ക്ലെയർ ബ്ലൂം
ക്ലെയർ ബ്ലൂം | |
---|---|
ജനനം | പട്രീഷ്യ ക്ലെയർ ബ്ലൂം 15 ഫെബ്രുവരി 1931 |
തൊഴിൽ | നടി |
സജീവ കാലം | 1946–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | ഫിലിപ്പ് റോത്ത് (1976–1990) |
കുട്ടികൾ | അന്ന സ്റ്റീഗർ |
പട്രീഷ്യ ക്ലെയർ ബ്ലൂം, സിബിഇ (ജനനം: ഫെബ്രുവരി 15, 1931), ആറു പതിറ്റാണ്ടിലേറെക്കാലമായി അഭിനയരംഗത്തു നിറഞ്ഞുനിന്നിരുന്നതും, ക്ലെയർ ബ്ലൂം എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്നതുമായ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ്. എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ, എ ഡോൾസ് ഹൌസ്, ലോംഗ് ഡേസ് ജേർണി ഇൻടു നൈറ്റ് തുടങ്ങിയ നാടകങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രശസ്തയായിത്തീർന്ന അവർ അറുപതോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലേയും യുഎസിലേയും ബാല്യകാലത്തിനുശേഷം ബ്ലൂം നാടകാഭിനയം പരിശീലിച്ചു. പതിനാറാമത്തെ വയസ്സിൽ ലണ്ടനിലെ ഒരു വേദിയിൽ അരങ്ങേറ്റം കുറിച്ച അവർക്ക് താമസിയാതെ വിവിധ ഷേക്സ്പിയർ നാടകങ്ങളിലെ വേഷങ്ങളിൽ അഭിനയിക്കുന്നതിനുള്ള അവസരങ്ങൾ ലഭിച്ചു. അതിൽ റിച്ചാർഡ് ബർട്ടണിനൊപ്പം ഒഫെലിയയായി അഭിനയിച്ച ഹാംലെറ്റും ഉൾപ്പെടുന്നു. റോമിയോ ആന്റ് ജൂലിയറ്റ് നാടകത്തിലെ ജൂലിയറ്റിന്റെ വേഷത്തെ നിരൂപകൻ കെന്നത്ത് ടൈനാൻ പ്രകീർത്തിച്ചത് "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ജൂലിയറ്റ്" എന്നായിരുന്നു. എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയറിൽ ബ്ലാഞ്ചെ ഡുബോയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അതിന്റെ നാടകകൃത്ത് ടെന്നസി വില്യംസിൽനിന്ന് മികച്ച പ്രശംസ നേടി.
1952 ൽ ഹോളിവുഡ് ചലച്ചിത്രതാരം ചാർലി ചാപ്ലിൻ അദ്ദേഹത്തോടൊപ്പം ലൈംലൈറ്റ് എന്ന ചിത്രത്തിലെ ഒരു വേഷം അവതരിപ്പിക്കുവാൻ ക്ലെയർ ബ്ലൂമിനെ കണ്ടെത്തി. തന്റെ ചലച്ചിത്രജീവിതത്തിൽ, റിച്ചാർഡ് ബർട്ടൺ, ലോറൻസ് ഒലിവിയർ, ജോൺ ഗിയൽഗഡ്, പോൾ സ്‌കോഫീൽഡ്, റാൽഫ് റിച്ചാർഡ്സൺ, യുൾ ബ്രൈനെർ, ജോർജ്ജ് സി. സ്കോട്ട്, ജെയിംസ് മേസൺ, പോൾ ന്യൂമാൻ, ക്ലിഫ് റോബർട്ട്സൺ, ആന്റണി ഹോപ്കിൻസ്, റോഡ് സ്റ്റീഗർ എന്നിങ്ങനെ നിരവധി പ്രശസ്ത അഭിനേതാക്കൾക്കൊപ്പം അവർ അഭിനയിച്ചു.
2010 ൽ ബ്രിട്ടീഷ് ചിത്രമായ ദി കിംഗ്സ് സ്പീച്ചിൽ ക്വീൻ മേരിയുടെ വേഷത്തിൽ ബ്ലൂം അഭിനയിച്ചു. നാടകത്തിനുള്ള സേവനങ്ങൾക്കായി 2013 ലെ ജന്മദിന ബഹുമതികളിലൊന്നായി കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (സിബിഇ) ആയി അവർ നിയമിക്കപ്പെട്ടു.
ആദ്യകാലം
[തിരുത്തുക]മുമ്പ് മിഡിൽസെക്സിന്റെ (ഇപ്പോൾ നോർത്ത് ലണ്ടന്റെ പ്രാന്തപ്രദേശമായ) ഭാഗമായിരുന്ന ഫിഞ്ച്ലിയിൽ എലിസബത്തിന്റെയും (മുമ്പ്, ഗ്രൂ) വിൽപ്പന മേഖലയിൽ ജോലി ചെയ്തിരുന്ന എഡ്വേർഡ് മാക്സ് ബ്ലൂമിന്റെയും പുത്രിയായി പട്രീഷ്യ ക്ലെയർ ബ്ലൂം എന്ന പേരിൽ ജനിച്ചു.[1] ബ്ലൂമെന്തൽ എന്ന യഥാർത്ഥ പേരുള്ള അവളുടെ പിതൃ മുത്തശ്ശീമുത്തശ്ശന്മാരും അതുപോലെതന്നെ ഗ്രാവിറ്റ്‌സ്‌കി എന്ന പേരിലുള്ള അവളുടെ മാതൃ മുത്തശ്ശീമുത്തശ്ശന്മാരും റഷ്യയിലെ ഗ്രോഡ്‌നോ മേഖലയിലെ ബൈറ്റനിൽ നിന്നുള്ള (ഇപ്പോൾ കിഴക്കൻ യൂറോപ്പിലെ ബെലാറസിൽ) ജൂത കുടിയേറ്റക്കാരായിരുന്നു.[2]:1–2[3]
ക്ലെയർ ബ്ലൂം ബ്രിസ്റ്റലിലെ ഇൻഡിപെൻഡന്റ് ബാഡ്മിന്റൺ സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചേർന്നു. ലണ്ടനിലെ ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ഒരു കൗമാരക്കാരിയായിരിക്കവേ നാടകാഭിനയം പരിശീലിച്ച അവർ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ എൽസി ഫോഗെർട്ടിയുടെ കീഴിലും തുടർന്ന് ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലുമായി തന്റെ പഠനം തുടർന്നു.[4]
രണ്ടാം ലോകമഹായുദ്ധകാലത്ത് 1940 ലെ ദ ബ്ലിറ്റ്സ് എന്നറിയപ്പെട്ട ജർമ്മൻ ബോംബാക്രമണവേളയിൽ ജർമ്മൻകാർ ലണ്ടനിൽ ബോംബിടാൻ തുടങ്ങിയതിനുശേഷം, ബോംബുകൾ വീടിനു സമീപത്തു പതിച്ചതിനാൽ അവരുടെ കുടുംബത്തിന് നിരവധി തലനാരിഴക്കുള്ള രക്ഷപ്പെടലുകൾ ഉണ്ടായി. ക്ലെയറും സഹോദരൻ ജോണും രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും പിന്നീട് അമേരിക്കയിലേക്കും സുരക്ഷിതത്വത്തിന്റെ പേരിൽ അയയ്ക്കപ്പെടുകയും അവിടെ ഒരു വർഷം അവരുടെ അമ്മാവനോടൊപ്പം താമസിക്കുകയും ചെയ്തു.
സ്വകാര്യജീവിതം
[തിരുത്തുക]മൂന്ന് തവണ വിവാഹം കഴിച്ച ബ്ലൂമിന്റെ ആദ്യ വിവാഹം റാഷോമോൻ എന്ന നാടകത്തിൽ അഭിനയിച്ചപ്പോൾ കണ്ടുമുട്ടിയ നടൻ റോഡ് സ്റ്റീഗറുമായി 1959 ൽ ആയിരുന്നു. ഇരുവരുടേയും പുത്രിയായ അന്ന സ്റ്റീഗർ ഒരു ഓപ്പറ ഗായികയാണ്. സ്റ്റീഗറും ബ്ലൂമും 1969 ൽ വിവാഹമോചനം നേടി. അതേ വർഷം തന്നെ ബ്ലൂം നിർമ്മാതാവ് ഹില്ലാർഡ് എൽക്കിൻസിനെ വിവാഹം കഴിച്ചു. മൂന്നുവർഷം നീണ്ടുനിന്ന വിവാഹബന്ധത്തിനുശേഷം, 1972 ൽ ദമ്പതികൾ വിവാഹമോചനം നേടി. 1990 ഏപ്രിൽ 29 നു നടന്ന ബ്ലൂമിന്റെ മൂന്നാമത്തെ വിവാഹം, എഴുത്തുകാരനായ ഫിലിപ്പ് റോത്തുമായിട്ടായിരുന്നു. 1994 ൽ അവർ വേർപിരിഞ്ഞു.
ബ്ലൂം തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും രണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ആദ്യത്തേത്, ലൈംലൈറ്റ് ആൻഡ് ആഫ്റ്റർ: ദി എഡ്യൂക്കേഷൻ ഓഫ് ആൻ ആക്ട്രസ് 1982 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ഇതിൽ അവരുടെ കരിയറിനെക്കുറിച്ചും അവതരിപ്പിച്ച ചലച്ചിത്ര-നാടക വേഷങ്ങളെക്കുറിച്ചും ആഴത്തിൽ പ്രതിപാദിച്ചിരുന്നു.
രണ്ടാമത്തെ പുസ്തകം, ലീവിംഗ് എ ഡോൾസ് ഹൌസ്: എ മെമ്മെയർ, 1996 ൽ പ്രസിദ്ധീകരിച്ചു. വ്യക്തിജീവിത്തിലെ വിശദാംശങ്ങളേക്കുറിച്ച് പ്രതിപാദിച്ച ഇതിൽ അവരുടെ വിവാഹ ബന്ധങ്ങൾ മാത്രമല്ല, റിച്ചാർഡ് ബർട്ടൺ, ലോറൻസ് ഒലിവിയർ, യുൾ ബ്രൈനർ എന്നിവരുമായുള്ള സ്വകാര്യ ബന്ധങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Claire Bloom Biography (1931–)". Film Reference. Advameg. Retrieved 26 May 2015.
- ↑ Bloom, Claire (April 1998). Leaving a Doll's House: A Memoir. Back Bay Books. ISBN 978-0316093835.
- ↑ Bloom, Nate (January 21, 2011). "Jewish Stars 1/21". Cleveland Jewish News.
- ↑ V&A, Theatre and Performance Special Collections, Elsie Fogerty Archive, THM/324