Jump to content

വിഷ്വൽ പൊല്യൂഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഷ്വൽ പൊല്യൂഷൻ അഥവാ ദൃശ്യ മലിനീകരണം എന്നത് ആളുകൾക്ക് ചുറ്റുമുള്ള പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചയിലെ അപചയത്തെയും സൗന്ദര്യാത്മക നിലവാരത്തിലെ കുറവിനെയും സൂചിപ്പിക്കുന്നു.[1][2] ഭൂപ്രകൃതിയിൽ മലിനീകരണം ചെലുത്തുന്ന ആഘാതങ്ങളെയും ഇത് സൂചിപ്പിക്കുന്നു. ക്രമരഹിതമായ കെട്ടിടങ്ങൾ, അനധികൃത മാലിന്യക്കൂമ്പാരങ്ങൾ, പരസ്യബോർഡുകൾ, കാഴ്ചയ്ക്ക് അഭംഗി സൃഷ്ടിക്കുന്ന കേബിളുകൾ, ജീർണിച്ച കെട്ടിടങ്ങൾ, നിർമ്മാണ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾ, വൃത്തികെട്ട ചുവരെഴുത്തുകൾ തുടങ്ങിയവ വിഷ്വൽ പൊല്യൂഷന്റെ ഉദാഹരണങ്ങളാണ്.[3] ഇവ ഒരു നിശ്ചിത പ്രദേശത്തിന്റെ പ്രവർത്തനത്തെയും ആസ്വാദനത്തെയും തടസ്സപ്പെടുത്തുന്നു. പ്രകൃതി സ്രോതസ്സുകളാൽ (ഉദാ: കാട്ടുതീ) വിഷ്വൽ പൊല്യൂഷൻ ഉണ്ടാകാമെങ്കിലും, പ്രധാന കാരണം മനുഷ്യ ഇടപെടലുകളാണ്.

അതുപോലെ, വിഷ്വൽ പൊല്യൂഷൻ മലിനീകരണത്തിന്റെ പ്രാഥമിക സ്രോതസ്സല്ല, മറിച്ച് ഇത് മലിനീകരണത്തിന്റെ ദ്വിതീയ ലക്ഷണമാണ്. അതിന്റെ ദ്വിതീയ സ്വഭാവവും ആത്മനിഷ്ഠമായ വശവും മൂലം ഇതിനെ അളക്കാനും ഇടപഴകാനും ബുദ്ധിമുട്ടാക്കുന്നു. [4] [5] പൊതുജനാഭിപ്രായ വോട്ടെടുപ്പും സർവേകളും, വിഷ്വൽ താരതമ്യം, സ്പേഷ്യൽ മെട്രിക്‌സ്, എത്‌നോഗ്രാഫിക് വർക്ക് എന്നിവ ഉപയോഗിച്ച് വിഷ്വൽ പൊല്യൂഷൻ അളക്കുന്നതിനുള്ള ചട്ടക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.[6][7][8][9][10]

വ്യക്തിയെ ബാധിക്കുന്ന സൂക്ഷ്മ സംഭവങ്ങൾ മുതൽ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾ വരെയായി വിഷ്വൽ പൊല്യൂഷൻ പ്രകടമാകും. മരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ, വ്യത്യസ്ത നിറങ്ങളും ഉള്ളടക്കവുമുള്ള പരസ്യങ്ങൾ എന്നിവ വിഷ്വൽ പൊല്യൂഷന്റെ ഉദാഹരണങ്ങൾ ആണ്.[11][12] മോശം നഗര ആസൂത്രണവും ക്രമരഹിതമായ ബിൽറ്റ്-അപ്പ് പരിതസ്ഥിതികളും സ്വാഭാവിക ഇടങ്ങളിൽ നിന്നു വ്യത്യസ്‌തമായി, അന്യവൽക്കരിക്കുന്ന പ്രകൃതിദൃശ്യങ്ങൾ സൃഷ്ടിക്കുന്നു.[9] [13] പാക്കിസ്ഥാനെ ഒരു കേസ് സ്റ്റഡിയായി ഉപയോഗിച്ചുകൊണ്ട്, എല്ലാ വിഷ്വൽ പൊല്യൂഷൻ വസ്തുക്കളുടെയും വിശദമായ വിശകലനം 2022 -ൽ പ്രസിദ്ധീകരിച്ചു.[2]

വിഷ്വൽ പൊല്യൂഷന്റെ പ്രത്യാഘാതങ്ങൾക്ക് ശ്രദ്ധാശൈഥില്യം, കണ്ണിന്റെ ക്ഷീണം, അഭിപ്രായ വ്യത്യാസം കുറയുക, വ്യക്തിത്വം നഷ്ടപ്പെടുക തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളുണ്ട്.[9] ഇത് സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കുകയും ബാലൻസ് തകരാറിലാക്കുകയും ചെയ്യുന്നു.[14] മലിനീകരണത്തിന്റെ ഒരു ദ്വിതീയ സ്രോതസ്സ് എന്ന നിലയിൽ, ഇവയും അതിന്റെ പ്രാഥമിക സ്രോതസ്സായ പ്രകാശം അല്ലെങ്കിൽ ശബ്ദ മലിനീകരണം പോലെയുള്ളവയും ബഹുതല പൊതുജനാരോഗ്യ ആശങ്കകളും പ്രതിസന്ധികളും സൃഷ്ടിക്കും.

ഉറവിടങ്ങൾ[തിരുത്തുക]

ഒരു മൊബൈൽ ഫോൺ ബേസ് സ്റ്റേഷൻ മറയ്ക്കാൻ കൃത്രിമ മരം ഉപയോഗിക്കുന്നു

പ്രാദേശിക അധികാരികൾക്ക് പൊതുസ്ഥലങ്ങളിൽ നിർമ്മിച്ചതും കൂട്ടിച്ചേർത്തതുമായ കാര്യങ്ങളിൽ ചിലപ്പോൾ നിയന്ത്രണമില്ല. ഉദാഹരണത്തിന്, മോശമായി ആസൂത്രണം ചെയ്ത കെട്ടിടങ്ങളും ഗതാഗത സംവിധാനങ്ങളും വിഷ്വൽ പൊല്യൂഷൻ സൃഷ്ടിക്കുന്നു. ബിസിനസ്സുകൾ ലാഭം വർധിപ്പിക്കാനുള്ള വഴികൾ തേടുമ്പോൾ, നഗരപ്രദേശങ്ങളിലെ വൃത്തിയും വാസ്തുവിദ്യയും യുക്തിയും സ്ഥലത്തിന്റെ ഉപയോഗവും വികലമായി, വിഷ്വൽ പൊല്യൂഷൻ സംഭവിക്കുന്നു.[15] ഉയരം കൂടിയ കെട്ടിടങ്ങൾ, ശരിയായി അല്ലെങ്കിൽ വേണ്ടത്ര ആസൂത്രണം ചെയ്തില്ലെങ്കിൽ, ഒരു നഗരത്തിന്റെ ദൃശ്യപരവും ഭൗതികവുമായ സവിശേഷതകളിൽ പ്രതികൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും, ഇത് നഗരത്തിന്റെ പൊതുവായ ഭംഗി കുറച്ചേക്കാം.[9]

വിഷ്വൽ പൊല്യൂഷൻ സൃഷ്ടിക്കുന്ന ഒരു പ്രധാന ഉറവിടമാണ് നിരത്തിൽ ധാരാളമായി കാണുന്ന പരസ്യങ്ങൾ.[15] ഉദാഹരണത്തിന്, ബിൽബോർഡുകൾ, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതിനും, പൊതു അഭിരുചിയെ ദുഷിപ്പിക്കുന്നതിനും, അർത്ഥശൂന്യവും പാഴായതുമായ ഉപഭോക്തൃത്വം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചയും ഭൂമിയും അലങ്കോലപ്പെടുത്തുന്നതിനും കാരണമാകുന്നു.[13] ഉടമയുടെ സമ്മതമില്ലാതെ എഴുതുന്ന സന്ദേശങ്ങൾ ആയ ഗ്രാഫിറ്റിയുടെ രൂപത്തിൽ ഉള്ള തെരുവ് ചിത്രങ്ങൾ നശീകരണം ആയാണ് നിർവചിച്ചിരിക്കുന്നത്.[15]

വിഷ്വൽ പൊല്യൂഷൻ വിലയിരുത്തൽ[തിരുത്തുക]

ഏത് സ്ഥലത്തും ഉള്ള വിഷ്വൽ പൊല്യൂഷന്റെ തോത് അളക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന പ്രക്രിയയെ വിഷ്വൽ പൊല്യൂഷൻ അസസ്‌മെന്റ് (വിപിഎ) എന്ന് വിളിക്കുന്നു. [10] കമ്മ്യൂണിറ്റികളിലെ വിഷ്വൽ പൊല്യൂഷൻ വിലയിരുത്തുന്നതിനുള്ള രീതികൾക്കായുള്ള ആവശ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചു വരികയാണ്. സമീപകാലത്ത്, വിഷ്വൽ പൊല്യൂഷൻ അളക്കുന്നതിനുള്ള ഒരു ഉപകരണം അവതരിപ്പിച്ചു, ഇത് വിഷ്വൽ പൊല്യൂഷൻ ഉണ്ടാക്കുന്ന വിവിധ വസ്തുക്കളുടെ സാന്നിധ്യവും അതിന്റെ ഫലമായുണ്ടാകുന്ന വിഷ്വൽ പൊല്യൂഷന്റെ തോതും അളക്കാൻ ഉപയോഗിക്കാം. നവാസും സഹപ്രവർത്തകരും, വിഷ്വൽ പൊല്യൂഷൻ, അതിന്റെ സന്ദർഭം, കേസ് പഠനങ്ങൾ, ഉപകരണം ഉപയോഗിച്ചുള്ള വിശകലനം എന്നിവയെക്കുറിച്ചുള്ള വിശദമായ വിശകലനം വിഷ്വൽ പൊല്യൂഷൻ: കൺസെപ്റ്റ്സ്, പ്രാക്ടീസസ്, മാനേജ്മെന്റ് ഫ്രെയിംവർക്ക് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നു.[2]

വിവിധ രാജ്യങ്ങളിൽ[തിരുത്തുക]

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും നഗരങ്ങളിലും മെട്രോപൊളിറ്റൻ നഗരങ്ങളിലും വളരെ സാധാരണമായ ഒരു പ്രതിഭാസമാണ് വിഷ്വൽ പൊല്യൂഷൻ, ഇത് ഇതിനകം നിലവിലുള്ള ഘടകങ്ങളിൽ നടത്തുന്ന വികലമോ അശാസ്ത്രീയമോ ആയ രൂപകൽപ്പനയുടെ ഫലമായാണ് ഉണ്ടാകുന്നത്.[16][17] വിഷ്വൽ എൻവയോൺമെന്റിന്റെ പുതിയതും നിലവിലുള്ളതുമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധം പരിഗണിക്കുന്നതിലെ പരാജയത്തിന്റെ ഫലമാണിത്. വിഷ്വൽ ക്ലട്ടർ, മോശം സൈനേജ്, സന്ദർഭത്തിന് പുറത്തുള്ള വാസ്തുവിദ്യ, ഫ്രാഞ്ചൈസി ആർക്കിടെക്ചർ, തൂണുകളുടെയും വയറുകളുടെയും അമിത ഉപയോഗം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.[16] നിരവധി ഉത്സവങ്ങളിലും സമൂഹ സമ്മേളനങ്ങളിലും സ്ഥിതി കൂടുതൽ വഷളാകുന്നു.[16]

പരിസ്ഥിതിയുടെ "വിഷ്വൽ പൊല്യൂഷൻ" ചർച്ച ചെയ്യുകയും തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കേരള ഹൈക്കോടതി, 2023 ൽ അനധികൃത ബോർഡുകളുടെയും ബാനറുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സമിതികളോട് പിഴ ചുമത്താൻ നിർദ്ദേശിച്ചിരുന്നു.[18] "വിഷ്വൽ പൊല്യൂഷൻ പരിഷ്കൃത ലോകം ഗൗരവമായി എടുക്കേണ്ട ഒന്നാണ്. സന്തോഷകരമായ അന്തരീക്ഷം ഒരു പൗരന്റെ അവകാശമാണ്, സ്വാർത്ഥവും നിക്ഷിപ്തവുമായ കാരണങ്ങളാൽ ഇതിനെ ധിക്കരിക്കുന്ന കുറ്റവാളികളുടെ ഏത് നടപടിയും തീർച്ചയായും കുറ്റകരമാണ്. ഇതിന് മതിയായ പിഴ ഈടാക്കണം," കോടതി പറഞ്ഞു.[19]

അമേരിക്ക[തിരുത്തുക]

Visual pollution in the College Point, Queens

യുണൈറ്റഡ് സ്റ്റേറ്റ്സിൽ, വിഷ്വൽ പൊല്യൂഷൻ ഒരു വലിയ പ്രശ്നമായതിനാൽ ഇത് തടയുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിക്കുകയുണ്ടായി. 1965-ലെ ഫെഡറൽ ഹൈവേ ബ്യൂട്ടിഫിക്കേഷൻ ആക്ട് അന്തർസംസ്ഥാന ഹൈവേകളിലും ഫെഡറൽ എയ്ഡഡ് റോഡുകളിലും പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് പരിമിതപ്പെടുത്തുന്നു. ഇത് ഈ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളുടെ അളവ് ഗണ്യമായി കുറച്ചു.[13] മറ്റൊരു ഹൈവേ ബിൽ, 1991-ലെ ഇന്റർമോഡൽ സർഫേസ് ട്രാൻസ്‌പോർട്ടേഷൻ എഫിഷ്യൻസി ആക്റ്റ് (ISTEA) ഗതാഗത സൗകര്യങ്ങൾ കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു. ഈ ബിൽ സംസ്ഥാന-ദേശീയ പ്രകൃതിരമണീയമായ ബൈവേകളുടെ ഒരു സംവിധാനം സൃഷ്ടിക്കുകയും ബൈക്കിംഗ് പാതകൾ, ചരിത്രപരമായ സംരക്ഷണം, പ്രകൃതിരമണീയമായ സംരക്ഷണം എന്നിവയ്ക്കായി ഫണ്ട് നൽകുകയും ചെയ്തു.[20]

ബിസിനസുകൾ വലിയ ബിൽബോർഡുകളിലൂടെ പരസ്യം ചെയ്യുന്നതിൽ നിന്ന് വിഷ്വൽ പൊല്യൂഷൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും; എന്നിരുന്നാലും, ഇപ്പോൾ പരസ്യദാതാക്കൾ ഒരു ബദൽ പരിഹാരം നടത്തി പ്രശ്നം ക്രമേണ ഇല്ലാതാക്കുകയാണ്. ഉദാഹരണത്തിന്, ലാൻഡ്‌സ്‌കേപ്പ് വികൃതമാക്കാതെ യാത്രക്കാർക്ക് ദിശാസൂചന വിവരങ്ങൾ നൽകുന്ന ലോഗോ അടയാളങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് അമേരിക്കയിലെ ഹൈവേകളിലെ വിഷ്വൽ പൊല്യൂഷൻ കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്.[20]

ബ്രസീൽ[തിരുത്തുക]

2006 സെപ്റ്റംബറിൽ, സാവോ പോളോ സിഡാഡ് ലിംപ (ക്ലീൻ സിറ്റി നിയമം) പാസാക്കി, ഇത് ബിൽബോർഡുകൾ, ട്രാൻസിറ്റ്, കടകൾക്ക് മുന്നിൽ എന്നിവയുൾപ്പെടെ എല്ലാ ഔട്ട്ഡോർ പരസ്യങ്ങളുടെയും ഉപയോഗം നിരോധിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Futura-Sciences. "Visual pollution". Futura-Sciences (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-04.
 2. 2.0 2.1 2.2 Nawaz, Raheel; Wakil, Khydija (13 October 2022). Visual Pollution: Concepts, Practices and Management Framework. Bingley: Emerald Publishing Limited. doi:10.1108/978-1-80382-041-520221006. ISBN 978-1-80382-042-2.
 3. "Visual pollution is an ugly blind spot in Pune's Smart City plans". The Times of India. 6 ഡിസംബർ 2017.
 4. Portella, Adriana (2016). Visual pollution: advertising, signage and environmental quality. London: Routledge. ISBN 978-1-138-27376-4. OCLC 1010680073.
 5. Flad, Harvey K. (1997). "Country Clutter: Visual Pollution and the Rural Roadscape". The Annals of the American Academy of Political and Social Science. 553 (1): 117–129. doi:10.1177/0002716297553001011. ISSN 0002-7162.
 6. Chmielewski, Szymon (2020-12-12). "Chaos in Motion: Measuring Visual Pollution with Tangential View Landscape Metrics". Land. 9 (12): 515. doi:10.3390/land9120515. ISSN 2073-445X.{{cite journal}}: CS1 maint: unflagged free DOI (link)
 7. Da Silva, Marina. "Visual Pollution". designwithme.co.uk. Retrieved 2021-07-04.
 8. Chmielewski, Szymon; Lee, Danbi J.; Tompalski, Piotr; Chmielewski, Tadeusz J.; Wężyk, Piotr (2016-04-02). "Measuring visual pollution by outdoor advertisements in an urban street using intervisibilty analysis and public surveys". International Journal of Geographical Information Science. 30 (4): 801–818. doi:10.1080/13658816.2015.1104316. ISSN 1365-8816.
 9. 9.0 9.1 9.2 9.3 Yilmaz, Demet; Sagsoz, Ayse (28 April 2011). "In the Context of Visual Pollution: Effects to Trabzon City Center Silhoutte". Asian Social Science. 7 (5). doi:10.5539/ass.v7n5p98.
 10. 10.0 10.1 Wakil, Khydija; Naeem, Malik Asghar; Anjum, Ghulam Abbas; Waheed, Abdul; Thaheem, Muhammad Jamaluddin; Hussnain, Muhammad Qadeer ul; Nawaz, Raheel (January 2019). "A Hybrid Tool for Visual Pollution Assessment in Urban Environments". Sustainability. 11 (8): 2211. doi:10.3390/su11082211.{{cite journal}}: CS1 maint: unflagged free DOI (link)
 11. Chmielewski, Szymon; Lee, Danbi J.; Tompalski, Piotr; Chmielewski, Tadeusz J.; Wężyk, Piotr (4 November 2015). "Measuring visual pollution by outdoor advertisements in an urban street using intervisibility analysis and public surveys". International Journal of Geographical Information Science. 30 (4): 801–818. doi:10.1080/13658816.2015.1104316.
 12. Chmielewski, Szymon (November 2020). "Chaos in motion: Measuring Visual Pollution with Tangential View Landscape Metrics". Land. 9(12), 515 (12): 515. doi:10.3390/land9120515.{{cite journal}}: CS1 maint: unflagged free DOI (link)
 13. 13.0 13.1 13.2 Nagle, John (1 January 2012). "Cell Phone Towers as Visual Pollution". Notre Dame Journal of Law, Ethics & Public Policy. 23 (2): 537. SSRN 1463592.
 14. Wibble, Tobias; Södergård, Ulrika; Träisk, Frank; Pansell, Tony (3 January 2020). "Intensified visual clutter induces increased sympathetic signalling, poorer postural control, and faster torsional eye movements during visual rotation". PLOS ONE. 15 (1): e0227370. doi:10.1371/journal.pone.0227370. PMC 6941927. PMID 31900468.{{cite journal}}: CS1 maint: unflagged free DOI (link)
 15. 15.0 15.1 15.2 Morozan, Cristian; Enache, Elena; Purice, Suzan (December 2012). "Visual Pollution: A New Axiological Dimension Of Marketing?" (PDF). Annals of the University of Oradea: 820–826.
 16. 16.0 16.1 16.2 Gokhale, Vasudha. "Examining Impact of Visual Pollution on City Environment: Case Study of Pune, India".
 17. Ramdhass, Perumal (13 ഏപ്രിൽ 2021). "Visual Pollution". Karnavati University. Archived from the original on 2024-01-09. Retrieved 2024-01-09.
 18. Jolly, Tellmy (2023-10-31). "Prevent "Visual Pollution", Citizens Have Right To Pleasing Environment: Kerala High Court Orders Penalty On Unauthorized Banners" (in ഇംഗ്ലീഷ്). Retrieved 2024-01-09.
 19. www.ETLegalWorld.com. "'Visual pollution': Kerala HC orders removal of billboards - ET LegalWorld" (in ഇംഗ്ലീഷ്). Retrieved 2024-01-09.
 20. 20.0 20.1 Maguire, Meg; Foote, Ray; Vespe, Frank (30 September 1997). "Beauty as well as Bread". Journal of the American Planning Association. 63 (3): 317–328. doi:10.1080/01944369708975925. ProQuest 229617956.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷ്വൽ_പൊല്യൂഷൻ&oldid=4095217" എന്ന താളിൽനിന്ന് ശേഖരിച്ചത്