അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്
അബ്ദുൽ മുത്തലിബിന്റെ പന്ത്രണ്ടു സന്തതികളിലൊരാളും മുഹമ്മദു നബിയുടെ പിതൃസഹോദരനുമായിറ്റുന്നു അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ് (അറബി: العباس بن عبد المطلب). ധനികനും വർത്തകപ്രമാണിയും തത്ത്വചിന്തകനുമായിരുന്ന അബ്ബാസ് ആദ്യകാലത്ത് മുഹമ്മദുനബിയുടെ ഒരു എതിരാളികൂടിയായിരുന്നു. ബദർയുദ്ധത്തിൽ ഇസ്ലാമിക പക്ഷത്തിനെതിരായി ശത്രുക്കളുടെകൂടെ ചേർന്ന് ഇദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥനാക്കപ്പെട്ടതിനെ തുടർന്ന് സ്വന്തമായി പ്രതിഫലം നൽകി വിമോചിതനായി. അതിനുശേഷം ഇസ്ലാംമതം സ്വീകരിക്കുകയും മതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു ധർമഭടനായി മറ്റു മുസ്ലീങ്ങളോടൊപ്പം അടരാടുകയും ചെയ്തിട്ടുണ്ട്. അബ്ബാസിയാ ഖലീഫമാർ ഇദ്ദേഹത്തിന്റെ വംശജരാണ്. ഖുറൈഷികളിൽവച്ചു തന്ത്രജ്ഞനും ബുദ്ധിശാലിയുമായിരുന്നുവെങ്കിലും 88-ആമത്തെ വയസ്സിൽ, എ.ഡി. 653-ൽ മദീനയിൽവച്ച് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരിയായ മയ്മൂന മുഹമ്മദുനബിയുടെ പത്നിയായിരുന്നു. നബിയുടെ അന്ത്യോപചാര വേളയിൽ ഇദ്ദേഹം സന്നിഹിതനായിരുന്നു.
അവലംബം
[തിരുത്തുക]- http://www.geni.com/people/Abbas-ibn-Abd-al-Muttalib-r-a/6000000002188193498
- http://baqee.org/baqee/index.php?option=com_content&view=article&id=17:abbas-ibn-abdul-muttalib&catid=11:people-at-baqee&Itemid=17 Archived 2011-03-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |