആധാരമാക്കിയുള്ള ചലച്ചിത്രവും പ്രസിദ്ധമാണ്.

കഥ[തിരുത്തുക]

വാടകവീട്[തിരുത്തുക]

താമസിക്കാൻ ഇടമന്വേഷിച്ചു നടന്ന പാവപ്പെട്ട എഴുത്തുകാരന്, അവിചാരിതമായി താരതമ്യേന കുറഞ്ഞ വാടകക്കു ഒരു വീട് തരപ്പെടുന്നു. രണ്ടു മാസത്തെ വാടക മുൻകൂർ കൊടുത്ത് പുതിയ വീട്ടിലേക്കു താമസം മാറിയ ശേഷമാണ് അത് പ്രേതബാധയുടെ പേരുദോഷം വീണ വീടാണെന്ന വിവരം അയാൾ അറിഞ്ഞത്. 'ഭാർഗ്ഗവീനിലയം' എന്നു പേരുള്ള ആ ഇരുനിലവീടിനു പിന്നിലെ കിണറ്റിൽ ചാടി, ഭാർഗ്ഗവി എന്ന യുവതി പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തിരുന്നു. ഭാർഗ്ഗവിയുടെ പ്രേതം ആ വീട്ടിൽ താമസിക്കാനെത്തുന്നവരെ, പ്രത്യേകിച്ച് പുരുഷന്മാരെ, ഉപദ്രവിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.

താമസം[തിരുത്തുക]

ഇതെല്ലാമറിഞ്ഞിട്ടും മറ്റു വഴിയില്ലാത്തതിനാൽ പുതിയ വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ച എഴുത്തുകാരൻ, ഭാർഗ്ഗവിയുടെ ആത്മാവിനു ഹൃദയം തുറന്ന് തന്റെ പരാധീനതകൾ പറയുന്നു. താമസിക്കാൻ വേറെ ഇടമില്ലാത്ത തന്റെ അവസ്ഥയും കഴുത്തു ഞെരിച്ചു കൊന്നാൽ ആരും ചോദിക്കാനില്ലാത്ത പാവമാണു താനെന്നും അയാൾ അവളെ അറിയിക്കുന്നു. തനിക്കൊപ്പം അവൾക്കും ആ വീട്ടിലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്ന അയാൾ തന്നെ ഉപദ്രവിക്കാതെ ആ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് അവളോട് അപേക്ഷിക്കുന്നു. അങ്ങനെ പുതിയവീട്ടിൽ താമസം തുടർന്ന എഴുത്തുകാരൻ തന്റെ സംഗീതാസ്വാദനത്തിലും സാഹിത്യസപര്യയിലും പോലും ഭാർഗ്ഗവിയുടെ ആത്മാവിനെ പങ്കാളിയാക്കി. ആ വിധം വളർന്ന നിത്യപരിചയം, അവളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കാതിരിക്കാൻ മാത്രം അയാൾക്ക് സാധാരണമായിത്തീർന്നു.

'അത്ഭുതം'[തിരുത്തുക]

അങ്ങനെയിരിക്കെ ഒരു രാത്രി വൈകിയിരുന്ന് വികാരസാന്ദ്രമായ ഒരു കഥ എഴുതിക്കൊണ്ടിരിക്കെ, അയാളുടെ ഹറിക്കേൻ വിളക്ക് കരിന്തിരി കത്തി കെട്ടു. വിളക്കിലൊഴിക്കാൻ എണ്ണയന്വേഷിച്ച് സുഹൃത്തുക്കളുടെ താമസസ്ഥലത്തു പോയ എഴുത്തുകാരൻ, ലോകമെല്ലാം മങ്ങിയ നിലാവിന്റെ അവ്യക്തമായ അത്ഭുതത്തിൽ മുങ്ങിക്കിടക്കേ വീട്ടിലേക്കു മടങ്ങി. അകാരണമായി അനുഭവപ്പെട്ട ദുഃഖത്തിന്റെ ദിവ്യഭാരവും സഹതാപവും ('കംപാഷൻ') കൊണ്ട് അയാളുടെ മനസ്സ് അപ്പോൾ നിറഞ്ഞിരുന്നു. ആ അവസ്ഥയിൽ വീടു തുറന്നു മുകളിലെത്തിയ അയാളെ ഒരത്ഭുതം എതിരേറ്റു. ഇരുട്ടിൽ താൻ വിട്ടുപോയ മുറിക്കകത്ത് അത്ഭുതകരമായി നിറഞ്ഞുനിന്ന നീലവെളിച്ചം അയാൾ കണ്ടു. എണ്ണയില്ലാതെ കരിന്തിരി കത്തി കെട്ടുപോയിരുന്ന വിളക്കിൽ അപ്പോൾ രണ്ടിഞ്ചുനീളമുള്ള നീലത്തീനാളം ഉണ്ടായിരുന്നു.

എണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക് കൊളുത്തിയതാരെന്നും ഭാർഗ്ഗവീനിലയത്തിൽ നീലവെളിച്ചം എവിടന്നുണ്ടായെന്നും ഉള്ള എഴുത്തുകാരന്റെ അതിശയപ്പെടലിൽ കഥ അവസാനിക്കുന്നു.

'ഭാർഗ്ഗവീനിലയം'[തിരുത്തുക]

നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന ചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്. സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു അത്. ചിത്രത്തിൽ മുഖ്യ റോളുകൾ അഭിനയിച്ചത് പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു. ചിത്രം പി. ഭാസ്കര റാവുവിന്റെ ഛായഗ്രഹണത്തിന്റേയും എം.എസ്. ബാബുരാജിന്റെ സംഗീതത്തിന്റേയും പേരിൽ അതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയചിത്രങ്ങളിൽ ഒന്നായിരുന്നു അത്.

അവലംബം[തിരുത്തുക]

  1. ബഷീർ, നീലവെളിച്ചവും മറ്റു പ്രധാന കഥകളും (പുറം 57)
"https://ml.wikipedia.org/w/index.php?title=നീലവെളിച്ചം&oldid=3604527" എന്ന താളിൽനിന്ന് ശേഖരിച്ചത്