വി.കെ. ശ്രീരാമൻ
വി.കെ. ശ്രീരാമൻ | |
---|---|
ജനനം | ചെറുവത്താനി, കുന്നംകുളം, തൃശൂർ ജില്ല | 6 ഫെബ്രുവരി 1953
ദേശീയത | ഭാരതീയൻ |
വിഷയം | നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ |
Years active | 1978-ഇതുവരെ |
മലയാള ചലച്ചിത്ര അഭിനേതാവ്, എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിലറിപ്പെടുന്നയാളാണ് വെട്ടിയാട്ടിൽ കൃഷ്ണൻ ശ്രീരാമൻ എന്ന വി.കെ.ശ്രീരാമൻ (ജനനം:6 ഫെബ്രുവരി 1953). മലയാളത്തിൽ ഇതുവരെ 150-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്[1].
ജീവിതരേഖ
[തിരുത്തുക]സിലോണിൽ ഹോട്ടൽ മാനേജരായിരുന്ന വി.സി. കൃഷ്ണൻ്റെയും അധ്യാപികയായിരുന്ന ഭാർഗ്ഗവി കൃഷ്ണൻ്റെയും രണ്ടാമത്തെ മകനായി 1953 ഫെബ്രുവരി 6-ന് തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ചു. ദീർഘകാലം മസ്കത്തിൽ ജോലിചെയ്തിരുന്ന ജയപ്രകാശ് (ജനനം: 1948) അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. കൂടാതെ, ജനിച്ച ഉടനെ മരണമടഞ്ഞ ഒരു അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൊഴിയൂർ സെൻ്റ്.ജോർജ് ഹൈസ്കൂൾ, ഗവ.എച്ച്.എസ്.എസ്. കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീരാമൻ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടി. പഠനശേഷം കുറച്ചു കാലം വിദേശത്ത് ജോലി ചെയ്തു. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാപ്രവേശം. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും അതിനു പ്രേരകമായി.
1978-ൽ റിലീസായ അരവിന്ദന്റെ “തമ്പ്” ആയിരുന്നു ആദ്യ ചിത്രം. പവിത്രന്റെ “ഉപ്പ്”എന്ന സിനിമയിൽ നായകനായിരുന്നു.ഒരു വടക്കൻ വീരഗാഥ , ഉത്തരം, കാക്കോത്തികാവിലെ അപ്പൂപ്പൻതാടികൾ, ലയനം തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി. ആധാരം, സർഗ്ഗം, വൈശാലി, ഹരികൃഷ്ണൻസ്, ഭരത്ചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകൾ.
സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷൻ രംഗത്തേക്കു കടന്നത്. ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഇഷ്ടദാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായി. അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന വേറിട്ടകാഴ്ചകൾ ആയിരുന്നു അടുത്ത ടെലിവിഷൻ സംരഭം. ഏറ്റവും നല്ല കമന്റേർക്കുള്ള സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ ശ്രീരാമന് ലഭിച്ചു.
കലാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ വേറിട്ടകാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണു ഇദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. ഡി.സി. ബുക്ക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ച വേറിട്ടകാഴ്ചകൾ, ഇതര വാഴ്വുകൾ എന്നിവയാണ് പ്രധാന രചനകൾ. 2008ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരം നേടി.
രചിച്ച പുസ്തങ്ങൾ
- വേറിട്ട കാഴ്ചകൾ
- ഇതരവാഴ്വുകൾ
- കാലത്തിന്റെ നാലുകെട്ട്
- വി.കെ.ശ്രീരാമന്റെ ലേഖനങ്ങൾ
- മാട്ട്
- ഏകലോചനം[2]
അവലംബം
[തിരുത്തുക]- ശ്രീരാമനെ കുറിച്ച് പുഴ.കോം Archived 2008-03-09 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]