അനലാശ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനലാശ്മം
ഫ്ലിന്റ്ഉരുളൻ കല്ലുകൾ നിറഞ്ഞ കടൽത്തീരം

തവിട്ടു മുതൽ കറുപ്പുവരെ വിവിധ നിറങ്ങളിൽ അതാര്യമായ വസ്തുവാൽ നിർമിതമായ ഒരിനം ശിലയെയാണ് അനലാശ്മം (Flint) എന്നു പറയുന്നത്. ഗൂഢക്രിസ്റ്റലീയ (crypto crystalline)[1] സിലിക്കയുടെ സാന്ദ്രമായ സംഘടനയാണ് ഇതിനുള്ളത്. ഇതിനെക്കുറിക്കാൻ ഫ്ലിന്റ് എന്ന ആംഗലപദം തന്നെ സാധാരണ ഉപയോഗിക്കാറുണ്ട്. അപക്ഷയത്തിനു വിധേയമാവുമ്പോൾ മഞ്ഞയോ ഇളം തവിട്ടോ ആയിത്തീരുന്നു. കണ്ണാടി, ഇരുമ്പ് എന്നിവയെക്കാളും കടുപ്പമുള്ള പദാർഥം; കാഠിന്യം ഏഴ്. അല്പമാത്രമായി മാലിന്യങ്ങൾ കലർന്നു കാണുന്നു. അവ മിക്കവാറും കാർബൺമയം ആയിരിക്കും.

വിവിധ വലിപ്പങ്ങളിലുള്ള പർവകങ്ങളായാണ് (nodules)[2] ഇവ കണ്ടുവരുന്നത്. മീറ്ററുകളോളം വ്യാസമുള്ള ദീർഘവൃത്തജ (ellipsoid)[3]ങ്ങളായോ, ഉരുണ്ട് സാരണീബദ്ധമായോ (tabular)[4] അവസ്ഥിതമാവാം. ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുമായി ഇടകലർന്നാണ് സാധാരണ കാണാറുള്ളത്. നദീതടങ്ങളിൽ ഉരുളൻ കല്ലുകളുടെ രൂപത്തിൽ ധാരാളമായി ഉണ്ടായിരിക്കും. അടരുകളായിട്ടാണ് അവസ്ഥിതിയെങ്കിൽ അവ സമീപശിലാസ്തരങ്ങൾക്കു സമാന്തരമായിരിക്കും.

കുഴിച്ചെടുക്കുമ്പോൾ അധികം ഉറപ്പില്ലാത്തതായി കണ്ടുവരുന്ന ഈ ശില വായുസമ്പർക്കംകൊണ്ട് ക്രമേണ ദൃഢമായിത്തീരുന്നു. ശംഖാഭമായ(conchoidal)[5] പൊട്ടൽ (fracture) ഉണ്ടായിരിക്കും. കനം കുറഞ്ഞ അലകുകളായി അടർത്തി മാറ്റാം. ഈ അലകുകളുടെ അരികുകൾ മൂർച്ചയുള്ളതായിരിക്കും. നന്നായി ചൂടാക്കിയ ഫ്ലിന്റ് പെട്ടെന്ന് വെള്ളത്തിലിട്ടാൽ വെള്ളനിറത്തിലുള്ള ക്വാർട്ട്സായി രൂപാന്തരപ്പെടുന്നു.

ശിലായുഗത്തിലെ മനുഷ്യൻ ആയുധങ്ങൾക്കും മറ്റുപകരണങ്ങൾക്കും ഫ്ലിന്റ് ഉപയോഗപ്പെടുത്തിയിരുന്നു. ചീളികളായി അടർത്തിയെടുക്കുന്നതിനും കൂർപ്പിക്കുന്നതിനുമുള്ള സൌകര്യംകൊണ്ടാണ് ഇത്തരത്തിൽ പ്രയോജകീഭവിച്ചത്. അനലാശ്മ നിർമിതമായ കുന്തങ്ങളും ശരങ്ങളും മറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. തീയുണ്ടാക്കുന്നതിനും ഫ്ലിന്റ് കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 17-ഉം 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ തോക്കുകളിലെ കാഞ്ചികൾക്കായി ഫ്ലിന്റ് ഉപയോഗിച്ചിരുന്നു. ഫ്ലിന്റു കൊണ്ടുള്ള കൽച്ചട്ടികൾ ഇന്നും പ്രചാരത്തിലുണ്ട്. കളിമൺ വ്യവസായം, പെയിന്റ് നിർമ്മാണം എന്നിവയിൽ ഒരസംസ്കൃതവസ്തുവായി ഫ്ലിന്റ് ഉപയോഗിച്ചുവരുന്നു.

അവലംബം[തിരുത്തുക]

  1. "Chalcedony or Cryptocrystalline Quartz". മൂലതാളിൽ നിന്നും 2011-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-02.
  2. nodule
  3. Ellipsoid
  4. tabular
  5. conchoidal

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനലാശ്മം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനലാശ്മം&oldid=3838205" എന്ന താളിൽനിന്ന് ശേഖരിച്ചത്