ഏലം
ഏലം | |
---|---|
ഏലം(Elettaria cardamomum) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Elettaria |
Species: | E. cardamomum
|
Binomial name | |
Elettaria cardamomum (L.) Maton
|
ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്. ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം (Cardamom) എന്നാണ്[1]. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്.[2][3] ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം.
രസഗുണങ്ങൾ
[തിരുത്തുക]രസം | കടു, മധുരം |
ഗുണം | ലഘു, രൂക്ഷം |
വീര്യം | ശീതം |
ഔഷധഗുണം
[തിരുത്തുക]ഏലത്തരിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങൾ, ഛർദ്ദി, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.
ഇതരഭാഷാനാമങ്ങൾ
[തിരുത്തുക]- സംസ്കൃതം - ഏലാം, പുടാ, ദ്രാവിഡി, സൂഷ്മ, ഉപകുഞ്ചിക, കായാസ്ഥാനാ
- തെലുഗു - ഏലക്കായ
- തമിഴ് - എലക്കായ്
- ബംഗാളി - ഛോട്ട എലാച
- ഹിന്ദി - ഛോട്ടി ഇലാചി
- (അറബിക്)-ഹൈൽ
ഇനങ്ങൾ
[തിരുത്തുക]മലബാർ, മൈസൂർ, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കേരളത്തിൽ കൃഷിചെയ്ത് വരുന്നവ. മലബാർ ഇനം സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ കൃഷി ചെയ്യുന്നവയാണ്. മൈസൂർ, വഴുക്ക ഇനങ്ങൾ 900 മീറ്റർ മുതൽ 1200 മീറ്റർ വരെയുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നവയാണ്. നിർദ്ധാരണം സങ്കരണം എന്നീ കായികപ്രജനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ള സങ്കരയിനങ്ങളാണ് ഐ.സി.ആർ.ഐ.1,2, പി.വി.1,2, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40, ഞള്ളാനി ഗോൾഡ് തുടങ്ങിയവ. ഹെക്ടറിന് 1456 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനമാണ് ഐ.ഐ.എസ്.ആർ കൊടക് സുവാസിനി. ജലസേചനം നൽകി ശാസ്ത്രീയമായി പരിചരിക്കുന്ന തോട്ടങ്ങളിലാണ് ഇതിന് കൂടുതൽ വിളവ് ലഭ്യമാകുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.[4]
ഏലം:പ്രധാന ഇനങ്ങളും സവിശേഷതകളും[1] | |||||
ഇനം | പ്രത്യേകത | കൃഷിയോഗ്യമായ പ്രദേശം | ഉത്പാദനക്ഷമത കി.ഗ്രാം./ഹെക്ടർ | ||
---|---|---|---|---|---|
ഐ.സി.ആർ.ഐ.-1 (മലബാർ) | നല്ല മുഴുപ്പും കടും പച്ചനിറവുമുള്ള കായ്കൾ, ധാരാളം പൂക്കൾ, കായ്കൾ പെട്ടെന്ന് പാകമാകുന്നു | ഇടുക്കി ജില്ലയിലെ തെക്കൻ മേഖല | 656 | ||
ഐ.സി.ആർ.ഐ.-2 (മൈസൂർ) | നീണ്ട് മുഴുത്ത കായ്കൾ, നന സൗകര്യമുള്ള പൊക്കപ്രെദേശങ്ങൾക്ക് യോജിച്ചത്, അഴുകൾ രോഗത്തെ ചെറുക്കാനുള്ള കഴിവ് | വണ്ടന്മേട്, നെല്ലിയാമ്പതി മേഖലകൾ | 766 | ||
പി.വി.-1 (മലബാർ) | ഇളം പച്ചനിറത്തിലുള്ള നീണ്ട കായ്കൾ വേഗം മൂപ്പെത്തുന്നു. കുറുകിയ തണ്ടുകളിൽ അടുത്തടുത്തായി കായ്കളുടെ വിന്യാസം | കേരളത്തിൽ മുഴുവനും | 500 | ||
എം.സി.സി.-12 (വഴുക്ക) | കായ്കൾക്ക് കടും പച്ചനിറം പകുതി നിവർന്ന ശരങ്ങൾ | നിഴൽ കുറഞ്ഞ പ്രദേശങ്ങൾ | 620 | ||
എം.സി.സി.-16 (വഴുക്ക) | വേഗം മൂപ്പെത്തുന്നു, ചതുപ്പ് നിലങ്ങളിലും നനക്കാൻ സൗകര്യമുള്ളിടത്തെല്ലാം കൃഷിചെയ്യാം | ഇടുക്കി കടുമാക്കുഴി, ഉടുമ്പൻചോല | 650 | ||
എം.സി.സി.-40 (മലബാർ) | വേഗം മൂപ്പെത്തുന്നു, പച്ചനിറം, ഉരുണ്ട് മുഴുത്ത കായ്കൾ | കേരളത്തിൽ മുഴുവനും | 443 | ||
ഞള്ളാനി | ഉരുണ്ട് മുഴുപ്പുള്ള കായ്കൾ, പച്ചനിറം | കേരളത്തിൽ മുഴുവനും | കൃഷിമേഖലയ്ക്കനുസരിച്ച് വ്യത്യാസം |
നടീൽ വസ്തുക്കൾ
[തിരുത്തുക]ഏലം കൃഷിചെയ്യുന്നതിനുള്ള നടീൽ വസ്തുക്കൾ രണ്ട് രീതിയിൽ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടിൽ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളർച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേർത്ത് വേരോട്കൂടി വേർപെടുത്തി എടുക്കുന്ന രീതിയും. ചില സ്ഥലങ്ങളിൽ തായ്ച്ചെടി മുഴുവൻ കിളച്ചെടുത്ത് തട്ടകൾ വേർപെടുത്തിയും എടുക്കാറുണ്ട്. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.
ഒന്നാം തവാരണ
[തിരുത്തുക]കല്ലുകളും കട്ടയും മാറ്റിയതും വളക്കൂറുള്ളതും നിരപ്പായതുമായ സ്ഥലമായിരിക്കണം തവാരണ ഉണ്ടാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ചരിവ് കൂടിയ സ്ഥലങ്ങളിൽ ഭൂമി കിളച്ച് തട്ടുകളായി തിരിക്കണം. 6 മീറ്റർ നീളവും 1 മീറ്റർ വീതിയും 0.3 മീറ്റർ താഴ്ചയുമുള്ള വാരങ്ങൾ ഉണ്ടാക്കി അതിനുമുകളിൽ വളക്കൂറുള്ള മണ്ണും കമ്പോസ്റ്റും മണലും സമം ചേർത്ത മിശ്രിതം രണ്ടര സെന്റീ മീറ്റർ ഘനത്തിൽ വിരിക്കണം. ആരോഗ്യമുള്ള ചെടികളിൽ നിന്നും സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശേഖരിക്കുന്ന കായ്കൾ മൃദുവായി അമർത്തി വിത്ത് പുറത്തെടുക്കാം. സെപ്റ്റംബർ മാസമാണ് വിത്ത് പാകാൻ പറ്റിയ സമയം. അധികം താഴ്ചയിലല്ലാതെ വിത്തുകൾ നുരയിടുകയോ വിതയ്ക്കുകയോ ചെയ്യാറുണ്ട്. ഒരു ച.മീറ്റർ സ്ഥലത്ത് 10 ഗ്രാം ഏലവിത്ത് മതിയാകും. അതിനുമുകളിൽ നേരിയ ഘനത്തിൽ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതിൽ നനയ്ക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിർത്ത് തുടങ്ങും. വിത്തുകൾ കിളിർക്കുന്നതോടെ പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ചെറു തൈകളെ പന്തലിട്ട് ചൂടിൽ നിന്നും സംരക്ഷിക്കേണ്ടതുമാണ്. ഇങ്ങനെ കിളിർക്കുന്ന തൈകൾ പോളി ബാഗിലോ രണ്ടാം തവാരണയിലോ നടാവുന്നതാണ്.
ബാഗുകളിൽ തൈകൾ നടുന്ന രീതി
[തിരുത്തുക]പ്രധാനമായും തൈകൾ വില്പനക്കായി നടുമ്പോൾ പോളിബാഗുകളിൽ നടുന്നതാണ് നല്ലത്. രണ്ടാം തവാരണയുടെ കാലാവധി അഞ്ച് മുതൽ ആറ് മാസം വരെ കുറയ്ക്കാം എന്നതാണ് പോളിബാഗിലെ തൈകൾക്കുണ്ടാകുന്ന മെച്ചം. പോളിബാഗു തൈകൾ തയ്യാറാക്കുന്നതിലേക്കായി 100 ഗേജ് കനമുള്ളതും 20 X 20 സെന്റീമീറ്റർ വലിപ്പമുള്ളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലിപ്പത്തിൽ നാല് ദ്വാരങ്ങൾ ഇട്ടിട്ടുള്ളതുമായ പോളിബാഗുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 3:1:1 എന്നതോതിൽ വളക്കൂറുള്ള മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. മൂന്നുമുതൽ നാല് ഇലകൾ വരെയുള്ള തൈകൾ ഒരു ബാഗിൽ ഒന്ന് എന്ന കണക്കിൽ ഒന്നാം തവാരണയിൽ നിന്നും ഇതിലേയ്ക്ക് പറിച്ചുനടാവുന്നതാണ്. ബാഗുകൾ തമ്മിൽ അകലം നൽകുന്നത് കൂടുതൽ ചിമ്പുകൾ ഉണ്ടാകുന്നതിന് സഹായകരമാകും. തൈകളുടെ വളർച്ചയിലും ചിമ്പുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഐക്യരൂപം ഉണ്ടാകുമെന്നതാണ് ഈ രീതിയുടെ ഗുണം. കൂടാതെ ഈ തൈകൾ കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് (രണ്ടാം തവാരണ) നടുമ്പോൾ നല്ല വളർച്ചയും ഉണ്ടാകും[5].
രണ്ടാം തവാരണ
[തിരുത്തുക]ആദ്യം വിതച്ച സ്ഥലത്ത് 6 മാസം പിന്നിടുമ്പോൾ രണ്ടാമതൊരു നഴ്സറി കൂടി തയ്യാറാക്കി അവിടേക്ക് മാറ്റി നടാവുന്നതാണ്. രണ്ടാമത്തെ നഴ്സറിയിൽ നിന്നും 1 വർഷത്തിനുശേഷം തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്. ജൂൺ- ജൂലൈ മാസങ്ങളാണ് ഇങ്ങനെ മാറ്റി നടാൻ അനുകൂലമായ സമയം. ആദ്യ തവാരണയിലേതുപോലെ സ്ഥലം വെടിപ്പാക്കി ജൈവവളങ്ങൾ ചേർത്ത്; തൈകൾ തമ്മിൽ 20 സെന്റീ മീറ്റർ അകലത്തിൽ നടുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വളർച്ചക്ക് അനുയോജ്യ ഘടകമായതിനാൽ തണൽ ക്രമീകരിക്കുന്നു. കൂടാതെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച തടയുന്നതിനും പുതയിടുകയും ചെയ്യുന്നു. മഴ ലഭിക്കുന്നില്ലാ എങ്കിൽ ജലസേചനവും വളർച്ച കുറവെന്ന് തോന്നിയാൽ 4 ചതുരശ്ര മീറ്റർ സ്ഥലത്ത് 50 ഗ്രാം എന്ന തോതിൽ കോംപ്ലസ് വളം 20:20 ആകെ വളത്തിന്റെ 35%, പൊട്ടാസ്യം സൾഫേറ്റ് 15%, മഗ്നീഷ്യം സൾഫേറ്റ് 15%, സിങ്ക് സൾഫേറ്റ് 3% എന്നിവ രണ്ടാഴ്ച ഇടവിട്ട് നൽകാറുണ്ട്. രണ്ടാം തവാരണയിൽ ഒരു വർഷമായാൽ തൈകൾ തോട്ടത്തിലേക്ക് നടാവുന്നതാണ്.
കൃഷിരീതി
[തിരുത്തുക]കൃഷി സ്ഥലത്ത് തണൽ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ഉയരം കൂടുതലുള്ള സ്ഥലത്തേക്കാൾ തണൽ ആവശ്യമുള്ളത് സമതലങ്ങളിൽ കൃഷി ചെയ്യുമ്പോഴാണ്. തോട്ടത്തിന്റെ വടക്ക് കിഴക്ക് ചരിവുകളിൽ തണൽ കുറയ്ക്കാവുന്നതാണ്. ജലസേചന സൗകര്യമുള്ള തോട്ടങ്ങളിലും മണ്ണിൽ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലും തണൽ കുറച്ചുമതിയാകും. തോട്ടത്തിൽ കാറ്റിനെ ചെറുക്കാനുള്ള ജൈവ വേലികൾ നടുന്നതും നന്നാണ്.[6]
നടീൽ
[തിരുത്തുക]മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴക്കു മുൻപായി 90 സെ.മീ. നീളത്തിലും 90 സെ.മീ വീതിയിലും 45 സെ.മീ ആഴത്തിലും കുഴികൾ എടുത്ത്; അതിൽ കുഴിയിൽ നിന്നും എടുത്ത മേൽമണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങൾ കൂട്ടിക്കലർത്തിയ മണ്ണും ചേർത്ത് നിറച്ച് തൈകൾ നടാവുന്നതാണ്. മഴ കുറവായ സ്ഥലങ്ങളിൽ 75 സെ.മീ വീതിയിലും 30 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ഏകദേശം ഒന്നര മീറ്റർ വരെ അകലത്തിൽ തൈകൾ നടാവുന്നതാണ്. തൈകൾ കാറ്റുകൊണ്ട് ഇളക്കം തട്ടാതിരിക്കുന്നതിലേക്കായി താങ്ങുകളും നൽകുന്നു.
ജലസേചനം
[തിരുത്തുക]കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യന്താപേക്ഷിതമാണ്. വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ ഏലത്തിൽ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലം ഇളം ചിനപ്പുകളുടേയും ശരങ്ങളുടേയും വികാസം നടക്കുന്ന സമയം കൂടിയാണ്. അതിനാൽ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്. ഇതിലേക്കായി വലിയ ജലസംഭരണികൾ തയ്യാറാക്കി പോട്ട് ഇറിഗേഷൻ, ഹോസ് ഇറിഗേഷൻ, സ്പ്രിംഗ്ലർ, ഡ്രിപ് ഇറിഗേഷൻ എന്നീ ജലസേചന രീതികളിൽ ഏതെങ്കിലും ഉപയോപ്പെടുത്താവുന്നതാണ്.
ശിഖരമൊരുക്കൽ
[തിരുത്തുക]പഴയ തട്ടകൾ, ഉണങ്ങിയ ഇലകൾ, ഉണങ്ങിയ വേരുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന കൃഷിപ്പണിയാണ് ശിഖരമൊരുക്കൽ എന്ന് അറിയപ്പെടുന്നത്. അവസാനത്തെ വിളവെടുപ്പ് കാലം കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ കോതി എടുക്കുന്നവ ചെടിയുടെ ചുവട്ടിൽ പുതയിടുന്നതിനായി ഉപയോഗിക്കുന്നു.
വളപ്രയോഗം
[തിരുത്തുക]വളപ്രയോഗത്തിൽ പ്രത്യേകിച്ചും രാസവളപ്രയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സസ്യമാണ് ഏലം. മണ്ണുപരിശോധനയിലൂടെ മാത്രമേ രാസവളം നൽകാറുള്ളൂ. ഏലത്തിന് എറ്റവും നല്ലത് ജൈവവളങ്ങളാണ്. ചെടിയൊന്നിന് വേപ്പിൻ പിണ്ണാക്ക് രണ്ട് കിലോഗ്രാം, അല്ലെങ്കിൽ കോഴിക്കാഷ്ഠമോ കാലിവളമോ രണ്ടരകിലോഗ്രാം വീതം മെയ്- ജൂൺ മാസങ്ങളിൽ ഒറ്റതവണയായിട്ടാണ് നൽകുന്നത്. ഇതുകൂടാതെ ഹെക്ടർ ഒന്നിന് യൂറിയ 165 കി.ഗ്രാം., രാജ്ഫോസ് 375 കി.ഗ്രാം., പൊട്ടാഷുവളം 250 കി.ഗ്രാം എന്ന കണക്കിൽ നൽകണം. ഇത് തുല്യ തവണകളായി കാലവർഷത്തിനു മുൻപായും കാലവർഷത്തിനു ശേഷവും മണ്ണുമായി ഇളക്കി യോജിപ്പിക്കുക.
കീടങ്ങൾ
[തിരുത്തുക]ഏലപ്പേൻ (ത്രിപ്സ്)
[തിരുത്തുക]ഏലത്തിന് വളരെയധികം ഭീഷണി ഉയർത്തുന്ന പ്രാണിയാണ് ഏലപ്പേൻ. മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും. കായ്കളെയാണ് പ്രധാനമായും ഇത് നശിപ്പിക്കുന്നത്. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കളുടെ ആദ്യത്തെ രണ്ട് ദശകളിൽ മാത്രമാണ് ഏറ്റവുമധികം ശല്യമുണ്ടാക്കുന്നത്. ക്വിനാഅൽഫോസ്-0.025% 100 മി.ലി., ഫെന്തയോൺ-0.03% 62.5 മി.ലി., ഫെൻതവേറ്റ്-0.03% 62.5 മി.ലി., ഫോസ്ലോൺ-0.05% 200 മി.ലി., മോണോക്രോട്ടോ ഫോസ്-0.025% 70 മി.ലി., ഡൈമീതോവേറ്റ്-0.025% 167 മി.ലി. ഇവയിൽ ഏതെങ്കിലും ഒന്ന് 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് പ്രാവശ്യം തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.
കായ്തുരപ്പൻ
[തിരുത്തുക]കായ് മാത്രമോ, ഇലകൾ, ചിമ്പുകൾ എന്നിവയെ മൊത്തമായോ ആക്രമിക്കുന്ന പുഴുക്കളാണ് ഇവ. തണ്ടുകൾ, ഇളം ശരങ്ങൾ, വിരിയാത്ത ഇലകൾ, ഇളം കായ്കൾ, പൂമൊട്ടുകൾ എന്നിവയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്നു. കായ്കളിൽ സുഷിരങ്ങൾ ഉണ്ടാക്കി ഉള്ളിലെ വിത്തുകൾ മുഴുവനും തിന്നു തീർക്കുന്നു. ജനുവരി-ഫെബ്രുവരി, ജൂൺ, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ് കീടങ്ങളുടെ ആക്രമണം കൂടുതലായി കണ്ടു വരുന്നത്. ഫെന്തയോൺ അല്ലെങ്കിൽ മോണോ ക്രോട്ടോഫോസ്-0.07% വീര്യത്തിൽ തയ്യാറാക്കി തളിക്കുന്നത് ഇത്തരം കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
വെള്ളീച്ച
[തിരുത്തുക]വെള്ളീച്ചയുടേയും പുഴുക്കൾ തന്നെയാണ് ആക്രമണകാരികൾ. ഇലയുടെ അടിയിൽ ഇടുന്ന മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ഉത്പാദിപ്പിക്കുന്ന സ്രവം ഇലകളിൽ പതിക്കുന്നതോടുകൂടി കറുത്ത പൂപ്പലുകൾ ഉണ്ടാകുകയും അതുവഴി പ്രകാശസംശ്ലേഷണം തടസ്സപ്പെടുകയും ചെയ്യുന്നു. മഞ്ഞ നിറത്തിൽ പശയുള്ള കെണികൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. കൂടാതെ വേപ്പെണ്ണ 500 മി.ലി., ട്രൈറ്റോൺ 500 മി.ലി., എന്നിവ 100 ലിറ്റർ വെള്ളത്തിൽ ചേർത്ത ലായനി ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ രണ്ടാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യം തളിക്കുന്നതും ഇതിന്റെ ശല്യം നിയന്ത്രിക്കുന്നതിന് സഹായിക്കും.
കമ്പിളിപുഴുക്കൾ
[തിരുത്തുക]കമ്പിളിപുഴുക്കൾ പ്രധാനമായും ഏലത്തിന്റെ ഇലകൾ നശിപ്പിക്കുന്നവയാണ്. തോട്ടങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു പുഴുവാണിത്. ഏലത്തോട്ടത്തിലെ തണൽ മരങ്ങളിൽ ഇടവപ്പാതിക്കു മുൻപ് കേന്ദ്രീകരിക്കുന്ന ഇവ മഴ തീരുന്നതോടെ ഇലകളിൽ എത്തുകയും തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. പുഴുക്കളെ പെറുക്കിയെടുത്ത് നശിപ്പിക്കാം. അല്ലെങ്കിൽ മീതൈൽ പാരതയോൺ 0.1% അല്ലെങ്കിൽ ക്ലോർപൈറിഫോസ് 0.06% വീര്യത്തിൽ തയ്യാറാക്കിയ മരുന്ന് തളിച്ചും ഇവയെ നിയന്ത്രിക്കാം.
രോഗങ്ങൾ
[തിരുത്തുക]മൊസൈക്
[തിരുത്തുക]ഏത് പ്രായത്തിലുമുള്ള ചെടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മൊസൈക് (കറ്റെ). വൈറസ് മാത്രമല്ല ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. പ്രാണി രോഗം ബാധിച്ച ഇലകളിൽ നിന്നും നീരൂറ്റിക്കുടിക്കുമ്പോൾ വൈറസുകൾ ചെടികളിൽ പ്രവേശിക്കുന്നു. മഞ്ഞനിറത്തിൽ പൊട്ടുകൾ ചിമ്പിന്റെ തളിരിലകളിൽ ഉണ്ടാകുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ പൊട്ടുകൾ പാടുകളായി മാറുന്നു. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് നാലുമാസം കാലയളവ് എടുക്കും. ഇലകളുടെ ഉള്ളിൽ ഉണ്ടാകുന്നതിനാൽ ചെടി മുഴുവനും ബാധിക്കുകയും, രോഗം ബാധിച്ച് രണ്ട് വർഷമാകുന്നതോടെ ചെടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. ശരങ്ങളുടെ എണ്ണവും നീളവും കുറയുന്നതിനാൽ വിളവും കുറയുന്നു. ഡിസംബർ മുതൽ മേയ് വരെയുള്ള കാലത്താണ് പ്രാണികളെ തോട്ടങ്ങളിൽ കാണപ്പെടുന്നത്. രോഗം ബാധിച്ച തോട്ടത്തിൽ നിന്നും ചിനപ്പുകളോ വിത്തുകളോ നടുന്നതിനായി എടുക്കാതിരുന്നാൽ രോഗം പകരാതിരിക്കാം. കൂടാതെ രോഗബാധയേറ്റ ചെടികൾ പിഴുത് തീയിട്ട് നശിപ്പിക്കുക, നാലുമാസം തുടർച്ചയായി നിരീക്ഷണവും നശിപ്പിക്കലും നടത്തുക, കളകൾ നശിപ്പിക്കുക, ചേമ്പ്, മലയിഞ്ചി, കുർക്കുമ തുടങ്ങിയവ വളരാൻ അനുവദിക്കാതിരിക്കുക, രോഗബാധയേറ്റ തോട്ടങ്ങളുടെ സമീപത്ത് തവാരണകൾ എടുക്കാതിരിക്കുക എന്നിവ മൊസൈക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും.
അഴുകൽ രോഗം
[തിരുത്തുക]ഈ രോഗത്തിന് കാരണം കുമിൾ ആണ്. തളിരിലകളിൽ കടും പച്ച നിറത്തിൽ നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഈ പാടുകൾ വലുതാകുകയും ഇലകൾ പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. ഇത് തണ്ടുകളെ പൊതിഞ്ഞുനിൽക്കുന്ന ഇളം പോളകൾ, ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങൾ, പൂങ്കുലകൾ, കായ്കൾ എന്നിവയും നശിക്കുന്നു. കാലവർഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങൾ നശിപ്പിക്കുക. കൂടാതെ മഴക്കാലത്തിന് മുൻപായി ബോഡോ മിശ്രിതം 1% വീര്യത്തിൽ തയ്യാറാക്കിയതിൽ പശ ചേർത്ത് ചെടിയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്നവിധം നവംബർ ഡിസംബർ മാസം വരെ ഇടവിട്ട് രണ്ടു മൂന്നു തവണ തളിക്കുന്നതും ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.
ഇലക്കുത്ത്
[തിരുത്തുക]ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടായി ചെടി മുഴുവനും കരിയുന്നു. ഡൈഫോൾട്ടാൻ-0.2% അല്ലെങ്കിൽ ഇൻഡോഫിൽ എം.45-0.3% വീര്യത്തിൽ തളിക്കുക. മഴയുടെ ലഭ്യതക്കനുസരിച്ച് മാർച്ച് ഏപ്രിൽ തുടങ്ങി രണ്ടാഴ്ച ഇടവേളകളിൽ മരുന്നു തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കാൻ സഹായിക്കും
ഇലചീയൽ
[തിരുത്തുക]ഇത് ഒരു കുമിൾ രോഗമാണ്. ഇലകളിലാണ് പ്രധാനമായും ബാധിക്കുന്നത്. ഡൈതേൻ എം.45 -0.3% വീര്യത്തിൽ തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.
കടചീയൽ
[തിരുത്തുക]ഇതും ഒരു കുമിൾ രോഗമാണ്. ശരിയായ നീർവാഴ്ച ഇല്ലാത്തതിനാൽ ചെടിയുടേ മൂട് ചീയുകയും തൈകൾ വീണ് നശിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികൾ പിഴുത് നശിപ്പിക്കുക. കൂടാതെ തവാരണകളിൽ നന നിയന്ത്രിക്കുക. പുതയിട്ടത് അവശേഷിക്കുന്നത് നിയന്ത്രിക്കുക എന്നിവയും ചെയ്യാവുന്നതാണ്. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് എന്ന രാസകീട നാശിനി 0.3% വീര്യത്തിൽ തളിക്കുന്നതും ഇത് നിയന്ത്ര
വിളവെടുപ്പ്
[തിരുത്തുക]ഒക്ടോബർ- ഫെബ്രുവരി, സെപ്റ്റംബർ- നവംബർ മാസങ്ങളിലാണ് കേരളത്തിൽ ഏലം വിളവെടുക്കുന്ന കാലങ്ങൾ. കരിങ്കായ്, വരകരിശ് എന്നിങ്ങനെ മൂപ്പനുസരിച്ച് തിരഞ്ഞുള്ള രണ്ടു തരത്തിലുള്ള കായ്കളാണ് സാധാരണയായി വിളവെടുക്കുന്നത്. പാകത്തിനു വിളഞ്ഞതും എന്നാൽ അധികം പഴുക്കാൻ ഇടയാകാത്തതുമായ ഏലക്കായ്കളാണ് കരിങ്കായ് എന്നറിയപ്പെടുന്നത്. ഇങ്ങനെയുള്ള കായ്കളുടെ പുറന്തൊലി പച്ച നിറത്തിൽ മിനുസമുള്ളതും കായ്കൾക്കുള്ളിൽ വിത്തുകൾക്ക് കറുപ്പു നിറവും ആയിരിക്കും. കരിങ്കായേക്കാൾ അല്പം മൂപ്പു കുറഞ്ഞതും വിത്തുകൾക്ക് ഇളം തവിട്ടു നിറവുമുള്ള കായ്കളെ വരികരിശ് എന്നാണ് അറിയപ്പെടുന്നത്. മുളങ്കീറുകൾ കൊണ്ടോ കനം കുറഞ്ഞ ഇരുമ്പുകമ്പി ഉപയോഗിച്ചോ നിർമ്മിച്ചിരിക്കുന്ന കൂടകളിലാണ് കായ്കൾ വിളവെടുക്കുന്നത്[7].[8]
സംസ്കരണം
[തിരുത്തുക]ഈർപ്പാംശം 8% മുതൽ 12% വരെ കുറയ്ക്കുക, സ്വാഭാവിക പച്ചനിറം നിലനിർത്തുക എന്നിവയാണ് ഏലക്കാ സംസ്കരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വിളവെടുത്ത കായ്കൾ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കുപുരകളിൽ ചൂടുനൽകിയോ ഇടക്കിടെ ഇളക്കി എട്ടുപത്തു ദിവസം ഉണക്കിയെടുക്കുന്നതാണ് ഏറ്റവും സാധാരണവും ചെലവുകുറഞ്ഞതുമായ രീതി. ഇത്തരം രീതികളിൽ കായ്കളുടെ സ്വാഭാവിക പച്ച നിറം നിലനിൽക്കില്ല എന്ന ഒരു പോരായ്മയുണ്ട്.
കൃത്രിമ ഉണക്കൽ രീതി
[തിരുത്തുക]കൃത്രിമമായി ഏലക്കകൾ ഉണക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ സംസ്കരണ പുരകൾ ആവശ്യമാണ്. ഇതിലേയ്ക്കായി 18 മുതൽ 24 മണിക്കൂർ വരെ സമയം എടുക്കുന്നു. കായ്കൾ ചെടിയിൽ നിന്നും വേർപെടുത്തിയാൽ 24 മുതൽ 36 മണിക്കൂറിനുള്ളിൽ സംസ്കരണ പ്രക്രിയ തുടങ്ങേണ്ടതാണ്. ഉണക്കുന്നതിനുമുൻപ് 10 മിനിറ്റ് നേരം 2% വീര്യത്തിലുള്ള വാഷിംഗ് സോഡാ ലായനിയിൽ മുക്കിയെടുത്താൽ കായ്കൾക്ക് നല്ല പച്ചനിറം ലഭിക്കും. വിളവെടുത്ത ഏലക്കകൾ നല്ലതുപോലെ കഴുകി മാലിന്യങ്ങൾ നീക്കം ചെയ്ത്; അടിഭാഗത്ത് കമ്പിവല ഘടിപ്പിച്ചിട്ടുള്ള തട്ടുകളിൽ നിരത്തിയിടുന്നു. അതിനുശേഷം ഉണക്കുപുരയിൽ ചൂട് ലഭിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ഇരുമ്പു ചൂളയിൽ വിറകിട്ട് കത്തിച്ച് അതിൽ നിന്നും ലഭിക്കുന്ന ചൂട് ഇരുമ്പ് കുഴൽ വഴി പുകപ്പുര മുഴുവനും നിറയ്ക്കുന്നു. ഉള്ളിലെ ചൂട് ആദ്യം 4 മണിക്കൂർ 50ഡിഗ്രിയായി നിലനിർത്തുന്നു. അതിനുശേഷം അവസാന ഒരു മണിക്കൂർ വരെ 45 ഡിഗ്രീ സെന്റീഗ്രേഡ് താപനിലയിൽ സൂക്ഷിക്കുന്നു. അവസാന ഒരു മണിക്കൂറിൽ ചൂട് 60ഡിഗ്രി സെന്റീഗ്രേഡായി ഉയർത്തി നിർത്തുന്നു.[9]
ഔഷധ ഗുണങ്ങൾ
[തിരുത്തുക]മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു. ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.[10]
ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും.[അവലംബം ആവശ്യമാണ്]
ചിത്രശാല
[തിരുത്തുക]-
ഏലക്കായ
-
ഏലത്തിൻറെ ഇലകൾ
-
ഏലച്ചെടിയുടെ പൂവ്
-
ഏലക്കായ ഉണക്കുന്ന സംവിധാനം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-29. Retrieved 2008-06-05.
- ↑ http://www.crnindia.com/commodity/cardamom.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-06-10. Retrieved 2013-12-16.
- ↑ http://www.celkau.in/Crops/Spices/Cardamom/varieties.aspx
- ↑ കർഷകശ്രീ മാസിക. ഏപ്രിൽ 2009. പുറം 46
- ↑ http://www.celkau.in/Crops/Spices/Cardamom/climate_and_soil.aspx
- ↑ കർഷകശ്രീ മാസിക. ഒക്ടോബർ 2011 പുറം 58
- ↑ http://www.celkau.in/Crops/Spices/Cardamom/harvesting.aspx
- ↑ കർഷകശ്രീ മാസിക. സെപ്റ്റംബർ 2009. പുറം 50
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
ഗ്രന്ഥ സൂചിക
[തിരുത്തുക]- CardamomHQ: In-depth information on Cardamom Archived 2013-06-05 at the Wayback Machine.
- Mabberley, D.J. The Plant-book: A Portable Dictionary of the Higher Plants. Cambridge University Press, 1996, ISBN 0-521-34060-8
- Gernot Katzer's Spice Pages: Cardamom
- Plant Cultures: botany and history of Cardamom Archived 2008-08-27 at the Wayback Machine.
- Pham Hoang Ho 1993, Cay Co Vietnam [Plants of Vietnam: in Vietnamese], vols. I, II & III, Montreal.
- Buckingham, J.S. & Petheram, R.J. 2004, Cardamom cultivation and forest biodiversity in northwest Vietnam Archived 2006-11-21 at the Wayback Machine., Agricultural Research and Extension Network, Overseas Development Institute, London UK.
- Aubertine, C. 2004, Cardamom (Amomum spp.) in Lao PDR: the hazardous future of an agroforest system product, in 'Forest products, livelihoods and conservation: case studies of non-timber forest products systems vol. 1-Asia, Center for International Forestry Research. Bogor, Indonesia.