കൊല്ലവർഷ കാലഗണനാരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. ക്രി.പി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. [1]

ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.

ഇന്ന്

കൊല്ലവർഷം 1187
ഇടവം
17 വ്യാഴം

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു സപ്തർഷി വർഷം[2]. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.[3]

[തിരുത്തുക] സിദ്ധാന്തങ്ങൾ

  • കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണ്‌ എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ്‌ കൊല്ലവർഷം ഉണ്ടായിരിക്കുന്നത്‌. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ്‌ കൊല്ലവർഷം ആരംഭിച്ചതെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം.
  • എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു.

[തിരുത്തുക] മാസങ്ങൾ

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌[4]. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കായി കൊല്ലവർഷത്തെ ആശ്രയിക്കുന്നവരാണ്.

മലയാളമാസവും മറ്റുള്ള മാസങ്ങളും
മലയാളമാസം ഗ്രിഗോറിയൻ കലണ്ടർ മാസം തമിഴ് മാസം ശക മാസം
ചിങ്ങം ഓഗസ്റ്റ്-സെപ്റ്റംബർ ആവണി-പുരുട്ടാശി ശ്രാവണം-ഭാദ്രം
കന്നി സെപ്റ്റംബർ-ഒക്ടോബർ പുരുട്ടാശി-ഐപ്പശി ഭാദ്രം-ആശ്വിനം
തുലാം ഒക്ടോബർ-നവംബർ ഐപ്പശി-കാർത്തികൈ ആശ്വിനം-കാർത്തികം
വൃശ്ചികം നവംബർ-ഡിസംബർ കാർത്തികൈ-മാർകഴി കാർത്തികം-ആഗ്രഹായണം
ധനു ഡിസംബർ-ജനുവരി മാർകഴി-തൈ ആഗ്രഹായണം-പൗഷം
മകരം ജനുവരി-ഫെബ്രുവരി തൈ-മാശി പൗഷം-മാഘം
കുംഭം ഫെബ്രുവരി-മാർച്ച് മാശി-പങ്കുനി മാഘം-ഫാൽഗുനം
മീനം മാർച്ച്-ഏപ്രിൽ പങ്കുനി-ചിത്തിരൈ ഫാൽഗുനം-ചൈത്രം
മേടം ഏപ്രിൽ-മേയ് ചിത്തിരൈ-വൈകാശി ചൈത്രം-വൈശാഖം
ഇടവം മേയ്-ജൂൺ വൈകാശി-ആനി വൈശാഖം-ജ്യേഷ്ഠം
മിഥുനം ജൂൺ-ജൂലൈ ആനി-ആടി ജ്യേഷ്ഠം-ആഷാഢം
കർക്കടകം ജൂലൈ-ഓഗസ്റ്റ് ആടി-ആവണി ആഷാഢം-ശ്രാവണം

[തിരുത്തുക] കൊല്ലവർഷത്തീയതിയിൽ നിന്നും കലിദിനവും കണ്ടുപിടിക്കുന്ന വഴി

കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ഒരു ശ്ലോകം താഴെക്കൊടുക്കുന്നു:

കോളംബം തരളംഗാഢ്യം
ഗോത്രഗായകവർദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിർ ഭവേത്.

ഇതു് ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു് - പരൽപ്പേർ ഉപയോഗിച്ചു്.

തരളാംഗം = 3926 (ത = 6, ര = 2, ള = 9, ഗ = 3)

ഗോത്രഗായക = 11323 (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1)

കുലം = 31 (ക = 1, ല = 3)

അതായതു്, കൊല്ലവർഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം.

ഉദാഹരണമായി. 1181 മേടം 1 എടുക്കാം:

മേൽക്കാണിച്ച സൂത്രവാക്യം ഉപയോഗിച്ച് ഇതു് 1865372.93 ആണെന്നു കാണാം.

അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നർത്ഥം.

[തിരുത്തുക] അവലംബം

  1. ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ
  2. ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫, പുറം ൯൭
  3. 'K Sivasankaran Nair, വേണാടിന്റെ പരിണാമം, 28-29
  4. ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫
"http://ml.wikipedia.org/w/index.php?title=കൊല്ലവർഷ_കാലഗണനാരീതി&oldid=1176781" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ