കിഴക്കേ ചേരാനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കാലടിയ്ക്കടുത്ത് പെരിയാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചേരാനല്ലൂർ. കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ സ്ഥലം. എറണാകുളം ജില്ലയിൽ തന്നെ, പെരിയാറിന്റെ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂരുള്ളതിനാലും അത് ഈ ചേരാനല്ലൂരിന്റെ പടിഞ്ഞാറായതിനാലും, കിഴക്കേ ചേരാനല്ലൂർ എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. ട

ചരിത്രം[തിരുത്തുക]

ചേരാൻ നല്ല ഊര് എന്നത് ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. എന്നാൽ, ചേരമാൻ പെരുമാളുടെ നല്ല ഊര് എന്നതാണ് ചേരാനല്ലൂരായതെന്ന് മറ്റൊരു വ്യാഖ്യാനവുമുണ്ട്.

സ്ഥാനം[തിരുത്തുക]

എറണാകുളം ജില്ലയിൽ കൂവപ്പടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചേരാനല്ലൂരിലേയ്ക്ക്, എറണാകുളത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്. ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെയാണ് പെരിയാറൊഴുകുന്നത്. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ, ചേരാനല്ലൂരിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ വടക്കുമാറി പെരിയാറിന്റെ മറുകരയിൽ സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ആന വളർത്തുകേന്ദ്രമായ കോടനാടും ചേരാനല്ലൂരിന്റെ സമീപപ്രദേശമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ചേരാനല്ലൂരിൽ നിന്ന് 11 കിലോമീറ്ററേ ദൂരമുള്ളൂ. അങ്കമാലിയും പെരുമ്പാവൂരുമാണ് സമീപ പട്ടണങ്ങൾ.

പോസ്റ്റ് ഓഫീസ്, വിദ്യാലയങ്ങൾ, എ.ടി.എം. തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമായ ഗ്രാമമാണ് ചേരാനല്ലൂർ. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ചേരാനല്ലൂർ മഹാദേവക്ഷേത്രം, സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയം എന്നീ ആരാധനാലയങ്ങൾ ചേരാനല്ലൂരിലാണ്.

2001-ലെ ദേശീയ സെൻസസ് പ്രകാരം ഏകദേശം അമ്പതിനായിരം ആളുകൾ താമസിയ്ക്കുന്ന ചേരാനല്ലൂരിൽ ജനസംഖ്യയിൽ ഹിന്ദു-ക്രിസ്ത്യൻ മതവിശ്വാസികളാണ് മുന്നിട്ടുനിൽക്കുന്നത്. ഏകദേശം 96 ശതമാനം ആളുകളും സാക്ഷരരാണ്.

"https://ml.wikipedia.org/w/index.php?title=കിഴക്കേ_ചേരാനല്ലൂർ&oldid=3330958" എന്ന താളിൽനിന്ന് ശേഖരിച്ചത്