സൂര്യഘടികാരം
ആദ്യകാലത്ത് മനുഷ്യർ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതികസാമഗ്രികൾ പൊതുവായി അറിയപ്പെടുന്നതു് സൂര്യഘടികാരം എന്നാണു്. സൂര്യപ്രകാശത്തെ അടിസ്ഥാനമാക്കിയാണിവയുടെ പ്രവർത്തനം. പ്രവർത്തനതത്വം വളരെ ലളിതമാണെങ്കിലും വ്യത്യസ്തമായ വലിപ്പങ്ങളിലും ഘടനകളിലും സൂര്യഘടികാരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. ബി.സി. 900 -ആം ആണ്ടിൽ ഈജിപ്റ്റുകാർ ഇത്തരം ഉപകരണങ്ങൾ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്നു. ഇസ്രായേലുകാരും ബാബിലോണിയക്കാരും മറ്റു നാഗരികതകളും വലുതും ചെറുതുമായി പലതരത്തിലുള്ള സൂര്യഘടികാരങ്ങൾ കണ്ടുപിടിച്ചു.
ശങ്കു (gnomon) എന്ന വലിയൊരു കമ്പ് മണ്ണിൽ കുത്തിനിർത്തി, അതിന്റെ നിഴൽ(ശങ്കുച്ഛായ) ഭൂമിയിൽ പതിക്കുന്നതിനെ അടിസ്ഥാനമാക്കി സമയം നിർണയിക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തു വന്നിരുന്നത്. പിന്നീട് വ്യത്യസ്തങ്ങളായ സൂര്യഘടികാരങ്ങൾ നിലവിൽ വന്നു. സൂര്യപ്രകാശം ഈ ഉപകരണത്തിന് ഒരു അഭിവാജ്യഘടകമായതിനാൽ തന്നെ സൂര്യപ്രകാശം കുറഞ്ഞ സമയത്തും രാത്രിയിലും സൂര്യഘടികാരത്തെ അടിസ്ഥാനമാക്കിയുള്ള സമയനിർണയം നടന്നിരുന്നില്ല.