ഹോർത്തൂസ് മലബാറിക്കൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൊർത്തൂസ്‌ മലബാറികുസ്‌ ഗ്രന്ഥത്തിന്റെ പുറം ചട്ട
ഹൊർത്തൂസ്‌ മലബാറികുസ്‌ ആമുഖ പേജ്,രംഗഭട്ട്,അപ്പുഭട്ട്.ഇട്ടിവൈദ്യൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നതു കാണാം

കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌.(ലത്തീൻ ഭാഷയിൽ Hortus Malabaricus) ഡച്ചുകാരനായ അഡ്‌മിറൽ വാൻ റീഡിന്റെ നേതൃത്വത്തിലാണ്‌ പുസ്തക രചന നടന്നത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്തകമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥവും ഇതാണ്‌. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ്‌. [1]

ഹെൻറി അഡ്രിയാൻ വാൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ [2] (1636-1691) അഥവാ വാൻ റീഡ് ആണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അദ്ദേഹം ഒരു ഡച്ചു സഞ്ചാരിയും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ്‌ എഴുതിയത്. (1673-1677). പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ കാൾ ലിന്നേയസിനെ വളരെയധികം സ്വാധിനിച്ച പുസ്തകങ്ങളിലൊന്നാണിത്. ലത്തീനിൽ നിന്നും ഇംഗ്ളീഷിലേക്കും പിന്നീട് മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ഡോ.കെ.എസ്. മണിലാൽ ആണ്. കേരള സർവ്വകലാശാല 12 വാല്യങ്ങളിലായി ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസ് ലത്തീൻ പദമാണ്‌. ഹോർത്തൂസ്‌ എന്ന ലത്തീൻ വാക്കിന്റെ അർത്ഥം പൂന്തോട്ടം അഥവാ ഉദ്യാനം എന്നും മലബാറിക്കൂസ്‌ എന്നത് മലബാറിന്റെ) എന്നുമാണ്‌, മലബാറിന്റെ ഉദ്യാനം എന്നാണ് ഗ്രന്ഥനാമത്തിന് അർത്ഥം.

ചരിത്രം[തിരുത്തുക]

പ്രധാന ലേഖനം: വാൻ റീഡ്

വാൻ റീഡ് തന്റെ സ്വന്തം ചെലവിൽ, നൂറുകണക്കിനു വിദേശീയരും അത്രതന്നൈ ഇന്ത്യാക്കാരും ചേർന്ന് നടത്തിയ അസദൃശമായ ബൃഹത്ത്‌ സംരംഭമായിരുന്നു അത്‌. 12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങളെ തരംതിരിക്കുകയും, ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തുകയും ആണ് ചെയ്തത്. വളരെ ശ്രദ്ധയോടെ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ സസ്യങ്ങളുടെ ലത്തീൻ, അറബിക്‌, കൊങ്കണി, തമിഴ്‌, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്‌. [3]

ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യന്റെ താളിയോല ഗ്രന്ഥങ്ങൾ രചനയിൽ ഏറെ സഹായകമായി. ഈ സാഹസത്തിൽ വാൻ റീഡിനെ സഹായിക്കാൻ നിരവധി വൈദ്യന്മാരും സസ്യശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിലെ അദ്ധ്യാപകരും, സസ്യപഠിതാക്കളും (ഉദാ: ആർനോൾഡ്‌ സെയിൻ, തിയൊഡോർ ജാൻസ്സൻ ഒഫ്‌ അമെലൊവീൻ, പാൾ ഹെർമാൻ, യൊവാൻ മുന്നിക്സ്‌, യൊവാൻ കൊമ്മെലിനുസ്‌) എഴുത്തുകാരും, ശിൽപികളും ഉണ്ടായിരുന്നു.[4]

പുസ്തകത്തെ കുറിച്ച്[തിരുത്തുക]

വാൻ റീഡ്

ലത്തീൻ ഭാഷയിൽ രചിച്ച്, 200 താളുകൾ ഉള്ള 12 വാല്യങ്ങളായി ആംസ്റ്റർഡാമിൽ നിന്നും ഹോർത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചു. 742 അദ്ധ്യായങ്ങളുണ്ട്. അടയാളപ്പെടുത്തിയ 794 ചിത്രങ്ങൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശിയ പണ്ഡിതരായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരും, ചേർത്തലയിലെ കടക്കരപ്പള്ളിയിൽ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യനും വാൻ റീഡീനു മാർഗനിർദ്ദേശികളായിരുന്നു.[5] പണ്ഡിതനായ മത്തേയൂസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ സന്ന്യാസിയും അദ്ദേഹത്തെ സഹായിച്ചു. ബഹുഭാഷാപ്രവീണനായിരുന്ന അദ്ദേഹം തർജ്ജമയിൽ വലിയ പങ്കു വഹിച്ചു. ഇട്ടിഅച്ചുതൻ വൈദ്യരാണ് മിക്ക ഔഷധ ചെടികളുടേയും മലയാളം പേരുകളും ഔഷധമൂല്യങ്ങളും പറഞ്ഞുകൊടുത്തത്. ഇവരെ കൂടാതെ വേറേയും അനേകം നാട്ടുവൈദ്യന്മാരും പ്രകൃതിശാസ്ത്ര തൽപരരും റീഡിനെ സഹായിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഒരു പ്രത്യേക ജില്ലയിലേയോ സംസ്ഥാനത്തേയോ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥമാണ്‌ ഇത്. എന്നാൽ ഹൊർത്തൂസിന്റെ രചനക്കുമുൻപുതന്നെ ഇന്ത്യയിലെ സസ്യങ്ങളെക്കുറിച്ച് രണ്ടു ഗ്രന്ഥങ്ങൾ നിലവിലുണ്ടായിരുന്നു. ഗാർസിയ ഡ ഓർട്ട എഴുതിയ കൊളോക്കിയോ ഡോസ് സിം‌പ്ലസ് ഉ ഡ്രോഗാസ് ഇകുസാസ് മെഡിസിനാസ് ദ ഇന്ത്യ (1563) ഉം ക്രിസ്റ്റോബൽ ഡകോസ്ത എഴുതിയ ട്രക്കാഡോ ഡിലാസ് ഡ്രേഗാസ് യെ മെഡിസിനാസ് ദി ലാസ് ഇന്ത്യാസ് ഓരിയന്റാലിസ് (1578) എന്നിവയാണവ.

ഹോർത്തൂസ് മലബാറിക്കൂസും മലയാളം അച്ചടിയും[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസിലാണ് ആദ്യമായി മലയാളലിപി അച്ചടിച്ചു കാണുന്നതു്[6][7]. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്തെടുത്താണു് അച്ചടിച്ചതു്.

പരിഭാഷ[തിരുത്തുക]

ലാറ്റിനിലുള്ള ഹോർത്തൂസ് മലബാറിക്കസ് മൂന്നു നൂറ്റാണ്ടിനു ശേഷം കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായിരുന്ന കെ.എസ്. മണിലാൽ ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷ ചെയ്തു. ഇത് കേരള സർവകലാശാല ആണ് പ്രസിദ്ധീകരിച്ചത്.[8]

പ്രമാണ സൂചി[തിരുത്തുക]

  1. http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം.
  2. http://www.lib.uchicago.edu/e/su/southasia/lach.html
  3. http://www.ias.ac.in/currsci/nov252005/1672.pdf
  4. http://www.dutchinkerala.com/achievements008.php
  5. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 124-125 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  6. http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം.
  7. Hortus Malabaricus
  8. http://www.keralauniversity.ac.in/component/content/article/102-hortus.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Hortus Malabaricus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ഹോർത്തൂസ്_മലബാറിക്കൂസ്&oldid=2214815" എന്ന താളിൽനിന്നു ശേഖരിച്ചത്