സീലാകാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Coelacanth
Fossil range: Devonian - Recent
Latimeria chalumnae
Latimeria chalumnae
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Sarcopterygii
Subclass: Coelacanthimorpha
നിര: Coelacanthiformes
Berg, 1937
Families

See text.

പ്രാചീനകാലത്തു തന്നെ ഉള്ളതും ഇന്നും അവശേഷിക്കുന്നതുമായ ഒരു മത്സ്യ ഓഡറാണ് സീലകാന്ത് (Coelacanth). 40കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിവോണിയന്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇവ ഏതാണ്ട് ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ചു പോയി എന്നു കരുതപ്പെട്ടിരുന്നെങ്കിലും 1938-ല്‍ ദക്ഷിണാഫ്രിക്കയിലും തുടര്‍‌ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പലയിടങ്ങളിലും ഇവയെ കാണുകയുണ്ടായി. എല്ലുള്ള ആദിമമത്സ്യങ്ങളില്‍ ഒന്നാണിവ. ലാറ്റിമേരിയ എന്ന ജനുസ്സിലാണ്‌ സീലകാന്ത് ഓഡറില്‍ ഇന്നുള്ള മത്സ്യങ്ങളെ കുറിക്കുന്നത്. ആഫ്രിക്കന്‍ പ്രദേശത്തുനിന്നും ഒരിനത്തേയും (Latimeria chalumnae) ഇന്തോനേഷ്യന്‍ പ്രദേശത്തുനിന്നും മറ്റൊരിനത്തേയും (L. menadoensis) ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഫോസിലുകളില്‍ നിന്നും 120 -ല്‍ അധികം വ്യത്യസ്ത സീലകാന്തുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്യന്തം അപകടകരമായ വിധത്തില്‍ വംശനാശത്തിന്റെ വക്കിലാണിവ[1].

ഉള്ളടക്കം

[തിരുത്തുക] ശരീരഘടന

ഇവയെ കുറിച്ച് ഏറെ ഇന്നും അത്ര വിശദമല്ല. ആഴക്കടലില്‍ 100 മീറ്ററെങ്കിലും താഴ്ചയില്‍ മാത്രമേ ഇവയെ സ്വാഭാവികമായി കാണാന്‍ കഴിയുകയുള്ളൂ. പകല്‍ സമയത്ത് കൂടുതല്‍ ആഴത്തില്‍ പോയി ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. കടലില്‍ 700 മീറ്റര്‍ ആഴത്തില്‍ വരെ ജീവിക്കാന്‍ സീലകാന്തുകള്‍ക്ക് കഴിയുമെന്നു കരുതപ്പെടുന്നു.

ശരാശരി ഭാരം 80കി.ഗ്രാം വരുന്ന ഇവയ്ക്ക് 2 മീറ്ററോളം നീളമുണ്ട്. പൂര്‍‌ണ്ണ വളര്‍ച്ച പ്രാപിച്ച ആണ്‍‌മത്സ്യങ്ങള്‍, പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് അല്‍പ്പം ചെറുതാണ്. ശരീരത്തിന്റെ തുലനനിലയില്‍ പ്രധാനപങ്ക് വഹിയ്ക്കുന്ന ഓടോലിത്തുകളില്‍ നടത്തിയ പഠനങ്ങളില്‍ 80-100 വര്‍‌ഷങ്ങള്‍ വരെ ഇവ ജീവിയ്ക്കുന്നു എന്ന് കണ്ടെത്തി. സമുദ്രത്തിനടിയില്‍ ഇവ 700 മീറ്ററോളം ആഴത്തില്‍ വരെ വസിയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 14 മുതല്‍ 22 ഡിഗ്രീ ഊഷ്മാവില്‍ ഇവയ്ക്ക് വസിയ്ക്കാനാകും. ഇവയുടെ കണ്ണുകള്‍ സൂക്ഷ്മസം‌വേദന ശക്തിയുള്ളവയാണ്.കൂടാതെ രാത്രിയില്‍ കൂടുതല്‍ കാഴ്ചശക്തിയ്ക്കുതകുന്ന തരത്തില്‍ ദൃഷ്ടിപടലത്തിനു പിറകില്‍ പ്രത്യേകസം‌വിധാനത്തോടെ ഒരു പാളിയും ഉണ്ട്. മങ്ങിയ പ്രകാശത്തില്‍ പോലും കാണാന്‍ ഇവയെ സഹായിയ്ക്കുന്നത് റെറ്റിനയില്‍ കാണുന്ന ഗ്രാഹികളാണ്. സീലകാന്തുകളുടെ ശരീരത്തില്‍ ചെറുപിങ്ക് നിറത്തിലുള്ള പാടുകള്‍ കാണാം, ഇത് ഓരോന്നിനും വ്യത്യസ്തമായിരിക്കും. വ്യത്യസ്ത സീലകാന്തുകളെ തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ ഈ പാടുകളെ ആശ്രയിക്കുന്നു.

തലയോട് രണ്ട് ഭാഗങ്ങളായി മാറിയിരിക്കുന്നു, ഇന്റ്രാക്രാനിയല്‍ ജോയിന്റ് (intracranial joint) ഇവയെ ഒരുമിച്ചു നിര്‍ത്തുന്നു[2]. അവയുടെ ചലനം നിയന്ത്രിക്കാന്‍ ഇരുഭാഗങ്ങളേയും ബന്ധിപ്പിച്ച് ഒരു ജോഡി പേശികളുണ്ട്. ഇത്തരത്തില്‍ ഇന്നു ഭൂമിയിലുള്ള ഏക ജീവിയാണ് സീലകാന്ത്. കണ്ണുകളും ഗന്ധമറിയാനുള്ള അവയവങ്ങളും തലയുടെ മുന്നിലും തലച്ചോറും ആന്തരികകര്‍ണ്ണവും പിന്നിലായും സ്ഥിതി ചെയ്യുന്നു. മൂക്കിനു മദ്ധ്യഭാഗത്തായി ജെല്ലി നിറഞ്ഞ അറ ഇവയ്ക്കുണ്ട്. റോസ്റ്റ്രല്‍ അവയവം എന്നിതിനെ വിളിക്കുന്നു. ഒളിച്ചിരിക്കുന്ന ഇരകളെ പിടിക്കാനായും മറ്റും ചെറുവൈദ്യുത സ്പന്ദങ്ങളെ തിരിച്ചറിയാനാണിത് എന്നു വിശ്വസിക്കപ്പെടുന്നു.

സീലകാന്തുകള്‍ക്ക് എട്ട് ചിറകുകളാണുള്ളത് (മുതുകില്‍ രണ്ട്, വശങ്ങളില്‍ രണ്ട്, ഉദരത്തില്‍ രണ്ട്, പിന്നില്‍ ഒന്ന്, വാല്‍ ഒന്ന്). നീന്തുന്നതും നാല്‍ക്കാലികളുടെ ചലനവും തമ്മില്‍ സാമ്യമുണ്ട്. സീലകാന്തുകളുടെ ബന്ധുക്കളില്‍ നിന്നാണ് ഉഭയജീവികള്‍ പരിണമിച്ചുണ്ടായത്[3]. എങ്കിലും ഇവ മണ്ണില്‍ സാധാരണ സ്പര്‍ശിക്കാറില്ല. ചിലപ്പോള്‍ മണ്ണില്‍ തലകുത്തി നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാല്‍ചിറകിന്റെ മദ്ധ്യത്തില്‍ അല്‍പ്പം തള്ളിനില്‍ക്കുന്ന ഒരു എപ്പികോഡല്‍ ദളമുണ്ട്. ഇത് വൈദ്യുത ക്ഷേത്രത്തെ സൃഷ്ടിക്കാനും നിരീക്ഷിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ടാവണം[4]. ഈ ദളമുപയോഗിച്ച് ഇരകളെ കണ്ടെത്താനാവണം ഇവ തലകുത്തി നില്‍ക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

സീലകാന്തുകളെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ കൊണ്ടും ഡെന്റിക്കിള്‍സ് എന്നറിയപ്പെടുന്ന ഭാഗങ്ങള്‍ കൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു.

മുട്ടകള്‍ പെണ്‍ സീലകാന്തിനുള്ളില്‍ തന്നെ വിരിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കപ്പെടുന്നു.

[തിരുത്തുക] കണ്ടെത്തല്‍

വിയന്നയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സീലകാന്തിന്റെ സ്പെസിമന്‍

1836-ല്‍ ലൂയിസ് അഗാസിസ് (Louis Agassiz) തന്റെ പുസ്തകമായ പോയിസണ്‍സ് ഫോസില്‍‌സില്‍ (Poissons Fossiles) നട്ടെല്ലിലെ കശേരുക്കളില്‍ നിന്നും തുടങ്ങി പിന്‍‌ചിറകു വരെ പൊള്ളയായ അസ്ഥിയുള്ള മത്സ്യത്തിന്റെ ഫോസിലിനെ സീലകാന്ത് എന്നു വിളിച്ചിരുന്നു. ഗ്രീക്കുഭാഷയില്‍ സീല്‍ (coel) എന്നാല്‍ ശൂന്യത എന്നും, അകാന്തസ് (acanthus) എന്നാല്‍ നട്ടെല്ല് എന്നുമാണ്. അതാണ് ആദ്യം വിവരിക്കപ്പെട്ട സീലകാന്ത്[5].

1938 ഡിസംബറില്‍ മഡഗാസ്കറിനു സമീപമുള്ള കോമറോസ് ദ്വീപുകള്‍ക്കു സമീപം മീന്‍പിടുത്തം നടത്തിക്കൊണ്ടിരുന്നവര്‍ക്ക് ഒരു മത്സ്യത്തെ ലഭിച്ചു. പ്രദേശത്തെ ഒരു മ്യൂസിയത്തിലെ മാര്‍ജോറി കോര്‍ട്നി ലാറ്റിമര്‍ എന്ന പ്രകൃതി ശാസ്ത്രജ്ഞ മത്സ്യത്തെ കാണുകയും സാധാരണമത്സ്യമല്ലന്നു തിരിച്ചറിയുകയും രേഖാചിത്രത്തോടൊപ്പം ജെയിംസ് ലിയനാര്‍‌ഡോ ബ്രയേര്‍‌ലി സ്മിത്ത് എന്ന മത്സ്യശാസ്ത്രജ്ഞനെ (ഇക്തിയോളജിസ്റ്റ്) അറിയിക്കുകയും ചെയ്തു. 1938 ഡിസംബര്‍ 23-നു ആണദ്ദേഹം എവിടേയും പരാമര്‍‌ശമില്ലാതിരുന്ന ഈ ജീവിയെ തിരിച്ചറിഞ്ഞത്, അതാകട്ടെ ഫോസ്സിലുകളുടെ സഹായത്തോടേയും. ഇതിനു ശേഷം ഇവ "ജീവിച്ചിരിയ്ക്കുന്ന ഫോസ്സില്‍" എന്നറിയപ്പെടാന്‍ തുടങ്ങി. ലാറ്റിമറുടെ സ്മരണാര്‍ത്ഥം ജനുസ്സിനു ലാറ്റിമേരിയ എന്നും ചാളമ്‌നേ നദീമുഖത്തിനടുത്തുനിന്നു കിട്ടിയതുകൊണ്ട് ചാളമ്‌‌നേ എന്നു സ്പീഷീസ് നാമവും ഈ മത്സ്യത്തിനു സ്മിത്ത് നല്‍കി[4].

മത്സ്യത്തെ സൂക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ ലണ്ടനില്‍ ജെ.എല്‍.ബി. സ്മിത്ത് എത്തിയപ്പോഴേക്കും അതിന്റെ മാംസളമായ ഭാഗങ്ങളെല്ലാം നശിച്ചുപോയിരുന്നു. തുടര്‍ന്ന് സ്മിത്ത് രണ്ടാമതൊരു സീലകാന്തിനായി പ്രദേശത്തെ മീന്‍പിടുത്തക്കാര്‍ക്കെല്ലാം നോട്ടീസുകള്‍ നല്‍കുകയും പിടിച്ചുകൊടുക്കുന്നവര്‍ക്ക് പുരസ്കാരതുക പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 1952-ല്‍ കൊമോറോസ് ദ്വീപിലെ മീന്‍പിടുത്തക്കാരില്‍ നിന്നും ഒരു കച്ചവട കപ്പലിന്റെ ക്യാപ്റ്റനായിരുന്ന എറിക് ഹണ്ട് ഒരു മത്സ്യത്തെ വാങ്ങി സൂക്ഷിച്ചു വെച്ചപ്പോള്‍ മാത്രമാണ് രണ്ടാമതൊന്നിനെ ലഭിച്ചത്[4]. പ്രാദേശികമായി ഈ മത്സ്യം ഗോംബെസാ എന്നറിയപ്പെടുന്നു.

മൊസാംബിക് (1991), മഡഗാസ്കര്‍ (1995), ദക്ഷിണ ആഫ്രിക്ക (2000), കെനിയ (2001), ടാന്‍സാനിയ (2003, 2007) എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവയെ കണ്ടെത്തിയിട്ടുണ്ട്.

1997- സെപ്റ്റംബര്‍ 18-നു ഇന്തോനേഷ്യയിലെ സുലാവേസിയില്‍ വിനോദയാത്ര നടത്തിക്കൊണ്ടിരിന്ന മാര്‍ക്ക് ഏര്‍ഡ്മാന്‍, ആര്‍ണാസ് എന്നിവര്‍ വിചിത്രമായ ഒരു മത്സ്യത്തെ കണ്ടു. സീലകാന്തിനോട് ഈ മത്സ്യത്തിനു സാദൃശ്യമുണ്ടായിരുന്നു. തുടര്‍ന്ന് അവരതിന്റെ പടങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ശാസ്ത്രജ്ഞരുടെ കൈകളിലെത്തിക്കുകയും അതൊരു സീലകാന്താണെന്നു തിരിച്ചറിയുകയും ചെയ്തു. 1998-ലും ഇതുപോലെ തന്നെ പ്രദേശത്തുനിന്നും മറ്റൊരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. അതില്‍ നടന്ന ഡി.എന്‍.എ. പരീക്ഷണങ്ങള്‍ ഇവ കൊമോറോസിലെ സീലകാന്തുകളില്‍ നിന്നും ജനിതകമായി വ്യത്യസ്തമാണെന്നും മറ്റൊരു സ്പീഷീസ് (Latimeria menadoensis) ആണെന്നും മനസ്സിലാക്കിത്തന്നു. 1998 ജൂണ്‍ 30-നു ജീവനോടെ പിടികൂടിയ 29 കി.ഗ്രാം ഭാരവും 1.2 മീ. നീളവും ഉണ്ടായിരുന്ന ഈ സീലാകാന്ത് 6 മണിക്കൂറോളം ജീവിച്ചു. പ്രാദേശികമായി ഇവയെ “രാജാ ലാവൂത്ത്“ (കടല്‍ രാജാവ്) എന്നു വിളിക്കുന്നു. 2007 മെയ് 19-നു ഇവിടെനിന്നും മറ്റൊരു സീലകാന്തിനേയും ലഭിച്ചിരുന്നു, അത് ഏകദേശം 17 മണിക്കൂറോളം മനുഷ്യരുടെ പിടിയില്‍ ജീവിച്ചിരുന്നു.

[തിരുത്തുക] പ്രാധാന്യം

ആദിമ മത്സ്യങ്ങള്‍ ഉണ്ടായതു തന്നെ 43.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സൈലൂറിയന്‍ കാലഘട്ടം എന്നറിയപ്പെടുന്ന സമയത്താണ്. അതിനു തൊട്ട് പരിണമിച്ചുണ്ടായ ജീവികളാണ് ഡിവോണിയന്‍ കാലഘട്ടത്തിലെ സീലകാന്തും മറ്റും. അതുകൊണ്ട് തന്നെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തില്‍ സീലകാന്ത് പ്രധാനമാണ്. ഇതേ കാലഘട്ടത്തിലുണ്ടായിരുന്ന മറ്റു ജീവികളെല്ലാം വംശനാശം സംഭവിച്ചു പോവുകയോ പരിണാമത്തിനു വിധേയമാവുകയോ ചെയ്തിട്ടും. സീലകാന്തിനു മാത്രം അതിജീവിക്കാന്‍ കഴിഞ്ഞതെന്തുകൊണ്ടാണെന്നതും ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള വിഷയമാണ്.

ഇന്ന് സീലകാന്തുകള്‍ വളരെ കുറച്ചെണ്ണം മാത്രമേയുള്ളു എന്നു കരുതപ്പെടുന്നു. കേവലം 500 എണ്ണം മാത്രം കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്[6]. കടലില്‍ വളരെ ആഴത്തില്‍ മാത്രം കാണപ്പെടുന്നതുകൊണ്ട് ഇവയെ കൃത്രിമമായി സംരക്ഷിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

[തിരുത്തുക] അവലംബം

വിക്കിസ്പീഷിസില്‍ 'സീലാകാന്ത്' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
  1. {{{author}}} (2000). "Latimeria chalumnae." {{{IUCN_Year}}} IUCN Red List of Threatened Species. IUCN {{{IUCN_Year}}}.
  2. [[1]]. The Coelacanth (ഇംഗ്ലീഷ്). ശേഖരിച്ചത് 17-10-2008.
  3. The Coelacanth (ഇംഗ്ലീഷ്). ശേഖരിച്ചത് 20-10-2008.
  4. 4.0 4.1 4.2 സീലക്കാന്ത് - കാലം മറന്നുപോയ മത്സ്യം, എം.ആര്‍. സദാശിവന്‍, ശാസ്ത്രകേരളം, ജൂണ്‍ 1991, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  5. http://www.aquaticcommunity.com/mix/coelacanths.php
  6. "On the Trail of the Coelacanth, a Living Fossil", Washingtonpost.com, 1998 നവംബര്‍ 11. ശേഖരിച്ചത് 2008 ഒക്ടോബര്‍ 17. (ഇംഗ്ലീഷ്) 



"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%80%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം