Jump to content

അപ്പോളോ 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പോളോ 11
Mission insignia
Mission statistics[1]
Mission nameഅപ്പോളോ 11
Spacecraft nameCSM: Columbia
LM: Eagle
Command ModuleCM-107
mass 12,250 lb (5,560 kg)
Service ModuleSM-107
mass 51,243 lb (23,243 kg)
Lunar ModuleLM-5
mass 33,278 lb (15,095 kg)
Spacecraft mass96,771 lb (43,895 kg)
Crew size3
Call signCSM: Columbia
LM: Eagle in-flight; Tranquillity Base on lunar surface
Launch vehicleSaturn V SA-506
Launch padLC 39A
Kennedy Space Center
Florida, USA
Launch dateജൂലൈ 16, 1969 (1969-07-16)
13:32:00 UTC
Lunar landingJuly 20, 1969
20:17:40 UTC
Sea of Tranquillity
0°40′26.69″N 23°28′22.69″E / 0.6740806°N 23.4729694°E / 0.6740806; 23.4729694
(based on the IAU Mean Earth Polar Axis coordinate system)
Lunar EVA duration2 h 36 m 40 s
Lunar surface time21 h 31 m 20 s
Lunar sample mass21.55 kg (47.5 lb)
Number of lunar orbits30
Total CSM time in lunar orbit59 h 30 m 25.79 s
LandingJuly 24, 1969
16:50:35 UTC
North Pacific Ocean
13°19′N 169°9′W / 13.317°N 169.150°W / 13.317; -169.150 (Apollo 11 splashdown)
Mission duration8 d 03 h 18 m 35 s
Crew photo
Left to right: Armstrong, Collins, Aldrin
Related missions
Previous mission Subsequent mission
Apollo 10 പ്രമാണം:AP12goodship.png Apollo 12

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമാണ് അപ്പോളോ 11 (ജൂലൈ 16-24, 1969). ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.

1969 ജൂലൈ 20 അന്താരാഷ്ട്രസമയം 20:17 ന് കമാൻഡർ നീൽ ആംസ്ട്രോങ്ങും ചാന്ദ്ര മൊഡ്യൂൾ പൈലറ്റ് ബസ്സ് ആൾഡ്രിനും അടങ്ങിയ അമേരിക്കൻ സംഘത്തെ വഹിച്ചുകൊണ്ട് ഈഗിൾ എന്ന ചാന്ദ്രപേടകം ചന്ദ്രനിലിറങ്ങി. ഈഗിൾ നിലത്തിറങ്ങി ആറ് മണിക്കൂർ 39 മിനിറ്റിനുശേഷം ജൂലൈ 21 അന്താരാഷ്ട്രസമയം 02:56 ന് ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ വ്യക്തിയായി ആംസ്ട്രോംഗ് മാറി; 19 മിനിറ്റിനുശേഷം ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം ചേർന്നു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അവർ ഒരുമിച്ച് ചെലവഴിക്കുകയും 47.5 പൗണ്ട് (21.5 കിലോഗ്രാം) ചാന്ദ്ര വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. അവരിരുവരും ചന്ദ്രന്റെ ഉപരിതലത്തിലായിരിക്കുമ്പോൾ, നിയന്ത്രണ പേടകത്തിന്റ പൈലറ്റായിരുന്ന മൈക്കൽ കോളിൻസ് മുകളിൽ കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ലാൻഡിംഗിന് ശേഷം കൊളംബിയയിൽ വീണ്ടും ചേരുന്നതിന് മുമ്പ് ആംസ്ട്രോങ്ങും ആൽ‌ഡ്രിനും ചന്ദ്രോപരിതലത്തിൽ പ്രശാന്തിയുടെ സമുദ്രം എന്ന് പേരിട്ട ഒരു സ്ഥലത്ത് 21 മണിക്കൂർ 36 മിനിറ്റ് ചെലവഴിച്ചു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.

ജൂലൈ 16 ന് 13:32 UTC ന് ഫ്ലോറിഡയിലെ മെറിറ്റ് ദ്വീപിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സാറ്റേൺ V റോക്കറ്റാണ് അപ്പോളോ 11 വിക്ഷേപിച്ചത്, നാസയുടെ അപ്പോളോ പദ്ധതിയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ദൗത്യമായിരുന്നു അത്. അപ്പോളോ ബഹിരാകാശ പേടകത്തിന് മൂന്ന് ഭാഗങ്ങളാണുണ്ടായിരുന്നത്: 1. മൂന്ന് ബഹിരാകാശയാത്രികർക്കായി ഒരു ക്യാബിൻ ഉള്ള ഒരു മാതൃ പേടകം, ഇതാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഒരേയൊരു ഭാഗം; 2. പ്രൊപ്പൽ‌ഷൻ, ഇലക്ട്രിക്കൽ പവർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് നിയന്ത്രണ പേടകത്തെ പിന്തുണയ്ക്കുന്ന ഒരു സേവന പേടകം; 3. രണ്ട് ഭാഗങ്ങളുള്ള ഒരു ചാന്ദ്ര പേടകം - ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരു അവരോഹണ ഭാഗവും ബഹിരാകാശയാത്രികരെ ചാന്ദ്രഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരു ആരോഹണ ഭാഗവും.

ചന്ദ്രനിലേക്ക് വിക്ഷേപിക്കപ്പെട്ടശേഷം, സാറ്റേൺ V റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ ബഹിരാകാശയാത്രികർ കൊളംബിയ എന്ന ബഹിരാകാശ പേടകത്തെ റോക്കറ്റിൽ നിന്ന് വേർപെടുത്തി. തുടർന്ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതുവരെ മൂന്ന് ദിവസം അവർ കൊളംബിയയിൽ സഞ്ചരിച്ചു. ആംസ്ട്രോങ്ങും ആൽഡ്രിനും ജൂലൈ 20 ന് ഈഗിളിലേക്ക് മാറി പ്രശാന്ത സമുദ്രത്തിൽ ഇറങ്ങി. കൊളംബിയ അതിന്റെ 30 ചാന്ദ്ര പരിക്രമണങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് കുതിക്കുന്നതിനുമുമ്പായി അവർ ഈഗിളിനെ ഉപേക്ഷിച്ച് വീണ്ടും കൊളംബിയിയൽ കയറി. എട്ട് ദിവസത്തിലധികം നീണ്ടുനിന്ന ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 24 ന് അവർ ഭൂമിയിൽ എത്തി പസഫിക് സമുദ്രത്തിൽ വന്നു വീണു.

ആംസ്ട്രോങ്ങിന്റെ ചന്ദ്രനിലെ ആദ്യ ചുവട് വയ്പ്പ് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം ടിവിയിൽ പ്രക്ഷേപണം ചെയ്തു. "മനുഷ്യന് ഒരു ചെറിയ കാൽവെപ്പ്‌, മാനവ രാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം" എന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 1961 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, പ്രഖ്യാപിച്ച "ഈ ദശകം അവസാനിക്കുന്നതിനുമുമ്പ്, ഒരു മനുഷ്യനെ ചന്ദ്രനിൽ ഇറക്കി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചയക്കുക." എന്ന അമേരിക്കയുടെ ദേശീയ ലക്ഷ്യം നിറവേറ്റിക്കൊണ്ട്, ബഹിരാകാശ മത്സരത്തിൽ യുഎസ് നേടിയ വിജയമായി മാറി അപ്പോളോ 11 ന്റെ ഫലപ്രഥമായ വിക്ഷേപണം.

അപ്പോളോ 11 നെയും വഹിച്ചുകൊണ്ട് സറ്റേൺ V റോക്കറ്റ് ഉയരുന്നു

പശ്ചാത്തലം

[തിരുത്തുക]

1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിൽ അമേരിക്ക ഏർപ്പെട്ടിരുന്നു. 1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയൻ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ചു. ഈ അത്ഭുതകരമായ വിജയം ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്കയും ഭാവനയും വള‍ർത്തി. ഭൂഖണ്ഡാന്തര സ്ഥലങ്ങളിൽ ആണവായുധങ്ങൾ എത്തിക്കാനുള്ള കഴിവ് സോവിയറ്റ് യൂണിയനുണ്ടെന്ന് ഇത് തെളിയിച്ചു, സൈനിക, സാമ്പത്തിക, സാങ്കേതിക മേഖലകളിൽ തങ്ങളുടെ മേധാവിത്വത്തെക്കുറിച്ചുള്ള അമേരിക്കൻ അവകാശവാദങ്ങൾക്ക് ഇത് വെല്ലുവിളിയായി. ഏത് സൂപ്പർ പവർ മികച്ച ബഹിരാകാശ യാത്രാ ശേഷി കൈവരിക്കുമെന്ന് തെളിയിക്കാനുള്ള ബഹിരാകാശ മൽസരത്തിന് ഇത് തുടക്കമിട്ടു. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) എന്ന സ്ഥാപനം രൂപീകരിക്കുകയും പ്രോജക്റ്റ് മെർക്കുറി എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസ്നോവർ സ്പുട്നിക് വെല്ലുവിളിയോട് പ്രതികരിച്ചു. എന്നാൽ 1961 ഏപ്രിൽ 12 ന് സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാരിൻ ബഹിരാകാശത്തെത്തുന്ന ആദ്യത്തെ വ്യക്തിയായും ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യ മനുഷ്യനായും മാറി. ഏകദേശം ഒരു മാസത്തിനുശേഷം, 1961 മെയ് 5 ന്, അലൻ ഷെപ്പേർഡ് ആദ്യ അമേരിക്കൻ ബഹിരാകാശ യാത്രികനായിക്കൊണ്ട് 15 മിനിറ്റ് ഭാഗിക പരിക്രമണപഥത്തിലൂടെ ബഹിരാകാശ യാത്ര നടത്തി. ബഹിരാകാശയാത്രയ്ക്കു ശേഷം തിരികെയെത്തി അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കണ്ടെടുത്ത ശേഷം ഐസ്നോവറിന്റെ പിൻഗാമിയായ ജോൺ എഫ്. കെന്നഡിയിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന ടെലിഫോൺ കോൾ ലഭിച്ചു.

സോവിയറ്റ് യൂണിയന് വലിയ ഭാരവാഹകശേഷിയുള്ള വിക്ഷേപണ വാഹനങ്ങൾ ഉള്ളതിനാൽ, നാസ അവതരിപ്പിച്ച മാതൃകകളിൽ നിന്നും കെന്നഡി തിരഞ്ഞെടുത്തത് അന്നത്തെ തലമുറയിൽ നിലവിലുണ്ടായിരുന്ന റോക്കറ്റ് സാങ്കേതിക വിദ്യയുടെ ശേഷിക്ക് അതീതമായ ഒരു വെല്ലുവിളിയായിരുന്നു. ചന്ദ്രനിലേക്കുള്ള ഒരു മനുഷ്യ ദൗത്യമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അതുവഴി യുഎസും സോവിയറ്റ് യൂണിയനും തുല്യതയുള്ള ഒരു വെല്ലുവിളി നേരിടാനാകും എന്നാണ് കെന്നഡി ചിന്തിച്ചത്.

1961 മെയ് 25 ന് "അടിയന്തിര ദേശീയ ആവശ്യങ്ങൾ" എന്ന വിഷയത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു കെന്നഡി ചന്ദ്രനിലേയ്ക്കുള്ള മനുഷ്യദൗത്യത്തിന്റെ പ്രഖ്യാപനം നടത്തി.

കാര്യനിർവ്വാഹകർ

[തിരുത്തുക]

പ്രാഥമിക ചുമതലക്കാർ

[തിരുത്തുക]
അപ്പോളോ 11 പ്രാഥമിക ചുമതലക്കാർ
ചുമതല ബഹിരാകാശ യാത്രികൻ
കമാണ്ടർ നീൽ എ. ആംസ്ട്രോങ് (രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര)
നിയന്ത്രണ പേടകത്തിന്റെ പൈലറ്റ് മൈക്കൽ കോളിൻസ്

രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര

ചാന്ദ്രപേടകത്തിന്റെ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ

രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര

സഹായക സംഘം

[തിരുത്തുക]
അപ്പോളോ 11 പ്രാഥമിക ചുമതലക്കാർ
ചുമതല ബഹിരാകാശ യാത്രികൻ
കമാണ്ടർ ജിം ലവെൽ
നിയന്ത്രണ പേടകത്തിന്റെ പൈലറ്റ് വില്യം ആൻഡേഴ്സ്
ചാന്ദ്രപേടകത്തിന്റെ പൈലറ്റ് ഫ്രെഡ് ഹൈസെ

തയ്യാറെടുപ്പുകൾ

[തിരുത്തുക]

1969 ജൂലൈ. 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നു ഇന്ത്യൻ സമയം 19.02-ന് യാത്ര തിരിച്ചു. നീൽ എ. ആംസ്ട്രോങ് (Neil A.Armstrong), എഡ്വിൻ ആൽഡ്രിൻ (Edwin Aldrin), മൈക്കൽ കോളിൻസ് (Michael Collins) എന്നിവരായിരുന്നു യാത്രക്കാർ. ഭീമാകാരമായ സാറ്റേൺ V (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തി(Kgf)-ഓടെ അപ്പോളോ 11-നെ ഉയർത്തിവിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11-ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.

മൂന്ന് ഘട്ടങ്ങളിലായാണ് സാറ്റേൺ റോക്കറ്റ് എരിച്ചത്. രണ്ടര മിനിറ്റു കൊണ്ട് എരിഞ്ഞുകഴിഞ്ഞ ഒന്നാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ആണ് ഇന്ധനമായി ഉപയോഗിച്ചത് (ഒരു സെക്കൻഡിൽ 15 ടൺ ഇന്ധനം എരിയും). അപ്പോളാ 11 കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കി.മീ. ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തിപ്പിച്ചു. അതോടെ ആദ്യറോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു. അപ്പോളോയുടെ വേഗം മണിക്കൂറിൽ 27,000 കി.മീ. ആയി. വാഹനം ഭൂമിയുടെ ഉപഗ്രഹമായിത്തീരാൻ ഈ ഗതിവേഗം മതിയായിരുന്നു.

സഞ്ചാരികൾ വാഹനത്തിലെ വിവിധോപകരണങ്ങൾ പരിശോധിച്ച് എല്ലാം ശരിയാണെന്നു ബോധ്യം വരുത്തിയശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം എരിച്ച് ഗതിവേഗം മണിക്കൂറിൽ 40,000 കി.മീ. ആക്കി. ഹൈഡ്രജനും ഓക്സിജനും കലർന്നതായിരുന്നു ഈ ഘട്ടത്തിലെ ഇന്ധനം. ഭൂമിയുടെ ആകർഷണമേഖലയിൽനിന്നു മോചനം നേടി ചന്ദ്രനെ ലക്ഷ്യമാക്കി അപ്പോളോ കുതിച്ചു. വേഗം കൂട്ടുന്ന ഈ എരിക്കലിന് ട്രാൻസ് ലൂണാർ ഇൻസർഷൻ (T.L.I) എന്നു പറയുന്നു.[2]

ഏകദേശം 200,000 കി.മീ. ദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോൾ റോക്കറ്റ് മൂന്നു സെക്കൻഡു നേരം എരിച്ച് ദിശ ശരിപ്പെടുത്തി. വാഹനം സഞ്ചരിക്കുമ്പോൾ ചന്ദ്രനും സ്വന്തം ഭ്രമണപഥത്തിൽ സഞ്ചരിക്കുകയായതിനാൽ 20-ന് ചന്ദ്രൻ എവിടെ ആയിരിക്കുമെന്നു കണക്കുക്കൂട്ടി ആ സ്ഥാനം ലക്ഷ്യമാക്കി പ്രയാണം നിയന്ത്രിക്കാനാണ് ഇപ്രകാരം മൂന്നു സെക്കൻഡ് റോക്കറ്റ് എരിച്ചു ഗതിവ്യത്യാസം വരുത്തിയത്.

ഇതിനുശേഷം റെട്രോ റോക്കറ്റുകൾ[3] എരിച്ച് വാഹനത്തിന്റെ ഗതിവേഗം ക്രമേണ കുറച്ചു. സാധാരണ റോക്കറ്റുകൾ എരിക്കുമ്പോൾ റോക്കറ്റിന്റെ പിൻഭാഗത്തുകൂടെ ബഹിർഗമിക്കുന്ന വാതകങ്ങളുടെ ശക്തിക്കു തുല്യമായ ശക്തിയോടെ റോക്കറ്റ് മുൻപോട്ടു നീങ്ങും. റെട്രോ റോക്കറ്റുകൾ മുൻപോട്ടാണ് എരിക്കുന്നത്. അപ്പോൾ വാഹനം പുറകോട്ടു തള്ളപ്പെടും, വേഗം കുറയും. റോക്കറ്റുകൾ പ്രവർത്തിക്കുന്നതു ന്യൂട്ടന്റെ മൂന്നാം ചലനനിയമപ്രകാരമാണ്. റെട്രോ റോക്കറ്റുകൾ കൊണ്ടു ഗതിവേഗം 3,520 കി.മീ./മണിക്കൂർ ആക്കി. അപ്പോൾ വാഹനം ഭൂമിയിൽ നിന്ന് 300,000 കി.മീ. ദൂരെ ചന്ദ്രന്റെയും ഭൂമിയുടെയും ആകർഷണം മിക്കവാറും തുല്യമായ ഒരു മണ്ഡലത്തിൽ ആയിരിക്കും. ഈ സമഗുരുത്വമേഖല കടന്നു കഴിഞ്ഞപ്പോൾ വാഹനത്തിന്റെ ഗതിവേഗം മണിക്കൂറിൽ 8000 കി.മീ. ആയി ഉയർന്നു. ചന്ദ്രന്റെ ആകർഷണമാണ് ഈ ഗതിവേഗവർധനയ്ക്കു കാരണം.

അപ്പോളോ 11 ചന്ദ്രന്റെ മറുവശത്ത് എത്തിയപ്പോൾ റെട്രോ റോക്കറ്റ് വീണ്ടും എരിച്ച് ഗതിവേഗം 5,700 കി.മീ./മണിക്കൂർ ആക്കിക്കുറച്ച് വാഹനത്തെ ചന്ദ്രനു ചുറ്റുമുള്ള ഒരു ഭ്രണപഥത്തിൽ എത്തിച്ചു. ആൽഡ്രിനും ആംസ്ട്രോങ്ങും ചാന്ദ്രപേടക (ഈഗിൾ)ത്തിൽ കടന്നു; കോളിൻസ് മാതൃപേടകമായ കൊളമ്പിയയെ നയിച്ചു. ചന്ദ്രനെ 12-ആം തവണ പ്രദക്ഷിണം വയ്ക്കുമ്പോൾ ഈഗിളും കൊളംബിയയും തമ്മിൽ വേർപെടുത്തപ്പെട്ടു.

ഈഗിളിന്റെ അവരോഹണഭാഗത്തിൽ ഘടിപ്പിച്ചിരുന്ന റോക്കറ്റ് എൻജിൻ 28 സെക്കന്റ് നേരം എരിച്ച് വാഹനത്തെ ശരിയായ പാതയിൽ എത്തിച്ചു. 1,067 കി.മീ. ഉയരത്തിൽനിന്ന് ഈഗിൾ ചന്ദ്രനിലേക്കു താഴാൻ തുടങ്ങി. ഓരോ ചലനവും ടെലിവിഷൻ ക്യാമറയിൽ പകർത്താൻ ഏർപ്പാടുണ്ടായിരുന്നു. 1969 ജൂലായ്. 21-ന് രാവിലെ ഇന്ത്യൻ സമയം 01.47.40-ന് ഈഗിൾ ചന്ദ്രനിലെ പ്രശാന്തസാഗര(Sea of Tranquility)[4] ത്തിൽ ഇറങ്ങി. ആ സ്ഥാനത്തിന് ആംസ്ട്രോങ്ങും ആൽഡ്രിനും കൊടുത്ത പേര് പ്രശാന്തഘട്ടം എന്നർഥമുള്ള ട്രാങ്ക്വിലിറ്റി ബേസ് (Tranquility Base) എന്നാണ്.[5]

ഏതാണ്ട് ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളിൽ കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും ധരിച്ച്, ആംസ്ട്രോങ് എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. ചാന്ദ്രപ്രതലത്തിൽ കാലുകുത്തുമ്പോൾ ആംസ്ട്രോങ് പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമായിത്തീർന്നു. ഒരു മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്; എന്നാൽ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ചുചാട്ടവും (That's one small step for a man;one giant leap for mankind).

ഏതാനും നേരം ചാന്ദ്രപ്രതലത്തിൽ നടന്നശേഷം ആംസ്ട്രോങ് തിരിച്ചുവന്ന് ആൽഡ്രിനെ ഏണിവഴി ഇറങ്ങാൻ സഹായിച്ചു. ഇത്രയും സമയം ആൽഡ്രിൻ ആംസ്ട്രോങിന്റെ ഫോട്ടോയെടുത്തു ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് യു.എസ്സിന്റെ കൊടി ചന്ദ്രനിൽ നാട്ടി. യു.എസ്സിലേയും മുൻ യു.എസ്.എസ്. ആറിലേയും നിര്യാതരായ ശൂന്യാകാശ സഞ്ചാരികളുടെ മെഡലുകളും ഒരു ലോഹത്തകിടും അവിടെ നിക്ഷേപിച്ചു. ലോഹത്തകിടിൽ ഇങ്ങനെ എഴുതിയിരുന്നു. ഇവിടെ ഭൂഗ്രഹത്തിൽനിന്നുള്ള മനുഷ്യർ ചന്ദ്രനിൽ ആദ്യമായി കാല്കുത്തി. എ.ഡി. 1969 ജൂലൈ.; സമസ്തമാനവർക്കുമായി സമാധാനപരമായി എത്തിച്ചേർന്നു. (ഒപ്പ്) എൻ.എ. ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ, റിച്ചാർഡ് എം. നിക്സൺ (പ്രസിഡന്റ്, യു.എസ്.എ.)' (Here men from the planet Earth first set foot upon the Moon,July,1969 A.D.We came in peace for all mankind .Sd/N.A.Armstrong,Michael Collins,Edwin Aldrin,Richard M.Nixon-President,U.S.A)

ചാന്ദ്രപ്രതലത്തിൽ 0.3-0.6 മീ. വ്യാസമുള്ള ആയിരത്തോളം വക്ത്ര(craters)ങ്ങളും അനവധി ശിലാഖണ്ഡങ്ങളും ഉണ്ടായിരുന്നു എന്നും അവരുടെ കാല്പാടുകൾ 0.3 സെ.മീ. ആഴത്തിൽ പതിഞ്ഞതായും ചാന്ദ്രപ്രതലം വഴുക്കലുള്ളതായി അനുഭവപ്പെട്ടു എന്നും ഇവരുടെ വിവരണങ്ങളിൽ നിന്നും അറിവായിട്ടുണ്ട്. ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറക്കല്ലുകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ വിവരണങ്ങൾ ലഭ്യമാക്കാൻ മൂന്ന് ഉപകരണങ്ങൾ - സൌരവാതത്തിന്റെ സംയോഗം നിർണയിക്കുന്ന യന്ത്രം[6] (solar wind composition detector), ചാന്ദ്രചലനം[7] (moon quakes), ഉല്ക്കാ പതനങ്ങളുടെ ആഘാതം തുടങ്ങിയവ നിർണയിക്കുന്ന ഉപകരണം[8] (seismic detector), ചന്ദ്രന്റെയും ഭൂമിയുടെയും ചലനങ്ങളും അവ തമ്മിലുള്ള അകലവും മറ്റും കൃത്യമായി നിർണയിക്കുവാൻ സഹായകമായ ലേസർ രശ്മികളെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ലേസർ റിഫ്ളക്ടർ[9] (laser reflector) സജ്ജമാക്കുകയും ചെയ്തു.

ഓക്സിജൻ ശേഖരത്തിന്റെ കുറവുമൂലം അവർക്കു കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് 21 മണിക്കൂർ ചന്ദ്രനിൽ കഴിച്ചശേഷം പേടകത്തിനു പുറത്ത് രണ്ടര മണിക്കൂർ മാത്രമാണ് ചെലവഴിച്ചത്. കൊളംബിയ മുകളിൽ പ്രത്യേക്ഷപ്പെട്ടപ്പോൾ അവർ ഈഗിളിന്റെ ആരോഹണഭാഗം പ്രവർത്തിപ്പിച്ച് ഉയർന്നു. നാല് മണിക്കൂറിനുശേഷം ഈഗിൾ 1,067 കി.മീ. ഉയർന്ന് കൊളംബിയയുമായി സന്ധിച്ചു. ഈഗിൾ ഉപേക്ഷിച്ച് മൂന്ന് പേരും മാതൃപേടകത്തിൽ ഭൂമിയിലേക്കു യാത്രതിരിച്ചു. ജൂലായ്. 24 ഇന്ത്യൻ സമയം 22:20:35-ന് പസിഫിക് സമുദ്രത്തിൽ ഇറങ്ങി. ഹെലികോപ്റ്റർ അവരെ ഹോർണറ്റ് എന്ന കപ്പലിൽ എത്തിച്ചു. 18 ദിവസത്തേക്ക് സഞ്ചാരികൾക്ക് ബാഹ്യലോകവുമായി അടുത്തു പെരുമാറാൻ (ഫോണിലൂടെയല്ലാതെ) അനുവാദം നൽകിയില്ല. ചന്ദ്രനിൽനിന്ന് അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവർ വന്നിരിക്കുന്നതെങ്കിൽ മനുഷ്യരാശിയെ അത് അപകടത്തിലാക്കുമെന്ന ഭയമായിരുന്നു ഇതിനു കാരണം.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളോ പദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Richard W. Orloff. "Apollo by the Numbers: A Statistical Reference (SP-4029)". NASA.
  2. http://www.ehartwell.com/afj/Day_1:_Earth_orbit_and_translunar_insertion
  3. http://www.technovelgy.com/ct/content.asp?Bnum=597
  4. http://www.nasa.gov/exploration/home/19jul_seaoftranquillity.html
  5. http://nssdc.gsfc.nasa.gov/planetary/lunar/apollo11.html
  6. http://www.lpi.usra.edu/lunar/missions/apollo/apollo_11/experiments/swc/
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-07. Retrieved 2011-10-25.
  8. http://www.sourcesecurity.com/docs/fullspec/4998085573_DataSheet_enUS_T3792248203.pdf
  9. http://www.lpi.usra.edu/lunar/missions/apollo/apollo_11/experiments/lrr/
"https://ml.wikipedia.org/w/index.php?title=അപ്പോളോ_11&oldid=3979710" എന്ന താളിൽനിന്ന് ശേഖരിച്ചത്