അവസാദശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില. നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ. പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.

പൊതുവിവരങ്ങൾ[തിരുത്തുക]

മണൽക്കല്ല്

അവസാദശിലകളെ ഇതരശിലാവിഭാഗങ്ങളിൽനിന്നും എളുപ്പം വിവേചിച്ചറിയുന്നത് അവയുടെ ഉദ്ഭവ (origin)ത്തെ ആധാരമാക്കിയാണ്. ഭൗമോപരിതലത്തിന് ഏറ്റവും അടുത്തായി സാധാരണ ഊഷ്മാവിലും മർദത്തിലുമാണ് അവസാദശിലകൾ രൂപംകൊള്ളുന്നത്. ആഗ്നേയ (igneous) ശിലകളാവട്ടെ ഭൂവല്ക്കത്തിന്റെ അഗാധതയിൽ നടക്കുന്ന പ്രക്രിയകളുടെ ഫലമായി ഉണ്ടാകുന്നവയാണ്. ഇത്തരം പ്രക്രിയകൾക്ക് ഉയർന്ന ഊഷ്മാവും മർദവും ആവശ്യമാണ്. അവസാദശിലകൾക്കും മറ്റിനം ശിലകൾക്കും ഇടയിൽ ഒരതിർത്തിവരെ അതിവ്യാപനം (overlapping) സംഭവിച്ചുകാണുന്നു. ഉദാഹരണത്തിന് അഗ്നിപർവതച്ചാരം വീണടിഞ്ഞുണ്ടാവുന്ന ആഗ്നേയശിലാപടലങ്ങളും പ്രവാഹജലത്താലോ മറ്റോ വഹിക്കപ്പെട്ടുണ്ടാവുന്ന അവസാദശിലാസ്തരങ്ങളും തമ്മിൽ വിവേചിച്ചറിയാൻ പ്രയാസമാണ്. അതുപോലെതന്നെ ഏതെങ്കിലും സമ്മർദത്തിനു വിധേയമായി ഞെരുങ്ങിയമർന്ന് കാഠിന്യം വർധിച്ച അവസാദശിലകളും നേരിയ തോതിൽ മാത്രം കായാന്തരണം സംഭവിച്ച മറ്റിനം ശിലകളും തമ്മിൽ തിരിച്ചറിയുന്നതും പ്രയാസമായിരിക്കും.

ഭൂവല്ക്കത്തിലെ ഉപരിതലത്തോടടുത്തുള്ള 10 കി.മീറ്ററിലെ ശിലാപടലങ്ങളിൽ വെറും 5 ശ.മാ. മാത്രമേ അവസാദശിലകളുള്ളു; എന്നാൽ ഉപരിതലത്തിൽ ദൃശ്യമായിട്ടുള്ള ശിലകളിൽ 75 ശ.മാ.-വും ഇവയാണ്. ഇതിൽനിന്നും അവസാദങ്ങൾ ഉപരിതലത്തോട് ഏറ്റവും അടുത്തായി മാത്രമേ രൂപംകൊള്ളുന്നുള്ളൂ എന്ന വ്യക്തമാവുന്നു. അവസാദശിലാസമൂഹങ്ങളുടെ കനവും വ്യാപ്തവും പലയിടത്തും പലതായിരിക്കും. ഭൂവല്ക്കത്തിലെ ശിലാഘടനയെ സംബന്ധിച്ചിടത്തോളം നന്നേ അഗണ്യമായ ഒരു സ്ഥാനമേ അവയ്ക്കുള്ളൂ; എങ്കിലും ജീവാശ്മങ്ങളുടെ ബഹുലതയും അവസ്ഥിതിയിലെ ക്രമീകൃതസ്വഭാവവും മൂലം ഭൌമചരിത്രം പഠിക്കുന്നതിലും ജീവജാലങ്ങളുടെ ഉത്പത്തിയും പരിണാമദശകളും മനസ്സിലാക്കുന്നതിലും അവസാദശിലകൾ ഗണ്യമായി സഹായിക്കുന്നു. മാത്രമല്ല മിക്കപ്പോഴും അവ കൽക്കരി, ഖനിജ എണ്ണ, പ്രകൃതിവാതകം എന്നിവയുടെയും ഇരുമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാതുക്കളുടെയും ഇടതൂർന്ന നിക്ഷേപങ്ങൾകൊണ്ടു സമ്പന്നവുമാണ്.

ഉദ്ഭവം[തിരുത്തുക]

അപക്ഷയംമൂലം പൊടിഞ്ഞു വിണ്ടുകീറിയ പാറ

നിലവിലുള്ള ശിലകളുടെ ശിഥിലീകരണമാണ് അവസാദശിലകളുടെ ഉദ്ഭവത്തിനു നിദാനം. വെള്ളം, വായു, തുഷാരം, ജൈവാംശങ്ങളുടെ ക്ഷയം തുടങ്ങിയവ മൂലം ശിലകൾക്ക് അപക്ഷയം (weathering)[1] സംഭവിക്കുന്നു തൻമൂലം സൂക്ഷ്മരൂപത്തിൽ വിഘടിതമാവുന്ന ശിലാംശങ്ങൾ പ്രവാഹജലത്താലോ കാറ്റ്, ഭൂജലം തുടങ്ങിയവയാലോ വഹിച്ചുനീക്കപ്പെടുന്നു. ഈ ശിലാംശങ്ങൾ മിക്കപ്പോഴും ഖരരൂപത്തിലുള്ള സൂക്ഷ്മകണങ്ങളായിരിക്കും; ചിലപ്പോൾ ലായനികളിൽ അയോൺ രൂപത്തിലോ, ലയിക്കാതെ കൊളോയ്ഡുകളായോ കാണപ്പെട്ടെന്നും വരാം. ഉദ്ഭവസ്ഥാനത്തുനിന്നും നീക്കപ്പെടുന്ന ഇവ വിദൂരസ്ഥങ്ങളായ പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. നദീപാർശ്വങ്ങളിലായുണ്ടാവുന്ന മണൽത്തിട്ടുകൾ, എക്കൽസമതലങ്ങൾ, ഡെൽറ്റകൾ തുടങ്ങിയ ഭൂരൂപങ്ങൾ ഇത്തരം നിക്ഷേപണം മൂലം നിർമ്മിക്കപ്പെടുന്നവയാണ്. എന്നാൽ വഹനത്തിനു വിധേയമാവുന്ന ശിലാംശങ്ങളിലെ ഏറിയ പങ്കും കടൽത്തറകളിലാണ് എത്തിച്ചേരുന്നത്. അതിനിടയിൽത്തന്നെ ജലപാളികളുടെ അരിക്കലിനു വഴിപ്പെട്ട് സാമാന്യമായ തരംതിരിപ്പിനും അവ വിധേയമാവുന്നു. ഇത്തരം അടിയലുകൾ ഒന്നിനു പുറകേ ഒന്നായി ആവർത്തിക്കപ്പെടുന്നത് അടിയിലുള്ള അടരുകളിലെ ജലാംശം നഷ്ടപ്പെടുന്നതിനും അവസാദങ്ങൾ മുറുകിച്ചേർന്ന്, ക്രമേണ കാഠിന്യം വർധിച്ചു പുതിയ ശിലാപാളികൾ ഉണ്ടാവുന്നതിനും കാരണമായിത്തീരും. ഉദ്ഭവത്തെ അടിസ്ഥാനമാക്കി, അവസാദശിലകളെ പൊതുവേ രണ്ടു വിഭാഗങ്ങളായി തിരിക്കാം: ദ്രവണശിഷ്ടം (residual), രാസികം (chemical). ആദ്യത്തെയിനത്തിൽപ്പെടുന്നവയെ ദളികാശ്മം (clastic rock)[2] എന്നും വിളിക്കാറുണ്ട്. ഏതെങ്കിലും ശിലാസമൂഹങ്ങളുടെ വിഘടനം മൂലം ഉണ്ടാവുന്ന ഖരരൂപത്തിലുള്ള ശിലാകണങ്ങൾ വഹിച്ചുനീക്കപ്പെട്ടും, തുടർന്ന് നിക്ഷേപിക്കപ്പെട്ടും രൂപംപ്രാപിക്കുന്ന അവസാദശിലകളെയാണ് ദ്രവണശിഷ്ടവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. നിക്ഷേപസ്ഥലങ്ങളിൽ ക്ഷുദ്രജീവികളുടെ ജീവരാസിക (bio-chemical) പ്രക്രിയകൾ മൂലം ഉണ്ടാവുന്ന അവക്ഷേപം (precipitate)[3] അടിഞ്ഞ് രൂപംകൊള്ളുന്നവയെ രാസികവിഭാഗത്തിൽപ്പെടുത്തുന്നു. കാൽസ്യം കാർബണേറ്റ് ഷെല്ലുകൾ, മൊളസ്ക്കുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തിന്റെ ഫലമായുണ്ടാവുന്ന അജീവരാസവസ്തുക്കളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മിക്കവാറും സ്തരങ്ങളിൽ ദ്രവണശിഷ്ടവും രാസികവുമായ അവസാദങ്ങൾ ഇടകലർന്നു കണ്ടുവരുന്നു. ഉദാഹരണത്തിന് രാസികവിഭാഗത്തിൽപ്പെടുന്ന ചുണ്ണാമ്പുകല്ലിന്റെ അടരുകൾ ക്വാർട്ട്സിന്റെയും കളിമൺധാതുക്കളുടെയും സൂക്ഷ്മരൂപത്തിലുള്ള അംശങ്ങൾ ഉൾക്കൊണ്ടിരിക്കും; ഇവ കാറ്റുമൂലമോ ജന്തുക്കൾ വഴിയോ വന്നുചേരുന്നവയാവാം. ഇതുപോലെതന്നെ മണൽക്കല്ലുകൾ, ഷെയ്ലു(shale)കൾ[4] തുടങ്ങിയ ദ്രവണശിഷ്ടഅവസാദശിലകളിൽ കാൽസ്യംകാർബണേറ്റ്, സിലിക തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ രാസവസ്തുക്കൾ നിക്ഷേപണാവസരത്തിലെ രാസപ്രക്രിയകൾ മൂലമോ അതിനുശേഷമുള്ള രാസികപരിവർത്തനങ്ങൾ മൂലമോ ഉണ്ടായവ ആവാം.

ഏറ്റവും സമൃദ്ധമായിക്കാണുന്ന അവസാദശിലകൾ ഷെയ്ൽ, മണൽക്കല്ല്, ചുണ്ണാമ്പുകല്ല് എന്നീ മൂന്നിനങ്ങളാണ്; ഭൂവല്ക്കത്തിലെ അവസാദങ്ങളിൽ 95 ശതമാനത്തിലേറെ ഈ മൂന്നിനത്തിൽപ്പെടുന്ന അവസാദശിലകളാണ്. ഇവയിൽത്തന്നെ രാസികവിഭാഗത്തിൽപ്പെട്ട ചുണ്ണാമ്പുകല്ലുകൾ മൊത്തം വ്യാപ്തത്തിന്റെ 20 ശതമാനത്തോളമേ വരൂ. ഷെയ്ലുകളുടെയും മണൽക്കല്ലുകളുടെയും താരതമ്യവ്യാപ്തം തിട്ടപ്പെടുത്തിയിട്ടില്ല; എന്നിരിക്കിലും ഷെയ്ലുകളുടെ അളവ് മണൽക്കല്ലുകളുടെ രണ്ടിരട്ടിയിലേറെയായി കരുതപ്പെടുന്നു.

ധാത്വംശം[തിരുത്തുക]

മറ്റിനം ശിലകൾപോലെ അവസാദശിലകളും വിവിധ ധാതുക്കളുടെ സഞ്ചയങ്ങൾ ഉൾക്കൊണ്ടിരിക്കും. കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കളാണു കൂടുതലായുള്ളത്. പ്രത്യേക മേഖലകളിൽ മറ്റു ചില ധാതുക്കളുടെ ആധിക്യവും കാണാം.

ഏതെങ്കിലുമൊരു ധാതുവിന്റെ ആധിക്യം ഉണ്ടായിരിക്കാമെങ്കിലും ഒറ്റ ധാതു മാത്രമായുള്ള അവസാദശിലകൾ ഇല്ലെന്നു തന്നെ പറയാം; ഉദാഹരണമായി ചുണ്ണാമ്പുകല്ലിലെ മുഖ്യഘടകം കാൽസൈറ്റാണ്. പക്ഷേ, ഏറ്റവും ശുദ്ധമായ ചുണ്ണാമ്പുകല്ലിൽപ്പോലും കളിമണ്ണിന്റെയും ക്വാർട്ട്സിന്റെയും അംശങ്ങൾ നേരിയ തോതിലെങ്കിലും കലർന്നിരിക്കും. മണൽക്കല്ലിലെ തരികൾ ഭൂരിഭാഗവും ക്വാർട്ട്സിന്റേതാണ്; പക്ഷേ, അവയെ കൂട്ടിച്ചേർക്കുന്ന സിമന്റുപദാർഥം കാൽസൈറ്റ്, ഡോളമൈറ്റ്, അയൺ ഓക്സൈഡ് എന്നിവയിൽ ഏതെങ്കിലുമൊന്നായിരിക്കും. ചുരുക്കത്തിൽ, ഓരോ അവസാദശിലയും ഒന്നിലേറെ ധാതുക്കളുടെ മിശ്രിതമാണ്.

കളിമണ്ണ്[തിരുത്തുക]

സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ് ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കയോലിനൈറ്റ് (kiolinite),[5] ഇലൈറ്റ് (illite)[6] എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.

ക്വാർട്ട്സ്[തിരുത്തുക]

ക്വാർട്ട്സ്

അവസാദശിലകളിലെ മറ്റൊരു പ്രധാന ഘടകമാണ് സിലിക; ഈ ധാതു ക്വാർട്ട്സ്, ചെർട്ട് (chert), അനലാശ്മം (flint), ഓപൽ (opal), കാൽസിഡോണി (chalcedony) തുടങ്ങിയ വിവിധരൂപങ്ങളിൽ കണ്ടുവരുന്നു.

ഭൗതികവും രാസികവുമായ അപക്ഷയത്തിനു വിധേയമാവുന്നതിലൂടെ ഗ്രാനൈറ്റ് തുടങ്ങിയ ആഗ്നേയശിലകളിൽനിന്നും ക്വാർട്ട്സ് തരികൾ ധാരാളമായി വിഘടിതമാവുന്നു. ഇവ അപരദനപ്രക്രിയയിലൂടെ അവസാദങ്ങളായി മാറുന്നു. മണൽക്കല്ലിലെ ക്വാർട്ട്സ് തരികൾ ഈ വിധത്തിൽ ഉണ്ടാകുന്നവയാണ്. ദ്രാവകങ്ങളിൽ ലയിച്ച് അയോൺ രൂപത്തിലോ അലേയമായി കൊളോയ്ഡ് രൂപത്തിലോ അവശേഷിക്കുന്ന സിലികാംശം അവക്ഷേപ (precipitate) രൂപത്തിൽ നിക്ഷിപ്തമാകുന്നത് പരുക്കൻതരികളുള്ള അവസാദശിലകൾക്കു രൂപം നല്കുന്നു. ജലീയ സിലിക (hydrous silica)[7] മറ്റൊരിനം അവസാദമാണ്. ക്വാർട്ട്സിനെ അപേക്ഷിച്ച് കാഠിന്യം കുറഞ്ഞ, പരൽരൂപമില്ലാതെ അവക്ഷിപ്തമാവുന്ന ജലീയ സിലികയാണ് ഓപൽ (opal).

അവസാദശിലകളിൽ ഗൂഢക്രിസ്റ്റലീയ (crypto-crystal line)[8] രൂപത്തിലും സിലിക ഉൾക്കൊണ്ടു കാണുന്നു. സാധാരണ സൂക്ഷ്മദർശിനികളിലൂടെ പോലും കാണാൻ കഴിയാത്ത പരൽരൂപമാണ് ഇവയ്ക്കുള്ളത്. നേരിയ ഇഴകൾ പോലെയോ ധാന്യമണികൾപോലെയോ ഇവ ചിതറിക്കിടക്കുന്നതായി സൂക്ഷ്മദർശിനി നിരീക്ഷണം തെളിയിക്കുന്നു. ഇവയിൽ രണ്ടാമത്തെ ഇനത്തിൽപ്പെടുന്നതാണ് അനലാശ്മം; ചെർട്ട്, ജാസ്പെർ എന്നിവയും ഇത്തരത്തിലുള്ളതാണ്.

ഗൂഢക്രിസ്റ്റലീയ സിലികയുടെ തന്തുരൂപത്തിലുള്ള ഇനത്തിനു പൊതുവേ കാൽസിഡോണി എന്നു പറയുന്നു. ഇവയിൽ തവിട്ടുനിറത്തിൽ അർധതാര്യമായ ഒരിനത്തിനെ പ്രത്യേകമായി സൂചിപ്പിക്കാനും കാൽസിഡോണി എന്ന പദം ഉപയോഗിച്ചുവരുന്നു.

കാൽസൈറ്റ്[തിരുത്തുക]

ചുണ്ണാമ്പുകല്ലിലെ പ്രധാന ഘടകമാണ് കാൽസൈറ്റ്. പരുക്കൻതരികളുള്ള അവസാദശിലകളിൽ സിമന്റുപദാർഥമായി കാൽസൈറ്റ് അടങ്ങിയിരിക്കും. കാൽസികപ്ളേജിയോക്ളേസ് (Calcicplagioclase)[9] പോലെ കാൽസിയം ധാരാളമായുള്ള ആഗ്നേയശിലകളിൽ നിന്നുമാണ് കാൽസൈറ്റ് ലഭ്യമാവുന്നത്. അപക്ഷയഫലമായി ഉണ്ടാവുന്ന കാൽസിയം ബൈകാർബണേറ്റ് [Ca (HCO 3)2 പരിവർത്തനവിധേയമായി കാൽസൈറ്റ് (Ca CO3) ആയിത്തീരുന്നു.

ഇതര ധാത്വംശങ്ങൾ[തിരുത്തുക]

ഹേമറ്റൈറ്റ്

അവസാദശിലാസമൂഹങ്ങളിൽ കൂടുതലും കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നിവ ഒറ്റയ്ക്കോ കൂട്ടായോ ചേർന്ന സഞ്ചയങ്ങളാണ്. വ്യത്യസ്ത ഘടനയുള്ള ചുരുക്കം ചില ശിലകളുമുണ്ട്; ഇവയിൽ ഡോളമൈറ്റ് [Ca Mg(Co3)2] തുടങ്ങിയ ചിലയിനങ്ങൾ പ്രത്യേക ശിലാസ്തരങ്ങളായി അവസ്ഥിതമായിക്കാണും. മിക്കപ്പോഴും ഡോളമൈറ്റ് ശിലകൾ കാൽസൈറ്റ് ശിലകളുമായി ഇടകലർന്നു കണ്ടുവരുന്നു; ഡോളമൈറ്റിന്റെ അംശം താരതമ്യേന കൂടുതലായിരിക്കുമ്പോൾ അത്തരം ശിലകൾ ഡോളമൈറ്റുകളായി വിഭജിക്കപ്പെടുന്നു. കാൽസൈറ്റുമായി തിരിച്ചറിയുന്നതു നന്നേ ബുദ്ധിമുട്ടാണെങ്കിലും അത്യാവശ്യവുമാണ്. നേർപ്പിച്ച ഹൈഡ്രോക്ളോറിക് അമ്ളത്തിൽ കാൽസൈറ്റ് നന്നായി കുമിളിക്കുന്നു; ഡോളമൈറ്റിന്റെ ഈദൃശപ്രവർത്തനം നന്നേ മന്ദഗതിയിലാണ്.

ചിലയിനം അവസാദശിലകളിൽ ഫെൽസ്പാറുകളും അഭ്രങ്ങളും ധാരാളം അടങ്ങിക്കാണുന്നു. രാസാപക്ഷയത്തിന്റെ ഫലമായി ഈ ധാതുക്കൾ വളരെ എളുപ്പത്തിൽ മറ്റു ധാതുക്കളായി പരിവർത്തിതമാവുന്നതിനാൽ, ഇവയുടെ സാന്നിധ്യമുള്ള അവസാദശിലകളുടെ ഉദ്ഭവം ഭൗതികാപക്ഷയംമൂലമാണെന്നു മനസ്സിലാക്കാം.

ലിമോണൈറ്റ്

ആഗ്നേയശിലകളിലടങ്ങിയിട്ടുള്ള ഫെറോമഗ്നീഷ്യൻ ധാതുക്കളുടെ രാസാപക്ഷയംമൂലം വിഘടിതമാവുന്ന ഇരുമ്പിന്റെ അംശങ്ങൾ ഇതര പദാർഥങ്ങളുമായി കൂട്ടുചേർന്ന് പുതിയ ധാതുക്കൾ ഉത്പാദിപ്പിക്കുകയും തുടർന്നു നിക്ഷിപ്തമാവുകയും ചെയ്യും. ഇങ്ങനെയുണ്ടാവുന്ന അവസാദശിലകൾ ഹേമറ്റൈറ്റ് (hematite),[10] ജിയോഥൈറ്റ് (geothite),[11] ലിമൊണൈറ്റ് (limonite)[12] എന്നിവ ഉൾക്കൊണ്ടുകാണുന്നു. മിക്കപ്പോഴും ഒരു വർണവസ്തുവിന്റെയോ സിമന്റു പദാർഥത്തിന്റെയോ സ്ഥാനമാവും ഇവയ്ക്കുണ്ടായിരിക്കുക. എന്നാൽ ചുരുക്കം ചില അവസാദസ്തരങ്ങൾ മേല്പറഞ്ഞവയുടെ സമ്പന്നനിക്ഷേപങ്ങളായും കണ്ടുവരുന്നു.

ജിയോഥൈറ്റ്

അവക്ഷേപങ്ങളായി നിക്ഷിപ്തമാവുന്ന മറ്റു രണ്ടു ധാതുക്കളാണ് ഹാലൈറ്റ് (Na Cl), ജിപ്സം (Ca So4.2H2O) എന്നിവ. ലായനിയിലെ ജലാംശം ബാഷ്പീകരിക്കപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്; ലീനവസ്തുക്കളുടെ അനുപാതമനുസരിച്ചാണ് അവക്ഷേപത്തിന്റെ സ്വഭാവം നിർണയിക്കപ്പെടുന്നത്. സാധാരണ ഊഷ്മാവിൽ ലവണത മാധ്യമൂല്യത്തിന്റെ മൂന്നിരട്ടിയായി വർധിക്കുമ്പോൾ ജിപ്സം അവക്ഷിപ്തമാവുന്നു; പത്തിരട്ടിയാവുമ്പോഴാണ് ഹാലൈറ്റുകൾ വേർതിരിയുന്നത്.

പൈറോക്ലാസ്റ്റിക് അവസാദങ്ങൾ വലിപ്പമുള്ളവയോ ധൂളീമാത്രങ്ങളോ ആവാം. അഗ്നിപർവതജന്യമായ ഈ പദാർഥങ്ങൾ ഉദ്ഗാരപ്രദേശത്തുനിന്നും പ്രവാഹജലത്താലോ, വായു തുടങ്ങിയ മറ്റ് അപരദനകാരകങ്ങളാലോ വഹിക്കപ്പെട്ട് അനേകശതം കിലോമീറ്റർ ദൂരത്തായി നിക്ഷിപ്തമാവാം. ജൈവാവശിഷ്ടങ്ങളാണ് അടുത്തത്. കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ്. സാധാരണയായി അവസാദശിലാസ്തരങ്ങളിലെ ജൈവാംശങ്ങൾ വലുതായ പരിവർത്തനങ്ങൾക്കു വിധേയമായിക്കാണുന്നില്ല.

ഘടനാപരമായ സവിശേഷതകൾ[തിരുത്തുക]

ദളികാശ്മങ്ങൾ (clastic rocks)

ശിലാംശങ്ങളുടെയും ധാത്വംശങ്ങളുടെയും ദ്രവണശിഷ്ടങ്ങൾ, കളിമണ്ണ് തുടങ്ങിയ കൊളോയ്ഡ് വസ്തുക്കളുടെ ഊർണികകൾ (floccules),[13] രാസികാവക്ഷേപങ്ങൾ (chemical precipitates)[14] എന്നിവ കൂടിക്കലർന്നുണ്ടാകുന്നവയാണ് ഏറിയകൂറും അവസാദങ്ങൾ. ഇവയിൽ ഓരോയിനത്തിലുംപെട്ട കണികകളുടെ ജ്യാമിതീയസ്വഭാവങ്ങളും അവയുടെ അന്യോന്യബന്ധങ്ങളും നിർണയിക്കപ്പെടേണ്ടതുണ്ട്. ഘടനാപരമായ വിശ്ലേഷണം, അവസാദങ്ങളുടെ ജനിതകസ്വഭാവങ്ങളെ വെളിവാക്കുന്നു. അവ തരംതിരിക്കപ്പെട്ടത് ഏതുതരം മാധ്യമം മൂലമാണെന്നതും വ്യക്തമാവുന്നു. ഘടനാപരമായ മിക്ക സവിശേഷതകളും നിർണയിക്കപ്പെട്ടിട്ടുണ്ട്.

വലിപ്പം, ആകൃതി, ശിലാഘടകങ്ങളുടെ വിതരണം എന്നീ ഭൗതികസ്വഭാവങ്ങളെ അടിസ്ഥാനമാക്കി അവസാദശിലകളെ പൊതുവേ ദളികങ്ങളും അല്ലാത്തവയുമായി വിഭജിക്കാവുന്നതാണ്.

ധാതുക്കളുടെയും ഇതരശിലകളുടെയും വിഘടിതമായ അംശങ്ങൾ കൂടിച്ചേർന്നുണ്ടായ അവസാദങ്ങളെയാണ് ദളികാശ്മങ്ങൾ (clastic rocks)[15] എന്നു വിളിച്ചുവരുന്നത്. ഘടകങ്ങളുടെ സ്വഭാവവിശേഷങ്ങൾക്ക്, പരിണതരൂപമായ അവസാദശിലയുടെ പൊതുപ്രകൃതിയിൽ വലുതായ സ്വാധീനത ഉണ്ടായിരിക്കും. ഉദാഹരണമായി മണലും ചരലും കൂടിക്കലർന്നുണ്ടായ അവസാദശിലാസ്തരത്തിന് പരുക്കൻഘടനയായിരിക്കും; എന്നാൽ ഉരുണ്ടതും നനുത്തതുമായ മണൽത്തരികൾ സംയോജിച്ചുണ്ടാവുന്ന ശിലകൾക്കു തരിമയമായ (sugary) ഘടനയാണുള്ളത്. അവസാദങ്ങൾ നിക്ഷിപ്തമാവുന്ന രീതിയെ ആശ്രയിച്ചുള്ള ഘടനാവിശേഷമായിരിക്കും അവ കൂടിച്ചേർന്നുണ്ടാവുന്ന ശിലകൾക്കുണ്ടായിരിക്കുക. ഹിമാനികൾമൂലം നിക്ഷിപ്തമാവുന്ന അവശിഷ്ടങ്ങൾക്കു നന്നേ സൂക്ഷ്മങ്ങളായ കൊളോയ്ഡുകൾ മുതൽ ഭീമാകാരങ്ങളായ പാറകൾവരെയുള്ള വിവിധതരം പദാർഥങ്ങളുടെ കുഴഞ്ഞുമറിഞ്ഞ രൂപമായിരിക്കും; നേരെമറിച്ച് വായൂഢ (Aeolian) നിക്ഷേപങ്ങളിലാകുമ്പോൾ എല്ലാ കണങ്ങളും 0.15 മുതൽ 0.30 വരെ മി.മീ. വ്യാസമുള്ള സൂക്ഷ്മപദാർഥങ്ങളാവും.

രാസിക അവശിഷ്ടങ്ങൾക്കും ദളികാഘടന (clastic structure) ഉണ്ടായിരിക്കാം. ജീവരാസികപ്രക്രിയകളുടെ ഫലമായി ഷെല്ലുകളുടെ അവശിഷ്ടങ്ങളിൽനിന്നും രൂപംകൊള്ളുന്ന അവസാദശിലകൾ ദളികാഘടനയ്ക്ക് ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

തരിമണികളുടെ വലിപ്പംനോക്കി അവസാദശിലകളെ വർഗീകരിക്കുവാൻ എളുപ്പമാണ്. ഘനമാനം, ഭാരം, പ്രതലക്ഷേത്രഫലം എന്നിവയെ അപേക്ഷിച്ച് വ്യാസത്തിന്റെ അടിസ്ഥാനത്തിൽ വലിപ്പം നിർണയിക്കുകയാണ് പ്രായോഗികം. ഇതിൽനിന്നും അവസാദശിലകളുടെ കണങ്ങൾ തികച്ചും ഉരുണ്ടതാണെന്നു വിവക്ഷയില്ല; അനിയതമായ ആകൃതിയുള്ള ഒരു കണത്തിനു തുല്യഘനമാനമുള്ള ഗോളാകൃതിയാണ് ഉള്ളതെങ്കിൽ അതിനുണ്ടാവുമായിരുന്ന വ്യാസത്തെയാണു കണക്കിലെടുക്കുന്നത്. തികച്ചും സൂക്ഷ്മമായി വലിപ്പം നിർണയിക്കുക ദുഷ്കരമായതിനാൽ സാമ്പിളുകൾ തിരഞ്ഞെടുത്ത് അവയുടെ ഏകദേശവ്യാപ്തം നോക്കി അളവുകൾ തിട്ടപ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇതിന് പല രീതിയിലുള്ള മാപനപ്പട്ടികകളും നിലവിലുണ്ടെങ്കിലും വെന്റ്വർത്ത് മാപനം (Wentworth Scale)[16] ആണ് സാധാരണയായി ഉപയോഗത്തിലുള്ളത്. മാപനപ്പട്ടികയിൽ കളിമണ്ണ് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ആയിനത്തിലുള്ള അവസാദങ്ങളെയാണ് കളിമൺ ധാതുക്കളെയല്ല, എന്നത് പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. പരീക്ഷണശാലയിൽ ഈ മാപനവിധി പ്രായോഗികമാണെന്നിരിക്കിലും സ്ഥലീയ അധ്യയനത്തിൽ പരിചയപക്വതവച്ചുള്ള നിരീക്ഷണമാണ് വർഗീകരണത്തിനുപാധി.

രാസികപ്രക്രിയകളിലൂടെ ഉദ്ഭവിക്കുന്ന അവസാദശിലകളിൽ മിക്കവയ്ക്കും ദളികാഘടന ഉണ്ടായിരിക്കയില്ല. ഇത്തരം ശിലകളിലെ കണങ്ങൾ പരസ്പരം ഒട്ടിച്ചേർന്നുകാണുന്നു. ഇവ പരലാകൃതിയുള്ള ആഗ്നേയശിലകളോട് സാദൃശ്യം വഹിക്കുന്നു. ഇത്തരം അവസാദശിലകളിൽ മിക്കവയ്ക്കും പരൽരൂപമുണ്ടായിരിക്കും; ഓപൽ ഇതിനൊരപവാദമാണ്.

ധാതുക്കളുടെ ജലീയ-ലായനികളിൽനിന്നും അവക്ഷിപ്തമാവുന്ന പരലുകൾ നന്നേ വലിപ്പം കുറഞ്ഞവയായിരിക്കും. അവക്ഷേപങ്ങൾ താരതമ്യേന സാന്ദ്രത കുറഞ്ഞ ദ്രവവസ്തുവിൽ പ്ളവം ചെയ്യാതെ വളരെ എളുപ്പം അടിയുന്നുവെന്നതാണിതിനു കാരണം. ഇവയ്ക്കു മുകളിലായി വീണ്ടും അവസാദങ്ങൾ അടിഞ്ഞുകൂടുന്നതോടെ താഴെ ചെളിപ്പരുവത്തിലുള്ള അവസാദങ്ങൾ മുറുകിക്കൂടുന്നു. ഇതിനിടയിൽത്തന്നെ അവയിലെ ചില കണങ്ങൾ ചുറ്റുപാടുമുള്ള സൂക്ഷ്മകണങ്ങളുമായി ഞെരുങ്ങിച്ചേർന്ന് കൂടുതൽ വലിപ്പമുള്ളവയാകാനും ഇടയുണ്ട്. ചെളിക്കെട്ടിനു നിദാനമായ ദ്രവവസ്തു ധാത്വംശങ്ങളാൽ പൂരിതമായിരിക്കും. തൻമൂലം ജലാംശം വാർന്നുപോവുന്നതോടെ ധാത്വംശങ്ങൾ സദൃശവസ്തുക്കളുമായി കൂട്ടുചേർന്നു പരലുകൾ വളർത്തുന്നു. ഇത്തരത്തിലുണ്ടാവുന്ന ശിലാപടലങ്ങൾ പരലുകളുടെ ബാഹുല്യംനിമിത്തം ആഗ്നേയശിലകളോടു സാദൃശ്യം പുലർത്തുന്നു; ദളികാഘടനയില്ലാത്ത ഇത്തരം ശിലകളെ തരികളുടെ വലിപ്പംനോക്കി സൂക്ഷ്മകണികം (fine grained), മാധ്യമ കണികം (medium grained) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. സ്ഥൂലകണികങ്ങളിലെ തരികളുടെ വ്യാസം 5 മി. മീറ്ററിൽ കൂടുതലും സൂക്ഷ്മകണികങ്ങളിലേത് 1 മി. മീറ്ററിൽ കുറവും ആയിരിക്കും.

അശ്മീഭവനം[തിരുത്തുക]

(Lithification)

പരസ്പരബന്ധമില്ലാതെ, ക്രമരഹിതമായി അടിഞ്ഞുകൂടുന്ന അവസാദങ്ങൾ സമേകിതവും (consolidated) സംബദ്ധവും (coherent) ആയി മാറുന്ന പ്രക്രിയ. ഈ പ്രക്രിയ പല രീതിയിൽ നടക്കുന്നു.

അസംപിണ്ഡിത(unconsolidated)മായ അവസാദങ്ങളിലെ കണങ്ങൾക്കിടയിൽ ഇതരപദാർഥങ്ങൾ കടന്നുകൂടി അവയുടെ സിമന്റ് സ്വഭാവംമൂലം ശിലാപടലം മുറുകിക്കൂടുന്ന പ്രക്രിയയാണ് സംയോജനം (cementation). കാൽസൈറ്റ്, ഡോളമൈറ്റ്, ക്വാർട്ട്സ് എന്നിവയാണ് പ്രമുഖ സിമന്റ് പദാർഥങ്ങൾ. അയൺ ഓക്സൈഡ്, ഓപൽ, കാൽസിഡോണി, ആൻഹൈഡ്രൈറ്റ്, പൈറൈറ്റ് എന്നിവയും സംയോജകങ്ങളായി വർത്തിക്കുന്നു. മുറുക്കമില്ലാത്ത അവസാദങ്ങൾക്കിടയിലേക്കു പ്രവാഹജലം ഊർന്നിറങ്ങുമ്പോൾ ജലത്തിൽ ലയിച്ചുചേർന്നിട്ടുള്ള സിമന്റ്പദാർഥങ്ങൾ വേർപെട്ട് സംയോജനം സാധിക്കുന്നു. കാലക്രമേണ ഇത്തരം അവസാദങ്ങൾ ഒന്നാകെത്തന്നെ സാമാന്യം കാഠിന്യമുള്ള ശിലാപടലങ്ങളായി മാറും. പരുക്കൻ തരികളായി നിക്ഷിപ്തമാവുന്ന അവസാദങ്ങളിൽ വെള്ളം എളുപ്പത്തിൽ വാർന്നുപോകുന്നതുമൂലം മേല്പറഞ്ഞ വിധത്തിലുള്ള സംയോജനം സുഗമമല്ല.

കളിമണ്ണ്, സിൽറ്റ് (slit) എന്നീ ദളികാശ്മങ്ങളിൽ രന്ധ്രങ്ങൾ നന്നേ സൂക്ഷ്മങ്ങളായി കാണുന്നതിനാൽ അവയിലൂടെ വെള്ളം ഊർന്നിറങ്ങുന്നത് പ്രയാസമാണ്. തൻമൂലം സിമന്റുപദാർഥങ്ങളുടെ പ്രവേശം ഉണ്ടാകുന്നില്ല. ഇത്തരം അവസാദങ്ങളുടെ അശ്മീഭവനം നടക്കുന്നതു സംഹനനം (compaction), ശുഷ്കനം (deciccation) എന്നീ പ്രക്രിയകളിലൂടെയാണ്.

ഉപരിപടലങ്ങളുടെ സമ്മർദംമൂലം തരികൾ തമ്മിലുള്ള ഇട കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുന്ന പ്രക്രിയയാണ് സംഹനനം. ഏതെങ്കിലും രീതിയിലുള്ള ഭൂചലനത്തിന്റെ ഫലമായും സംഹനനം സംഭവിക്കാം. ഇതിന്റെ ഫലമായി അവസാദങ്ങളുടെ കനം കുറയുകയും അവ കൂടുതൽ സംബദ്ധമായി(coherent)ത്തീരുകയും ചെയ്യുന്നു. സിൽറ്റും കളിമണ്ണുമാണ് എളുപ്പം സംഹനനവിധേയമാവുന്നത്. മണൽ, ചരൽ തുടങ്ങിയ സ്ഥൂല-കണികനിക്ഷേപങ്ങൾക്കും അല്പമാത്രമായ സംഹനനം അനുഭവപ്പെടാം.

ശിലാരന്ധ്രങ്ങളിൽ നേരത്തേതന്നെ ഊറിക്കൂടിയിട്ടുള്ള ജലാംശം വാർന്നുപോവുന്നതിലൂടെയും സംയോജനം സംഭവിക്കാം. മിക്കപ്പോഴും സംഹനനത്തിന്റെ ഫലമായിത്തന്നെ ഇത്തരം ശുഷ്കനം സംഭവിക്കുന്നു. ദൃശ്യാംശങ്ങളിൽ (exposures) ബാഷ്പീകരണംമൂലം ശുഷ്കനം നടക്കുന്നു.[17]

പരൽരൂപവത്കരണം[തിരുത്തുക]

(Crystallization)

രാസികസ്വഭാവമുള്ള ചില അവസാദങ്ങളിലെ പരൽരൂപവത്കരണം അശ്മീഭവനത്തിനു ഹേതുകമാവാറുണ്ട്. ഭൌതികമാർഗങ്ങളിലൂടെ ഉദ്ഭവിക്കുന്ന അവസാദശിലകളുടെ കാഠിന്യവർധനവിനും പരൽരൂപവത്കരണം നിദാനമാവാം. പരൽരൂപമില്ലാത്തതും കൊളോയ്ഡ് രൂപത്തിലുള്ളതുമായ സൂക്ഷ്മകണിക (fine grained) പദാർഥങ്ങളിലെ രാസികപ്രക്രിയകൾ വഴി പുതിയ ധാതുക്കൾ രൂപംകൊള്ളുന്നു. നന്നേ നേർത്ത തരികൾ മാത്രമുള്ള അവസാദനിക്ഷേപങ്ങളിൽ ഇത് അശ്മീഭവനത്തിനു വഴിതെളിക്കുന്നു.[18]

വർഗീകരണം[തിരുത്തുക]

അവസാദശിലകളുടെ പൊതുവിഭജനം ഒന്നിലധികം രീതികളിൽ നിർവഹിക്കാവുന്നതാണ്. സാധാരണ പ്രയോഗത്തിലുള്ള വിഭജനക്രമമനുസരിച്ച് ഇത്തരം ശിലകളെ മൊത്തത്തിൽ ദ്രവണശിഷ്ടങ്ങളും രാസികങ്ങളുമായി തിരിച്ചിരിക്കുന്നു. രാസിക-അവസാദങ്ങളെ ജീവരാസികങ്ങളും, അജീവരാസികങ്ങളുമായി പുനർവിഭജനം നടത്താവുന്നതാണ്. ദ്രവണശിഷ്ടങ്ങൾ ഒട്ടാകെത്തന്നെ ദളികാശ്മങ്ങളാണ്. എന്നാൽ രാസികങ്ങൾ ദളികാഘടനയുള്ളവയോ അല്ലാത്തവയോ ആവാം. ദ്രവണശിഷ്ടങ്ങളെ തരികളുടെ വലിപ്പത്തെ ആശ്രയിച്ചും രാസികങ്ങളെ സംയോഗം (composition) അടിസ്ഥാനമാക്കിയും തരംതിരിച്ചിരിക്കുന്നു.

ദ്രവണശിഷ്ട-അവസാദശിലകൾ[തിരുത്തുക]

കൊൺഗ്ളോമെറേറ്റ്[തിരുത്തുക]

(Conglomerate)

ഇത്തരം ശിലകളുടെ ശകലങ്ങൾ ഏറിയ കൂറും ഉരുളൻ കല്ലുകളായിരിക്കും; അവയിൽത്തന്നെ നല്ലൊരു ശ.മാ. 2-4 മി.മീ. വ്യാസമുള്ള കണികകളാവും. ഒരു കൊൺഗ്ളോമെറേറ്റിലെ മുഴുത്ത ശകലങ്ങളൊക്കെത്തന്നെ പാറക്കഷണങ്ങളായിരിക്കും; സൂക്ഷ്മകണികകൾ മാതൃശിലയിൽനിന്നും ഉരുത്തിരിഞ്ഞ ധാത്വംശങ്ങളുമാവും. കൊൺഗ്ളോമെറേറ്റിലെ ശകലങ്ങൾ ഉരുണ്ടിരിക്കുന്നതിനു പകരം ചിലപ്പോൾ കോണീയങ്ങളായിക്കാണാം; അത്തരത്തിലുള്ള ശിലകളെ ബ്രക്ഷ്യ (breccia) എന്നു വിളിച്ചുവരുന്നു.

മണൽക്കല്ല്[തിരുത്തുക]

ചുവന്ന മണൽക്കല്ല്

1/16 മി.മീ. മുതൽ 2 മി.മീ. വരെ വ്യാസമുള്ള മണൽത്തരികളുടെ സംപിണ്ഡിതരൂപമാണ് മണൽക്കല്ല് (Sand stone).[19] സ്ഥൂലകണികങ്ങളായ കൊൺഗ്ളോമെറേറ്റുകൾക്കും, സൂക്ഷ്മകണികങ്ങളായ ചെളിക്കല്ലിനും ഇടയ്ക്കുള്ള സ്ഥാനമാണ് മണൽക്കല്ലുകൾക്കുള്ളത്.

മണൽക്കല്ലിന്റെ ഒട്ടുമുക്കാലും ഇനങ്ങൾ ക്വാർട്ട്സ് ഉൾക്കൊണ്ടിരിക്കും. ക്വാർട്ട്സും ഫെൽസ്പാറും പ്രമുഖ ഘടകങ്ങളായിട്ടുള്ള മണൽക്കല്ലുകളെ ആർകോസ് (Arkose) എന്നു വിളിക്കുന്നു. ഗ്രാനൈറ്റ് ശിലകൾ ഭൗതികാപക്ഷയത്തിനു വിധേയമാവുമ്പോൾ വിഘടിതമാവുന്ന ശകലങ്ങൾ അടിഞ്ഞുകൂടിയാണ് ആർകോസ് ഉണ്ടാകുന്നത്. മണൽക്കല്ലിലെ മറ്റൊരിനമാണ് ഗ്രേവാക്ക് (graywacke). ഇരുണ്ട നിറവും കാഠിന്യവുമുള്ള ഗ്രേവാക്ശിലകൾ ക്വാർട്ട്സ്, ഫെൽസ്പാർ എന്നീ ധാതുക്കളുടെ കോണീയമായ തരികളും, ഇതരശിലാകണങ്ങളും കളിമൺതരികൾപോലെ നന്നേ നേർത്ത ആധാത്രിയിൽ പതിഞ്ഞടിഞ്ഞ നിലയിൽ ഉണ്ടാകുന്നവയാണ്.

ചെളിക്കല്ലും ഷെയ്‌ലും[തിരുത്തുക]

സൂക്ഷ്മകണികങ്ങളായ കളിമണ്ണ്, സിൽറ്റ് തുടങ്ങിയവ ചേർന്നുണ്ടാവുന്ന ശിലകളാണ് ചെളിക്കല്ലും ഷെയ്ലും. ഒറ്റയ്ക്കു വേർതിരിച്ചാൽ ഇവയിലെ ഓരോ തരിയുടെയും വ്യാസം ഒരു മി.മീറ്ററിന്റെ 1/16-ൽ കുറവായിരിക്കും. കുഴഞ്ഞു കട്ടപിടിച്ച നിലയിൽ കാണുന്ന സൂക്ഷ്മകണിക അവസാദങ്ങളെയാണ് ചെളിക്കല്ലെന്നു വിളിക്കുന്നത്. തകിടുകളായി അടർത്തി മാറ്റാവുന്ന നിലയിൽ സഞ്ചിതമായിട്ടുള്ള സൂക്ഷ്മകണികാശിലകളാണ് ഷെയ്ലുകൾ; ഈ തകിടുകൾ സ്തരണദിശയ്ക്കു സമാന്തരമായി ക്രമീകരിക്കപ്പെട്ടിരിക്കും. ചെളിക്കല്ലിലെയും ഷെയ്ലിലെയും കണങ്ങൾ നന്നേ സൂക്ഷ്മരൂപത്തിലുള്ളവയാകയാൽ അവയിലെ ധാത്വംശങ്ങൾ കൃത്യമായി നിർണയിക്കുക ദുഷ്കരമാണ്. ഏതായാലും കളിമൺ ധാതുക്കൾക്കുപുറമേ ക്വാർട്ട്സ്, ഫെൽസ്പാർ, കാൽസൈറ്റ്, ഡോളമൈറ്റ് തുടങ്ങിയവയുടെ സൂക്ഷ്മകണികകളുംകൂടി ഇവയിൽ അടങ്ങിയിരിക്കുമെന്നതിൽ സംശയമില്ല.

രാസിക-അവസാദശിലകൾ[തിരുത്തുക]

ചുണ്ണാമ്പുകല്ല്[തിരുത്തുക]

ചുണ്ണാമ്പുകല്ല്

കാൽസൈറ്റ് പ്രമുഖ്യാശമായിട്ടുള്ള ഒരിനം അവസാദശിലയാണിത്. കാർബണികമോ, അല്ലാത്തതോ ആയ രാസികപ്രക്രിയകളിലൂടെയാണ് ഇവയുടെ ഉദ്ഭവം. മിക്കവയ്ക്കും ദളികാഘടനയുണ്ട്; എന്നാൽ പരൽരൂപത്തിലുള്ള സംരചനയും സാധാരണമാണ്.

ചില ജലജീവികളുടെയും സസ്യങ്ങളുടെയും ജീവരാസിക പ്രക്രിയകളിലൂടെ ലവണജലത്തിൽനിന്നും കാൽസ്യം കാർബണേറ്റ് വേർതിരിയുന്നു. ഇങ്ങനെയുണ്ടാവുന്ന ലവണപദാർഥം പ്രസ്തുത ജീവികളുടെ ശരീരാംശമായിത്തീരുകയോ, നേരിട്ട് അവക്ഷിപ്തമാകുകയോ ചെയ്യാം. കാലക്രമേണ ഈ അവക്ഷേപങ്ങൾ കുമിഞ്ഞുകൂടി പ്രത്യേക ശിലാസ്തരങ്ങൾക്കു രൂപം നല്കുന്നു. ആൽഗകൾ, മൊളസ്കകൾ, കോറലുകൾ എന്നിവയൊക്കെത്തന്നെ ഇത്തരം പുറ്റുകൾ നിർമ്മിക്കുന്ന ജീവികളാണ്. ഇവയിൽ വളരെ പഴക്കം ചെന്നതും സാമാന്യം ആഴത്തിൽ അവസ്ഥിതവുമായ പുറ്റുകൾ പെട്രോളിയത്തിന്റെ കനത്ത നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

ചോക്ക്[തിരുത്തുക]

ചോക്ക്

Chalk കടലിലെ സൂക്ഷ്മരൂപികളായ ജന്തുക്കളുടെയും സസ്യങ്ങളുടെയും പുറന്തോടുകളിൽനിന്നും ഉദ്ഗമിക്കുന്ന ജീവരാസികപ്രക്രിയകളിലൂടെ രൂപംകൊണ്ട കാൽസൈറ്റാണ് ചോക്ക്. ഇവ രാസികമോ ജീവരാസികമോആയ പരിവർത്തനങ്ങളിലൂടെ രൂപംകൊണ്ട അന്യ കാൽസൈറ്റ് നിക്ഷേപങ്ങളുമായി കലർന്നുകാണുന്നു. പരുക്കൻ തരികളായി കാണപ്പെടുന്ന കോക്വിന (coquina) എന്ന ചുണ്ണാമ്പുകല്ലും ജൈവാവശിഷ്ടങ്ങളിൽനിന്നും ഉണ്ടാകുന്നതാണ്. ഷെല്ലുകളിലെ വലിപ്പമേറിയ കഷണങ്ങൾ കൂടിച്ചേർന്നാണ് ഇവ രൂപംകൊള്ളുന്നത്.

അജൈവപ്രക്രിയകളിലൂടെയും കാൽസൈറ്റ് ഉത്പാദിതമാകുന്നു. കാൽസിയത്തിന്റെ അംശം ധാരാളമുള്ള ശിലകൾ രാസാപക്ഷയത്തിനു വിധേയങ്ങളാകുമ്പോൾ കാൽസിയംബൈകാർബണേറ്റ് [Ca (HCO3)2]ലായനി ഉണ്ടാവും. ഊഷ്മാവ് കൂടിയിട്ടോ, മർദം കുറഞ്ഞതുകൊണ്ടോ കൂടുതൽ ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനെത്തുടർന്ന് കാൽസൈറ്റ് അവക്ഷിപ്തമായിത്തീരുന്നു.

ഊലൈറ്റ്[തിരുത്തുക]

(Oolite)

ധാന്യമണികൾ പോലെ ഉരുണ്ട് കടൽത്തറകളിൽ കാണപ്പെടുന്ന കാൽസൈറ്റ് പദാർഥമാണ് ഊലൈറ്റ്. കടൽവെള്ളത്തിൽനിന്നും അജൈവപ്രക്രിയകളിലൂടെ അവക്ഷിപ്തമാകുന്നതാണ് ഇത്തരം ശിലകൾ. ഒരു കണത്തിനു ചുറ്റുമായി ധാത്വംശം അടിഞ്ഞുകൂടിയ വിധമാണ് മിക്ക ഊലൈറ്റ് മണികളുടെയും ഘടന. കഴിഞ്ഞ യുഗങ്ങളിൽ സമുദ്രങ്ങളായി കഴിയുകയും പിന്നീട് പ്രോത്ഥാന(upheaval)ത്തിനു വിധേയമായി കരയായിത്തീരുകയും ചെയ്ത പ്രദേശങ്ങളിലും ഊലൈറ്റ് സഞ്ചയങ്ങൾ കണ്ടുവരുന്നു.

ഡോളമൈറ്റ്[തിരുത്തുക]

(Dolomite)

കാൽസിയം-മഗ്നീഷ്യം കാർബണേറ്റ് [Ca Mg (Co3)2] ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണ് ഡോളമൈറ്റ്. ഡോളമൈറ്റ് ധാതുവിന്റെയും ശിലയുടെയും ഉദ്ഭവത്തെ സംബന്ധിച്ച് ഇന്നും അഭിപ്രായവ്യത്യാസമുണ്ട്. കടൽവെള്ളത്തിൽനിന്നു നേരിട്ടുള്ള അവക്ഷേപമായി കരുതപ്പെട്ടിരുന്നു; എന്നാൽ ഇന്നത്തെ കടൽത്തറകളിൽ ഡോളമൈറ്റ് അടിഞ്ഞുകാണുന്നില്ല. സാധാരണ ചുണ്ണാമ്പുകല്ലിലെ (Ca Co3) കാൽസിയത്തിലെ ഒരംശം മഗ്നീഷ്യം ആദേശം ചെയ്യുന്നതിലൂടെ രൂപംകൊള്ളുന്ന പുതിയ ധാതുവാണ് ഡോളമൈറ്റ് എന്നാണ് ഇപ്പോഴത്തെ വിവക്ഷ.

എവാപൊറൈറ്റ്[തിരുത്തുക]

(Evaporite)

ലവണജലത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെട്ടുണ്ടാവുന്ന അവസാദശിലകളാണ് എവാപൊറൈറ്റുകൾ. കല്ലുപ്പ് (Na Cl), ജിപ്സം (Ca So4.2H2O) എന്നിവയാണ് പ്രമുഖ എവാപൊറൈറ്റുകൾ. ആൻഹൈഡ്രൈറ്റ് മറ്റൊരിനമാണ്; നിർജലീയ (un-hydrous) ജിപ്സമാണ് ആൻഹൈഡ്രൈറ്റ് എന്നു പറയാം. ഒരു പ്രത്യേക ക്രമത്തിലാണ് എവാപൊറൈറ്റുകൾ നിക്ഷിപ്തമാകുന്നത്. ലേയത്വത്തിന്റെ തോതനുസരിച്ച്, ഏറ്റവും കുറഞ്ഞത് ആദ്യവും മറ്റുള്ളവ തുടർന്നും അടിയുന്നു. ജിപ്സവും ആൻഹൈഡ്രൈറ്റും കല്ലുപ്പിനെക്കാൾ മുൻപ് നിക്ഷിപ്തമാവും. എവാപൊറൈറ്റിന്റെ ധാതുസമ്പന്നങ്ങളായ നിക്ഷേപങ്ങൾ ഖനനവിധേയമാകാറുണ്ട്. മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിൽ പ്രോത്ഥാനവിധേയമായി ഉപരിതലത്തിലെത്തിയിട്ടുള്ള എവാപൊറൈറ്റ് സഞ്ചയങ്ങൾ കനത്ത പെട്രോളിയം നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു.

ചേർവിള്ളലുകളും തരംഗചിഹ്നങ്ങളും[തിരുത്തുക]

(Mud Cracks and Ripple Marks)

കെട്ടിക്കിടക്കുന്ന ജലം വാർന്നൊഴിയുകയോ വറ്റുകയോ ചെയ്യുന്നതുമൂലം അനാവൃതമായിത്തീരുന്ന ചെളിക്കല്ലുകൾ വിണ്ടുകീറി ഉണ്ടാകുന്നവയാണ് ചേർവിള്ളലുകൾ ബഹുഭുജാകൃതിയിലുള്ള ഈ വിള്ളലുകൾ ഏതാണ്ടൊരു തേനീച്ചക്കൂടിന്റെ പരിച്ഛേദംപോലെ പടർന്നുകാണുന്നു. ഈ നിക്ഷേപങ്ങൾ ഉറച്ച് പാറയായിത്തീരുമ്പോഴും ചേർവിള്ളലുകൾക്ക് ക്ഷതം സംഭവിക്കുന്നില്ല. ലക്ഷക്കണക്കിനു വർഷങ്ങൾ അതേപടി തുടരുകയും ചെയ്യും. സ്തരണതലത്തിലൂടെ അടുത്തടുത്തുള്ള രണ്ട് അടരുകൾ പൊളിച്ചുമാറ്റി, ചേർവിള്ളലുകളുടെ ലക്ഷണത്തിൽനിന്നും പ്രസക്ത ശിലാസ്തരങ്ങളുടെ ചരിത്രം ഗ്രഹിക്കാവുന്നതാണ്.

അവസാദങ്ങളുടെ ആദ്യകാലസ്ഥിതിഗതികൾ ഗ്രഹിക്കുന്നതിന് തരംഗചിഹ്നങ്ങൾ വളരെയേറെ സഹായകമാണ്. സമമിതവും വൃത്താകാരവുമായ രൂപങ്ങൾ തിരമാലകളുടെ ഏറ്റിറക്കങ്ങളെ സൂചിപ്പിക്കുന്നു; അനിയമിതമായി ഒരേ ദിശയിലേക്കായിക്കാണുന്ന അടയാളങ്ങളാവട്ടെ പ്രവാഹജലത്തിന്റെയോ കാറ്റിന്റെയോ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു.

ഉപ-അവസാദങ്ങൾ[തിരുത്തുക]

(Secondary sediments)

സംഹതികൾ (Concretions)

അവസാദങ്ങൾ രൂപംകൊണ്ടതിനുശേഷം പരിവർത്തനങ്ങളിലൂടെ ഉദ്ഭവിക്കുന്ന പുതിയയിനം സംരചനകളെയാണ് ഉപ-അവസാദങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. പർവകങ്ങൾ (Nodules), സംഹതികൾ (Concretions),[20] ജിയോഡുകൾ (Geodes)[21] എന്നിവയാണ് ഇവയിൽ പ്രമുഖങ്ങൾ.

ഒരടിയോളം വലിപ്പത്തിൽ നീണ്ടുരുണ്ട്, എന്നാൽ ക്രമരഹിതമായി രൂപംകൊള്ളുന്ന രണ്ടാംതരം അവസാദങ്ങളാണ് പർവകങ്ങൾ. ഇവ മാതൃസ്തരത്തിനു സമാന്തരമായും ചിലപ്പോൾ ഒന്നുചേർന്ന് ഒരു പ്രത്യേക സ്തരത്തിന്റെ പ്രതീതി ജനിപ്പിച്ചും അവസ്ഥിതമാകുന്നു. ചെർട്ട്, അനലാശ്മം എന്നീയിനത്തിലുള്ള സിലിക്കയാണ് പർവകങ്ങളിലെ പ്രധാനഘടകമായി കാണപ്പെടുന്നത്. ചുണ്ണാമ്പുകല്ലിലും ഡോളമൈറ്റിലുമാണ് ഇതു ബഹുലമായി ഉള്ളത്. മാതൃ-നിക്ഷേപങ്ങളിലെ പ്രത്യേക ധാത്വംശങ്ങളെ സിലിക ആദേശം ചെയ്യുന്നതാണ് പൊതുവേ പർവകങ്ങളുടെ ഉദ്ഗമത്തിനു നിദാനം. അപൂർവമായി പ്രധാന അവസാദങ്ങളോടൊപ്പം നിക്ഷിപ്തമാകുന്ന സിലികാംശങ്ങളും പർവകങ്ങളായിത്തീരാറുണ്ട്.

ജിയോഡുകൾ (Geodes)

നിക്ഷേപങ്ങളെ അശ്മീഭവനത്തിനു സഹായിക്കുന്ന സിമന്റുപദാർഥങ്ങൾ അവിടവിടെ സംഹതമായിത്തീരാം; ഇത്തരം പിണ്ഡങ്ങളാണ് സംഹതി(concretions)കളായി വ്യവഹരിക്കപ്പെടുന്നത്. ഒരു മി.മീ. മുതൽ അനേകം മീറ്റർ വരെ വലിപ്പമുള്ള സംഹതികൾ ഉണ്ടാവാം; ഉരുണ്ടോ, ഫലകാകൃതിയിലോ ചിലപ്പോൾ അനിയമിതമായി ജടിലരൂപങ്ങളിലോ കാണപ്പെടുന്നു. പ്രത്യേക കണങ്ങൾക്കു ചുറ്റുമായി ഉരുണ്ടുകൂടുന്ന സിമന്റു പദാർഥങ്ങളാണ് സംഹതികളായിത്തീരുന്നത്. കാൽസൈറ്റ്, ഡോളമൈറ്റ്, അയൺ ഓക്സൈഡ് തുടങ്ങിയുള്ള ഏതു സിമന്റു പദാർഥത്തിന്റെയും സംഹതികൾ ഉണ്ടാവാം.

ഏതാണ്ട് ഗോളാകൃതിയിൽ ഏതാനും സെന്റീമീറ്ററുകൾ മുതൽ ഒരു മീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൊള്ളയായ അവസാദവിശേഷങ്ങളാണ് ജിയോഡുകൾ. ഇവയുടെ പുറന്തോട് കാൽസിഡോണി ആയിരിക്കും. ഉൾവശത്തു മുഴച്ചുകാണുന്ന ക്വാർട്ട്സ് പരലുകളുണ്ടാവും; അപൂർവമായി കാൽസൈറ്റ്, ഡോളമൈറ്റ് തുടങ്ങിയവയുടെ പരലുകളും. സാധാരണമായി ചുണ്ണാമ്പുകല്ലിലും അപൂർവമായി ഷെയ്‌ലുകളിലും ജിയോഡുകൾ അവസ്ഥിതമായിക്കാണുന്നു.

ജീവാശ്മങ്ങൾ[തിരുത്തുക]

ജീവാശ്മങ്ങൾ (fossils)

പുരാജീവികളുടെയോ സസ്യങ്ങളുടെയോ അവശിഷ്ടങ്ങളാണ് ജീവാശ്മങ്ങൾ (fossils). ആഗ്നേയശിലകളിലും കായാന്തരിതശിലകളിലും അപൂർവമായി മാത്രം കണ്ടുവരുന്ന ജീവാശ്മങ്ങൾ ചെളിക്കല്ല്, ഷെയ് ൽ, ചുണ്ണാമ്പുകല്ല് എന്നീയിനം അവസാദശിലകളിൽ ബഹുലമാണ്. മണൽക്കല്ല്, ഡോളമൈറ്റ്, കൊൺഗ്ളോമെറേറ്റ് എന്നിവയിലും ഇവ കാണപ്പെടുന്നു. ജീവാവശിഷ്ടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന കോക്വിന, ചുണ്ണാമ്പുകല്ല് മുതലായ നിക്ഷേപങ്ങളിലെ ഭൂരിഭാഗവും ജീവാശ്മസഞ്ചയങ്ങളായിരിക്കും. വിനാശകാരികളായ പ്രക്രിയകളിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒഴിവാക്കപ്പെട്ട് നൈസർഗിക രൂപത്തിൽത്തന്നെ സംരക്ഷിക്കപ്പെടുന്ന ജീവാശ്മങ്ങൾ മിക്കവയും ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളവയാണ്. കരയിലും കടലിലുമുള്ള ശതക്കണക്കിനു ജീവികളുടെ ജീവാശ്മങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൌമചരിത്രം മനസ്സിലാക്കുന്നവിഷയത്തിൽ ഇവ ഗണ്യമായി സഹായിക്കുന്നു.

സംലക്ഷണികൾ[തിരുത്തുക]

(Facies)

നിക്ഷേപങ്ങളുടെ വ്യാപ്തി വർധിക്കുന്നതോടൊപ്പം നിക്ഷേപണത്തിന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിത്തീരും. പരിസരങ്ങൾക്കനുസരിച്ച് അവസാദങ്ങളുടെ സ്വഭാവത്തിലും വ്യത്യാസം വന്നുകാണുന്നു. തത്ഫലമായി ഭിന്ന പരിതഃസ്ഥിതികളിൽ നിക്ഷിപ്തമാകുന്ന അവസാദങ്ങൾക്ക്, അവ ഒരേ കാലഘട്ടത്തിലേതായാൽപ്പോലും, വ്യത്യസ്ത സ്വഭാവവിശേഷങ്ങളാണ് ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള സവിശേഷതകളെയാണ് സംലക്ഷണികൾ എന്നു പറയുന്നത്. അവസാദശിലകളുടെ പൊതുസ്വഭാവത്തെയും കായാന്തരിതശിലകളുടെ ഉദ്ഗമത്തെയും സംബന്ധിച്ച പഠനങ്ങളിൽ സംലക്ഷണികൾ ബഹുവിധമായ പ്രയോജനം നല്കുന്നു. സമീപസ്ഥങ്ങളായ മറ്റു നിക്ഷേപങ്ങളിലേക്കു പാർശ്വികമായി വിലയിക്കുന്ന പ്രത്യേക സവിശേഷതകൾ പ്രകടമാക്കുന്ന അവസാദസഞ്ചയങ്ങളായി സംലക്ഷണികളെ നിർവചിക്കാം.

നിറം[തിരുത്തുക]

അവസാദശിലാസഞ്ചയങ്ങൾ വിവിധ വർണങ്ങളിൽ കണ്ടുവരുന്നു. ഇരുമ്പിന്റെ അംശമാണ് നിറം കൊടുക്കുന്നത്. മൊത്തം ഘനമാനത്തിന്റെ 6 ശ.മാനത്തിൽ താഴെയേ അയൺ ഓക്സൈഡ് ഉണ്ടാവുകയുള്ളുവെന്നിരിക്കിലും നന്നേ ചെറിയ അളവുപോലും നിറം പിടിപ്പിക്കുന്നതിനു പര്യാപ്തമാണ്. ഹേമട്ടൈറ്റിന്റെ സാന്നിധ്യം മൂലം അവസാദങ്ങൾ ചുവന്നതോ പാടലമോ ആയിത്തീരുന്നു. ലിമൊണൈറ്റ്, ഗീഥൈറ്റ് എന്നിവ മഞ്ഞ, തവിട്ട് എന്നീ നിറങ്ങൾക്കു നിദാനമാകും. ഇരുമ്പിന്റെ മറ്റു ചില ഓക്സൈഡുകൾ മൂലം അവസാദങ്ങൾ പച്ചയോ നീലലോ ഹിതമോ ഇരുണ്ടതോ ആയിത്തീരാറുണ്ട്.

ജൈവാവശിഷ്ടങ്ങളും വർണഹേതുകമായിത്തീരാം. ഊത മുതൽ കറുപ്പുവരെയുള്ള നിറങ്ങളാണ് ഇവമൂലം ലഭിക്കുന്നത്. വർണഹേതുകമല്ലെങ്കിൽപോലും നിറത്തിന്റെ തീവ്രതയെ ബാധിക്കുന്ന ഒരു ഘടകമാണ് ശിലാകണികകളുടെ വലിപ്പം. ഉദാഹരണമായി ദളികാഘടനയുള്ള സൂക്ഷ്മകണിക അവസാദങ്ങൾ അതേ സംഘടനമുള്ള സ്ഥൂലകണികശിലകളെ അപേക്ഷിച്ച് കടുത്ത നിറമുള്ളവയായിരിക്കും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Weathering
  2. clastic rock
  3. precipitate
  4. "Shale". Archived from the original on 2011-04-15. Retrieved 2010-11-02.
  5. "Kaolinite". Archived from the original on 2011-09-04. Retrieved 2010-11-02.
  6. Illite Mineral Data
  7. The nature of water in hydrous silica
  8. "Chalcedony or Cryptocrystalline Quartz". Archived from the original on 2011-04-15. Retrieved 2010-11-02.
  9. lntensityd ifferenceso f subsidiaryr eflectionsin calcicp lagioclase
  10. HEMATITE
  11. "The Mineral GOETHITE". Archived from the original on 2011-10-16. Retrieved 2010-11-03.
  12. Limonite
  13. Floccules
  14. Chemical precipitates
  15. Clastic Rocks
  16. Wentworth Grade Scale
  17. lithification
  18. "Crystallization". Archived from the original on 2010-06-12. Retrieved 2010-11-03.
  19. The Rock - Sandstone
  20. "Concretions". Archived from the original on 2011-07-27. Retrieved 2010-11-03.
  21. "Geodes: A Look at Iowa's State Rock". Archived from the original on 2010-02-02. Retrieved 2010-11-03.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവസാദശില എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവസാദശില&oldid=3911320" എന്ന താളിൽനിന്ന് ശേഖരിച്ചത്