കഗേമുഷ
കഗേമുഷ | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം |
|
രചന |
|
അഭിനേതാക്കൾ | തത്സുയ നകഡായി |
സംഗീതം | ഷിൻചിറോ ഇകേബേ |
ഛായാഗ്രഹണം | ടകാവൊ സൈറ്റോ |
ചിത്രസംയോജനം | അകിര കുറോസാവ (ക്രെഡിറ്റിൽ പ്രത്യക്ഷപ്പെടുന്നില്ല)[1] |
സ്റ്റുഡിയോ | |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | ജാപ്പനീസ് |
ബജറ്റ് | |
സമയദൈർഘ്യം |
|
ആകെ | ¥3,057,990,000 അല്ലെങ്കിൽ $26,000,000 (ജപ്പാൻ) |
കഗേമുഷ (影武者 ഷാഡോ വാറിയർ ) 1980 -ൽ പുറത്തിറങ്ങിയ അകിര കുറോസാവ ചിത്രമാണ്. ജാപ്പനീസ് ഭാഷയിൽ രാഷ്ട്രീയത്തിൽ ശ്രദ്ധതിരിക്കാനായി ഉപയോഗിക്കുന്ന കാര്യങ്ങളെയാണ് കഗേമുഷ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ജാപ്പനീസ് ചരിത്രത്തിലെ സെൻഗോക്കു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. താഴ്ന്ന നിലയിലുള്ള ഒരു കുറ്റവാളിയെ മരിക്കാറായ ഒരു ഡേയ്മ്യോ ആയി അഭിനയിക്കാനായി നിയോഗിക്കുന്നതാണ് കഥ. ദുർബലമായ രാജവംശത്തെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി. തകേഡ ഷിൻഗെനിനെ അടിസ്ഥാനമാക്കിയാണ് ഈ ഡേയ്മ്യോയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. 1575 -ലെ നഗാഷിനോ യുദ്ധത്തോടെയാണ് ഈ ചലച്ചിത്രം അവസാനിക്കുന്നത്.[3]
കഥ
[തിരുത്തുക]ജപ്പാനിൽ ഷെൻഗോകു കാലഘട്ടത്തിൽ ടകേഡ വംശത്തിന്റെ ഡേയ്മ്യോ ആണ് ടകേഡ ഷിൻഗെൻ എന്ന വ്യക്തി. ഇദ്ദേഹം തന്റെ സഹോദരനായ ടകേഡ നോബുകാ പേരില്ലാത്ത ഒരു കള്ളൻ എന്നിവരുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. ഷിൻഗെനുമായി അസാമാന്യ സാമ്യമുള്ളതിനാലാണ് കള്ളനെ കുരിശിലേറ്റി കൊല്ലാതിരുന്നത്. ഒരു അപരൻ എന്ന നിലയ്ക്ക് കള്ളൻ പ്രയോജനപ്പെടും എന്ന് ഇവർ തീരുമാനിക്കുന്നു. കള്ളൻ കഗേമുഷ ആയിമാറുന്നു.
ഷിൻഗെനിന്റെ സേന പിന്നീട് ടോകുഗാവ ലെയേസുവിന്റെ ഒരു കോട്ട ഉപരോധിക്കുന്നു. ഷിൻഗെൻ യുദ്ധഭൂമിയിൽ പുല്ലാങ്കുഴൽ വായിക്കുന്ന ഒരാളെ സന്ദർശിക്കുമ്പോൾ പരിക്കേൽക്കുന്നു. തന്റെ മരണം ഒരു രഹസ്യമാക്കി വയ്ക്കണം എന്ന് ഇദ്ദേഹം സേനാധിപന്മാരോട് പറയുന്നു. ഒരു മലയിടുക്കിലൂടെ കൊണ്ടുപോകവേ ഇദ്ദേഹം മരിക്കുന്നു. ഏതാനം പേർ മാത്രമാണ് ഇതിന് സാക്ഷികളാകുന്നത്. ഓഡ നോബുനാഗ, ടോകുഗാവ ലെയേസു, യുവേസുഗി കെൻഷിൻ എന്നിവരെല്ലാം ഷിൻഗെനിന്റെ മരണത്തെപ്പറ്റി ചിന്തിക്കുന്നുണ്ട്.
നൊബുകാഡോ കള്ളനെ ഷിൻഗെനിന്റെ സേനാധിപന്മാർക്ക് മുന്നിൽ കൊണ്ടുവരുന്നു. ഈ കഗേമുഷയെ മുഴുവൻ സമയ ഷിൻഗെൻ അപരനായി ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. ആദ്യം കള്ളനും ഷിൻഗെൻ മരിച്ചതായി അറിയില്ല. നിധിയാണെന്ന് കരുതി ഒരു വലിയ ഭരണി പൊട്ടിക്കാൻ കള്ളൻ ശ്രമിക്കുമ്പോഴാണ് അതിനകത്ത് ഷിൻഗെനിന്റെ മൃതദേഹമാണെന്ന് കള്ളൻ മനസ്സിലാക്കുന്നത്. ഇതിനുശേഷം കള്ളനെ വിശ്വസിക്കാൻ സാധിക്കില്ലെന്ന് ജനറൽമാർ തീരുമാനിക്കുന്നു. അയാളെ അവർ സ്വതന്ത്രനാക്കുന്നു.
ഷിൻഗെനിന്റെ ശവശരീരമുള്ള ഭരണി ടകേഡ നേതാക്കൾ രഹസ്യമായി സുവ തടാകത്തിൽ ഉപേക്ഷിക്കുന്നു. ടോകുഗാവയ്ക്കും സഖ്യകക്ഷിയായ നോബുനാഗ ഓഡയ്ക്കും വേണ്ടി ജോലി ചെയ്യുന്ന ചാരന്മാർ ഈ സംഭവം കാണുന്നു. ഷിൻഗെൻ മരിച്ചെന്ന് സംശയിക്കുന്ന ഇവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനായി പോകുന്നു. കള്ളൻ ഇത് കേൾക്കുന്നു. തന്റെ സേവനം കള്ളൻ തുടർന്നും ടകേഡ നേതാക്കൾക്ക് നൽകുന്നു. തങ്ങൾ തടാകത്തിലെ ദൈവത്തിന് സാകെ എന്ന മദ്യം നിവേദിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അവർ സത്യം മറച്ചുവയ്ക്കുന്നു.
ഉപരോധത്തിന് ശേഷം തിരികെപ്പോകുന്ന ടകേഡ സേനയെ ചാരന്മാർ പിന്തുടരുന്നു. ഷിൻഗെൻ മരിച്ചു എന്ന് ഇവർ സംശയിക്കുന്നുണ്ടെങ്കിലും ഇവർ പിന്നീട് കഗേമുഷയുടെ അഭിനയം വിശ്വസിക്കുന്നു.
തിരികെ കൊട്ടാരത്തിലെത്തിയ കള്ളൻ ഷിൻഗെനിന്റെ വെപ്പാട്ടിമാരെയും കൊച്ചുമകനെയും കബളിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ ആംഗ്യങ്ങൾ അനുകരിച്ചും ഇദ്ദേഹത്തെപ്പറ്റി കൂടുതൽ അറിഞ്ഞും കള്ളൻ ഷിൻഗെനിന്റെ വ്യക്തിത്വം സ്വാംശീകരിക്കുന്നു. അംഗരക്ഷകരെയും ടകേഡ കറ്റ്സുവോറിയുടെ മകനെയും ഇദ്ദേഹം കബളിപ്പിക്കുന്നു. വംശത്തിന്റെ ഒരു സമ്മേളനത്തിന്റെ നേതൃസ്ഥാനത്തിരിക്കേണ്ട സാഹചര്യം വരുമ്പോൾ സേനാധിപന്മാർക്കിടയിൽ ഒരു സമവായം ഉണ്ടാകുന്നതുവരെ സംസാരിക്കരുതെന്ന് നോബുകാഡോ കള്ളനോട് പറയുന്നു. കള്ളൻ ഇതിനുശേഷം സേനാധിപന്മാരുടെ പദ്ധതി അംഗീകരിക്കുകയും കൗൺസിൽ പിരിച്ചുവിടുകയും ചെയ്യുക എന്നായിരുന്നു നിർദ്ദേശം. സേനാധിപന്മാർ തനിക്ക് അധികാരം തരുന്നതിന് പകരം ഒരു കള്ളനെ ഷിൻഗെനായി അഭിനയിപ്പിക്കുന്നതിൽ കറ്റ്സുവോറി ക്രൂദ്ധനാണ്. കഗേമുഷയെ കൗൺസിലിന് മുന്നിൽ പരീക്ഷിച്ച് സേനാധിപന്മാരെ ദേഷ്യപ്പെടുത്താൻ കറ്റ്‌സുവോറി തീരുമാനിക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഷിൻഗെൻ മരിച്ച കാര്യം അറിയില്ല. താങ്കൾക്ക് എന്ത് നിർദ്ദേശമാണ് നൽകാനുള്ളതെന്ന് കറ്റ്സുവോറി കള്ളനോട് നേരിട്ട് ചോദിക്കുന്നു. ദീർഘനേരത്തെ മൗനത്തിനുശേഷം കള്ളന്റെ മറുപടി ഇപ്രകാരമാണ് "ഒരു പർവ്വതം അനങ്ങുകയില്ല. അനങ്ങേണ്ടതില്ല." ഇത് സേനാധിപന്മാർക്ക് ഇഷ്ടപ്പെട്ടുവെങ്കിലും കറ്റ്സുവോരിയും വംശത്തിലെ മറ്റ് നേതാക്കന്മാരും തമ്മിലുള്ള സ്പർദ്ധ വർദ്ധിപ്പിക്കുന്നു.
1573-ൽ ഓഡ നോബുനാഗ തന്റെ സൈന്യവുമായി അസായി നാഗമാസയെ ആക്രമിക്കാനുള്ള പദ്ധതിയിടുകയാണ്. ടോകുഗാവ വംശവും ഓഡ വംശവും ടകേഡ ഭൂമി ആക്രമിക്കുമ്പോൾ കറ്റ്സുവോരി സേനാധിപന്മാരുടെ ഉപദേശത്തിനെതിരായി പ്രത്യാക്രമണം അഴിച്ചുവിടുന്നു. കഗേമുഷ സഹായസേനയുമായി 1574 -ലെ ടകാടെൻജിൻ യുദ്ധത്തിനെത്താൻ നിർബന്ധിതനാകുന്നു. യുദ്ധം വിജയിക്കുന്നു.
കഗേമുഷ ഷിൻഗെനിന്റെ കുതിരപ്പുറത്ത് കയറുവാൻ ശ്രമിക്കുന്നു. താഴെ വീണ കള്ളന്റെ ശരീരത്തിൽ ഷിൻഗെനിന്റെ പരിക്കുകളുടെ പാടുകൾ ഇല്ല എന്ന് മറ്റുള്ളവർ കാണുന്നു. കള്ളനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കുന്നു. കറ്റ്സുവോരി വംശഭരണം ഏറ്റെടുക്കുന്നു. നേതൃത്ത്വത്തിന്റെ ദൗർബല്യം മനസ്സിലാക്കുന്ന ശത്രുക്കൾ ആക്രമണം നടത്തുന്നു. കറ്റ്സുവോരി നോബുനാഗയ്ക്കെതിരായി തന്റെ സൈന്യം മുഴുവനുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുന്നു. നഗാഷിനോ യുദ്ധത്തിൽ ടകേഡയുടെ സൈന്യം തുടച്ചുനീക്കപ്പെടുന്നു. കഗേമുഷ ഇതിന് സാക്ഷിയാകുന്നു. തന്റെ കൂറ് പ്രകടിപ്പിക്കാനായി ഒരു കുന്തവുമായി കള്ളൻ ശത്രുക്കളെ ആക്രമിക്കുന്നു. പരിക്കേറ്റ കഗേമുഷ മരണമടയുന്നു.
നിർമ്മാണം
[തിരുത്തുക]ജോർജ്ജ് ലൂക്കാസ്, ഫ്രാൻസിസ് ഫോർഡ് കോപ്പോള എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണെന്ന് ചലച്ചിത്രത്തിന്റെ അന്താരാഷ്ട്ര വേർഷന്റെ ഒടുവിൽ എഴുതിയിട്ടുണ്ട്. ടോഹോ സ്റ്റുഡിയോസിന് ചിത്രം പൂർത്തിയാക്കാൻ സാധിക്കാതെവന്നപ്പോൾ റ്റ്വന്റിയത് സെഞ്ച്വറി ഫോക്സിനോട് ചിത്രം പൂർത്തിയാക്കാനുള്ള പണം മുടക്കാനുള്ള പ്രേരണ നൽകിയത് ഇവർ രണ്ടാളുമായിരുന്നു. ഇതിന് പകരമായി റ്റ്വന്റിയത് സെഞ്ച്വറി ഫോക്സിന് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം ലഭിച്ചു.
ആദ്യം നായകവേഷത്തിൽ കുറോസാവ നിശ്ചയിച്ചത് ഷിന്റാരോ കാറ്റ്സു എന്ന നടനെയായിരുന്നു. കാറ്റ്സു ആദ്യ ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപ് അഭിനയം നിറുത്തിപ്പോയി. ക്രൈറ്റീരിയൺ കളക്ഷൻ ഡിവിഡിയുമായുള്ള ഇന്റർവ്യൂവിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കോപ്പോള വെളിപ്പെടുത്തുന്നത് കാറ്റ്സു കുറസോവയുടെ ചിത്രീകരണ രീതി പകർത്തുവാനായി സ്വന്തം കാമറയും ആൾക്കാരുമായാണ് ഷൂട്ടിംഗിനെത്തിയതെന്നാണ്. കാറ്റ്സുവിനെ പുറത്താക്കുകയായിരുന്നോ അതോ സ്വന്തം ഇഷ്ടപ്രകാരം പോവുകയായിരുന്നോ എന്നത് വ്യക്തമല്ല. കുറസോവയുടെ ധാരാളം ചലച്ചിത്രങ്ങളിൽ ഇതിനു മുൻപ് അഭിനയിച്ചിട്ടുള്ള പ്രശസ്തനായ നടൻ ടാറ്റ്സുയ നകഡായിയാണ് ഇതിന് പകരം അഭിനയിച്ചത്. കഗേഷുമയുടെയും യജമാനന്റെയും റോളുകൾ ഇദ്ദേഹം തന്നെയാണ് അഭിനയിച്ചത്.
കഗേമുഷയിലെ ഒരു റോൾ വളരെക്കാലമായി ഇദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചിരുന്ന ടകാഷി ഷിമൂറയ്ക്ക് കുറോസാവ നൽകിയിരുന്നു. കുറോസാവയുടെ ചിത്രങ്ങളിൽ ഷിമൂറ അഭിനയിച്ച അവസാന ചിത്രമാണ് കഗേമുഷ. പാശ്ചാത്യ ഡോക്ടറുടെ പരിചാരകനായി ഇദ്ദേഹം അഭിനയിച്ച സീൻ അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി. ക്രൈറ്റീരിയൺ കളക്ഷൻ ഡിവിഡിയിൽ ഈ സീനും പതിനെട്ട് മിനിട്ടോളം ചലച്ചിത്രവും കൂട്ടിച്ചേർത്തു.
ലൂക്കാസിന്റെ അഭിപ്രായത്തിൽ കുറോസാവ അവസാന യുദ്ധരംഗത്ത് 5000 എക്സ്ട്രാ നടീനടന്മാരെ ഉപയോഗിച്ചിരുന്നു. ഒരു ദിവസം മുഴുവൻ ഷൂട്ടിംഗ് നടത്തിയശേഷം അവസാനം റിലീസ് ചെയ്ത ചിത്രത്തിൽ ഇതിൽ നിന്നും 90 സെക്കന്റുകൾ മാത്രമാണ് ഉപയോഗിച്ചത്. പല സുന്ദരമായ സ്പെഷ്യൽ എഫക്റ്റുകളും കഥയിലെ വിടവുകൾ നികത്തുന്ന സീനുകളും "വെട്ടി മാറ്റപ്പെട്ടു".
അഭിനേതാക്കൾ
[തിരുത്തുക]- തത്സൂയ നകഡായി - ടകേഡ ഷിൻഗെൻ/കഗേമുഷ
- സുടോമു യാമസാക്കി - ടകേഡ നോബുകാഡോ
- കൈനിച്ചി ഹഗിവാര - ടകേഡ കറ്റ്സുയോറി
- ജിൻപാച്ചി നേസു - സുചിയ സോഹാചിറോ
- ഹിഡേജി ഒടാകി - യാമഗാറ്റ മസാകാഗേ
- ഡൈസുകേ റയൂ - ഓഡ നൊബൂനാഗ
- മസയൂകി യൂയി - ലിയേസു
- കാവോറി മോമോയി - ഒറ്റ്സുയാനോകാറ്റ
- മിറ്റ്സുകോ ബൈസോ - ഒയുനോകാറ്റ
- ഹിഡിയോ മ്യൂറോറ്റ - ബാബ നോബുഫ്യൂസ
- ടകയൂകി ഷിഹോ - നൈറ്റോ മസടോയോ
- കോജി ഷിമിസു - അറ്റൊബെ കറ്റ്സുസുകെ
- നൊബുറൊ ഷിമിസു - ഹര മസറ്റനെ
- സെൻ യമമൊടൊ - ഒയമഡ നൊബുഷിഗെ
- ഷുഹെയി സുഗിമൊറി - കോസാക മസനോബു
- ടകാഷി ഷിമുറ - ടഗുചി ഗ്യോബു
- ഏയിചി കനകുബോ - ഉവേസുഗി കെൻഷിൻ
- ഫ്രാൻസിസ് സെല്ലെക് - പാതിരി
സ്വീകരണം
[തിരുത്തുക]1980 -ലെ ജാപ്പനീസ് മാർക്കറ്റിലെ ഒന്നാം നമ്പർ ചലച്ചിത്രമായിരുന്നു കഗേമുഷ. ¥2.7 ബില്യണായിരുന്നു ആകെ വരവ്.[4]
അവാർഡുകൾ
[തിരുത്തുക]1980-ലെ കാൻ ചലച്ചിത്രോത്സവത്തിൽ കഗേമുഷ ഓൾ ദാറ്റ് ജാസ് എന്ന ചിത്രത്തോടൊന്നിച്ച് പാം ഡെ ഓർ പുരസ്കാരം പങ്കിട്ടു.[5] കഗേമുഷ രണ്ട് അക്കാദമി പുർസ്കാരങ്ങൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.[6][7] 1981-ലെ മികച്ച അന്യഭാഷാചിത്രത്തിനുള്ള സീസർ പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചു.
- അക്കാദമി പുരസ്കാരം (യുഎസ്എ)
- നോമിനേഷൻ: മികച്ച കലാസംവിധാനം (യോഷിറോ മുറാകി)
- നോമിനേഷൻ: മികച്ച വിദേശഭാഷാചിത്രം
- ബാഫ്റ്റ പുരസ്കാരം (യുകെ)
- വിജയിച്ചു: മികച്ച വസ്ത്രാലങ്കാരം (സേയിച്ചിറോ മൊമൊസാവ)
- വിജയിച്ചു: മികച്ച സംവിധാനം (അകിര കുറോസാവ)
- നോമിനേഷൻ: മികച്ച സിനിമാട്ടോഗ്രാഫി (ടകാവോ സൈറ്റോ, മസഹാരു ഉവേഡ)
- നോമിനേഷൻ: മികച്ച ചിത്രം
- കാൻ ചലച്ചിത്ര ഫെസ്റ്റിവൽ (ഫ്രാൻസ്)
- വിജയിച്ചു: ഗോൾഡൻ പാം (ആൾ ദാറ്റ് ജാസ് എന്ന ചിത്രത്തിനൊപ്പം)
- സീസർ പുരസ്കാരം (ഫ്രാൻസ്)
- വിജയിച്ചു: മികച്ച വിദേശ ചിത്രം
- ഡേവിഡ് ഡി ഡോണറ്റല്ലോ അവാർഡ് (ഇറ്റലി)
- വിജയിച്ചു: മികച്ച സംവിധായകൻ - വിദേശ ചിത്രം (അകിര കുറോസാവ)
- വിജയിച്ചു: മികച്ച പ്രൊഡ്യൂസർ - വിദേശ ചിത്രം (ഫ്രാൻസിസ് ഫോർഡ് കോപ്പോള, ജോർജ്ജ് ലൂക്കാസ് എന്നിവർ; ആങ്കി വേറ എന്ന ഹങ്കാറോ ചിത്രത്തോടൊപ്പം)
- ഗോൾഡൺ ഗ്ലോബ് (യുഎസ്എ)
- നോമിനേഷൻ: മികച്ച വിദേശ ചിത്രം
ഇവയും കാണുക
[തിരുത്തുക]- 53-ആമത് അക്കാദമി അവാർഡിലെ വിദേശഭാഷാ ചിത്രത്തിനായി സമർപ്പിക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക
- മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി സമർപ്പിച്ച ചിത്രങ്ങളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ Ritchie, Donald (1998). The Films of Akira Kurosawa (3 ed.). University of California Press. p. 238. ISBN 978-0-520-22037-9.
- ↑ Aubrey Solomon, Twentieth Century Fox: A Corporate and Financial History, Scarecrow Press, 1989 p259
- ↑ Rayns, Tony (2006). Talking with the Director. Criterion Collection. Criterion Collection. p. 13.
- ↑ "Kako haikyū shūnyū jōi sakuhin 1980-nen" (in ജാപ്പനീസ്). Motion Picture Producers Association of Japan. Retrieved 4 February 2011.
- ↑ "Festival de Cannes: Kagemusha". festival-cannes.com. Archived from the original on 2009-10-03. Retrieved 2009-05-27.
- ↑ "The 53rd Academy Awards (1981) Nominees and Winners". oscars.org. Retrieved 2013-06-08.
- ↑ "NY Times: Kagemusha". NY Times. Retrieved 2008-12-31.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- കഗേമുഷ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കഗേമുഷ ഓൾമുവീയിൽ
- Criterion Collection essay by Peter Grilli
- Kagemusha (in Japanese) at the Japanese Movie Database