ഫ്രാന്‍സിസ്കോ ഗോയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫ്രാന്‍സിസ്കോ ഗോയ | |
ഗോയ വരച്ച സ്വന്തം ചിത്രം. |
|
| ജനനപ്പേര് | ഫ്രാന്‍സിസ്കോ ജോസ് ഡി ഗോയ ലൂസിയന്റെസ് |
| ജനനം | മാര്‍ച്ച് 30 1746 ഫ്യൂവെന്‍ഡെറ്റോഡോസ്, സ്പെയിന്‍ |
| മരണം | ഏപ്രില്‍ 16 1828 (പ്രായം 82) ബോര്‍ഡോ |
| പൗരത്വം | സ്പാനിഷ് |
| രംഗം | ചിത്രരചന, ഫലകനിര്‍മ്മാണം |
സ്പെയിനിലെ അരഗോണില്‍ നിന്നുള്ള ഒരു ചിത്രകാരനും ഫലകനിര്‍മ്മാതാവുമായിരുന്നു ഫ്രാന്‍സിസ്കോ ഗോയ - Francisco José de Goya y Lucientes - (മാര്‍ച്ച് 30, 1746 - ഏപ്രില്‍ 16, 1828). സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനും ദിനവൃത്താന്തകനുമായിരുന്നു അദ്ദേഹം. പൗരാണിക കലാനായകന്മാരില്‍ അവസാനത്തെയാളും ആധുനികരില്‍ മുമ്പനും ആയി ഗോയ കണക്കാക്കപ്പെടുന്നു. ഗോയയുടെ കലയിലെ വസ്തുനിഷ്ട-വിധ്വംസക സ്വഭാവങ്ങളും നിറങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റവും, പില്‍ക്കാലകലാകാരന്മാരായ എഡ്വേര്‍ഡ് മാനെറ്റ് പാബ്ലോ പിക്കാസോ തുടങ്ങിയവര്‍ മാതൃകയാക്കി[1]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാലം
സ്പെയിനിലെ അരഗോണ്‍ പ്രവിശ്യയിലെ ഫ്യൂവെന്‍ഡെറ്റോഡോസ് എന്ന സ്ഥലത്ത് ജോസ് ബെനിറ്റോ ഗോയ, ഗാര്‍സിയ ലൂസിയെന്റെസ് എന്നിവരുടെ മകനായാണ് ഗോയ ജനിച്ചത്. ബാല്യം കഴിച്ചത് ഫ്യൂവെന്‍ഡെറ്റോഡോസിലാണ്. ആഭരണങ്ങളിലും പ്രതിമകളിലും മറ്റും സ്വര്‍ണ്ണം പൂശുന്ന ജോലിയായിരുന്നു പിതാവിന്റേത്. 1749-ല്‍ കുടുംബം സരഗോസ എന്ന സ്ഥലത്ത് ഒരു പുതിയ വീടുവാങ്ങുകയും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. എസ്കുലാസ് പിയസിലായിരുന്നു ഗോയയുടെ സ്കൂള്‍ വിദ്യാഭ്യാസം. അവിടെ അദ്ദേഹം മാര്‍ട്ടിന്‍ സപാറ്റര്‍ എന്നയാളുമായി അടുത്ത സൗഹൃദത്തിലായി. വര്‍ഷങ്ങളിലൂടെ അവര്‍ കൈമാറിയ കത്തുകള്‍ പില്‍ക്കാലത്ത് ഗോയയുടെ ജീവചരിത്രകാരന്മാര്‍ക്ക് വിലപ്പെട്ട രേഖകളായി. പതിനാലാമത്തെ വയസ്സില്‍ ഗോയ പ്രഖ്യാത ചിത്രകാരനായ ജൊസ് ലുയന്റെ(Jose Lujan) കീഴില്‍ തൊഴില്‍ പരിശീലനത്തിനുചേര്‍ന്നു.
തുടര്‍ന്ന് അദ്ദേഹം മാഡ്രിഡിലേക്ക് പോയി. അവിടെ സ്പെയിനിലെ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന ചിത്രകാരന്‍ ആന്റന്‍ റഫേല്‍ മെങ്ങ്‌സിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും ഗുരുവുമായി കലഹിക്കുകയും പരീക്ഷകളില്‍ മോശം ഫലങ്ങള്‍ നേടുകയും ചെയ്തു. 1763-ലും 1766-ലും സുകുമാരകലകളുടെ രാജകീയ അക്കാഡമിയില്‍ പ്രവേശനത്തിനായി സ്വന്തം രചനകള്‍ സമര്‍പ്പിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു.
1771-ല്‍ റോമിലേക്ക് പോയ ഗോയ അവിടത്തെ പര്‍മ നഗരം നടത്തിയ ഒരു ചിത്രരചനാമത്സരത്തില്‍ രണ്ടാം സമ്മാനം നേടി. അതേവര്‍ഷം ഒടുവില്‍ അദ്ദേഹം സരഗോസയിലേക്ക് മടങ്ങി. അവിടത്തെ പ്രഖ്യാതമായ സ്തംഭത്തിന്റെ ബസിലിക്കായിലും(Basilica of the Pillar) ഔലാ ഡീ എന്ന സന്യാസമന്ദിരനോടുചേര്‍ന്ന ചാപ്പലിലും സോബ്രാദിയല്‍ കൊട്ടാരത്തിലും മറ്റും ചിത്രപ്പണികള്‍ നിര്‍വഹിച്ചു. ഫ്രാന്‍സിസ്കോ ബയേവ് സുബിയാസ് എന്ന ചിത്രകാരന്റെ കീഴില്‍ പരിശീലനം നേടിയ ഇക്കാലത്താണ് ഗോയയുടെ രചനകള്‍ പിന്നീട് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഭാവസങ്കീര്‍ണ്ണതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്.
[തിരുത്തുക] പക്വതയും അംഗീകാരവും
1774-ല്‍ ഗോയ, ബയേവിന്റെ സഹോദരി ജോസെഫായെ വിവാഹം കഴിച്ചു. ഈ വിവാഹവും, 1765 മുതല്‍ ബയേവിനുണ്ടായിരുന്ന രാജകീയ സുകുമാരകലാ അക്കാദമിയിലെ അംഗത്വവും കൊട്ടാരത്തിലെ അലങ്കാരപ്പണികളുടെ ചുമതല കിട്ടാന്‍ ഗോയയെ സഹായിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹം 42 അലങ്കാര ഡിസൈനുകള്‍ രൂപകല്പന ചെയ്തു. അവയില്‍ പലതും എല്‍ എസ്കോറിയല്‍ പട്ടണപ്രദേശത്തിന്റെ കന്മതിലുകളുടേയും സ്പെയിനിലെ രാജാക്കന്മാരുടെ പുതിയ കൊട്ടാരമായിരുന്ന എല്‍ പാദ്രോയുടേയും അലങ്കാരത്തിനായി ഉപയോഗിച്ചു. ഇതോടെ ഗോയയുടെ കലാനിപുണത രാജാവിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍, രാജസഭയില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തിലെ തിരശീലയിലെ ചിത്രപ്പണിയും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് സുകുമാരകലകളുടെ അക്കഡമിയില്‍ ഗോയക്ക് അംഗത്വം ലഭിച്ചു.
1783-ല്‍ സ്പെയിനിലെ രാജാവായിരുന്ന ചാള്‍സ് മൂന്നാമന്റെ സുഹൃത്ത്, ഫ്ലോറിഡാബ്ലാങ്കയിലെ പ്രഭു സ്വന്തം ഛായാചിത്രം വരയ്‍ക്കാന്‍ ഗോയയെ നിയോഗിച്ചു. കിരീടാവകാശിയായിരുന്ന ഡോണ്‍ ലൂയീസിന്റേയും സൗഹൃദം സമ്പാദിച്ച ഗോയ, അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. രാജാവുമായും രാജ്യത്തിലെ ശ്രദ്ധേയരായ മറ്റു വ്യക്തികളുമായും അദ്ദേഹം അടുപ്പത്തിലായി. ഗോയയുടെ പ്രോത്സാഹകരുടെ ഗണത്തില്‍ ഒസൂനയിലെ പ്രഭുവും പ്രഭ്വിയും ഉള്‍പ്പെട്ടിരുന്നു. അവരുടെ ഛായാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. 1788-ലുണ്ടായ ചാള്‍സ് മൂന്നാമന്റെ മരണത്തിനും 1789-ലെ വിപ്ലവത്തിനും ശേഷം ചാള്‍സ് നാലാമന്‍ രാജാവിന്റെ ഭരണകാലത്ത് രാജകീയര്‍ക്ക് ഗോയയിലുള്ള പ്രീതി പരമാവധിയിലെത്തി.[2]
[തിരുത്തുക] കാപ്രിക്കോസ്
1792-ല്‍ കടുത്ത ജ്വരം ബാധിച്ചതിനെത്തുടര്‍ന്ന് ബധിരതബാധിച്ച ഗോയ, ഏകാന്തതാപ്രിയനും അന്തര്‍മുഖനുമായി മാറി. സുഖപ്രാപ്തിയുടെ അഞ്ചുവര്‍ഷങ്ങളില്‍ അദ്ദേഹം ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചും അതിന്റെ തത്ത്വചിന്തയെക്കുറിച്ചും ഏറെ വായിച്ചു. 'കാപ്രിക്കോസ്' എന്ന പേരില്‍ നിര്‍മ്മിച്ച വിമര്‍ശനാത്മകമായ ലോഹ ഫലകങ്ങള്‍ (aquatinted etchings) ഈ മനനത്തിനൊടുവില്‍ 1799-ല്‍ പ്രസിദ്ധീകരിച്ചവയാണ്. ഈ സൃഷ്ടികളില്‍ രേഖപ്പെടുത്തിയ ഇരുണ്ട വെളിപാടുകളുടെ വിശദീകരണം, അവയ്ക്ക് അദ്ദേഹം നല്‍കിയ ശീര്‍ഷകത്തിലുണ്ട്: "യുക്തിയുടെ ഉറക്കം രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നു" എന്നായിരുന്നു ആ ശീര്‍ഷകം. എന്നാല്‍ ഇവയില്‍ പ്രകടമായ കല തീരെ നിരാനന്ദമായിരുന്നില്ല. ഈ പരമ്പരയിലുള്‍പ്പെട്ട 'പല്ലുവേട്ട' തുടങ്ങിയ സൃഷ്ടികള്‍, ഗോയയുടെ മൂര്‍ച്ചയേറിയ പരിഹാസബോധം പ്രകടിപ്പിക്കുന്നുണ്ട്. അലങ്കാരശീലകളിലെ ഡിസൈനുകളടക്കം ഗോയയുടെ എല്ലാരചനകളേയും ചുറ്റി ബീഭത്സതയുടെ ഒരംശം ഉണ്ടെന്നതാണ് വാസ്തവം.
[തിരുത്തുക] രാജകുടുംബത്തിന്റെ ചിത്രകാരന്‍
1786-ല്‍ ഗോയ ചാള്‍സ് മൂന്നാമന്‍ രാജവിന്റെ ചിത്രകാരനായി നിയമിതനായി. 1789-ല്‍ ചാള്‍സ് നാലാമന്‍ അദ്ദേഹത്തെ കൊട്ടാരം ചിത്രകാരനായും നിയമിച്ചു. 1799-ല്‍ ഗോയ കൊട്ടാരത്തിലെ മുഖ്യചിത്രകാരനായി അംഗീകരിക്കപ്പെട്ടു. അമ്പതിനായിരം റീല്‍സ് ശമ്പളവും ഒരു വാഹനത്തിന്റെ ചെലവിനായി അഞ്ഞൂറു ദുക്കാത്ത് പുറമേയും ആയിരുന്നു വേതനം. രാജാവിന്റേയും രാജ്ഞിയുടേയും ഛായാചിത്രങ്ങള്‍ അദ്ദേഹം വരച്ചു. പുറമേ സമാധാനരാജന്‍ എന്നറിയപ്പെട്ടിരുന്ന പ്രധാനമന്ത്രിയുടേയും മറ്റുപല പ്രഭുക്കന്മാരുടേയും ചിത്രങ്ങളും. ഗോയയുടെ ഈ രചനകളൊന്നും ഒരു മുഖസ്തുതിക്കാരന്റെ രചന ആയി തോന്നിച്ചില്ല. ചാള്‍സ് നാലാമന്റെ കുടുംബചിത്രത്തില്‍ ഈ 'നയതന്ത്രതയില്ലായ്മ' ഏറെ പ്രകടമാണ്. [4]
സ്പെയിനിലെ ഉപരിവര്‍ഗ്ഗത്തില്പ്പെട്ട ഗോയയുടെ സുഹൃത്തുക്കളില്‍ പലരും അദ്ദേഹത്തെ തങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കാനേല്പിച്ചു. ഒസൂനയിലെ ഒന്‍പതാം പ്രഭു, അദ്ദേഹത്തിന്റെ ഭാര്യ മരിയ ജോസഫാ, അല്‍ബായിലെ പ്രഭു, പ്രഭ്വി തുടങ്ങിയവര്‍ അദ്ദേഹത്തെ തങ്ങളുടെ ചിത്രങ്ങള്‍ വരക്കാനേല്പിച്ചവരില്‍ പെടുന്നു.
[തിരുത്തുക] അവസാനകാലം
1808 മുതല്‍ 1816 വരെ നടന്ന ഉപദ്വീപയുദ്ധത്തില്‍ (Penninsuslar War) ഫ്രഞ്ച് സൈന്യം സ്പെയിന്‍ കീഴടക്കിയപ്പോള്‍, പുതിയ ഭരണാധികാരികള്‍ നേരത്തേയുണ്ടായിരുന്നവരെപ്പോലെ, ഗോയക്ക് കൊട്ടാരത്തില്‍ സ്ഥാനം നല്‍കി.
1812-ല്‍ പത്നി ജോസഫാ മരിക്കുമ്പോള്‍ ഗോയ, മാമെലൂക്കുകളുടെ മുന്നേറ്റം 1808 മേയ് മൂന്ന് എന്നീ ചിത്രങ്ങളുടേയും യുദ്ധത്തിന്റെ ദുരിതങ്ങള്‍ എന്ന പരമ്പരയിലെ ഫലകങ്ങളുടേയും നിര്‍മ്മിതിയില്‍ മുഴുകിയിരിക്കുകയായിരുന്നു.
ഫെര്‍ഡിനാന്‍ഡ് ഏഴാമന്‍ രാജാവ് സ്പെയിനില്‍ തിരിച്ചെത്തിയപ്പോള്‍ ഗോയയുമായുള്ള ബന്ധം ഊഷ്മളമായില്ല. 1814-ല്‍ ഗോയ തന്റെ വീട്ടുസൂക്ഷിപ്പുകാരി ഡോണ ലിയോകാര്‍ഡിയക്കും അവള്‍ക്ക് വിവാഹേതരബന്ധത്തിലുണ്ടായ മകള്‍ റോസാരിയോ വീസിനും ഒപ്പം താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രി ആയിരുന്നിരിക്കാവുന്ന ആ പെണ്‍കുട്ടി ഗോയയില്‍ നിന്ന് ചിത്രകല പഠിച്ചു. [5] വിശ്രമമില്ലാതെ അദ്ദേഹം വിവിധതരം കലാസൃഷ്ടികളുടെ നിര്‍മ്മിതിയില്‍ മുഴുകി. ഏകാന്തതക്കുവേണ്ടി ഗോയ ബധിരന്റെ വീട് എന്നറിയപ്പെട്ടിരുന്ന ഒരു പുതിയ വീടുവാങ്ങി. പേരില്‍ സൂചനയുള്ള ബധിരന്‍ ഗോയ ആയിരുന്നില്ല. വീട്ടില്‍ നേരത്തേ താമസിച്ചിരുന്ന ആളെയാണ് അത് സൂചിപ്പിച്ചത്. ആ വീട്ടിലാണ് അദ്ദേഹം കറുത്ത ചിത്രങ്ങള്‍ വരച്ചത്.
1824-ല്‍ ഗോയ സ്പെയിന്‍ വിട്ട് ഫ്രാന്‍സിലെത്തി താമസമാക്കി. ഇടക്ക് 1826-ല്‍ മടങ്ങിവന്നപ്പോള്‍ വലിയ സ്വീകരണം കിട്ടിയെങ്കിലും അനാരോഗ്യത്തില്‍ അദ്ദേഹം ഫ്രാന്‍സിലെ ബോര്‍ഡോയിലേക്കുതന്നെ മടങ്ങി. അവിടെ 1828-ല്‍ എണ്‍പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു അന്ത്യം.
[തിരുത്തുക] സൃഷ്ടികള്‍
ചാള്‍സ് നാലാമന്‍, ഫെര്‍ഡിനാന്‍ഡ് ഏഴാമന്‍ എന്നീ രാജാക്കന്മാരടക്കമുള്ള സ്പെയിനിലെ രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ഗോയ വരച്ചിട്ടുണ്ട്. അദ്ദേഹം സ്വീകരിച്ച വിഷയങ്ങള്‍ അലങ്കാരവിരികളിലെ ആഘോഷചിത്രീകരണങ്ങളില്‍ തുടങ്ങി യുദ്ധത്തിന്റേയും മൃതദേഹങ്ങളുടേയും ചിത്രീകരണങ്ങളില്‍ വരെ എത്തി. അദ്ദേഹത്തിന്റെ മാനസികനിലയുടെ കലുഷമാകലിനെയാണ് ഈ പരിണാമം സൂചിപ്പിച്ചത്. ചിത്രങ്ങളില്‍ ഉപയോഗിച്ചിരുന്ന നിറങ്ങളിലെ ഈയം ഗോയ ഉള്‍ക്കൊണ്ടിരിക്കാമെന്നും 1792 മുതലുള്ള അദ്ദേഹത്തിന്റെ ബധിരതക്ക് അത് കാരണമായിരിക്കാമെന്നും കരുതുന്ന ആധുനിക ഭിഷഗ്വരന്മാരുണ്ട്. ജീവിതാവസാനമായപ്പോള്‍ അദ്ദേഹം ഏകാന്തത ഇഷ്ടപ്പെടാനും മനോവിഭ്രാന്തി, ചിത്തഭ്രമം, ഫാന്റസി എന്നിവയെ വിഷയമാക്കി പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കറുത്ത ചിത്രങ്ങള്‍ എന്നറിയപ്പെട്ട ഈ രചനകളില്‍ അദ്ദേഹം സ്വീകരിച്ച് ശൈലി പില്‍ക്കാലത്തെ എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോടിയായി.
[തിരുത്തുക] മാജകള്‍
ഗോയയുടെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് നഗ്ന-മാജ, ഉടുത്ത മാജ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ജോഡിയാണ്. ഒരേ സ്ത്രീയെ, ഒരേ സ്ഥിതിയില്‍, യഥാക്രമം, നഗ്നയായും വസ്ത്രം ധരിച്ചവളായും ചിത്രീകരിക്കുന്നവയാണവ. ഉടുത്ത മാജയെ അദ്ദേഹം വരച്ചത് നേരത്തേ വരച്ച നഗ്ന-മാജ സ്പെയിനിലെ സമൂഹത്തിലുണ്ടാക്കിയ കോളിളക്കത്തിനുശേഷമായിരുന്നു. പ്രതീകാത്മകമോ ഐതിഹാസികമോ ആയ അര്‍ഥതലങ്ങള്‍ ധ്വനിപ്പിക്കാതെയുള്ള സ്ത്രീയുടെ പൂര്‍ണ്ണകായ നഗ്നചിത്രം എന്ന നിലയില്‍ അത് പാശ്ചാത്യകലയില്‍ ആദ്യത്തേതായിരുന്നു.[6] നഗ്നമാജയിന്മേല്‍ വസ്ത്രം വരച്ചുചേര്‍ക്കാന്‍ ഗോയ വിസമ്മതിച്ചു. അതിനുപകരം അദ്ദേഹം അവളെ വസ്ത്രംധരിച്ചളായി കാണിക്കുന്ന മറ്റൊരു ചിത്രം കൂടി വരച്ചു.
മാജകള്‍ ആരുടെ ചിത്രമാണെന്നത് നിശ്ചയമില്ലതെയിരിക്കുന്നു. ആ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കപ്പെടുന്നത് രണ്ടു സ്ത്രീകളാണ്: ഗോയയുടെ കാമുകിയായിരുന്നുവെന്ന് കരുതപ്പെടുന്ന അല്‍ബായിലെ പ്രഭ്വിയാണ് അവരിലൊരാള്‍. ഈ ചിത്രങ്ങളുടെ ഉടമസ്ഥത പിന്നീട് കിട്ടിയ ഗോഡോയ്‌യിലെ മാനുവലിന്റെ വെപ്പാട്ടിയാണ് മാജയുടെ മാതൃക ആയിരിക്കുമെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ സ്ത്രീ. ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പലമാതൃകള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കല്പസൃഷ്ടിയാണ് ആ രചനകള്‍ക്ക് പിന്നിലുള്ളതെന്നും വരാം.[7] ചിത്രങ്ങളുടെ കൈവശക്കാരനായിരുന്ന ഗോദോയ്‌യുടെ സ്വത്തെല്ലാം 1808-ല്‍ അദ്ദേഹത്തിന്റെ പതനത്തിനും നാടുകടത്തിലിനും ശേഷം ഫെര്‍ഡിനാന്‍ഡ് ആറാമന്‍ രാജാവ് പിടിച്ചെടുത്തു. 1813-ല്‍ മതദ്രോഹവിചാരണക്കോടതി രണ്ടുചിത്രങ്ങളും അശ്ലീലമെന്നുപറഞ്ഞ് കണ്ടുകെട്ടിയെങ്കിലും 1836-ല്‍ തിരികെകൊടുത്തു. [8]
[തിരുത്തുക] ഇരുണ്ട ലോകങ്ങള്‍
1793-94-ല്‍ രോഗാവസ്ഥയിലായിരിക്കെ ഗോയ തകരത്തില്‍ പതിനൊന്നു ചെറിയ ചിത്രങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചു. "മനോരഥവും കണ്ടെത്തലും" എന്ന പേരില്‍ അറിയപ്പെടുന്ന ആ പരമ്പരയിലെ ചിത്രങ്ങള്‍ ഗോയയുടെ കല പിന്തുടരാന്‍ തുടങ്ങിയ പുതിയ വഴിയെ സൂചിപ്പിച്ചു. ആഘോഷങ്ങളേയും ആള്‍ക്കൂട്ടങ്ങളുടേയും ലോകത്തിനുപകരം മനോരഥത്തിന്റേയും പേടിസ്വപ്നങ്ങളുടേയും ഇരുണ്ട ലോകമാണ് അവ കാട്ടിത്തന്നത്. "ഭ്രാന്തന്മാര്‍ക്കൊപ്പം മുറ്റത്ത്" എന്ന ചിത്രം ഏകാന്തതയുടേയും ഭീതിയുടേയും അന്യതാബോധത്തിന്റേയും പേടിപ്പെടുത്തുന്ന സങ്കല്പമായിരുന്നു. മാനസികരോഗത്തെ ഉപരിതലസ്പര്‍ശിയായി മാത്രം കൈകാര്യം ചെയ്ത വില്യം ഹോഗാര്‍ത്തിനേപ്പോലുള്ള മുന്‍കാല ചിത്രകാരന്മാരുടെ പതിവില്‍ നിന്നുള്ള വ്യതിയാനമായിരുന്നു ആ ചിത്രം.
ഈ ചിത്രത്തില്‍ കല്ലും ഇരുമ്പും കൊണ്ടുവളച്ചുകെട്ടിയ തറയില്‍ മാനസികരോഗികളും അവരുടെ ആകെയുള്ള ഒരു വാര്‍ഡനും ഇരിക്കുന്നു. രോഗികളുടെ ഭാവങ്ങള്‍ പലതാണ്. ചിലര്‍ തുറിച്ചുനോക്കുന്നു, ചിലര്‍ വെറുതേ ഇരിക്കുന്നു, ചിലര്‍ ഇരിക്കാന്‍ ശ്രമിക്കുന്നു, ചിലര്‍ ഗുസ്തിപിടിക്കുന്നു, ചിലര്‍ കൊഞ്ഞനംകുത്തുന്നു, ചിലര്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. താഴെ ചിത്രീകരിച്ചിരിക്കുന്ന പേടിസ്വപ്നത്തിന് അടിവരയിടാന്‍, ചിത്രത്തിന്റെ മേല്‍ഭാഗം സൂര്യപ്രകാശത്തില്‍ അലിയുന്നതായി കാണിച്ചിരിക്കുന്നു.
മനോരോഗികളെ ഇരുമ്പുചങ്ങലക്കിട്ടും ശാരീരികശിക്ഷകള്‍ക്ക് വിധേയരാക്കിയും കുറ്റവാളികള്‍ക്കൊപ്പം താമസിപ്പിച്ചും കൈകാര്യം ചെയ്യുന്ന ശിക്ഷാധിഷ്ടിതമായ സമ്പ്രദായത്തിന്റെ നിശിതവിമര്‍ശനമായി ഈ ചിത്രത്തെ കാണാം. വോള്‍ട്ടയര്‍ തുടങ്ങിയ എഴുത്തുകാരുടെ രചനകള്‍ വ്യക്തമാക്കുന്നതുപോലെ ജ്ഞാനോദയത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് കാരാഗൃഹങ്ങളുടേയും മനോരോഗചികിത്സാലയങ്ങളുടേയും പരിഷ്കരണമായിരുന്നുവെന്നോര്‍ക്കുമ്പോള്‍ ഈ ചിത്രത്തിന്റെ സന്ദേശമെന്തെന്ന് വ്യക്തമാണ്. കുറ്റവാളികളും മനോരോഗികളുമായ ബന്ദികളുടെനേര്‍ക്കുള്ള ക്രൂരതയുടെ വിമര്‍ശനം ഗോയയുടെ പില്‍ക്കാല ചിത്രങ്ങളിലും ഒരു പ്രധാന പ്രമേയമായിരുന്നു.
ഈ ചിത്രം പൂര്‍ത്തിയായിക്കോണ്ടിരിക്കുമ്പോള്‍ ഗോയതന്നെ ശാരീരകവും മാനസികവുമായ തകര്‍ച്ചയോടടുക്കുകയായിരുന്നു. ഫ്രാന്‍സ് സ്പെയിനോട് യുദ്ധം പ്രഖ്യാപിച്ച് ആഴ്ചകള്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞിരുന്നുള്ളു. സമകാലീനനായ ഒരാള്‍ ഗോയയുടെ അവസ്ഥയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “അദ്ദേഹത്തിന്റെ തലക്കുള്ളില്‍ സ്വരങ്ങള്‍ കേള്‍ക്കുന്നുവെന്നതിലോ ബധിരാവസ്ഥക്കോ ഒരു മാറ്റവുമുണ്ടായില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭാവന മുന്‍പത്തേതിനേക്കാള്‍ ഭേദവും അദ്ദേഹം സ്വന്തം സന്തുലിതാവസ്ഥയിന്മേല്‍ നിയന്ത്രണമുള്ളവനും ആയി കാണപ്പെട്ടു.” ഗോയയുടെ അവസ്ഥക്ക് കാരണം വൈറസ് മൂലമുള്ള പഴകിയ ശിരോജ്വരമോ(encephalitis) രക്തസമ്മര്‍ദ്ദഫലമായി അടുത്തടുത്തുണ്ടായി തലച്ചോറിലെ ശ്രവണ-സന്തുലനസ്ഥാനങ്ങളെ ബാധിച്ച ചെറിയ ഹൃദയാഘാതങ്ങളോ ആയിരുന്നിരിക്കാം എന്നും അത് അദ്ദേഹത്തിന്റെ മാനസികനിലയേയും അതുവഴി കലയേയും ബാധിച്ച് "മക്കളെതിന്നുന്ന-ശനി" പോലുള്ള കറുത്ത ചിത്രങ്ങളില്‍ എത്തിച്ചിരിക്കാമെന്നും പറയപ്പെടുന്നു.
| “ | ...പരിഷ്കൃതസമൂഹങ്ങളിലൊക്കെ എണ്ണമില്ലാതെ കാണപ്പെടുന്ന വിഡ്ഡിത്തരങ്ങളും അപഹാസ്യതകളും, പാരമ്പര്യവും അജ്ഞതയും സ്വാര്‍ഥതയും ചേര്‍ന്ന് പെരുപ്പിച്ച സാധാരണ മുന്‍വിധികളും വഞ്ചനകളും.[9] | ” |
ഒക്കെയാണ് 1799-ല്‍ കാപ്രിക്കോസ് എന്നപേരില്‍ പ്രസിദ്ധീകരിച്ച എണ്‍പതുചിത്രങ്ങളുടെ പരമ്പരയുടെ പ്രമേയം എന്നാണ് ഗോയ തന്നെ പറഞ്ഞത്.
1808 മെയ് മൂന്ന്: മാഡ്രിഡിന്റെ രക്ഷകന്മാരുടെ വധം, എന്ന രചനയെ ഗോയ വിവരിച്ചത് "യൂറോപ്പിലെ സ്വേഛാധിപതിക്കെതിരെയുള്ള നമ്മുടെ ധീരമായ ചെറുത്തുനില്പ്പിന്റെ കഥ ബ്രഷ് ഉപയോഗിച്ച് അനശ്വരമാക്കാനുള്ള ശ്രമം" എന്നാണ്.[10] താന്‍ ദൃക്സാക്ഷിയായ ഏതെങ്കിലും സംഭവം വിവരിക്കുകയായിരുന്നില്ല ഈ ചിത്രത്തില്‍ ഗോയ. ഏതെങ്കിലും സംഭവത്തില്‍ പ്രത്യേകം ഊന്നാത്ത അഭിപ്രായപ്രകടനമാണ് അതില്‍.
[തിരുത്തുക] കറുത്ത ചിത്രങ്ങളും യുദ്ധദുരിതങ്ങളും
അവസാനവര്‍ഷങ്ങളില്‍, പുതിയതായി താന്‍ വാങ്ങിയ 'ബധിരന്റെ-വീട്' എന്ന വസതിയില്‍ താമസിച്ച് ഗോയ ക്യാന്‍വാസിലും ഭിത്തിയിലുമായി മന്ത്രവാദത്തേയും യുദ്ധത്തേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയടക്കം പല അസാധാരണചിത്രങ്ങളും വരച്ചു. "ശനി മക്കളെ തിന്നുന്നു" എന്ന പ്രസിദ്ധരചന അതിലൊന്നാണ്. ഈ ചിത്രത്തിന് അനൗപചാരികമായി 'തീറ്റ' എന്നും "ശനി കുഞ്ഞുങ്ങളെ തിന്നുന്നു" എന്നും പേരുകളുണ്ട്. ഗ്രീക്ക് പുരാണങ്ങളില്‍, ശനി ഒരു കുട്ടിയെ തിന്നുന്നതായി പറയുന്ന കഥയെ ആശ്രയിച്ചുള്ള ഈ ചിത്രം യഥാര്‍ത്ഥത്തില്‍ സ്പെയിനില്‍ അന്ന് നടന്നിരുന്ന ആഭ്യന്തരകലഹത്തെക്കുറിച്ചാണ്. അതിനപ്പുറം, മൈക്കേല്‍ ആഞ്ചലോ സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ഭിത്തിയില്‍ വരച്ച രചനകള്‍ പതിനാറാം നൂറ്റാണ്ടിലെ മനുഷ്യാവസ്ഥയെക്കുറിച്ചറിയാന്‍ സഹായിക്കുന്നതുപോലെ, "ആധുനികരായ നമുക്ക് ഇന്നത്തെ മനുഷ്യാവസ്ഥയെക്കുറിച്ചറിയാന്‍ ഏറ്റവും സഹായകമായ രചന" എന്നുപോലും അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്.[11]
കറുത്തചിത്രങ്ങള്‍ എന്ന പരമ്പരയില്‍ പെടുന്ന ഒരു ചിത്രമാണിത്. ഗോയയുടെ മരണത്തിനുശേഷം ഈ ചിത്രങ്ങളില്‍ ഭിത്തിയില്‍ വരച്ചിരുന്നവയും ക്യാന്‍വാസിലേക്ക് പകര്‍ത്തപ്പെട്ടു. അവ ഗോയയുടെ ജീവിതത്തിലെ അവസാനകാലത്തെ രചനകളുടെ ഏറ്റവും നല്ല മാതൃകകളില്‍ പെടുന്നു. ബധിരതയുടേയും ഏതോതരം സിരോജ്വരം മൂലം ഉണ്ടായതായിരിക്കാവുന്ന മനോവിഭ്രാന്തിയുടേയും പീഡനത്തിനിരയായിരുന്ന ഗോയ, ചിത്രകാരന്മാര്‍ക്ക് വിധിച്ചിട്ടുള്ള വിലക്കുകളെ അവഗണിച്ച്, തനിക്കുണ്ടായ ഭ്രാന്തമായ വെളിപാടുകളെയെല്ലാം ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അവ. ആ രചനകളില്‍ പലതും ഇപ്പോള്‍ മാഡ്രിഡിലെ പ്രാദൊ സംഗ്രഹാലയത്തിലാണ്.
1810-ല്‍ ഗോയ ഉപദ്വീപയുദ്ധത്തിലെ(Penninsular War) രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ഫലക-പരമ്പര, "യുദ്ധത്തിന്റെ ദുരിതങ്ങള്‍" എന്ന പേരില്‍ നിര്‍മ്മിച്ചു. അവയില്‍ ചിത്രീകരിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങള്‍ ആര്‍ക്കും ഞെട്ടലുണ്ടാക്കാന്‍ പോന്നവയാണ്. മരണത്തിനും നാശത്തിനും സാക്ഷ്യം വഹിക്കേണ്ടിവന്ന് വൃണിതമായ ഒരു മനസ്സാക്ഷി പൊട്ടിത്തെറിക്കുകയാണ് ആ രചനകളില്‍. ഗോയ മരിച്ച് 35 വര്‍ഷത്തിനുശേഷം, 1863-ല്‍ മാത്രമാണ് ആ പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്.
[തിരുത്തുക] ആധികാരികതയുടെ പ്രശ്നം
2003-ല്‍ പ്രസിദ്ധീകരിച്ച് ഒരു പഠനം ഗോയയുടെ പില്‍ക്കാലരചനകളായി അറിയപ്പെടുന്നവയില്‍ ചിലതിന്റെ ആധികാരികത ചോദ്യംചെയ്തിട്ടുണ്ട്. ഫ്രാന്‍സിലേക്ക് പോകുന്നതിന് മുന്‍പ് ഗോയയുടെ വീട്ടില്‍ ഇല്ലാതിരുന്ന ഭിത്തികളിലേക്ക് പിന്നീട് കറുത്ത ചിത്രങ്ങള്‍ ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്.[12] [13]
2008-ല്‍ പ്രാദോ സംഗ്രഹാലയം, കൊളോസസ് എന്ന ചിത്രത്തിന്റെ രചയിതാവായി ഗോയയെ കാണിക്കുന്നത് നിര്‍ത്തുകയും അദ്ദേഹത്തിന്റേതെന്ന് കരുതപ്പെട്ടിരുന്ന വേറെ മൂന്നുചിത്രങ്ങളുടെ രചയിതാവ് അദ്ദേഹമാണെന്ന് ഉറപ്പുപറയുകവയ്യെന്ന് സമ്മതിക്കുകയും ചെയ്തു.[14]
[തിരുത്തുക] ചലച്ചിത്രം, നാടകം, ഓപ്പറ
എന്‍റിക്ക് ഗ്രനാഡോസ് 1911-ല്‍ ഗോയയുടെ ചിത്രങ്ങളെ ആശ്രയിച്ച് ഒരു പിയാനോസംഗീതശില്പവും തുടര്‍ന്ന് 1916-ല്‍ ഒരു ഓപ്പറയും രചിച്ചു. രണ്ടിന്റേയും പേര് 'ഗോയെസ്കാസ്' എന്നായിരുന്നു. ഗിയാന്‍ കാര്‍ളോ മെനോറ്റി 1986-ല്‍ ഗോയയുടെ ജീവിതകഥ 'ഗോയ' എന്ന പേരില്‍ ഒരു ഓപ്പറ ആയി സംവിധാനം ചെയ്തു. അതിന്റെ നിര്‍മ്മാതാവായിരുന്ന പ്ലാസിഡോ ഡോമിങ്കോ തന്നെയാണ് ഗോയ ആയി വേഷം കെട്ടിയതും. ഈ ഓപ്പറ റ്റെലിവിഷനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരാമാണ്ടില്‍ ഗോയ, മൈക്കേല്‍ നിമാന്റെ "ഗോയയുമായി നേര്‍ക്കുനേര്‍" (Facing Goya) എന്ന ഓപ്പറയുടേയും പ്രചോദനമായി. ക്ലൈവ് ബാര്‍ക്കര്‍ 1995-ല്‍ നിര്‍മ്മിച്ച 'കൊളോസ്സസ്' എന്ന നാടകത്തിലെ മുഖ്യകഥാപാത്രവും ഗോയയാണ്.
ഗോയയുടെ ജീവിതകഥ ചിത്രീകരിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ട്. ഗോയ (1948),[15] ഗോയ ബോര്‍ഡൊയില്‍ (1999),[16]ഗോയയുടെ പ്രേതങ്ങള്‍ (2006) തുടങ്ങിയവ ഇവയില്‍ പെടുന്നു.
1988-ല്‍ അമേരിക്കന്‍ സംഗീതസംവിധായകനായ മൗറി യെസ്റ്റണ്‍ "ഗോയയുടെ ജീവിതം ഗാനങ്ങളിലൂടെ" എന്ന പേരില്‍ ഒരു ആല്‍ബം പ്രസിദ്ധീകരിച്ചു. അതിലും ഗോയയുടെ ഭാഗം നിര്‍വഹിച്ചത് പ്ലാസിഡോ ഡോമിനിഗോ ആയിരുന്നു.
[തിരുത്തുക] ആധാരസൂചിക
- ↑ Goya and Modernism, Bienal Internacional de São Paulo Retrieved 27 July, 2007.
- ↑ Galeria de Arte transparencias Ancora A Todo Color 1961 Goya biography from the Museo del Prado. As quoted on eeweems.com
- ↑ Chocano, Carina. "Goya's Ghosts". Los Angeles Times, July 20, 2007. Retrieved on January 18, 2008.
- ↑ Licht, Fred: ഗോയ: ആധിനികകലയുടെ തുടക്കം, പുറം 68. യൂണിവേഴ്സ് ബുക്ക്‌സ്, 1979. "സ്പെയിനിലെ ഛായചിത്രകല സാധാരണ പ്രകടിപ്പിച്ചുകാണാറുള്ള യാഥാതഥസ്വഭാവം കണക്കിലെടുത്താലും, മനുഷ്യന്റെ പാപ്പരത്തത്തിന്റെ നാടകീയ വിവരണം എന്ന നിലയില്‍ ഗോയയുടെ ചിത്രം അസാധാരണമാണ്".
- ↑ Rosario Weiss. Jose de la Mano Madrid Art Gallery.
- ↑ Licht, Fred, page 83, 1979.
- ↑ The Clothed Maja and the Nude Maja, the Prado Retrieved 27 July, 2007.
- ↑ Museo del Prado, Catálogo de las pinturas, 1996, p. 138, Ministerio de Educación y Cultura, Madrid, ISBN 84-87317-53-7
- ↑ The Sleep of Reason Linda Simon (www.worldandi.com). Retrieved 2 December 2006.
- ↑ Francisco Goya, quoted at Artchive.
- ↑ Licht, Fred, page 167, 1979.
- ↑ NY Times Magazine article dated 27 July, 2003 by Arthur Lubow
- ↑ Black Paintings of Goya by Juan Jose Junquera ISBN 1-85759-273-5
- ↑ [1]Goya's Iconic Painting Not Created by the Genius?
- ↑ Goya (1948) ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍
- ↑ Goya in Bordeaux (1999) ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍
[തിരുത്തുക] ഗ്രന്ഥസൂചി
- John J. Ciofalo, The Self-Portraits of Francisco Goya. Cambridge University Press, 2001
- Goya (a biographical novel) by Lion Feuchtwanger ISBN 84-7640-883-8
- Goya by Robert Hughes, 2003, ISBN 1-84343-054-1
- eeweems.com Goya images, biography and resources
[തിരുത്തുക] പുറംകണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
പൊതുവായവ
ബധിരതയെക്കുറിച്ച്
- Goya's Deafness in Art History[2]
ജീവചരിത്രങ്ങള്‍
കൃതികള്‍
- Paintings by Francisco Goya)
- CaprichosPDF (10.0 MiB) (PDF in the Arno Schmidt Reference Library)
- Desastres de la guerraPDF (10.6 MiB) (PDF in the Arno Schmidt Reference Library)
- Caprichos at all-art.org
- Disasters of War at all-art.org
- Disparates at all-art.org
- Tauromaquia at all-art.org
- Smithsonian Institution exhibit “Legacy: Spain and the United States in the Age of Independence, 1763-1848”, Sept. 27, 2007–Feb. 10, 2008
- Paintings in Wikimedia Commons
- Francisco Goya Prints, a Claremont Colleges Digital Library collection from the Pomona College Museum of Art
ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍
- The Sleep of Reason [3]
- The Sleep of Reason - article in World&I Magazine
- Goya's ghouls on the Goya's "Don't forget the happiness of Goya!" exhibition in Berlin
- Francisco de Goya's Black paintings
- Goya and his work in Aragon