ഇട്ടി അച്യുതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനേഴാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രഗത്ഭനായ നാട്ടുവൈദ്യനായിരുന്നു ഇട്ടി അച്ചുതൻ. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുമുൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥസമുച്ചയത്തിൻറെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചു. ഈ ലക്ഷ്യത്തിനായി പരിശ്രമിച്ച കൊച്ചിക്കോട്ടയിലെ ഡച്ച് ഗവർണ്ണറായിരുന്ന വാൻ റീഡിന് തദ്ദേശീയസസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾപകർന്നുനൽകിയത് ഇട്ടി അച്യുതനായിരുന്നു.

ഇട്ടി അച്യുതൻ ‎
Itty Achudan Vaidyan.jpg
ഇട്ടി അച്യുതൻ്റെ സാങ്കൽപ്പികചിത്രം - അദ്ദേഹത്തിന്റെ കുടുംബപരമ്പരയിൽപ്പെട്ടതെന്ന് അനുമാനിക്കുന്ന മാധവി എന്ന സ്ത്രീയെ മാതൃകയാക്കി ചേർത്തല ആർട്ട് സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ബാലൻ വരച്ച ചിത്രം[1]
ജനനം1640 AD (ഉദ്ദേശം)
തൊഴിൽആയുർവേദ ഭിഷഗ്വരൻ, ഔഷധ സസ്യശാസ്ത്ര വിദഗ്ദ്ധൻ

1678-1693 കാലഘട്ടത്തിൽ നെതർലൻഡിലെ ആംസ്റ്റർഡാമിൽ നിന്നും അച്ചടിച്ചുപ്രസിദ്ധം ചെയ്ത ഈ ഗ്രന്ഥസമുച്ചയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന സസ്യങ്ങളുടെ മലയാളംപേരുകൾ പറഞ്ഞുകൊടുത്തത് ഇട്ടി അച്യുതനായിരുന്നു. മലയാളലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ഹോർത്തൂസ് മലബാറിക്കസിലായിരുന്നതിനാൽ ഇട്ടി അച്യുതൻറെ പേര് ഇക്കാര്യത്തിലും പ്രാധാന്യം അർഹിക്കുന്നു. പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസി ൻറെ ഒന്നാം വാല്യത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം, മലയാളത്തിലായിരുന്ന ഹോർത്തൂസിൻറെ മൂലരൂപത്തെ പോർച്ചുഗീസിലേക്കും തുടർന്ന് ലാറ്റിൻഭാഷയിലേക്കും വിവർത്തനം ചെയ്ത പരിഭാഷകർ എഴുതിയതും.

പതിനേഴാം നൂറ്റാണ്ടിൽ കരപ്പുറം എന്നറിയപ്പെട്ടിരുന്ന സ്ഥലം അതായത് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെടുന്ന കടക്കരപ്പള്ളി എന്ന ഗ്രാമമായിരുന്നു ഇട്ടി അച്യുതൻറെ ജൻമദേശം. കേരളത്തിലെ ആദ്യത്തെ ആയുർവേദ നിഘണ്ടു കർത്താവായ കിട്ടു ആശാനും കരപ്പുറത്തുകാരനാണ്. പ്രശസ്തരായ നാട്ടുവൈദ്യൻമാരുടെ കുടുംബമായിരുന്ന കൊല്ലാട്ട് (കൊല്ലാട്ടുപറമ്പ്) ആയിരുന്നു അദ്ദേഹത്തിൻറെ തറവാട് എന്നത് സാക്ഷ്യപത്രത്തിൽ നിന്നും വ്യക്തമാണെങ്കിലും ഇദ്ദേഹത്തിൻറെ കൃത്യമായ ജനനവർഷമോ, മരണവർഷമോ ലഭ്യമല്ല. ഹോർത്തൂസ് മലബാറിക്കസി ൻറെ ഒന്നാം വാല്യത്തിൽ ചേർത്തിട്ടുള്ളതും ഇട്ടി അച്യുതൻ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ തുമായ സാക്ഷ്യപത്രത്തിലെ 1675 ഏപ്രിൽ 20 എന്ന തിയതി മാത്രമാണ് ഇദ്ദേഹത്തിൻറെ ജീവിതകാലം സംബന്ധമായ ഏകസൂചനയായി നിലകൊള്ളുന്നത്.

പണ്ഡിതനും പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്ചുതന് കേരളത്തിലെ ഒരുവിധം സസ്യജാലങ്ങളുടെയെല്ലാം ഔഷധഗുണങ്ങൾ അറിയാമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഹോർത്തൂസ് മലബാറിക്കൂസ് പോലെ ബൃഹത്തും മഹത്തരവുമായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികവും മാനസികവുമായ ഒട്ടുവളരെ ക്ലേശം സഹിച്ചിരിക്കുമെന്നു കരുതപ്പെടുന്നു. പുസ്തകത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം പരിഭാഷകർ എഴുതിയതും.

ഹോർത്തൂസ് മലബാറിക്കൂസിനുള്ള സംഭാവനകൾ[തിരുത്തുക]

ആയൂർവേദത്തിനുമുമ്പേ നിലനിന്നിരുന്ന നാട്ടുചികിത്സാവിധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറി ക്കൂസിൽ ഉൾപ്പെടുത്തുന്നതിനായി വെളിപ്പെടുത്തിക്കൊടുത്തത്. ഒരു പരമ്പരാഗതവിജ്ഞാനസമ്പത്തായി കൊല്ലാട്ടുകുടുംബം കൈമാറിസൂക്ഷിച്ചിരുന്ന څചൊൽക്കേട്ടപൊസ്തകچത്തിലെ വിവരങ്ങളാണ് ഇട്ടി അച്യുതൻ വാൻ റീഡിൻറെ നിർദ്ദേശപ്രകാരം വെളിപ്പെടുത്തിയത്. കൊല്ലാടൻമാർ എന്നറിയപ്പെട്ടിരുന്ന ഇട്ടി അച്യതൻറെ കുടുംബക്കാർ കാത്തുസൂക്ഷിച്ചിരുന്ന څചൊൽക്കേട്ടപൊസ്തകംچ എന്ന താളിയോലസമാഹാരം ഇന്ന് നഷ്ടപ്പെട്ടുപോയിരിക്കുകയാണെങ്കിലും അതിലെ ആയൂർവേദത്തിൽ നിന്നും വ്യത്യസ്തമായ ചെടിയറിവുകളും ചികിത്സാരീതികളും കാലാതീതമായി സംരക്ഷിക്കപ്പെടാൻ ഹോർത്തൂസ് മലബാറി ക്കൂസിൻറെ നിർമ്മാണത്തിൽ പങ്കാളിയാവുന്നതിലൂടെ ഇട്ടി അച്യുതന് സാധിച്ചു.  കറൻറ് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ എച്ച്. വൈ. മോഹൻ റാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (2005 നവംബർ, വാല്യം 89, നമ്പർ 10). څചൊൽക്കേട്ടപൊസ്തകچത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഇട്ടി അച്യുതൻ പറഞ്ഞുകൊടുത്ത വിവരങ്ങളെ കൊങ്കിണി ബ്രാഹ്മണരും പണ്ഡിതരുമായിരുന്ന രംഗ ഭട്ട്,  വിനായക പണ്ഡിറ്റ് അപ്പു ഭട്ട് എന്നിവർ തങ്ങളുടെ ഔഷധവിജ്ഞാനകോശമായ څമഹാനിഘണ്ടനچത്തിലെ വിവരങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നതായി മോഹൻ റാം സാക്ഷ്യപ്പെടുത്തുന്നു.[2]

ഹോർത്തൂസ് മലബാറിക്കൂസിൻറെ ഒന്നാം വാല്യത്തിൽ ചേർത്തിട്ടുള്ളതും ഇട്ടി അച്യുതൻ സ്വന്തം കൈപ്പടയിൽ കോലെഴുത്തിൽ തയ്യാറാക്കിയതുമായ സാക്ഷ്യപത്രത്തിൽ ത്തെ ആധുനികമലയാളഭാഷയിൽ ഇങ്ങനെ വായിക്കാം: ڇകരപ്പുറത്ത്, കൊടക്കരപ്പള്ളി ദേശത്ത് കൊല്ലാട്ട് വീട്ടിൽ ജനിച്ച് അവിടെ താമസിക്കുന്ന, ജാത്യാചാരങ്ങളിൽ ഈഴവനായ മലയാളവൈദ്യൻ ഇപ്രകാരം അറിയിക്കുന്നു: ഹെൻഡ്രിക് വാൻറീഡ് കമ്മഡോറുടെ കല്പ്പന അനുസരിച്ച് കൊച്ചിാട്ടേയിൽ എത്തി, ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും ചെറുവ്യക്ഷങ്ങളും വള്ളികളും പുൽച്ചെടികളും വിത്തുജാതികളും കൈകാര്യം ചെയ്തും പരിചയമുള്ളതുകൊണ്ടും അവയുടെ ബാഹ്യവിവരണങ്ങളും ചികിത്സയും ഞങ്ങളുടെ (ചൊൽക്കേട്ട) പുസ്തകത്തിൽ നിന്ന് മനസിലാക്കിയിട്ടുള്ളതുകൊണ്ടും ഈ പുസ്തകത്തിലെ ചിത്രങ്ങളും കുറിപ്പുകളുമായി കാണിച്ചിരിക്കുന്ന വിധത്തിൽ തരംതിരിച്ച് വ്യവസ്ഥവരുത്തി, ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ ഇമ്മാനുവേൽ കാർനേറിയോക്ക് വിവരിച്ച് പറഞ്ഞറിയിച്ചിട്ടുള്ളതുമാവുന്നു എന്നതിന് മലയാളത്തിലെ സജ്ജനങ്ങൾക്ക് സംശയം ഇല്ലാതിരിക്കാൻവേണ്ടിഎഴുതിവെച്ചത്. 1675ാമാണ്ട് ഏപ്രിൽ മാസം 20ാം തിയതി കൊച്ചിക്കോട്ടയിൽ വെച്ച് എഴുതിയത്ڈ. ഹോർത്തൂസ് മലബാറിക്കൂസ് ഒന്നാം വാല്യത്തിൽ മൂന്നാമതായി ചേർത്തിരിക്കുന്ന ഈ സാക്ഷ്യപത്രത്തിൽ ഇട്ടി അച്യുതൻ കൈയ്യൊപ്പിട്ടിട്ടുണ്ടെങ്കിലും അതുകഴിഞ്ഞ് ഇട്ടി അച്യുതൻ എന്ന പേര് ചേർത്തിട്ടില്ല. څകൊല്ലാട്ടു വൈദ്യൻچ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. എന്നാൽ, നാലാമതായി ലാറ്റിൻ ഭാഷയിൽ ചേർത്തിരിക്കുന്ന സാക്ഷ്യപത്രത്തിൻറെ അടിയിൽ ലാറ്റിൻലിപിയിൽ څഇട്ടി അച്യുദം, മലബാറിലെ വൈദ്യൻچ എന്ന് അച്ചടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സീനിയർ ഫെലോ ആയിരുന്ന റിച്ചാർഡ് എച്ച്. ഗ്രോവ്, څഗ്രീൻ ഇംപീരിയലിസം: കൊളോണിയൽ എക്സ്പാൻഷൻ, ട്രോപ്പിക്കൽ ഐലൻറ് ഈഡൻസ് ആൻഡ് ഒറിജിൻസ്' എന്ന തൻറെ പുസ്കത്തിൻറെ രണ്ടാം അധ്യായത്തിൽ (പേജ് 8789), ഹോർത്തൂസ് മലബാറിക്കൂസിൻറെ തയ്യാറാക്കലിൽ ഇട്ടി അച്യുതൻ വഹിച്ച പങ്കിനെക്കുറിച്ചുള്ള ഇതുവരെയുള്ള രേഖപ്പെടുത്തലുകളിലൊന്നും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു വസ്തുതയെ അനാവരണം ചെയ്യുന്നുണ്ട്. ഹോർത്തൂസ് മലബാറിക്കൂസിൽ ഉൾപ്പെടുത്തേണ്ട സസ്യങ്ങളുടെ ക്യത്യമായ തിരഞ്ഞെടുക്കലും തിരിച്ചറിയലും സാധ്യമാക്കിയത് ഇട്ടി അച്യുതൻ മാത്രമായിരുന്നുവെന്നും കൊങ്കിണി ബ്രാഹ്മണരായിരുന്ന രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവർക്ക് ഇക്കാര്യത്തിൽ പ്രാവീണ്യം കുറവായിരുന്നത് വാൻ റീഡിന് ബോധ്യപ്പെട്ടിരുന്നുവെന്നും റിച്ചാർഡ് ഗ്രോവ് പറയുന്നു. ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് പഠനം നടത്തിയ മാരിയൻ ഫൗർണിയർ എന്ന ഗവേഷകനും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ഗ്രോവ് പറയുന്നു (പേജ് 87). പ്രസിദ്ധീകരണത്തിനുമുമ്പ് ഹോർത്തൂസ് മലബാറിക്കൂസ് പരിശോധിച്ച അർനോൾഡ് സെയ്ൻ, ജാൻ കൊമ്മേലിൻ എന്നിവർ ഇട്ടി അച്യുതനും ചെടികളുടെ ശേഖരണത്തിനും തിരിച്ചറിയലിനും സഹായിച്ച മറ്റ് ഈഴവരും നിർദ്ദേശിച്ച ക്രമീകരണരീതി മാറ്റാൻ തയ്യാറായില്ല എന്നതും ഗ്രോവ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, യൂറോപ്പിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്നതും പ്രാമാണികവുമായ സസ്യവർഗീകരണരീതി ഉപയോഗിക്കാനാണ് തീരുമാനിച്ചതെങ്കിൽ ഹോർത്തൂസ് മലബാറിക്കൂസിലെ ചെടികളുടെ ക്രമം മറ്റൊന്നായിപ്പോയേനേ എന്നും ഗ്രോവ് പ്രസ്താവിക്കുന്നു. ഗ്രോവ് നിരീക്ഷിക്കുന്ന മറ്റൊരു സുപ്രധാനമായ കാര്യം, ഇട്ടി അച്യുതൻ തൻറെ പങ്കിനെക്കുറിച്ചുള്ള സാക്ഷ്യപത്രത്തിലെ പ്രസ്താവനയിൽ ഒപ്പമുണ്ടായിരുന്ന ഈഴവജാതിയിൽത്തന്നെയുൾപ്പെട്ട മറ്റു വൈദ്യൻമാരുടെ സംഭാവനകളെ എടുത്തുപറയുന്നതിൽ വിമുഖത കാണിച്ചു എന്നതാണ്. യഥാർത്ഥത്തിൽ, ബുദ്ധമതത്തിൻറെ സ്വാധീനത്താൽ പ്രചരിപ്പിക്കപ്പെട്ട ഔഷധവിധിപ്രയോഗങ്ങൾ ഇട്ടിഅച്യുതനെന്നപോലെ ഈഴവജാതിയിൽപ്പെട്ട മറ്റ് വൈദ്യൻമാർക്കും അറിയാമായിരുന്നു എന്ന വസ്തുത, ഇട്ടി അച്യുതൻറെ സാക്ഷ്യപത്രത്തെ മാത്രം ഉയർത്തിക്കാട്ടിയതിലൂടെ തമസ്കരിക്കപ്പെടുകയായിരുന്നുവെന്നും ഗ്രോവ് തൻറെ പുസ്തകത്തിൽ പറയുന്നു (പേജ് 87). ഗ്ളോബൽ ഹിസ്റ്ററീസ് എന്ന ജേണലിൽ 2015 ഡിസംബറിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിൽ മാളവികാ ബിന്നിയും ബുദ്ധമതത്തിൻറെ പ്രചാരത്തിലൂടെ ഈഴവജാതിയിൽപ്പെട്ടവർക്ക് കൈവന്ന സസൗഷധസമ്പത്തിനെ څഈഴവവൈദ്യംچ എന്നുതന്നെ വിശേഷിപ്പിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അതേസമയം ഹോർത്തൂസ് മലബാറിക്കസിൻറെ തയ്യാറാക്കലിൽ ഇട്ടിഅച്യുതൻറെ പങ്കാളിത്തത്തെ അംഗീകരിക്കുകയും ചെയ്യുന്നു.

ഇട്ടി അച്യുതൻറെ ജീവചരിത്രം[തിരുത്തുക]

ഇട്ടി അച്യുതൻറെ ജീവചരിത്രം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇട്ടിഅച്യുതൻറെ സംഭാവനകളെ അടയാളപ്പെടുത്തുന്ന പുസ്തകം എന്ന തരത്തിൽ ശ്രദ്ധേയമാവുന്നത് എ.എൻ. ചിദംബരൻ എഴുതി, കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയ څഹോർത്തൂസും ഇട്ടിഅച്യുതനും: സത്യവും മിഥ്യയുംچ 2011ൽ എന്ന പുസ്തകമാണ്. ഹോർത്തൂസിൻറെ സ്യഷ്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് വ്യത്യസ്ത അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുകയും വിവാദങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊടക്കരപ്പള്ളി ഇട്ടി അച്യുതൻ സ്മാരക ട്രസ്റ്റ് സെക്രട്ടറിയും ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിൻറെ സ്ഥാപകരിലൊരാളുമായിരുന്ന എൻ. എൻ. ചിദംബരൻ ഈ പുസ്തകം രചിക്കുന്നത്. ഹോർത്തൂസിൻറെ തയ്യാറാക്കലിൽ ഫാദർ മാത്തേവൂസ് എന്ന കർമ്മലീത്താപുരോഹിതനും കൊങ്കിണിബ്രാഹ്മണരും വഹിച്ച പങ്കിനെക്കുറിച്ചുള്ള തർക്കങ്ങൾ പല തെറ്റിദ്ധാരണകൾക്കും ഇട നൽകുകയുണ്ടായി. ഇവയ്ക്കിടയിൽ നിന്നും ഇട്ടി അച്യുതൻറെ പങ്കിനെ വീണ്ടെടുക്കാനും അദ്ദേഹത്തിൻറെ സംഭാവനൾക്ക് ആധികാരികതയുടെ പിൻബലമേകാനും ചിദംബരൻറെ പുസ്തകത്തിന് കഴിഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിൽ, പ്രശസ്ത സസ്യശാസ്ത്രജ്ഞനായ കാൾ ലുഡ്വിഗ് ബ്ലൂം, ഇട്ടി അച്യുതൻറെ ബഹുമാനാർത്ഥം ഒരു സസ്യജെനുസിന് അദ്ദേഹത്തിൻറെ പേര് നൽകുകയുണ്ടായി. څഅച്യുഡേമിയچ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ജനുസ് പക്ഷേ ഇപ്പോൾ څപിലിയچ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട നിലയിൽ അർട്ടിക്കേസിയേ എന്ന കുടുംബത്തിലാണ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ജെഎൻടിബിജിആർെഎ) ഇട്ടി അച്ചുതൻറെ ച്യുതൻറെ സ്മരണാർത്ഥം ഒരു ഔഷധസസ്യോദ്യാനം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡനിലും സമാനമായ ഒരു ഹോർത്തൂസ് സസ്യാരാമം ഇട്ടി അച്യുതൻറെ പേരിൽ പരിപാലിക്കപ്പെട്ടുവരുന്നുണ്ട്. കടക്കരപ്പള്ളിയി ൽ ഇട്ടിഅച്യുതൻറെ കുടുംബഗേഹം നിലനിന്നിരുന്ന സ്ഥലം ഇപ്പോൾ അദ്ദേഹത്തിൻറെ പിൻതലമുറയുടെ കൈവശമല്ലെങ്കിലും അവിടെ അദ്ദേഹത്തിൻറെ പേരിലുള്ള ഒരു കുര്യാല അഥവാ വിളക്കുമാടം ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തടികൊണ്ടുള്ള ചുമരുകളോടുകൂടിയതും ഓലമേഞ്ഞതുമായ ഒരു ചെറിയ കുടിലിൻറെ രൂപത്തിലുള്ള ഇതിനുമുന്നിൽ ഇന്നും സന്ധ്യാസമയത്ത് വിളക്ക്കൊളുത്തുന്നുണ്ട്. ഏറെ അകലെയല്ലാതെ, ഇട്ടി അച്യുതൻറെ ജീവിതകാലത്ത് അനവധി ഔഷധസസ്യങ്ങൾ വളർന്നിരുന്നതായി പറയപ്പെടുന്ന ഒരു കാവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും 2014 ഒക്ടോബറിൽ സംസ്ഥാന പുരാവസ്തുവകുപ്പ് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കുകയുണ്ടായി. ഇതോടൊപ്പം, കൊച്ചി രാജാവ് ഇട്ടി അച്യുതന് സമ്മാനിച്ച പട്ടും വളയും څചൊൽക്കേട്ടപൊസ്തകچ ത്തെ ഉൾക്കൊണ്ടിരുന്ന ചൂരൽകൊട്ട,  ഇട്ടി അച്യുതൻ ഉപയോഗിച്ചിരുന്ന നാരയം എന്നിവയും സംരക്ഷിക്കപ്പെട്ടവയായി പ്രഖ്യാപിക്കപ്പെട്ടു. [3].

അവലംബം[തിരുത്തുക]

  1. ജോസഫ് ആൻ്റണി (൨൦൧൨) - ഹരിതഭൂപടം, മാതൃഭൂമി ബുക്സ്, പേജ് 15
  2. കേരള ചരിത്രപാഠനങ്ങൾ-വേലായുധൻ പണിക്കശ്ശേരി,കറന്റ് ബുക്സ്,പേജ് 122
  3. മാതൃഭൂമി വാർത്തയിൽ നിന്ന്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസ് സ്കാൻ കോപ്പി
ഹോർത്തൂസ് മലബാറിക്കൂസ് പി.ഡി.എഫ്. പതിപ്പ്
ഹോർത്തൂസ് മലബാറിക്കൂസ് മലയാള പരിഭാഷ

ഒപ്പൺ ഹൗസിൽ ശ്രദ്ധേയേമായത്‌ ഇട്ടി അച്ച്യൂതൻ സ്‌മാരകം
ഇട്ടി അച്ചുതനും ചരിത്ര സാക്ഷ്യങ്ങളും

"https://ml.wikipedia.org/w/index.php?title=ഇട്ടി_അച്യുതൻ&oldid=3573288" എന്ന താളിൽനിന്ന് ശേഖരിച്ചത്