ഹിതോപദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധവളചന്ദ്രനും നാരായണസ്വാമികളും

പന്ത്രണ്ടാം നൂറ്റാണ്ടിൻറെ അവസാനപാദത്തിൽ നാരായണസ്വാമികളാൽ രചിക്കപ്പെട്ട നീതിശാസ്ത്ര ഗ്രന്ഥമാണ് ഹിതോപദേശം. വിഷ്ണു ശർമ്മ രചിച്ച പഞ്ചതന്ത്രം[1] പോലെ ജീവിതത്തെ തന്ത്രപരവും ധർമ്മപരവുമായി എങ്ങനെ സമീപിക്കണമെന്ന് സരസമായ കഥകളിലൂടെ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. നീതിസാരം[2]എന്ന ഗണത്തിൽ പെടുന്ന ഈ കൃതി, അതിസങ്കീർണമായ അർത്ഥ[3]-ധർമ്മ ശാസ്ത്രങ്ങളുടെ ലളിതമായ സംയോഗമായി കരുതാം. മനുഷ്യരുടെ അതെ വികാരവിചാരങ്ങളുള്ളവരായി മൃഗങ്ങൾ മാറുമ്പോൾ, സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളുടെ അതിജീവനത്തിൻറെ ചുരുളഴിയുന്നു. ഭാരതീയ സംസ്കാര ത്തിൻറെ അഭിമാനങ്ങളിലൊന്നാണ് പല ഭാഷ കളിലേക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതി.


ഉല്പത്തി[തിരുത്തുക]

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ധവളചന്ദ്രനെന്ന രാജാവിനുവേണ്ടിയാണ് നാരായണസ്വാമികൾ ഈ മഹദ്ഗ്രന്ഥം രചിച്ചത്. സംസ്കൃത പാണ്ധിത്യം വളർത്താനും , നീതിവിദ്യകൾ തികച്ചും ലളിതവും സ്വീകാര്യവും ആക്കുവാനുമാണ് തൻറെ ശ്രമമെന്ന് ഗ്രന്ഥത്തിൻറെ തുടക്കത്തിൽ അദ്ദേഹം പറയുന്നുണ്ട് .ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവും വിറ്റഴിക്കപെടുന്ന കൃതി എന്ന ഖ്യാതിയും ഇതിനുണ്ട്.ആമുഖത്തിൽ പറയുന്ന പോലെ പഞ്ചതന്ത്രവുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധം ഇതിനുണ്ട്. എന്നാൽ ഈ ഗ്രന്ഥത്തിൽ നാരയണസ്വാമികൾ നാലു തന്ത്രങ്ങളാണ് പ്രദിപാദിക്കുന്നത് . പഞ്ചതന്ത്രം കൂടാതെ മഹാഭാരതം , പുരാണങ്ങൾ , ചാണക്യനീതി, ധർമ്മശാസ്ത്രം എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. തൻറെതായ 18 കഥകൾ കൂടി അദ്ദേഹം ചേർത്തിട്ടുണ്ട്. ഈ ഗ്രന്ഥം നാല് ഉപഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു:

 • മിത്രലാഭം
 • മിത്രഭേദം
 • വിഗ്രഹം
 • സന്ധി


വിശകലനം[തിരുത്തുക]

മുത്തശശിമാർ പറഞ്ഞുവന്നു, തലമുറകളായി കൈമാറപ്പെട്ട ഐതിഹ്യങ്ങളും നാടോടിക്കഥകളും രസകരമായ കഥാസന്ദർഭങ്ങളിൽ കോർത്തിണക്കി രചിച്ച ഗ്രന്ഥമാണ് ഹിതോപദേശം . ആബാലവൃദ്ധം ജനങ്ങൾക്കും ഓർത്തിരിക്കാവുന്ന കഥപറച്ചിൽ, കഥകളെ ഒന്നിലോന്നു കോർത്തിണക്കി പറയുന്ന ആഖ്യാനരീതി എന്നിവ "ഹിതോപദേശത്തെ" ലോക സാഹിത്യത്തിലെ മറ്റു ഗ്രന്ഥങ്ങളിൽനിന്നു വേറിട്ട്‌ നിർത്തുന്നു. വാല്മീകിയുടെ രാമായണത്തിലും, വ്യാസൻറെ മഹാഭാരതത്തിലും , പാശ്ചാത്യ സാഹിത്യരംഗത്തെ എമിലെ ബ്രോനടിൻറെ വുതെറിംഗ് ഹൈറ്റ്സിലും ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം സ്റ്റോറി എന്ന ആഖ്യാനരീതിയാണ് നാരായണസ്വാമികൾ സ്വീകരിച്ചിരിക്കുന്നത്. മൂന്നും നാലും കഥകൾ വരെ ആഴത്തിൽ പോകുന്ന ഈ ഗ്രന്ഥം പക്ഷിമൃഗാദികളുടെ കഥകളിലൂടെ നന്മയുടെയും കൌശലത്തിൻറെയും ചെപ്പുകൾ തുറക്കുന്നു.

സഹസ്രാബ്ധങ്ങൾ പിന്നിട്ടിട്ടും ഇന്നും ഈ കഥകളുടെ മാറ്റ് പോകാതെ നിൽക്കുന്നത് കഥപറച്ചിലിൻറെ വൈഭവം കൊണ്ടും കഥകളുടെ ആഴം കൊണ്ടുമാണ്. സാമൂഹികപരിവർത്തനങ്ങളോ അനുദിനം മാറിമറിയുന്ന കാഴ്ച്ചപ്പാടുകളോ ഹിതോപദേശത്തെ വിസ്മൃതിയിലേക്ക് തള്ളിവിട്ടില്ല. അറുപതോളം ഭാഷകളിലേക്ക് ഹിതോപദേശത്തിൻറെ സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടു. ലോകത്തിൻറെ നാനതുറകളിലുള്ള കൊച്ചുകുട്ടികൾ പാടുന്ന പാട്ടുകളിലും ,വരയ്ക്കുന്ന ചിത്രങ്ങളിലും , ഹിതോപദേശ കഥകൾ നിറഞ്ഞുനിൽക്കുന്നു. മതഗ്രന്ഥമല്ലെങ്കിലും ഇത്രയും സ്വീകാര്യതയുള്ള ഒരു ഗ്രന്ഥം ലോകസാഹിത്യത്തിൽ തന്നെ ചുരുക്കമാണ്. ഏതു സംസ്കാരത്തിലേക്കും ഇഴുകിച്ചേരാനുള്ള ഈ ഗ്രന്ഥത്തിൻറെ കഴിവിനുപിന്നിൽ മനുഷ്യജീവിതത്തിൻറെ പച്ചയായ ആവിഷ്കാരമാണ്.

ഗഹനവും നിഗൂഡവുമായി തുടരുന്ന ജീവിതത്തെ ബുദ്ധിപൂർവ്വം നേരിടുന്ന രീതികൾ അത്യന്തം ലളിതവും രസകരവുമായി ഗ്രന്ഥകാരൻ പ്രകടിപ്പിച്ചിരിക്കുന്നത് സ്തുത്യർഹമാണ്. എങ്ങനെ ജീവിക്കണം ,എങ്ങനെ ജീവിച്ചുകൂടാ എന്നു ഈ ഗ്രന്ഥം പഠിപ്പിക്കുന്നു. പൂർണമായും ധർമ്മിഷ്ഠമായ ജീവിതരീതിയിൽനിന്നുമാറി തൻറെ താല്പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്ന രീതിയിൽ എങ്ങനെ കൌശലപൂർവ്വം ജീവിക്കാം എന്നാണ് ഈ ഗ്രന്ഥം പറയുന്നത്. ചുരുക്കത്തിൽ നന്മയും തിന്മയും സഹതാപവും കുതുകാൽവെട്ടുമുള്ള ലോകത്ത് എങ്ങനെ തലയുയർത്തി പിടിച്ചുനിൽക്കാം എന്നു നാം അറിയുന്നു.

നിരീക്ഷണപാടവം , വിശകലനശേഷി, മനോധൈര്യം , ആത്മവിശ്വാസം, വാക്ചാതുര്യം എന്നിവയെപ്പറ്റി ഈ കഥകൾ നമ്മെ ബോധവാന്മാരാക്കുന്നു. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണന്നും നമ്മുടെ വിജയപരാജയങ്ങൾ മറ്റുള്ളവരുടെ നിലപാടുകളെയും ആശ്രയിച്ചിരിക്കുന്നു വെന്നും, ജീവിതവിജയത്തിനായി മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കണമെന്നും നാം അറിയുന്നു. മതഗ്രന്ഥങ്ങളിലോ , ശാസ്ത്രഗ്രന്ഥങ്ങളിലോ കാണാൻ കഴിയാത്ത പ്രായോഗിക ജീവിതരീതികളുടെ ഒരു കലവറയാണ് ഈ ഗ്രന്ഥം . കുട്ടികളിൽ യുക്തിബോധം വളർത്തുന്ന ഈ കൃതി തികച്ചും പുതുമയുള്ളതും അയാഥാസ്ഥിതികവുമായ ഒരു സൃഷ്ടിയാണ്.

പഞ്ചതന്ത്രത്തിൽ പറയുന്ന പോലെ:

" അധീതേ യ ഇദം നിത്യം
നീതിശാസ്ത്രം ശ്രണോതി ച
ന പരാഭവമാപ്നോതി
ശക്രാദപി കദാചന "


സാരം:ഈ നീതിശാസ്ത്രം പാരായണം ചെയ്യുകയും കേൾക്കുകയും ചെയ്യുന്നവന് ഒരിക്കലും, ദേവേന്ദ്രനിൽനിന്നുപോലും ,പരാജയം സംഭവിക്കില്ല

ഉള്ളടക്കം[തിരുത്തുക]

കഥയും കഥക്കുള്ളിൽ കഥയും അടങ്ങുന്ന ഈ സമാഹാരം നാല് ഉപവിഭാഗങ്ങൾ ഉൾക്കൊള്ളുന്നു

ഒരു കഥാസന്ദർഭം

മിത്രലാഭം[തിരുത്തുക]

"അസാധനാ അപി പ്രാജ്ഞാ
ബുദ്ധിമന്തോ ബഹുശ്രുതാ
സാധയന്താശു കാര്യാണി
കാകാഖുമൃഗകൂർമവത്"


കാക്കയും എലിയും അടങ്ങുന്ന സൗഹൃദക്കൂട്ടായ്മയിലേക്ക് ആമയും മാനും എത്തുന്നു. പിന്നീടു വേടൻറെ കൈയിൽ അകപ്പെടുന്ന മാനിനെ രക്ഷിക്കാൻ അവർ കൂട്ടായി പരിശ്രമിക്കുന്നു. മിത്രങ്ങളെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടതിനെപ്പറ്റി ഈ വിഭാഗം സംസാരിക്കുന്നു.


മിത്രഭേദം[തിരുത്തുക]

"വർദ്ധമാനോ മഹാൻസ്നേഹ
സിംഹഗോവൃഷയോർവ്വനേ
പിശുനേനാതി ലുബ്ധേന
ജംബുകേന വിനാശിത"


മൃഗരാജനായ പിംഗളകൻ എന്ന സിംഹവും സഞ്ജീവകൻ എന്ന കാളയും തമ്മിലുള്ള സൗഹൃദം കരടകൻ, ദമനകൻ എന്നു പേരായ രണ്ടു കുറുക്കന്മാർ തകർക്കുന്നതാണ് കഥ. അസൂയ കാരണം മുറിയുന്ന ഇവരുടെ സൗഹൃദകഥ ദമനകനും കരടകനും 30-തോളം കഥകളിലൂടെ ചുരുളഴിക്കുന്നു. കൃതിയുടെ ഏറ്റവും ദൈർഘ്യമേറിയ ഭാഗമാണിത്.

വിഗ്രഹം[തിരുത്തുക]

"നവിശ്വസേത്പൂർവ വിരോധിതസ്യ
ശസ്ത്രോശ്ച മിത്രത്വമുപാഗതസ്യ
ദാഗ്ധാം ഗുഹാം പശ്യ ഉലൂകപൂർണ്ണ
കാകപ്രണീതേന ഹുതാശനേന"


ഈ വിഭാഗം ഹംസങ്ങളും മയിലുകളും തമ്മിലുള്ള സംഘർഷങ്ങൾ ഉൾക്കൊള്ളുന്നു.

സന്ധി[തിരുത്തുക]

കഴിഞ്ഞ വിഭാഗത്തിലെ വൈരികളായ മയിലുകളും ഹംസങ്ങളും സമാധാനവും സൌഹൃദവും പുനസ്ഥാപിക്കുന്നു.

സാരാംശം[തിരുത്തുക]

അതിസങ്കീർണ്ണമായ നീതി എന്ന ആശയം വിപ്ലവകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാമായണത്തിലെയോ മഹാഭാരതത്തിലെയോ പോലെ നീതിന്യായ സംവാദം നടത്തുന്ന , ധർമ്മപാതയിൽ ചലിക്കുന്ന അല്ലെങ്കിൽ ധർമ്മത്തെ സന്ദർഭത്തിനനുസരിച്ച് വളച്ചൊടിക്കുന്ന കഥാപാത്രങ്ങളെ നാം കാണുന്നില്ല. മറിച്ചു തികച്ചും അവസരോചിതവും പ്രായോഗികവുമായി പ്രവർത്തിക്കുന്നവരാണ്‌ ഹിതോപദേശത്തിലെ കഥാപാത്രങ്ങൾ. സ്ഥിരരൂപികളായ ദേവപക്ഷിമൃഗാദികളിലൂടെ തികച്ചും ഒരു ശരാശരി മനുഷ്യൻറെ വികാരവിചാരങ്ങളും, കർമ്മങ്ങളും, വെല്ലുവിളികളും ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു. നീതി എന്നാൽ പുസ്തകത്തിൽ എഴുതപെട്ടത്‌ എന്നതിന് പുറമേ , അവസരോചിതം അഥവാ വ്യക്തിത്വാധിഷ്ടിതം എന്ന മാനം കൈവരിക്കുന്നു. തങ്ങളുടെ ആഗ്രഹാപൂർത്തീകരണത്തിനായി കൌശലം ഉപയോഗിക്കുന്ന ദമനക-കരടകന്മാർ സ്വാർത്ഥതയും കാപട്യവുമുള്ള ശരാശരി മനുഷ്യരെ വരച്ചുകാട്ടുന്നു. ഡോക്ടർ ഹെര്റെല്ലിനെ സംബന്ധിച്ചടുത്തോളം പാശ്ചാത്യലോകത്ത് പ്രശസ്തമായ മാക്യവെല്ലനിസം ആണ് ഹിതോപദേശകഥകൾ വരച്ചുകാട്ടുന്നത്. [4]

പഞ്ചതന്ത്രവും ഹിതോപദേശവും[തിരുത്തുക]

മൂന്നാം നൂറ്റാണ്ടിൽ വിഷ്ണു ശർമ്മനാൽ രചിക്കപെട്ട ഗ്രന്ഥമാണ് പഞ്ചതന്ത്രം . മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിൻറെ അലസന്മാരും മൂഡന്മാരുമായ ധനശക്തി , ഉഗ്രശക്തി, അനനേകശക്തി എന്നീ പുത്രന്മാരെ ഉത്തമ ഭരണാധികാരികളാക്കുവാൻ വിഷ്ണു ശർമ്മൻ എന്ന പണ്ഡിതൻ തിരഞ്ഞെടുത്ത വഴിയാണ് പഞ്ചതന്ത്രം . ഘടനയിലും ഉൾക്കാമ്പിലും പഞ്ചതന്ത്രവും ഹിതോപദേശവും തമ്മിൽ വ്യക്തമായ സാദൃശ്യമുണ്ട്. കൂടാതെ ഹിതോപദേശത്തിൻറെ ആമുഖത്തിൽ ഗ്രന്ഥകർത്താവ് പഞ്ചതന്ത്ര ഗ്രന്ഥത്തിനോട് നന്ദി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇവ രണ്ടും തമ്മിൽ വ്യത്യാസങ്ങളും ഉണ്ട്. പഞ്ചതന്ത്രത്തിൽ അഞ്ചു തന്ത്രങ്ങൾ ഉള്ളപോൾ ഹിതോപദേശത്തിൽ നാലെണ്ണം മാത്രം. ആദ്യത്തെ രണ്ടും ഒന്നെങ്കിലും, പിന്നെടുള്ള രണ്ടെണ്ണം വ്യത്യസ്തം. ഇതിൽനിന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്ന കഥകളിൽനിന്നു ഉദ്ഭവിച്ചതാണ് രണ്ടു ഗ്രന്ഥങ്ങളെന്നു കരുതാം . എന്നിരിക്കിലും ഹിതോപദേശം പഞ്ചതന്ത്രത്തിൻറെ സ്വതന്ത്ര പുനരാഖ്യാനമായി കരുതാം.


തർജ്ജമകൾ[തിരുത്തുക]

 • അറബി :ഖലിലയും ദിമ്നയും , എ.ഡി 750
 • ഫ്രഞ്ച് : ഫൊന്ടെൻ കഥകൾ,എ.ഡി1678
 • യൂറോപ് :പിൽപായ് കഥകൾ
 • ഗ്രീക് ,എ.ഡി1080
 • എബ്രായ, എ.ഡി1100
 • ലാറ്റിൻ, എ.ഡി1280
 • ജർമ്മൻ, എ.ഡി1460
 • ഇറ്റാലിയൻ, എ.ഡി1552

[5]


അവലംബങ്ങൾ[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-23. Retrieved 2014-12-13.
 2. http://www.scribd.com/doc/30425795/Neeti-Saara
 3. http://ir.nmu.org.ua/bitstream/handle/123456789/5700/f2c8936431b9587a3448e1b3d8eff8e8.pdf?sequence=1[പ്രവർത്തിക്കാത്ത കണ്ണി]
 4. https://www.shemtaia.com/SKT/PDF/Readers/mullerhitopadesha.pdf[പ്രവർത്തിക്കാത്ത കണ്ണി]
 5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-08-24. Retrieved 2014-12-13.
"https://ml.wikipedia.org/w/index.php?title=ഹിതോപദേശം&oldid=3809562" എന്ന താളിൽനിന്ന് ശേഖരിച്ചത്