Jump to content

ശ്യാമമാധവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത കവി പ്രഭാ വർമ്മയുടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം.ഡി സി ബുക്സ് ആണു ഈ കൃതി പുറത്തിറക്കിയത്. ഈ കൃതി ഒരു ഖണ്ഡകാവ്യമാണ്.കൃഷ്‌ണായനം മുതൽ ശ്യാമമാധവം വരെ പതിനഞ്ച്‌ അധ്യായങ്ങളാണ്‌ ഉള്ളത്‌. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്.തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകർന്നു തരുന്ന ഈ ദീർഘകാവ്യം 2012ൽ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

ഇതിവൃത്തം

[തിരുത്തുക]

"ശ്യാമമാധവം" എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു "കാവ്യഭാരതപര്യടന"മാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് പ്രഭാവർമ്മയുടെ ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത - താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താൽ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവർമ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്‌നമാണ് സങ്കീർണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണൻ .

പുരസ്കാരങ്ങൾ

[തിരുത്തുക]

പ്രശസ്തർ പറഞ്ഞത്

[തിരുത്തുക]

പ്രൊഫ. തോമസ് മാത്യു

[തിരുത്തുക]

"വേദനയിൽ പുളയുന്ന ആത്മാവിന്റെ മഹത്തായ ചിത്രീകരണമാണ് "ശ്യാമമാധവം". കുറ്റബോധമുള്ള കഥാപാത്രമായി ശ്രീകൃഷ്ണനെ അവതരിപ്പിക്കുമ്പോൾ മനസ്സിലുറച്ച ശ്രീകൃഷ്ണനെ മാറ്റിപ്രതിഷ്ഠിക്കാൻ എഴുത്തുകാരൻ ആവശ്യപ്പെടുകയാണ്. സ്വയം പരിതപിക്കുകയും വിധിപറയുകയും വിലയിരുത്തുകയും ചെയ്യുന്ന കൃഷ്ണൻ ദുരന്തകഥാപാത്രമായി നിൽക്കുന്നു. ഇവിടെ വിധികർത്താവും കുറ്റവാളിയും ഒരാൾതന്നെ.മറ്റുള്ളവർ ഒരിക്കലും ശ്രദ്ധിക്കാത്ത ശ്രീകൃഷ്ണന്റെ ഭാവതലങ്ങളെ കഥാപാത്രത്തിന് കോട്ടംതട്ടാതെ പ്രഭാവർമ അവതരിപ്പിച്ചു. വ്യത്യസ്തങ്ങളായ താളങ്ങളും വൃത്തങ്ങളും ഓരോ ഖണ്ഡത്തിലും ഉപയോഗിച്ചു."

നീലംപേരൂർ മധുസൂദനൻ നായർ

[തിരുത്തുക]

"ശ്യാമമാധവം' കാവ്യപുനഃസൃഷ്ടിക്ക് ഒരു മാതൃക.വ്യാസമഹാഭാരതമെന്ന ആഴക്കടൽ പ്രഭാവർമ എന്ന കവി ഒറ്റയ്ക്ക് കടഞ്ഞെടുത്തതാണ് ശ്യാമമാധവം. എല്ലാ അമാനുഷിക ആടയാഭരണങ്ങളും എടുത്തുകളഞ്ഞാണ് കൃഷ്ണനെ കവി ആവിഷ്കരിക്കുന്നത്. പ്രഭാവർമയെന്ന കവിയുടെ സർഗവൈഭവത്തിന്റെ ഉത്തുംഗശൃംഗങ്ങൾ ശ്യാമമാധവത്തിൽ കാണാം. എത്രവലിപ്പമുണ്ടെന്നോ എത്ര വിലവരുമെന്നോ നോക്കിയല്ല, എന്തു ജീവിതസന്ദേശമാണ് പകർന്നു നൽകുന്നതെന്ന് നോക്കിയാണ് ഒരു കൃതിയെ വിലയിരുത്തേണ്ടത്. ഈ സന്ദേശം പകർന്നുനൽകുന്നതിൽ പ്രഭാവർമ പൂർണമായും വിജയിച്ചു. അനന്യം എന്നല്ലാതെ മറ്റൊരു വാക്കിനാൽ ശ്യാമമാധവത്തെ വിശേഷിപ്പിക്കാനാകില്ല "

പ്രൊഫ. വി എൻ മുരളി

[തിരുത്തുക]

ഇന്നത്തെ ജീവിതത്തിനകത്തുനിന്നുകൊണ്ടുവേണം ശ്യാമമാധവത്തെ വിലയിരുത്താൻ.സവിശേഷമായ അർഥോൽപ്പാദന വ്യവസ്ഥയുള്ള ധ്വനി പ്രധാനമായൊരു സാഹിത്യരൂപമാണ് കവിത. ജീവിതമാണ് കവിതയിൽ ധ്വനിക്കുന്നത്. ശ്യമമാധവത്തിലും ധ്വനിക്കുന്നത് ജീവിതമാണ്. ആരെയും കൊല്ലാതെ കൊല്ലിക്കുന്ന സാമ്രാജ്യത്വ ലോകമാണ് ഇന്നുള്ളത്. ശ്യാമമാധവം വായിക്കുമ്പോൾ ഇറാഖും ടുണീഷ്യയും സിറിയയുമൊക്കെ മനസ്സിലേക്കുവരും. ശ്യാമ മാധവത്തിന്റെ വായനയിൽ ഇത്തരത്തിൽ ഒരു ചരിത്രവൽക്കരണമാണ് അനുഭവപ്പെടുന്നത്

വിവാദങ്ങൾ

[തിരുത്തുക]

പ്രശസ്ത കവിയും ദേശാഭിമാനി റസിഡൻറ് എഡിറ്ററുമായ പ്രഭാവർമ വാക്കിന്റെ സദാചാരം എന്ന പേരിൽ ദേശാഭിമാനി ദിനപത്രത്തിൽ ഒരു ലേഖനം എഴുതിയിരുന്നു[3]. ടി പി ചന്ദ്രശേഖരൻവധം മുൻനിർത്തി മാതൃഭൂമിയിൽ എം.പി. വീരേന്ദ്രകുമാറിന്റേതായി വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശാഭിമാനിയിൽ പ്രഭാവർമയുടെ ലേഖനം വന്നത്.അതിന്റെ പ്രതികരണമെന്നോണം പ്രഭാവർമയുടെ കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപർ എസ്. ജയചന്ദ്രൻ നായർ വ്യക്തമാക്കി.[4]‘അമ്പത്തിയെട്ട് വെട്ടുകൾ കൊണ്ട് നുറുക്കി ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചവരെ വാക്കിന്റെ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതിൽപരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ പ്രഭാവർമ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ എസ്. ജയചന്ദ്രൻ നായർ പറഞ്ഞു. പ്രഭാവർമ്മയുടെ "ശ്യാമമാധവം" എന്ന കാവ്യത്തിന്റെ ആദ്യത്തെ അഞ്ച് അധ്യായങ്ങളാണ് സമകാലിക മലയാളം വാരികയുടെ 2012 മെയ് 18 മുതലുള്ള മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകൃതമായത്. ടി പി ചന്ദ്രശേഖരൻ വധത്തെ ന്യായീകരിക്കുന്ന ഒറ്റ വാക്കുപോലും പ്രഭാവർമ്മയുടെ ലേഖനത്തിലില്ല;കവിതയിലുമില്ല. ചന്ദ്രശേഖരൻ വധം നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമാണെന്നാണ് പ്രഭാവർമ്മയുടെ നിരീക്ഷണമെന്നിരിക്കെ മറ്റൊരു പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതിയതിന്റെ പേരിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കവിത ഇടയ്ക്കുവച്ചു നിർത്തിയ നടപടി കേരള ചരിത്രത്തിൽ മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ലാത്തതാണ് എന്ന വിമർശനം സാഹിത്യ ലോകത്തിൽ നിന്നും ഉയർന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. http://www.dcbooks.com/vayalar-award-for-prabha-varma.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-04. Retrieved 2013-12-18.
  3. http://www.deshabhimani.com/newscontent.php?id=152378
  4. http://epathram.com/keralanews-2010/05/27/165211-prabha-varma-poems-wont-be-published-in-malayalam-daily.html
"https://ml.wikipedia.org/w/index.php?title=ശ്യാമമാധവം&oldid=3646126" എന്ന താളിൽനിന്ന് ശേഖരിച്ചത്