Jump to content

ഇഗ്നേഷ്യസ് ലൊയോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗ്നേഷ്യസ് ലൊയോള
പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം.
വിശ്വാസപ്രഘോഷകൻ
ജനനം1491
ലൊയോള, ഗ്യൂയിപ്പുസ്കോ, സ്പെയിൻ
മരണംജൂലൈ 31, 1556 (വയസ്സ് 64–65)
റോം
വണങ്ങുന്നത്കത്തോലിക്കാ സഭ
ആംഗ്ലിക്കൻ കൂട്ടായ്മ
വാഴ്ത്തപ്പെട്ടത്1609 ജൂലൈ 27ന്‌ പോൾ അഞ്ചാമൻ മാർപ്പാപ്പ
നാമകരണം1622 മാർച്ച് 12-ന്‌ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾജൂലൈ 31
പ്രതീകം/ചിഹ്നംവിശുദ്ധകുർബ്ബാന, കുർബ്ബാനക്കുപ്പായം, പുസ്തകം, കുരിശ്
മദ്ധ്യസ്ഥംസാൻ സെബാസ്റ്റിൻ രൂപത, ഗ്യൂയിപ്പുസ്കോ, ബാസ്ക് പ്രവിശ്യ, ഫിലിപ്പൈൻ സൈന്യം, ഈശോസഭ, സൈനികർ, വിദ്യാഭ്യാസവിചക്ഷണർ, വിദ്യാഭ്യാസം.


സ്പെയിനിലെ ബാസ്ക് പ്രവിശ്യയിലെ ഒരു പ്രഭു കുടുംബത്തിൽ നിന്നുള്ള മാടമ്പിയും പുരോഹിതനും, ദൈവശാസ്ത്രജ്ഞനും, കത്തോലിക്കാ സന്യാസസമൂഹമായ ഈശോസഭയുടെ സ്ഥാപകനും ആണ്‌ ഇഗ്നേഷ്യസ് ലൊയോള, അല്ലെങ്കിൽ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് (1491–ജൂലൈ 31, 1556). ഈശോസഭയുടെ ആദ്യത്തെ പരമാധികാരിയും (Superior General) അദ്ദേഹമായിരുന്നു.[1] പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ദൈവശാസ്ത്രത്തിനെതിരെയുള്ള കത്തോലിക്കാ പ്രതിനവീകരണത്തിന്റെ(Counter Reformation) ഭാഗമായാണ്‌ ഈശോസഭ വളർന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങളായി പറയപ്പെടുന്നവ, അഹങ്കരിക്കുന്ന മനസ്സുകളുടെ നിഷ്ഫലയത്നം മാത്രമാണെന്നും അവയിൽ നിന്ന് അവ്യവസ്ഥ മാത്രമേ പിറവിയെടുക്കൂ എന്നും ഇഗ്നേഷ്യസ് കരുതി. വെളുപ്പായി നാം കാണുന്നത് കറുപ്പാണെന്ന് പരിശുദ്ധ സഭ പറഞ്ഞാൻ അതു കറുപ്പാണെന്ന് നാം വിശ്വസിക്കണം എന്ന ഇഗ്നേഷ്യസിന്റെ പ്രസ്താവന, കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തിന്റെ സംഗ്രഹമായെടുക്കാം.[2] ആത്മീയാഭ്യാസങ്ങൾ എന്ന പേരിൽ ഇഗ്നേഷ്യസ് രചിച്ച ധ്യാനഗ്രന്ഥം പ്രസിദ്ധമാണ്‌.

ജീവിതാരംഭം

[തിരുത്തുക]

ബാല്യം

[തിരുത്തുക]
സ്പെയിനിൽ ബാസ്ക് പ്രവിശ്യയിലെ അസ്പേഷ്യയിൽ, ഇഗ്നേഷ്യസിന്റെ ജന്മഗൃഹത്തിനു മുകളിലുള്ള ദേവാലയം.

സ്പെയിനിലെ ഉന്നത പ്രഭവർഗ്ഗത്തിലെ അംഗമായിരുന്ന ഡോൺ ബെൽട്രാൻ ലൊയോളയുടെ പതിമൂന്നു മക്കളിൽ ഒരാളായിരുന്നു ഇഗ്നേഷ്യഷ്. ഇനിഗൊ എന്നായിരുന്നു മാതാപിതാക്കന്മാർ നൽകിയ പേര്‌. ചെറുപ്പത്തിൽ തന്നെ സൈനികപരിശീലനത്തിൽ വളർന്നു വന്ന അദ്ദെഹത്തിന്‌ കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. പഠനത്തിലോ മതപരമായ കാര്യങ്ങളിലോ അദ്ദേഹം കാര്യമായ താത്പര്യമൊന്നും പ്രകടിപ്പിച്ചില്ല. വീരസാഹസിക കഥകളായിരുന്നു അക്കാലത്തെ വായന.

പാമ്പെലൂന

[തിരുത്തുക]

സ്പെയിനിലെ നവാർ നഗരം ആക്രമിക്കാൻ തുനിഞ്ഞ ഫ്രെഞ്ചുകാരുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടതോടെ ഇഗ്നേഷ്യസിന്റെ അലസജീവിതത്തിനു അന്ത്യമായി. 1521 മേയ് 20-ന്‌ യുദ്ധത്തിൽ വലത്തുകാൽ വെടിയുണ്ടയേറ്റു തകർന്ന അദ്ദേഹം, ശത്രുസൈന്യത്തിന്റെ പിടിയിലായി. അവർ അദ്ദേഹത്തോട് ദയാപൂർ‌വം പെരുമാറിയെങ്കിലും, ഒടിഞ്ഞ കാൽ നേരേയാക്കുവാനുള്ള ശസ്ത്രക്രിയ വിജയിച്ചില്ല. അസ്ഥികൾ നേരേയായിരുന്നില്ല ചേർത്തുവച്ചത്. ആ അവസ്ഥയിൽ ഫ്രഞ്ചുകാർ അദ്ദേഹത്തെ മോചിപ്പിച്ചു. വീട്ടിലെത്തിയ ശേഷം നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയും പരാജയമായിരുന്നു. കാലിൽ ഒരസ്ഥി പുറത്തേയ്ക്ക് നീണ്ടു നിന്നിരുന്നു. മൂന്നാമത്തെ ശസ്ത്രക്രിയ കാൽ നേരേയാക്കുന്നതിൽ വിജയിച്ചെങ്കിലും അതോടെ ഒരു കാലിനു നീളം കുറഞ്ഞുപോയതിനാൽ അദ്ദേഹത്തിനു ചെറിയ മുടന്തു കിട്ടി.

പരിവർത്തനം

[തിരുത്തുക]
ഇഗ്നേഷ്യസ്, മാടമ്പിയുടെ വേഷത്തിൽ

സുഖപ്രാപ്തിയുടെ ദീർഘമായ കാലം മഞ്ചലിൽ വേദന സഹിച്ചു കഴിഞ്ഞ ഇഗ്നേഷ്യസ് വായിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെട്ടു. താൻ വായിച്ചു ശീലിച്ചിരുന്ന തരം, പ്രേമത്തിന്റേയും യുദ്ധത്തിന്റേയും കാല്പനികരചനകളാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിലും വീട്ടിൽ ആകെയുണ്ടായിരുന്നത് ജർമ്മൻ ദൈവശാസ്ത്രജ്ഞനും കാർത്തൂസിയൻ സന്യാസിയുമായ സാക്സണിയിലെ ലുഡോൾഫ് രചിച്ച "ക്രിസ്തുവിന്റെ ജീവിതം"(De vita Christi) "വിശുദ്ധന്മാരുടെ ജീവിതം"(Flos sanctorum) എന്നീ പുസ്തകങ്ങളായിരുന്നു. ഇവയുടെ വായന ആദ്യം അദ്ദേഹത്തിനു മുഷിച്ചിൽ സമ്മാനിച്ചെങ്കിലും ക്രമേണ അവ അദ്ദേഹത്തെ ഒരാത്മീയപരിവർത്തനത്തിലേയ്ക്കു നയിച്ചു. യേശുവിന്റേയും വിശുദ്ധമറിയത്തിന്റേയും, വിശുദ്ധന്മാരുടേയും ജീവിതം താൻ വായിച്ചിരുന്ന കാല്പനികരചനകളിലെ പ്രേമത്തേയും യുദ്ധത്തേയും കാൾ സാഹസികവും ആകർഷകവുമായി അദ്ദേഹത്തിനു തോന്നി. അതോടെ, സൈനികജീവിതം ഉപേക്ഷിക്കാനും, അസ്സീസിയിലെ ഫ്രാൻസിസിനെപ്പോലുള്ളവരുടെ മാതൃക പിന്തുടർന്ന്, ദൈവസേവനത്തിനായി സ്വയം സമർപ്പിക്കാനും ഇഗ്നേഷ്യസ് ഉറച്ചു. എല്ലാ യുദ്ധങ്ങളിലും മഹത്തായത് ഇസ്ലാമിനെതിരായുള്ള ക്രിസ്തീയതയുടെ യുദ്ധമാണെന്ന് കരുതിയ അദ്ദേഹം വിശുദ്ധസ്ഥലങ്ങളെ "അവിശ്വാസികളുടെ" പിടിയിൽ നിന്നു മോചിപ്പിക്കാൻ ജെറുസലേമിലേയ്ക്ക് പോകാൻ ആഗ്രഹിച്ചു.

ഇടക്കാലം

[തിരുത്തുക]

മോൺസെറാറ്റ്

[തിരുത്തുക]

ഇക്കാലത്ത് അദ്ദേഹം, സ്പെയിനിൽ തന്നെ, കറ്റലോനിയ പ്രവിശ്യയിലെ മൊൺസെറാറ്റിലുള്ള വിശുദ്ധമാതാവിന്റെ പള്ളിയെക്കുറിച്ചു കേട്ടു. യേശു ഒടുവിലത്തെ അത്താഴവേളയിൽ ഉപയോഗിച്ച വിശുദ്ധപാത്രം(Holy Grain) ഏറെക്കാലം സൂക്ഷിക്കപ്പെട്ട സ്ഥലമായി അതു കരുതപ്പെട്ടിരുന്നു. യാത്രചെയ്യാൻ മതിയായ ആരോഗ്യം വീണ്ടുകിട്ടിയ ഉടനെ അദ്ദേഹം കഴുതപ്പുറത്ത് അങ്ങോട്ടു യാത്രതിരിച്ചു. അവിടെയെത്തിയ ഇഗ്നേഷ്യസ്, മൂന്നു ദിവസത്തെ പശ്ചാത്താപവും പ്രായശ്ചിത്തവും വഴി ആത്മവിശുദ്ധീകരണം നടത്തി. തന്റെ വിലയേറിയ വസ്ത്രങ്ങൾ ഒരു യാചകനു കൊടുത്ത അദ്ദേഹം, തീർത്ഥാടകന്റെ പരുക്കൻ വസ്ത്രം സ്വീകരിച്ചു. 1522 മാർച്ച് 24-ആം തിയതി അവിടത്തെ ബെനഡിക്ടൻ സന്യാസഭവനത്തിലെ ദേവാലയത്തിലെത്തിയ അദ്ദേഹം തന്റെ ആയുധങ്ങൾ ദൈവമാതാവിന്റെ അൾത്താരയിൽ സമർപ്പിച്ചു. രാത്രി മുഴുവൻ അൾത്താരയ്ക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷം, ആജീവനാന്തമുള്ള ബ്രഹ്മചര്യത്തിനും ദാരിദ്ര്യത്തിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു. പ്രഭാതത്തിൽ വിശുദ്ധകുർബ്ബാന സ്വീകരിച്ച ശേഷം, തന്റെ കഴുതയെ ബെനഡിക്ടൻ സന്യാസിമാർക്കു കൊടുത്ത് മുടന്തൻ കാലിൽ അദ്ദേഹം യെരുശലേമിലേയ്ക്ക് യാത്രതിരിച്ചു.

ഇഗ്നേഷ്യസിന്റെ ദർശനങ്ങൾ

വഴിമദ്ധ്യേ തുടർന്ന് കറ്റലോണിയയിൽ തന്നെയുള്ള മൻറീസ എന്ന ഗ്രാമത്തിൽ തങ്ങിയ ഇഗ്നേഷ്യസ്, ഒരു വൃദ്ധ കാണിച്ചുകൊടുത്ത ഗുഹ കുറേ ദിവസത്തേയ്ക്ക് തന്റെ പാർപ്പിടമാക്കി. അതിൽ, ദിവസവും ഏഴു മണിക്കൂറോളം നീണ്ട പ്രാർത്ഥനയിൽ കടുത്ത താപസചര്യയുമായി ജീവിച്ച ഇഗ്നേഷ്യസ് മരണത്തിന്റെ വക്കോളമെത്തി. അദ്ദേഹത്തിന്റെ അവസ്ഥയിൽ അലിവുതോന്നിയ ഒരു ഭക്തസ്ത്രീ ഇഗ്നേഷ്യസിനെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചു. എന്നാൽ പിന്നീട് ഒരു ഡൊമിനിക്കൻ സന്യാസഭവനത്തിലേയ്ക്ക് താമസം മാറ്റിയപ്പോൾ, കഠിനതപസ്സിന്റെ പഴയ ജീവിതം അദ്ദേഹം പുനരാരംഭിച്ചു. തന്റെ പഴയ ജീവിതത്തിലെ പാപങ്ങൾക്കു പരിഹാരമായി നിരന്തരമായി ഉപവസിച്ചതു കുടാതെ, സ്വയം ചാട്ടവാറുകൊണ്ട് അടിക്കുകയും അദ്ദേഹം പതിവാക്കിയിരുന്നു. തന്നെക്കുറിച്ചുതന്നെ നിരാശതോന്നിയ അവസരങ്ങൾ ഉണ്ടായെങ്കിലും, ആത്മീയദർശങ്ങൾ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. ഒരിക്കൽ കുർബ്ബാനയിലെ അപ്പത്തിൽ ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെന്നും മറ്റൊരിക്കൽ ത്രിത്വത്തിന്റെ രഹസ്യം തനിക്ക് ദൈവം വെളിവാക്കിത്തന്നെന്നും ഇനിയുമൊരിക്കൽ ലോകസൃഷ്ടിയുടെ രഹസ്യം തനിക്ക് വെളിപ്പെടുത്തപ്പെട്ടെന്നും അദ്ദേഹത്തിനു തോന്നി. ഇക്കാലത്തെ അനുഭവങ്ങളാണ്‌, ആത്മീയാഭ്യാസങ്ങൾ(spiritual exercises) എന്ന തന്റെ പ്രസിദ്ധരചനയ്ക്ക് ഇഗ്നേഷ്യസ് അടിസ്ഥാനമാക്കിയത്.

യെരുശലേമിൽ

[തിരുത്തുക]

1523 സെപ്തംബർ മാസം, തുർക്കികളുടെ നിയന്ത്രണത്തിലിരുന്ന "വിശുദ്ധനാട്ടിൽ" മുസ്ലിങ്ങളെ മാനസാന്തരപ്പെടുത്താനായി ഇഗ്നേഷ്യസ് പുറപ്പെട്ടു. അവിടെ എത്തിച്ചേർന്ന അദ്ദേഹത്തെ, വിശുദ്ധനാട്ടിൽ സമാധാനം നിലനിർത്താൻ മാർപ്പാപ്പ ചുമതലപ്പെടുത്തിയിരുന്ന ഫ്രാൻസിസ്കൻ അധികാരികൾ യൂറോപ്പിലേയ്ക്ക് തിരികെ അയച്ചു.

ഇൻക്വിസിഷൻ

[തിരുത്തുക]

സ്പെയിനിൽ തിരിച്ചെത്തിയ ഇഗ്നേഷ്യസ്, വിദ്യാഭ്യാസം വഴി മന:പരിപാകം നേടാൻ തീരുമാനിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ലത്തീൻ പഠിക്കാൻ തുടങ്ങിയ അദ്ദേഹം ഇടയ്ക്ക് ഒരുകൂട്ടം ഭക്തയുവതികളോട് പ്രഭാഷണം നടത്താനും തുടങ്ങി. തങ്ങളുടെ പ്രേമത്തിനു വഴിമുടക്കുന്നവനായി ഇഗ്നേഷ്യസിനെ കണ്ട അവരുടെ കാമുകന്മാർ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കി. 1526-ൽ അദ്ദേഹം അൽകാളാ നഗരത്തിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാൻ തുടങ്ങി. ഒപ്പം അവിടേയും അദ്ദേഹം, വേശ്യകൾ അടക്കമുള്ള ഒരുകൂട്ടം സാധുയുവതികൾക്ക് പ്രഭാഷകനായി. ഇഗ്നേഷ്യസ് നിർദ്ദേശിച്ച ആത്മീയാഭ്യാസങ്ങളിലൂടെ കടന്നുപോയ അവരിൽ ചിലരുടെ പെരുമാറ്റ വൈചിത്ര്യം കണ്ട് പരിഭ്രമിച്ച ഇൻക്വിസിഷൻ(മതദ്രോഹവിചാരണക്കോടതി) അദ്ദേഹത്തെ തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു. തുടർന്ന് സലമാങ്കാ നഗരത്തിലെത്തിയ ഇഗ്നേഷ്യസ് അവിടെയും ഇൻ‌ക്വിസിഷന്റെ തടവിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്തു.

പാരിസ്; റോമിലേയ്ക്ക്

[തിരുത്തുക]
ബ്രസീലിലെ ബെലോ ഹൊറിസോണ്ടേയിൽ ഇഗ്നേഷ്യസിന്റെ പതിമ

സ്പെയിനിലെ അനുഭവങ്ങളിൽ മടുപ്പുതോന്നിയ ഇഗ്നേഷ്യസ് തന്റെ പുസ്തകക്കെട്ടു ചുമക്കുന്ന കഴുതയോടൊപ്പം പാരീസിൽ എത്തിച്ചേർന്നു. പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായ ജോൺ കാൽ‌വിനെ ഫ്രാൻസിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനാക്കിയ കലാപത്തിന്റെ മദ്ധ്യത്തിലാണ്‌ ലൊയോള പാരിസിലെത്തിയത്. മൊണ്ടേഗ് കലാലയത്തിൽ വിദ്യാർത്ഥിയായിരിക്കെ ഇഗ്നേഷ്യസിന്റെ വിചിത്രരീതികളെ ആദ്യം പരിഹസിച്ച സുഹൃത്തുക്കളിൽ പലരും ഒടുവിൽ അദ്ദേഹത്തിന്റെ വിശുദ്ധി അംഗീകരിച്ച് അനുയായികളായി മാറി. ആൽ‌പ്സ് പർ‌വതനിരകളിൽ നിന്നു വന്ന ഒരാട്ടിടയനായ പീറ്റർ ഫാബറും പ്രഭുകുമാരനായ ഫ്രാൻസിസ് സേവ്യറും അവരിൽ ഉൾപ്പെട്ടിരുന്നു. 1534 ആഗസ്റ്റ് 15-ന്‌ പാരിസ് നഗരപ്രാന്തത്തിലുള്ള മൊമാർട്രയിലെ(Montmartre) ദേവാലയത്തിൽ ലൊയോളയും, പീറ്റർ ഫാബറും, ഫ്രാൻസിസ് സേവ്യറും ഉൾപ്പെടെ പത്തുപേർ ചേർന്ന് ദാരിദ്ര്യവും, ബ്രഹ്മചര്യവും, വൃതങ്ങളായെടുത്ത് ഒരു കൂട്ടായ്മ സൃഷ്ടിച്ചു. രണ്ടു വർഷത്തെ പഠനത്തിനു ശേഷം വിശുദ്ധനാടായ പലസ്തീനയിലേയ്ക്കു പോകാനായിരുന്നു അവരുടെ തീരുമാനം. പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനെതിരെ പടവെട്ടുന്നതിനെക്കുറിച്ച് അക്കാലത്തെ അവർ ചിന്തിച്ചിരുന്നേയില്ല. പ്രൊട്ടസ്റ്റന്റ് നവീകരണത്തിനെതിരായുള്ള കത്തോലിക്കാ പ്രതിനവീകരണത്തിന്റെ മുഖ്യശക്തിയും ആയുധവുമായിത്തീർന്ന[3] ഈ പ്രസ്ഥാനം തുടക്കത്തിൽ മുഖ്യശത്രുവായി കണ്ടത് ഇസ്ലാമിനെ ആയിരുന്നു. ഇസ്ലാമിനെതിരായുള്ള ക്രിസ്തീയതയുടെ സമരത്തിലെ പോരാളികളായാണ്‌ അന്ന് അവർ സ്വയം സങ്കല്പിച്ചത്. ദൈവശാസ്ത്രപരമായ തർക്കങ്ങളിലും അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. സ്പാനിഷ് യോഗാത്മകതയിലൂന്നിയ വിശുദ്ധജീവിതമാണ്‌ അവർ ലക്ഷ്യം വച്ചത്.

ഏഴുവർഷം പാരീസിൽ ചെലവഴിച്ച ഇഗ്നേഷ്യസ് ദൈവശാസ്ത്രം പഠിച്ച മാസ്റ്റർ ബിരുദം നേടി.[4]1536-37-ലെ ശീതകാലത്ത്, പലസ്തീനയിലേയ്ക്ക് പോകാനായി ഫ്രാൻസിൽ നിന്നു തിരിച്ച അവർ ആൽ‌പ്സ് പർ‌വതം കടന്ന് ഇറ്റലിയിലെ വെനീസിലെത്തി. എന്നാൽ വെനീസും തുർക്കികളും തമ്മിൽ യുദ്ധം നടക്കുകയായിരുന്നതിനാൽ അവർക്ക് യാത്ര തുടരാനായില്ല. ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം യാത്ര തുടരാനായില്ലെങ്കിൽ റോമിലെത്തി, മാർപ്പാപ്പയുടെ നിർദ്ദേശാനുസരണം ഭാവി പരിപാടികൾ ആവിഷ്കരിക്കാൻ അവർ തീരുമാനിച്ചു. അതനുസരിച്ച് 1937-ലെ ശരൽക്കാലത്ത് അവർ റോമിലേയ്ക്ക് യാത്രതിരിച്ചു. കാൽനടയായി പോയ അവർ, വഴിക്ക് ഭിക്ഷാടനം വഴിയാണ്‌ ആഹാരം കണ്ടെത്തിയിരുന്നത്. മിക്കവാറം അപ്പവും വെള്ളവുമായിരുന്നു കഴിച്ചിരുന്നത്.

ഇഗ്നേഷ്യസ്, ഈശോസഭയുടെ "സുപ്പീരിയർ ജനറൽ" എന്ന നിലയിൽ

റോമിലെത്തിയ അവരെ 1538-ൽ പോൾ മൂന്നാമൻ മാർപ്പാപ്പ സ്വീകരിച്ചു. പലസ്തീനയിലേയ്ക്ക് പോകുവാനുള്ള തീരുമാനം അവർക്ക് താമസിയാതെ ഉപേക്ഷിക്കേണ്ടി വന്നു. അതിനാൽ, ഇഗ്നേഷ്യസും അനുയായികളും റോമിൽ തന്നെ വിവിധതരം സേവനങ്ങളിൽ മുഴുകി. വേശ്യകളെ പരിവർത്തനം ചെയ്യുവാനുള്ള ഒരു പ്രത്യേകദൗത്യം ഇക്കാലത്ത് ഇഗ്നേഷ്യസ് ഏറ്റെടുത്തു. അവർക്കായി മാർത്തയുടെ ഭവനം എന്നൊരു സ്ഥാപനം തന്നെ അദ്ദേഹം തുടങ്ങി.

ഇഗ്നേഷ്യസിന്റെ കൂട്ടായ്മയിൽ പുതിയ അംഗങ്ങൾ ചേർന്നതോടെ അതിന്‌ ഒരു നിയമാവലി ആവശ്യമായി. 1539-ൽ ലയോള എഴുതിയുണ്ടാക്കിയ നിയമാവലിയനുസരിച്ച്, ദാരിദ്ര്യത്തിനും ബ്രഹ്മചര്യത്തിനും പുറമേ അനുസരണവും സംഘാങ്ങൾക്ക് സ്വീകരിക്കേണ്ടിയിരുന്ന വൃതങ്ങളിൽ പെട്ടു. ഇവയ്ക്കു പുറമേ, റോമിലെ മാർപ്പാപ്പയിലെ, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയായി സേവിച്ചുകൊള്ളാം എന്ന് പ്രതിജ്ഞയും നിയമാവലിയുടെ ഭാഗമായി. ഈ നിയമാവലിയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട കൂട്ടായമയെ, 1540-ൽ ഈശോസഭയെന്ന പേരിൽ പൗലോസ് മൂന്നാമൻ മാർപ്പാപ്പ അംഗീകരിച്ചു. സഭയുടെ തലവൻ ഉന്നതാധികാരി(superior general) എന്നറിയപ്പെട്ടു. 1541 ഏപ്രിൽ 17-നു, അപ്പോൾ 50 വയസ്സുണ്ടായിരുന്ന ഇഗ്നേഷ്യസ്, ഈശോസഭയുടെ ആദ്യത്തെ ഉന്നതാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.[5] അവശേഷിച്ച ജീവിതകാലം അദ്ദേഹം റോമിലാണ്‌ കഴിഞ്ഞത്. അവിടെയിരുന്ന് അദ്ദേഹം താൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ലോകമെങ്ങുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ലോകമെങ്ങും മിഷനറി പ്രവർത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും ആണ്‌ ഈശോസഭ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയും ചൈനയും ജപ്പാനും അമേരിക്കയും എല്ലാം ഈശോസഭയുടെ പ്രവർത്തനരംഗങ്ങളായി. ഇന്ത്യയിലും ജപ്പാനിലും മിഷനറി പ്രവർത്തനം നടത്തിയതിനുശേഷം ചൈനയിലേയ്ക്ക് കപ്പൽ കാത്തുകിടക്കെ രോഗബാധിതനായി മരിച്ച ഫ്രാൻസിസ് സേവ്യർ ഈശോസഭയുടെ പ്രേഷിതരിൽ പ്രമുഖനാണ്‌. വടക്കേ അമേരിക്കയിൽ പര്യവേഷകന്മാരെന്ന നിലയിൽ ഈശോസഭാംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തെക്കേ അമേരിക്കയിൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയമായ കൃഷിയുടേയും പ്രചരണത്തിന്‌ അവർ ഗണ്യമായ സംഭാവനകൾ നൽകി.

ഈശോസഭയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ രണ്ടുവർഷം നവസന്യാസികളായി കഴിയേണ്ടിയിരുന്നു. സംഘടനയുടെ ലക്ഷ്യങ്ങൾക്കും "വിശുദ്ധമായ അനുസരണത്തിനും" (holy obedience) ചേരും‌വിധമുള്ള പരിശീലനവും ആത്മീയാഭ്യാസങ്ങളും അവരെ രൂപപ്പെടുത്തി. മേലധികാരികളെ അനുസരിക്കുമ്പോൾ ദൈവത്തെയാണ്‌ അനുസരിക്കുന്നതെന്ന് അവർ വിശ്വസിച്ചു. നാലുതലങ്ങളായുള്ള ഒരു സംഘടനാശ്രേണിയാണ്‌ ഈശോസഭയ്ക്കുണ്ടായിരുന്നത്. നാലുതലങ്ങളിലും പെട്ടവർ സന്യാസികളെപ്പോലെ കൂട്ടയ്മയിൽ ഒരുമിച്ചു ജീവിച്ചു. പ്രത്യേകമായ തപശ്ചര്യകളൊന്നും സംഘാംഗങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരുന്നില്ല. പാനഭോജനങ്ങളിൽ മിതത്ത്വം പാലിക്കേണ്ടിയിരുന്നു. എന്നാൽ കഠിനമായ ഉപവാസം പ്രോത്സാഹിക്കപ്പെട്ടിരുന്നില്ല. സഭാംഗങ്ങൾക്ക് അതിൽ പ്രവേശിക്കുമ്പോൾ ഉണ്ടായിരുന്ന സ്വത്തിന്റെ ഉടമകളായി തുടരാമായിരുന്നു. എന്നാൽ അതിൽ നിന്നുള്ള വരുമാനത്തിന്റെ അവകാശിയും സ്വത്തിന്റെ തന്നെ അനന്തരാവകാശിയും സഭ തന്നെയായിരുന്നു.

ജീവിതാന്ത്യം

[തിരുത്തുക]

ലൊയോളയുടെ വ്യക്തിത്വത്തിന്റെ മുദ്ര ആഴത്തിൽ പതിഞ്ഞ പ്രസ്ഥാനമായിരുന്നു ഈശോസഭ. ആദ്യം എഴുതിയ നിയമാവലി, അദ്ദേഹം പുതിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച് കൂടുതൽ പ്രായോഗികമാക്കി. റോമിലെ തന്റെ ലളിതമായ മുറിയിലിരുന്ന്, യൂറോപ്പിലും, ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള സഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രാഗല്ഭ്യത്തോടെയും അധികാരത്തോടെയും നിയന്ത്രിച്ചു. പ്രായമേറിയപ്പോൾ, സംഘടനയുടെ ഉത്തരവാദിത്തങ്ങൾ ഇഗ്നേഷ്യസിന്‌ ക്ലേശകരമായതോടെ അടുത്ത സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മയമില്ലാത്തതായി. എന്നാൽ അദ്ദേഹം ഏറ്റവുമേറെ കണിശക്കാരനായത് തന്നോടുതന്നെയായിരുന്നു. ഒരുകഷണം അപ്പവും, ഇത്തിരി വെള്ളവും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം. പലപ്പോഴും, നാലുമണിക്കൂർ മാത്രമായിരുന്നു ഉറക്കം.

ഇഗ്നേഷ്യസ് മരിക്കുമ്പോൾ ഈശോസഭയിൽ ആയിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു. അവരിൽ 35 പേരായിരുന്നു ഏറ്റവും മുകളിലെ ശ്രേണിയിൽ പെട്ടവരായിരുന്നത്. 1556-ൽ അന്തരിച്ച ലൊയോളയെ 1609-ൽ, പൗലോസ് അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായും 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജൂലൈ 31-ആം തിയതി ഇഗ്നേഷ്യസിന്റെ തിരുനാളായി കൊണ്ടാടപ്പെടുന്നു. 1922-ൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ ഇഗ്നേഷ്യസിനെ എല്ലാ അദ്ധ്യാത്മധ്യാനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. സൈനികരുടേയും, ഈശോസഭയുടേയും, സ്പെയിനിലെ ബാസ്ക് പ്രവിശ്യയുടേയും ബിസ്കേയിലെ ഗൂയിപ്പുസ്കോ പ്രവിശ്യയുടേയും മദ്ധ്യസ്ഥനും അദ്ദേഹമാണ്‌.[6]

ആത്മീയാഭ്യാസങ്ങൾ[7]

[തിരുത്തുക]

ഇഗ്നേഷ്യസിന്റെ പ്രസിദ്ധരചനയായ "ആത്മീയാഭ്യാസങ്ങൾ" (spiritual exercises) ക്രിസ്തീയസാഹിത്യത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ്‌. മൻ‌റീസയിലെ താപസജീവിതത്തിൽ തുടങ്ങിവച്ച ഈ ഗ്രന്ഥത്തിന്‌ ഇഗ്നേഷ്യസ് അന്തിമരൂപം കൊടുത്തത് പാരിസിലെ താമസക്കാലത്താണ്‌‌. നാലാഴ്ച നീണ്ടുനിൽക്കുന്ന ഒരാത്മീയനവീകരണ പദ്ധതിയാണ്‌ ആ രചന.

നമ്മുടെ പാപങ്ങൾ ഓരോന്നായി അനുസ്മരിച്ച് അവ അർഹിക്കുന്ന ശിക്ഷയെ സങ്കല്പത്തിലേയ്ക്കു കൊണ്ടുവരുകയാണ്‌ അഭ്യാസങ്ങളുടെ ആദ്യപടി. ഏകപാപത്തിനു സാത്താന്‌ നിത്യനരകം ലഭിച്ചെന്നിരിക്കെ, പാപം വഴി അനേകവട്ടം ദൈവത്തെ ധിക്കരിച്ചതിന്‌ താൻ എത്രവലിയ ശിക്ഷ അർ‌ഹിക്കുന്നു എന്ന് ആത്മീയാഭ്യാസി സ്വയം ചോദിക്കണം. പിന്നെ അയാൾ ചെയ്യേണ്ടത്, ഒരു മുറിയിലെ ഇരുട്ടിന്റെ ഏകാന്തതയിൽ നരകത്തിന്റെ പാരുഷ്യത്തെ കഴിയുന്നത്ര തീവ്രതയിൽ സങ്കല്പിക്കുകയാണ്‌‌. നരകാഗ്നിയുടെ ഭീകരതയും, അഭിശപ്തരായ നരകവാസികളുടെ ദുരിതങ്ങളും, വേദനയുടെ അലർച്ചയും നിരാശയുടെ നെടുവീർപ്പും അയാൾ ഭാവനയിൽ കാണണം. ഗന്ധകവും മാംസവും കത്തുന്ന ദുർഗന്ധം സങ്കല്പിക്കുകയും അഗ്നിനാവുകൾ സ്വന്തം ശരീരത്തെ പുണരുന്നത് അറിയുകയും വേണം. തുടർന്ന് അനന്തകാലത്തേയ്ക്കുള്ള ഈ ദുരിതത്തിൽ നിന്ന് രക്ഷപെടാൻ എന്താണു വഴിയെന്ന് അഭ്യാസി സ്വയം ചോദിക്കണം: കുരിശിൽ യേശു അർപ്പിച്ച രക്ഷാകരമായ ബലിയിലൂടെ എന്നാണ്‌ മറുപടി. അതിനാൽ യേശുവിന്റെ ജീവിതത്തെ അതിന്റെ എല്ലാ വിശദാംശങ്ങളിലും ഭാവനചെയ്യാൻ അയാൾ ശ്രമിക്കണം. ആ ചരിത്രനാടകത്തിലെ ഓരോ രംഗത്തിലും സന്നിഹിതരായി അതിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച മഹാവ്യക്തികളെ പിന്തുടർന്ന് അവരുടെ വസ്ത്രവിളുമ്പുകൾ ചുമ്പിക്കണം.

രണ്ടാഴ്ച ദീർഘിക്കുന്ന ഈ ധ്യാനത്തിനു ശേഷം ആത്മീയാഭ്യാസി, പീഡാനുഭവത്തിന്റെ ഓരോ ഘട്ടത്തിലും, കുരിശിന്റെ വഴിയിലെ ഓരോ രംഗത്തിലും, യേശുവിനെ അനുഗമിക്കണം. ഗദ്സമേൻ തോട്ടത്തിൽ അയാൾ യേശുവിനൊപ്പം പ്രാർത്ഥിക്കണം; യേശുവിനൊപ്പം ചാട്ടവാറടിയേൽക്കുന്നതായും, മുഖത്ത് തുപ്പപ്പെടുന്നതായും, കുരിശിൽ തറയ്ക്കപ്പെടുന്നതായും സങ്കല്പിക്കണം. സഹനത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനൊപ്പമുണ്ടായിരുന്ന ശേഷം അദ്ദേഹത്തോടൊപ്പം മരിച്ച് കല്ലറയിൽ സംസ്കരിക്കപ്പെടണം. അവസാനം, നാലാമത്തെ ആഴ്ചയുടെ സമാപ്തിയിൽ, യേശുവിനോടുകൂടി വിജയത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതായും സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതായുമുള്ള സങ്കല്പത്തിലാണ്‌ ഈ അഭ്യാസം സമാപിക്കേണ്ടത്.

ഈ ധ്യാനാനുഭവം നൽകുന്ന അനുഗൃഹീതമായ മനോഭാവം ഏതു പ്രതികൂല സാഹചര്യത്തിലും, "സാത്താനെതിരായുള്ള സമരത്തിൽ യേശുവിന്റെ യോദ്ധാവായിരിക്കാൻ" അഭ്യാസിയെ പ്രാപ്തനാക്കുമെന്ന് ഇഗ്നേഷ്യസ് കരുതി.

അവലംബം

[തിരുത്തുക]
  1. Idígoras Tellechea, José Ignacio (1994). "When was he born? His nurse's account". Ignatius of Loyola: The Pilgrim Saint. Chicago: Loyola University Press. p. 45. ISBN 0829407790.
  2. "The Counter-Reformation". Washington State University. Archived from the original on 2010-02-09. Retrieved 2010-03-28.
  3. Vivian Green, A New History of Christianity(പുറം 162)
  4. Ignatius Loyola and the Society of Jesus, A History of Christianity, Kenneth Scott Latourette(പുറങ്ങൾ 845)
  5. Paths of Faith, John A Hutchinson(പുറം 554)
  6. "Summer Fiestas" (PDF). euskadi.net. Archived from the original (PDF) on 2008-09-10. Retrieved 2008-07-24.
  7. The Reformation, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 905-915
"https://ml.wikipedia.org/w/index.php?title=ഇഗ്നേഷ്യസ്_ലൊയോള&oldid=3899215" എന്ന താളിൽനിന്ന് ശേഖരിച്ചത്