കെ.വി. ഈശ്വരവാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. ഈശ്വരവാരിയർ
വ്യക്തിഗത വിവരങ്ങൾ
ജനനം1917 മാർച്ച് 15
കാട്ടുകുളം, പാലക്കാട് ജില്ല, കേരളം
മരണം2012 മാർച്ച് 12
അമ്പലപ്പാറ, ഒറ്റപ്പാലം താലൂക്ക്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
കുട്ടികൾ3
വസതികാട്ടുകുളത്ത് പുത്തൻ വാരിയം

സ്വാതന്ത്യസമര സേനാനിയും അദ്ധ്യാപകനും കവിയും രാഷ്ട്രീയ പ്രവർത്തകനും ലേഖനകർത്താവും ബഹുഭാഷാ പണ്ഡിതനുമായിരുന്നു കാട്ടുകുളത്തു വാരിയത്ത് ഈശ്വരവാരിയർ.[1]

ജീവിതരേഖ[തിരുത്തുക]

1917 മാർച്ച് 15-ന് മലബാറിൽ വള്ളുവനാട് താലൂക്കിൽ കാട്ടുകുളത്ത് പുത്തൻ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും ഉക്കണ്ടു വാര്യരുടെയും മകനായി ജനിച്ചു. വളരെ ക്ലേശിച്ചു കടമ്പഴിപ്പുറത്ത് അക്കാലത്തുണ്ടായിരുന്ന സംസ്കൃത പാഠശാലയിൽ സ്‌കൂൾ പഠനം മുഴുവനാക്കി. സംസ്കൃത വിദ്വാൻ (1938), മലയാളം വിദ്വാൻ (1940) ബിരുദങ്ങൾ നേടി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. പാസ്സായി. മദിരാശിയിൽ പ്രൊഫസർ ചേലനാട്ടു അച്യുതമേനോന്റെ കീഴിൽ ഉണ്ണായി വാര്യരും നളചരിതവും എന്ന വിഷയത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും പൂർത്തീകരിച്ചില്ല.

പഠനാനന്തരം സ്‌കൂൾ അധ്യാപകനായി. പുറനാട്ടുകര വിലങ്ങൻ ശ്രീരാമകൃഷ്ണ ആശ്രമം സ്‌കൂൾ, പത്തിരിപ്പാല അടക്കം പലയിടത്തും സ്‌കൂൾ അധ്യാപകനായി ജോലി നോക്കി. രണ്ടു പ്രാവശ്യം ഗാന്ധിജിയെ കണ്ടു സംഭാഷണം നടത്തി. ജീവിതത്തിലുടനീളം ഗാന്ധിയൻ ആദർശങ്ങളുമായി ജീവിക്കാൻ ഈ സന്ദർശനങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മലബാറിലെയും കൊച്ചിയിലെയും പ്രമുഖരായ സ്വാതന്ത്ര്യ സമര സേനാനി[2]കളുമായി ഈശ്വര വാരിയർ ഇടപെടുന്നത് ഇക്കാലത്താണ്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം എന്നിവയിലും സജീവമായി പങ്കെടുത്തിരുന്നു. [3] കാട്ടുകുളത്തെ പരിയാനംപറ്റ കാവിൽ നടന്നിരുന്ന മൃഗബലി നിർത്തുന്നത് ഈശ്വര വാരിയരുടെ പ്രവർത്തന ഫലമായിട്ടാണ്. വെട്ടാൻ വേണ്ടി കല്ലിൽ കിടത്തിയിരുന്ന ആടിനെ മാറ്റി ബലിപീഠത്തിൽ കയറി കിടന്ന് ഇനി തൻ്റെ കഴുത്തു വെട്ടാം, ഈ മിണ്ടാപ്രാണിയെ വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിർഭയമായി സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നത് ഈശ്വരവാരിയരുടെ സവിശേഷതയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു ഒളിവിൽ പോയി. പോലീസ് പിടിച്ചപ്പോൾ തൃശ്ശൂർ വിയ്യൂർ ജയിലിൽ അടക്കപ്പെട്ടു. വിലങ്ങൻ രാമകൃഷ്ണ ആശ്രമം വക സ്‌കൂളിൽ നിന്നും ഈശ്വരവാരിയർ പോരുന്ന ഒഴിവിലാണ് മൃഢാനന്ദ സ്വാമി കടമ്പഴിപ്പുറത്തുനിന്നും അദ്ധ്യാപകനായി പുറനാട്ടുകരയിൽ വരുന്നത്.

1953-ൽ അദ്ധ്യാപകവൃത്തി രാജിവെച്ച് പി.ടി.ഭാസ്കരപ്പണിക്കർക്കെതിരായി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇലക്ഷന് നിന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ വീണ്ടും അധ്യാപകനായി. വിജയിച്ച പി.ടി. ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ക്ട്രിസിറ്റ ബോർഡ് പ്രസിഡന്റായി. ബാലരാമൻ മൂസ്സ് പാലക്കാട്ട് നടത്തിയിരുന്ന എം.ബി. ട്യൂട്ടോറിയലിൽ എം.ടി. വാസുദേവൻ നായർ, ഉണ്ണിക്കൃഷ്ണൻ പുതൂർ എന്നിവരോടൊപ്പം ഈശ്വരവാരിയർ അധ്യാപകനായി പ്രവർത്തിച്ചു. സ്വന്തം മരുമകളുടെ ഭർത്താവും മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരുമായിരുന്ന എൻ.വി. കൃഷ്ണ വാര്യരെ എം.ടി.ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഈശ്വര വാരിയരാണ്.

ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും

അണ്ണാമല സർവ്വകലാശാലയിൽ പ്രൊഫസർ ആയി കുറച്ചുകാലമുണ്ടായി. തമിഴ്‌നാട്ടിൽ ഭാഷാവാദം രൂക്ഷമായിരുന്ന കാലമായിരുന്നു അത്. തിരിച്ചുവന്ന് കോഴിക്കോട്ട് ദേവഗിരി കോളേജിൽ പ്രൊഫസർ ആയി ചേർന്നു. കാലിക്കറ്റ് സർവ്വകലാശാല രൂപീകരിച്ചപ്പോൾ സുകുമാർ അഴീക്കോട് പോയ ഒഴിവിലായിരുന്നു നിയമനം. പിന്നീട് ഈശ്വര വാരിയർ റിട്ടയർ ചെയ്തപ്പോൾ ആ ഒഴിവിൽ പ്രൊഫ. എം.ജി. ശശിഭൂഷൺ നിയമിക്കപ്പെട്ടു.

മദിരാശിയിൽ നിന്നും സി.ആർ. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിൽ 'സഞ്ചാരി' എന്ന തൂലികാനാമത്തിൽ അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. [4] ആദ്യം വൈക്കം മുഹമ്മദ് ബഷീർ കൈകാര്യം ചെയ്തിരുന്ന ഈ പങ് ക്തി പിന്നീട് ഈശ്വര വാരിയരെ സാഹിത്യ രംഗത്ത് ശ്രദ്ധേയനാക്കി. 'സഞ്ചാരിയുടെ കഥകൾ' എന്ന പരമ്പരയിലൂടെ അദ്ദേഹം സാമൂഹ്യ വിമർശനം ഉയർത്തി. ആചാര്യ വിനോബ ഭാവെ ഭൂദാന സന്ദേശവുമായി വന്നപ്പോൾ പല ഭൂവുടമകളും ഉപയോഗ ശൂന്യമായ ഭൂമി ദാനം ചെയ്ത് പ്രശസ്തരാവാൻ ശ്രമിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ 'സഞ്ചാരി' യുടെ വിമർശനത്തിനു വിധേയമായി. അവ 1950-ൽ കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ജനത പ്രസ് പുസ്തകമാക്കി. കലാകൌതുകം (1941), കൺമണികൾ (1970), സാക്ഷാത്കാരം (1971), ഭാവനാഞ്ജലി (1970), മാണിക്യക്കല്ലുകൾ (2012) എന്നിവയാണ് മറ്റ് കൃതികൾ. കൂടാതെ പ്രൊഫ. കെ.പി. ശങ്കരൻ എഡിറ്റ് ചെയ്ത് ഇശ്വരവാര്യരുടെ തിരഞ്ഞെടുത്ത കവിതകൾ വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിതയ്ക്ക് കൃഷ്ണഗീതി പുരസ്കാരം (2002), വൈദിക വൈജ്ഞാനിക സാഹിത്യശാഖകൾക്ക് വാചസ്പതി പുരസ്കാരം, സാമൂഹ്യ സേവനത്തിന് ചേറ്റൂർ ശങ്കരൻനായർ സ്മാരക പുരസ്കാരം (2005) എന്നീ അവാർഡുകൾ കെ.വി. ഈശ്വര വാരിയർക്കു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. പത്നിയുടെ മരണശേഷം അദ്ദേഹം കാട്ടുകുളത്ത് വാരിയം വിറ്റ് മകൾ സത്യവതിയുടെ കൂടെ അമ്പലപ്പാറയിൽ താമസിച്ചു.

ബഹുമുഖപ്രതിഭയായിരുന്ന കെ.വി. ഈശ്വരവാരിയർ തൊണ്ണൂറിയാറാം വയസ്സിൽ ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറയിൽ വെച്ച് 2012 മാർച്ച് 12-ന് അന്തരിച്ചു. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം പിറ്റേന്ന് ഭാരതപ്പുഴയുടെ കരയിൽ ഷൊർണ്ണൂരിലെ ശാന്തിതീരത്ത് സംസ്കരിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും, എസ്. രാജേന്ദു (എഡി.), ചെർപ്പുളശ്ശേരി, 2010. ISBN: 978-93-5254-285-7
  2. "Mathrubhumi - Print". Archived from the original on 2020-11-09. Retrieved 2020-11-09.
  3. "സ്വാതന്ത്ര്യ സമരസേനാനി പ്രൊഫ. കെ.വി. ഈശ്വരവാര്യർ അന്തരിച്ചു". Retrieved 2020-11-09.
  4. admin (2017-10-14). "ഈശ്വരവാരിയർ. കെ.വി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-09.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.വി._ഈശ്വരവാരിയർ&oldid=3803343" എന്ന താളിൽനിന്ന് ശേഖരിച്ചത്