ഇട്ടി അച്യുതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇട്ടി അച്ചുതൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇട്ടി അച്യുതൻ ‎
Itty Achudan Vaidyan.jpg
ഇട്ടി അച്യുതൻ്റെ സാങ്കൽപ്പികചിത്രം - അദ്ദേഹത്തിന്റെ കുടുംബപരമ്പരയിൽപ്പെട്ടതെന്ന് അനുമാനിക്കുന്ന മാധവി എന്ന സ്ത്രീയെ മാതൃകയാക്കി ചേർത്തല ആർട്ട് സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ബാലൻ വരച്ച ചിത്രം[1]
ജനനം1640 AD (ഉദ്ദേശം)
തൊഴിൽആയുർവേദ ഭിഷഗ്വരൻ, ഔഷധ സസ്യശാസ്ത്ര വിദഗ്ദ്ധൻ

പതിനേഴാം നൂറ്റാണ്ടിൽ ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിന്റെ രചനയിൽ ഡച്ചുകാരനായ അഡ്‌മിറൽ വാൻ റീഡിനെ സഹായിച്ച ഒരു വ്യക്തിയായിരുന്നു ആയുർവേദവൈദ്യനായ ഇട്ടി അച്യുതൻ[2]. കേരളത്തിലെ 588 ഔഷധസസ്യങ്ങളെക്കുറിച്ച് ആധികാരികവിവരങ്ങളാണ് ഇട്ടി അച്യുതൻ വൈദ്യർ ശേഖരിച്ചത്. ഇതുകൂടി ഉൾപ്പെടുത്തി, 742 സസ്യങ്ങളെപ്പറ്റിയാണ് ഡച്ചു ഗവർണറായിരുന്ന വാൻറീഡ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന പേരിൽ പുസ്തകരൂപത്തിലാക്കിയത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ (പുരാതന കാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം), കടക്കരപ്പള്ളി ഗ്രാമത്തിൽ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിൽ പതിനേഴാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൃത്യമായ ജനനവർഷമോ, മരണ വർഷമോ ലഭ്യമല്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമാണ് ഇദ്ദേഹത്തെ സംബന്ധിച്ച് ഇന്ന് ലഭ്യമായ ചരിത്ര രേഖകൾ. ഇദ്ദേഹത്തിൻറെ അച്ഛനും, മുത്തച്ഛനും, മുതുമുത്തച്ഛൻമാരും പ്രശസ്തരായ വൈദ്യൻമാരായിരുന്നു. അടുത്ത പരിചയക്കാരുടെ ഇടയിൽ “കൊല്ലാടൻ” എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

കേരളത്തിലെ ആദ്യത്തെ ആയുർവേദ നിഘണ്ടു കർത്താവായ കിട്ടു ആശാനും കരപ്പുറത്തുകാരനാണ്. പണ്ഡിതനും പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്ചുതന് കേരളത്തിലെ ഒരുവിധം സസ്യജാലങ്ങളുടെയെല്ലാം ഔഷധഗുണങ്ങൾ അറിയാമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഹോർത്തൂസ് മലബാറിക്കൂസ് പോലെ ബൃഹത്തും മഹത്തരവുമായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികവും മാനസികവുമായ ഒട്ടുവളരെ ക്ലേശം സഹിച്ചിരിക്കുമെന്നു കരുതപ്പെടുന്നു. പുസ്തകത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം പരിഭാഷകർ എഴുതിയതും.

പുസ്തക രചന[തിരുത്തുക]

തന്റെ തറവാട്ടിൽ സൂക്ഷിച്ചിരുന്ന വൈദ്യ ഗ്രന്ഥങ്ങളുടെ സഹായത്തിൽ ഹോർത്തൂസ് ഇൻഡിക്കുസ് മലബാറിക്കൂസ്ന്റെ ആദ്യരൂപം മലയാളത്തിൽ എഴുതിയുണ്ടാക്കി. പോർട്ടുഗീസ് ഭാഷ വശമായിരുന്ന അദ്ദേഹം പിന്നീടതിന്റെ പോർട്ടുഗീസ് പരിഭാഷയും പറഞ്ഞു കൊടുത്തു. കൊച്ചികോട്ടയിലെ ഔദ്യോഗിക പരിഭാഷകനായ ഇമാനുവൽ കാർനൈറ്റോ എന്ന ആംഗ്ലോ ഇന്ത്യൻ ആദ്യത്തെ പോർട്ടുഗീസ് വിവർത്തനം തയ്യാറാക്കി. ലാറ്റിനിലേക്ക് വിവർത്തനം ചെയ്താണു പക്ഷേ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് യൂറോപ്പിലെ പ്രമുഖ സസ്യ ശാസ്ത്രജ്ഞർ ഈ ഗ്രന്ഥം പരിശോധിച്ച് അവരുടെ നിർദ്ദേശങ്ങൾ കൂടി സമർപ്പിച്ചിരുന്നു. ജാൻസൺ. എസ്. അൽമി ലോവിൻ, ജോൺ കസേരിയസ്, യോഹാൻ മണിക്സ്, എബ്രഹാം ഏ. പുട്ട്, വിൽ ഹൈം ടെന്റൈൻ, എന്നിവർ അവരിൽ പ്രമുഖരാണ്. [3]

സംരക്ഷിത സ്മാരകങ്ങൾ[തിരുത്തുക]

ഇട്ടി അച്യുതൻ വൈദ്യരുടെ ജന്മസ്ഥലവും കുര്യാലയും (ബലിപ്പുര) വൈദ്യർ നട്ടുവളർത്തിയ ഔഷധസസ്യക്കാവും സർക്കാർ ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കുന്നതിന് സാംസ്‌കാരികവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ചേർത്തല കടക്കരപ്പള്ളി വില്ലേജിൽ 85.9 സെൻറിലാണ് ഇട്ടി അച്യുതന്റെ കുര്യാലയും ഔഷധക്കാവും നിൽക്കുന്നത്. [4].

അവലംബം[തിരുത്തുക]

  1. ജോസഫ് ആൻ്റണി (൨൦൧൨) - ഹരിതഭൂപടം, മാതൃഭൂമി ബുക്സ്, പേജ് 15
  2. ഗൂഗിൾ ബുക്സ്, The Legacy of Kerala By A. Sreedhara Menon, പേജ് 70
  3. കേരള ചരിത്രപാഠനങ്ങൾ-വേലായുധൻ പണിക്കശ്ശേരി,കറന്റ് ബുക്സ്,പേജ് 122
  4. മാതൃഭൂമി വാർത്തയിൽ നിന്ന്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസ് സ്കാൻ കോപ്പി
ഹോർത്തൂസ് മലബാറിക്കൂസ് പി.ഡി.എഫ്. പതിപ്പ്
ഹോർത്തൂസ് മലബാറിക്കൂസ് മലയാള പരിഭാഷ

ഒപ്പൺ ഹൗസിൽ ശ്രദ്ധേയേമായത്‌ ഇട്ടി അച്ച്യൂതൻ സ്‌മാരകം
ഇട്ടി അച്ചുതനും ചരിത്ര സാക്ഷ്യങ്ങളും

"https://ml.wikipedia.org/w/index.php?title=ഇട്ടി_അച്യുതൻ&oldid=2719137" എന്ന താളിൽനിന്ന് ശേഖരിച്ചത്