സുബ്രഹ്മണ്യ ഭാരതി
ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതി | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 11, 1921 | (പ്രായം 38)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ഭാരതിയാർ, സുബ്ബയ്യ, ശക്തി ദാസൻ,[1] മഹാകവി, മുണ്ടാശു കവിജ്ഞർ |
തൊഴിൽ | പത്രപ്രവർത്തകൻ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പങ്ക്, കവിത, സാമൂഹ്യ പരിഷ്കരണം |
അറിയപ്പെടുന്ന കൃതി | പാഞ്ചാലി ശപഥം, പാപ്പ പാട്ട്, കണ്ണൻ പാട്ട്, കുയിൽ പാട്ട്, മുതലായവ |
പ്രസ്ഥാനം | ഇന്ത്യൻ സ്വാതന്ത്ര്യസമരം |
ജീവിതപങ്കാളി(കൾ) | ചെല്ലമ്മാൾ |
മാതാപിതാക്ക(ൾ) | ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യർ, എളക്കുമി (ലക്ഷ്മി) അമ്മാൾ |
ഒപ്പ് | |
ഇന്ത്യയിലെ പ്രമുഖനായ കവി,സ്വാതന്ത്ര്യസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി (ജനനം:ഡിസംബർ 11, 1882 - മരണം: സെപ്തംബർ 11,1921). അദ്ദേഹം രചിച്ച കൃതികൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
കോൺഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 1908 ൽ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടർന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തുവർഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു.
രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഭാരതി കൃതികൾ രചിച്ചിട്ടുണ്ട്.[2] അദ്ദേഹത്തിന്റെ കാവ്യരചനകൾ ഇപ്പോഴും, സിനിമകളിലും, കർണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. 1921 സെപ്റ്റംബർ 11 ന് ഭാരതി അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]തമിഴ്നാട്ടിലെ എട്ടയപുരത്തിൽ ജനിച്ചു. ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരും, ലക്ഷ്മി അമ്മാളുമായിരുന്നു മാതാപിതാക്കൾ. മകൻ ഒരു എഞ്ചിനീയറാവണമെന്നതായിരുന്നു പിതാവ് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെ ആഗ്രഹം. എന്നാൽ ഒരു സ്വപ്നജീവിയായിരുന്ന ഭാരതി പഠനകാര്യങ്ങളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഞ്ചാമത്തെ വയസ്സിൽ ഭാരതിക്ക് അമ്മയേയും, പതിനാറാമത്തെ വയസ്സിൽ പിതാവിനേയും നഷ്ടപ്പെട്ടു. തിരുനെൽവേലിയിലുള്ള എം.ഡി.ടി.ഹിന്ദു കോളേജ് എന്നറിയപ്പെട്ടിരുന്ന ഒരു സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.
എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാൾക്ക് ഏഴു വയസ്സായിരുന്നു പ്രായം. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പെടെ 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു.
ദേശീയപ്രസ്ഥാനം
[തിരുത്തുക]1898 മുതൽ രണ്ടു വർഷം വാരണാസിയിൽ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. വാരണാസി കാലഘട്ടത്തിൽവെച്ചാണ് ഭാരതി ഹൈന്ദവ ആത്മീയതയുമായി അടുക്കുന്നത്. ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാൽവെയ്പും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയിൽ തമിഴ് പത്രമായ സ്വദേശമിത്രനിൽ പത്രപ്രവർത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
രാഷ്ട്രീയം
[തിരുത്തുക]1905 ൽ വാരണാസിയിൽ വച്ചു നടന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഭാരതി മുഴുവൻ സമയവും പങ്കെടുത്തു. തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭാരതി സിസ്റ്റർ.നിവേദിതയുമായി പരിചയപ്പെടുന്നത്. അവരുമായുള്ള അടുപ്പം സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ ഭാരതിയെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ തടങ്കലിൽ ആക്കാതിരിക്കാൻ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി.
സാഹിത്യം
[തിരുത്തുക]പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തിൽ നിന്നും പ്രധാനപ്പെട്ട രചനകൾ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയിൽപ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ൽ പോണ്ടിച്ചേരി വിടുകയുകയും തടങ്കലിൽ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടിൽ താമസം തുടരുകയും രചനകൾ തുടരുകയും ചെയ്തു.
സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, ക്രിസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
1921 സെപ്റ്റംബർ 11-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന തിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രത്തിൽ വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം.
അവലംബം
[തിരുത്തുക]- പി.സി., ഗണേശൻ (2004). യങ് ലവേഴ്സ് ആന്റ് എ പോയറ്റ്. സുര ബുക്സ്. ISBN 978-8174783899.
- ↑ അഥാർ ചന്ദ് ദ ഗ്രേറ്റസ്റ്റ് ഹ്യൂമാനിസ്റ്റ് - രാമസ്വാമി വെങ്കിട്ടരാമൻ പുറം 12.
- ↑ പി.സി., ഗണേശൻ (2004). യങ് ലവേഴ്സ് ആന്റ് എ പോയറ്റ്. സുര ബുക്സ്. p. 1. ISBN 978-8174783899.