ബഹിരാകാശ വാഹനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യരെ വഹിച്ചു ബഹിരാകാശ യാത്ര നടത്താവുന്ന പ്രത്യേക തരത്തിൽ നിർമിച്ചിട്ടുള്ള വാഹനങ്ങളെയാണ് ബഹിരാകാശ വാഹനം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യർക്ക്‌ വസിക്കാവുന്ന തരത്തിൽ ഉള്ള സൗകര്യങ്ങളും ഭൂമിയുമായുള്ള റേഡിയോ കമ്യൂണിക്കേഷൻ സൗകര്യവും യാത്ര നിയന്ത്രിക്കാനാവശ്യമായ റോക്കറ്റ് പ്രോപ്പല്ലറിംഗ് സൗകര്യങ്ങളും ഒക്കെ ഇത്തരം വാഹനങ്ങളിൽ ഉണ്ടായിരിക്കും. പ്രഥമ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച വോസ്റ്റോക്ക് ആയിരുന്നു പ്രഥമ ബഹിരാകാശ വാഹനം. അമേരിക്കയുടെ സ്പേസ് ഷട്ടിലുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുരോഗമിച്ച വാഹനങ്ങൾ.

ബഹിരാകാശ വാഹനങ്ങൾ[തിരുത്തുക]

== സോവിയറ്റ് യൂണിയൻ ബഹിരാകാശ വാഹനങ്ങൾ==

വോസ്റ്റോക്ക്
വോസ്ക്കോഡ് മാതൃക
സോയൂസ്
  • വോസ്റ്റോക്ക് - ഒരാൾക്ക്‌ മാത്രം സഞ്ചരിക്കാവുന്നതാണ് ഈ പരമ്പരയിലെ വാഹനങ്ങൾ. ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ യാത്രനടത്തിയത്‌ വോസ്റ്റൊക്ക് - 1 ലായിരുന്നു. വോസ്റ്റൊക്ക് 6 യാത്ര നടത്തിയ വാലന്റീന തെരഷ്കോവ ആദ്യ ബഹിരാകാശ യാത്രിക ആയി. ഈ പരമ്പരയിൽ മൊത്തം ആറു വാഹനങ്ങൾ യാത്ര നടത്തി. (പതിമൂന്നെണ്ണം പ്ലാൻ ചെയ്തിരുന്നുവെങ്കിലും കൂടുതൽ പരിഷ്കൃതമായ വോസ്ക്കോഡ് വാഹനങ്ങളുടെ നിർമ്മാണം പൂർത്തിയായതിനാൽ റദ്ദാക്കി)
  • വോസ്ക്കോഡ് - രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനം. ഇതിന്റെ രണ്ടാം യാത്രയിലാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് വാഹനത്തിന് പുറത്തിറങ്ങി ആദ്യത്തെ ബഹിരാകാശ നടത്തം എന്ന റെക്കോർഡ് ഇട്ടത്. ഈ പരമ്പരയിൽ രണ്ടു വിക്ഷേപണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  • സോയൂസ് - മൂന്നുപേർക്ക്‌ സഞ്ചരിക്കാവുന്ന വാഹനം. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ റെക്കോർഡ് ഈ വാഹനങ്ങൾക്ക് ആണ്. ഒരേയൊരു തവണ മാത്രമേ ഈ വാഹനം അപകടത്തിൽ പെട്ട ചരിതമുള്ളൂ. നിരവധി തവണ അപ്ഗ്രേഡിംഗിന് വിധേയമായി. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഇപ്പോൾ റഷ്യൻ ബഹിരാകാശസഞ്ചാരികൾ യാത്രക്കുപയോഗിക്കുന്നത് സോയുസ് ബഹിരാകാശ വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്‌. അമേരിക്കൽ ഷട്ടിലുകൾ ഡീ കമ്മീഷൻ ചെയ്ത ശേഷം ഇപ്പോൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരേയൊരു യാത്രാ മാർഗ്ഗം സോയുസ് ബഹിരാകാശ വാഹനങ്ങളാണ്.

അമേരിക്കൻ ബഹിരാകാശ വാഹനങ്ങൾ[തിരുത്തുക]

  • മെർക്കുറി - ഒരാൾക്ക്‌ മാത്രം കയറാവുന്ന ഈ വാഹനത്തിലാണ് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ബഹ്യാകാശ യാത്ര നടത്തിയത്.
  • ജെമിനി - രണ്ടു പേർക്ക് കയറാവുന്ന ബഹിരാകാശ വാഹനമായിരുന്നു ജെമിനി ബഹിരാകാശ വാഹനങ്ങൾ.
  • അപ്പോളോ - മൂന്നുപേർക്ക്‌ കയറാവുന്ന ബഹിരാകാശ വാഹനങ്ങളാണ് അപ്പോളോ. ചാന്ദ്രയാത്ര ലക്ഷ്യമിട്ടായിരുന്നു അപ്പോളോ ബഹിരാകാശ വാഹനം നിർമ്മിക്കപ്പെട്ടത്.
  • സ്പേസ് ഷട്ടിലുകൾ - പുനരുപയോഗം സാദ്യമാവുന്ന ആദ്യ ബഹിരാകാശ വാഹനങ്ങളായിരുന്നു സ്പേസ് ഷട്ടിലുകൾ. സാധാരണ ഗതിയിൽ ഏഴുപേർക്കും പരമാവധി പതിനൊന്നു പേരും യാത്ര ചെയ്യാൻ സാധ്യമാവുമായിരുന്നു. കൊളംബിയ, ചലഞ്ചർ, ഡിസ്ക്കവറി, അറ്റ് ലാന്ടിസ്, എൻഡവർ എന്നിങ്ങനെ അഞ്ചു ഷട്ടിലുകൾ നിർമ്മിക്കപ്പെട്ടിരുന്നു. രണ്ടെണ്ണം അപകടങ്ങളിൽ തകർന്നു. വൻ ചെലവ് വരുന്ന പദ്ധതിയായതിനാൽ ഇപ്പോൾ എല്ലാ ഷട്ടിലുകളും പറക്കൽ നിർത്തി
    • ഈഗിൾ - ഇവ കൂടാതെ ചന്ദ്രയാത്രയിൽ അപ്പോളോ ബഹിരാകാശ വാഹനങ്ങളുടെ കൂടെ ചന്ദ്രനിലിറങ്ങാനും തിരികെ മാതൃവാഹനത്തിലെത്താനും ഉപയോഗിച്ച ഈഗിൾ ഉപ വാഹനങ്ങളെ ബഹിരാകാശ വാഹനങ്ങളുടെ കൂട്ടത്തിൽ ഉൽപ്പെടുത്താറുണ്ട്. അവസാന ചന്ദ്രയാത്രയിൽ രണ്ടു ദിവസം യാത്രികർ ഈഗിൾ ലാൻഡറിൽ ചന്ദ്രനിൽ ചിലവഴിച്ചിരുന്നു. അപ്പോളോ 13 ബഹിരാകാശ വാഹനം അപകടത്തിൽ പെട്ടപ്പോൾ യാത്രികർ ജീവൻ നിലനിർത്തിയത് അതിലെ ഈഗിൾ ഉപവാഹനം ഉപയോഗിച്ചാണ്.

ചൈനീസ് ബഹിരാകാശ വാഹനങ്ങൾ[തിരുത്തുക]

  • ഷെൻസൊയു - 2003ൽ സ്വന്തമായി ചൈന മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. മൂന്നു പേർക്ക് യാത്ര ചെയ്യാവുന്ന ഷെൻസൊയു ബഹിരാകാശ വാഹനങ്ങളാണ് ചൈനീസ്‌ യാത്രികർ ഉപയോഗിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഹിരാകാശ_വാഹനം&oldid=3727961" എന്ന താളിൽനിന്ന് ശേഖരിച്ചത്