വിളക്ക്
തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം ഉണ്ടാക്കാനായി മനുഷ്യർ കണ്ടുപിടിച്ച ഉപാധിയാണു വിളക്ക്. വിവിധതരം എണ്ണകളിൽ നിമജ്ജനം ചെയ്ത തിരികളുടെ തലക്കൽ തീ കൊളുത്തിയാണു ഇവ തയ്യാറാക്കുന്നത്. തീനാളം കഴിയുന്നത്ര അചഞ്ചലവും സ്ഥിരവുമായി കെടാതെ നിർത്താൻ വിളക്കുകൾക്ക് കഴിയുന്നു. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകണം വിളക്ക് എന്ന വാക്കുണ്ടായത്.
കേരളത്തിൽ ആദ്യകാലത്ത് സസ്യഎണ്ണകൾ ഉപയോഗിച്ചാണു വിളക്കുകൾ കത്തിച്ചിരുന്നത്. തേങ്ങ, നിലക്കടല, എള്ള്, പരുത്തിക്കുരു എന്നിവയിൽ നിന്നൊക്കെ ലഭ്യമായ എണ്ണകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പശുവിൻ നെയ്യും ചിലപ്പോൾ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. .പിൽക്കാലത്ത് മണ്ണെണ്ണയുടെ വരവോടെ മണ്ണെണ്ണവിളക്കുകൾ വ്യാപകമായി.
സസ്യ എണ്ണകൾ ധാരാളമായി ലഭ്യമല്ലാതിരുന്ന യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകൃതിദത്തമായ മെഴുക്, മൃഗക്കൊഴുപ്പുകൾ, തിമിംഗിലങ്ങളിൽ നിന്നെടുത്തിരുന്ന നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുപോന്നു.
വീടുകളിൽ നിത്യോപയോഗത്തിനും, ആചാരാനുഷ്ഠാനങ്ങൾക്കും, അലങ്കാരത്തിനും മറ്റുമായി വിവിധതരം വിളക്കുകൾ കേരളത്തിൽ ഉപയോഗത്തിലുണ്ട്. കൽവിളക്കുകളും മൺവിളക്കുകളും ലോഹവിളക്കുകളും പ്രചാരത്തിലുണ്ട്. മുൻ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന ലോഹം ഓട് ആണ്. ഓട് കൊണ്ട് വിവിധരൂപഭാവങ്ങളിലുള്ള നിലവിളക്ക്, കുത്തുവിളക്ക്, കോൽവിളക്ക്, ചങ്ങലവട്ട തുടങ്ങിയ വിളക്കുകൾ നിർമ്മിക്കുന്നു. ഇവ കൂടാതെ ഓടിൽ വാർത്തും കരിങ്കല്ലിൽ കൊത്തിയെടുത്തും കൂറ്റൻ ദീപസ്തംഭങ്ങളും ഉണ്ടാക്കുന്നു.
മണ്ണെണ്ണവിളക്കുകൾ
[തിരുത്തുക]മണ്ണെണ്ണ തിരി ഉപയോഗിച്ച് നേരിട്ടും പമ്പുചെയ്ത് വാതകമാക്കി (പെട്രോമാക്സ്) കത്തിക്കുന്ന വിളക്കുകൾ പ്രചാരത്തിലുണ്ട്. സ്ഫടികം കൊണ്ടുള്ള ഒരു ചിമ്മിനി (പുകക്കുഴൽ) ഉപയോഗിച്ച് ദീപനാളം കാറ്റിൽ കെടാതെയും ആടിയുലയാതെയും നിലനിർത്താനും അതേസമയം വെളിച്ചം തടസ്സമില്ലാതെ പുറത്തെത്തിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഇവയിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികകാലത്ത് എൽ.പി.ജി., എൽ.എൻ.ജി. തുടങ്ങിയവയും അവയ്ക്കായുള്ള പ്രത്യേകതരം വിളക്കുകളിൽ ഉപയോഗിക്കുന്നുണ്ട്.
കൂടുതൽ വലിയ തിരിയുള്ള മണ്ണെണ്ണ വിളക്കുകളോ വലിയ മെഴുകുതിരികളോ കത്തിച്ച് തൂക്കിയിട്ടുകൊണ്ട് കൂടുതൽ സ്ഥലത്ത് വെളിച്ചം എത്തിക്കാനുതകുതന്ന തരം വിളക്കുപെട്ടികൾ മുൻകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ ഇവ സഹായകമായിരുന്നു. സർക്കാർ ആപ്പിസുകളിലും മറ്റും ഇവ പ്രചാരത്തിലിരുന്നു.
വൈദ്യുതവിളക്കുകൾ
[തിരുത്തുക]വൈദ്യുതി ഉപയോഗിച്ച് വെളിച്ചമുണ്ടാക്കുന്നതിനുള്ള സാദ്ധ്യത ഇൻകാൻഡസെന്റ് ബൾബിന്റെ കണ്ടുപിടിത്തത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. ആധുനികകാലത്ത് വൈദ്യുതി വിവിധമാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഫ്ലൂറസെന്റ് ട്യൂബുകൾ, സി.എഫ്.എല്ലുകൾ, എൽ.ഇ.ഡി. ലാമ്പുകൾ തുടങ്ങിയവ ലഭ്യമാണ്.
വിവിധ തരം വിളക്കുകൾ
[തിരുത്തുക]-
തട്ടുവിളക്ക്
-
ഹോസ്ദുർഗ്ഗ് പൂങ്കാവനം ക്ഷേത്രത്തിലെ ഓട്ടു വിളക്ക്
-
തട്ടുവിളക്ക്
-
തട്ടുവിളക്ക്
-
കെടാവിളക്ക്
-
കർപ്പൂര വിളക്ക്
-
തൂക്കു വിളക്ക്
-
തട്ടുവിളക്ക്- Rajarajeswara temple, Thalipparamba
-
A bronze lamp