Jump to content

അന്തരീക്ഷമലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Air pollution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ വായൂ മലിനീകരണം
ചിലിയിലെ സാന്റിയാഗോയിൽ കണ്ട പുക നിറഞ്ഞ മഞ്ഞ്
മാലിന്യങ്ങൾ കത്തിക്കുന്നതു വഴി കൂടുതൽ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു
സൾഫർ ഡൈഓക്സൈഡ് പുറന്തള്ളുന്നു

അന്തരീക്ഷത്തിൽ‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റ് നൈസർഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം സംഭവിയ്ക്കുന്നു. ഭൗമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.

ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് 2008 ലെ ബ്ലാക്ക്‌സ്മിത് ഇൻസ്റ്റിറ്റ്യൂട്ട് എന്ന എൻ ജി ഒ യുടെ ലോക മലിന ഇടങ്ങളുടെ പ്രസിദ്ധീകരണത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളായി ചൂണ്ടി കാണിയ്ക്കുന്നത് .2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു , അന്താരാഷ്ട ഊർജ ഏജൻസിയും ഇതിനെ ശരിവയ്ക്കുന്നു.

അന്തരീക്ഷ മലിനീകാരികൾ[തിരുത്തുക]

മനുഷ്യനോ ആവാസ വ്യവസ്ഥയ്ക്ക് തന്നെയോ ഹാനികരമായി ബാധിയ്ക്കുന്ന വായുവിലെ പദാർഥങ്ങളാണ് അന്തരീക്ഷ മലിനീകാരികൾ . ഇവ പലപ്പോഴും നൈസർഗികമോ മനുഷ്യ നിർമിതമോ ആയ ഖര പദാർത്ഥങ്ങളോ , ദ്രാവക തുള്ളികളോ , വാതകങ്ങളോ ആണ്.മലിനീകാരികളെ പ്രധാനമായും പ്രാഥമിക മലിനീകാരികൾ ( പ്രൈമറി പൊല്യൂട്ടൻസ് ) എന്നും ദ്വിതീയ മലിനീകാരികൾ ( സെക്കന്ററി പൊല്യൂട്ടൻസ് ) എന്നും രണ്ടായി തരം തിരിച്ചിരിയ്ക്കുന്നു .

അഗ്നി പർവ്വത സ്‌ഫോടനങ്ങളിൽ നിന്നുള്ള ചാരങ്ങളായും വാഹനങ്ങളിൽ നിന്നും കാർബൺ മോണോക്‌സൈഡ് വാതകമായും ഫാക്ടറികളിൽ നിന്നും സൾഫർ ഡയോക്‌സൈഡ് സംയുക്തമായും പ്രാഥമിക മലിനീകാരികൾ അന്തരീക്ഷത്തിൽ lഎത്തിച്ചേരുന്നു .ദ്വിതീയ മലിനീകാരികൾ സാധാരണയായി അന്തരീക്ഷത്തിൽ നേരിട്ട് ലയിക്കുന്നില്ല . ഇവ പ്രാഥമിക മലിനീകാരികളുടെ പരസ്പര സമ്പർക്കം മൂലം രൂപം കൊള്ളുന്നവയാണ് .ഭൗമോപരിതലത്തിന് സമീപം കാണപ്പെടുന്ന ഓസോൺ സംയുക്തം ഇതിന് ഒരു ഉദാഹരണമാണ്. എന്നാൽ ചില പദാർത്ഥങ്ങൾ പ്രാഥമിക ദ്വിതീയ മലിനീകാരികളായി ഒരേ സമയം വർത്തിയ്ക്കാറുണ്ട് .ഇവ നേരിട്ട് വായുവിൽ കലരുന്നവയോ മറ്റു പ്രാഥമിക മലിനീകാരികളുമായുള്ള സമ്പർക്കത്താൽ രൂപം കൊള്ളുന്നവയോ ആണ്. .

പല രീതിയിലാണ്‌ മാലിന്യങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകൾ‍, സജീവ അഗ്നിപർവതങ്ങൾ പുറന്തള്ളുന്ന ധൂളികണങ്ങൾ വിഷവാതകങ്ങൾ തുടങ്ങിയവ നൈസർഗിക മാലിന്യങ്ങളാണ്. ഗാർഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിർമിത മാലിന്യങ്ങളാണ്.

അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങൾ (കാർബൺ മോണോക്സൈഡ്), കണികകൾ (പുക, കീടനാശിനികൾ), അജൈവ വസ്തുക്കൾ (ഹൈഡ്രജൻ ഫ്ളൂറൈഡ്), ജൈവപദാർഥങ്ങൾ (മെർകാപ്റ്റനുകളൾ‍), ഓക്സീകാരികൾ (ഓസോൺ‍), നിരോക്സീകാരികൾ (സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ), റേഡിയോ ആക്ടിവതയുള്ള പദാർഥങ്ങൾ (I131) നിഷ്ക്രിയ പദാർഥങ്ങൾ (പരാഗരേണുക്കൾ, ചാരം), താപീയ മാലിന്യങ്ങൾ (ആണവ നിലയങ്ങൾ ബഹിർഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ നാലു വാതകങ്ങളാണ് വായുമലിനീകരണത്തിന് ഹേതുവാകുന്ന പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90 ശതമാനത്തിന്റെയും ഉത്തരവാദികളായ ഇവയെ പ്രാഥമികമലിനീകാരികൾ (Primary Pollutants) [1]എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ സംയോജിച്ചു ദ്വിതീയ മലിനീകാരികൾ (Secondary pollutants)[2] ഉണ്ടാകുന്നു.

  1. സൾഫർ ഡൈഓക്സൈഡ്
  2. നൈട്രജൻ ഓക്സൈഡുകൾ
  3. കാർബൺ ഓക്സൈഡുകൾ
  4. ഹൈഡ്രോകാർബണുകൾ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങൾ

ആധുനിക യാന്ത്രികയുഗത്തിൽ രാസവസ്തുക്കളുടെ വിവിധങ്ങളായ ഉപയോഗങ്ങൾ മൂലം ധാരാളം മാലിന്യങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനവധിയാണ്. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങൾ അമ്ളമഴയും (acid rain) ഓസോൺ പാളിശോഷണവും ആഗോളതാപനവും ആണ്.

മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ സാധിക്കുകയില്ല. ഇന്ത്യയിലെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ മൂലവുമാണ്. ഇന്ത്യയിൽ ഓരോ വർഷവും വായു മലിനീകരണം മൂലം നാല്പ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്[അവലംബം ആവശ്യമാണ്].

മനുഷ്യരുടെ ഇടപെടലുകൾ മൂലം അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന പദാർത്ഥങ്ങൾ ,

  • കാർബൺ ഡൈ ഓക്‌സൈഡ് (CO2) : ഒരു ഹരിതഗൃഹ വാതകമായതിനാൽ മുഖ്യ മലിനീകാരിയായും ഇത് ഒരു ഗുരുതരമായ കാലാവസ്ഥാ മലിനീകരണമായും കണക്കാക്കപ്പെടുന്നു . അന്തരീക്ഷത്തിലെ ഒരു സ്വാഭാവിക ഘടകമായ കാർബൺ ഡൈ ഓക്‌സൈഡ് സസ്യങ്ങളുടെ നിലനിൽപിന് ആവശ്യമായവയും മനുഷ്യരുടെ ശ്വസന പ്രക്രിയയിലൂടെ അന്തരീക്ഷത്തിലേക്ക് പുറം തള്ള പ്പെടുന്നവയും ആണ് . ഭൗമാന്തരീക്ഷത്തിൽ പൂർവ വ്യാവസായിക കാലഘട്ടത്തിലെ CO2 സാന്നിധ്യം 280 ppm ആയിരുന്നുവെങ്കിൽ ഇന്ന് ഇത് 405 ppm ആണ് .ജൈവ ഇന്ധന (ഫോസിൽ ഫ്യുവൽ ) ജ്വലനം മൂലം ബില്യൺ മെട്രിക് ടൺ CO2 പ്രതിവർഷം പുറം തള്ളപ്പെടുന്നു. ത്വരിത ഗതിയിലാണ് ഭൗമാന്തരീക്ഷത്തിൽ CO2 ൻറെ അളവ് വർദ്ധിയ്ക്കപ്പെടുന്നത്.
  • സൾഫർ ഓക്‌സൈഡുകൾ (SOx) : മുഖ്യമായും SO2 എന്ന രാസ നാമത്തിൽ അറിയപ്പെടുന്ന സൾഫർ ഡൈ ഓക്‌സൈഡ് . അഗ്നി പർവ്വത സ്ഫോടനത്താലും വിവിധങ്ങളായ വ്യവസായ ശാലകളിലെ രാസ പ്രവർത്തനങ്ങൾ വഴിയും SO2 ഉത്പാദിപ്പിക്കപ്പെടുന്നു. മിക്കപ്പോഴും കൽക്കരിയിലും പെട്രോളിയത്തിലും സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിയ്ക്കുന്നതിനാൽ ഇവയുടെ ജ്വലനം SO2 ന്റെ ബഹിർഗമനത്തിന് കാരണമാവുന്നു . NO2 പോലെയുള്ള ഉത്പ്രേരകങ്ങളുടെ സാന്നിധ്യത്താൽ SO2 വീണ്ടും ഓക്സീകരിയ്ക്കപ്പെട്ട് സൾഫ്യൂരിക് ആസിഡ് (H2SO4 ) രൂപം കൊള്ളുകയും അമ്ല മഴയ്ക്ക് (acid rain ) കാരണമാവുകയും ചെയ്യുന്നു .അന്തരീക്ഷത്തിൽ ഇത്തരം ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം ഉണ്ടാക്കുന്ന അനന്തര ഫലങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഇത് ഒരു കാരണമാണ്.
  • നൈട്രജൻ ഓക്‌സൈഡുകൾ (NOx ) : മുഖ്യമായും നൈട്രജൻ ഡയോക്‌സൈഡ് (NO2 ). ഉന്നതോഷ്മാവിലെ ജ്വലനം വഴിയോ ഇടിമിന്നൽ മൂലമുള്ള വൈദ്യുത മോചനം ( electric discharge ) വഴിയോ ഇവ അന്തരീക്ഷത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്നു . ഉയരങ്ങളിൽ തവിട്ടു നിറത്തിലുള്ള പുകമഞ് കൂടാരം പോലെയോ നഗരങ്ങളിലെ കനത്ത പുകയായോ ഇവ കാണപ്പെടുന്നു . ചുവന്ന തവിട്ടുനിറത്തിലുള്ളതും മുഖ്യമായ ഒരു അന്തരീക്ഷ മലിനീകാരിയുമായ NO2 നു സവിശേഷമായ തുളച്ചു കയറുന്ന രൂക്ഷ ഗന്ധമാണ് ഉള്ളത് .

അമ്ളമഴ[തിരുത്തുക]

പെട്രോളിയം ഇന്ധനങ്ങൾ കത്തുമ്പോൾ ഉത്പാദിക്കപ്പെടുന്ന നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകൾ (NO2, SO2) അന്തരീക്ഷത്തിലെത്തി ഓക്സിജനും നീരാവിയുമായി ചേർന്ന് നൈട്രിക്, സൾഫ്യൂറിക് അമ്ളങ്ങൾ ഉണ്ടാകുകയും അമ്ളമഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ മഴ താഴെ പതിക്കുമ്പോൾ മണ്ണിൽ ചെറിയ തോതിലടങ്ങിയിട്ടുള്ള വിഷലോഹങ്ങൾ ലയിച്ച് ജലാശയങ്ങളിൽ ഒഴുകിയെത്തുന്നു. ഇത് മനുഷ്യനും ജീവജാലങ്ങൾക്കും ഹാനികരമാകുന്നു. ഇപ്രകാരം ജലാശയങ്ങളിൽ ലയിച്ചു ചേരുന്ന അലൂമിനിയം മത്സ്യങ്ങളുടെ ശ്വസനാവയവത്തിൽ ശ്ളേഷമോത്പാദനത്തെ ത്വരിപ്പിച്ച് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. അമ്ളമഴ ജലാശയങ്ങളുടെ അമ്ളത വർധിപ്പിച്ച് ജലജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. അമ്ളമഴ നേരിട്ടും മണ്ണിന്റെ രാസഘടനയിൽ മാറ്റം വരുത്തിയും ഭക്ഷ്യചങ്ങലയിൽ വ്യതിയാനം വരുത്തിയും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനു ഭീഷണി ഉയർത്തുന്നു.

ഓസോൺപാളിയിലെ വിള്ളലുകൾ[തിരുത്തുക]

സൂര്യനിൽ നിന്ന് ഉത്സർജിക്കപ്പെടുന്ന അപകടകാരികളായ അൾട്രാവയലറ്റ് രശ്മികൾ വർധിച്ച തോതിൽ ദൗമോപരിതലത്തിൽ പതിച്ചാൽ അത് ജന്തുക്കൾക്കും ഹാനികരമാകുകയും ആഗോള ആവാസവ്യവസ്ഥയെത്തന്നെ താറുമാറാക്കുകയും ചെയ്യും. ഈ വികിരണങ്ങളെ തടഞ്ഞുനിർത്തുന്ന ഭൂമിയുടെ സ്വാഭാവിക ആവരണമാണ് ഓസോൺപാളി. സ്ട്രാറ്റോസ്ഫിയറിൽ സ്ഥിതിചെയ്യുന്ന ഒരു നേരിയ വാതക(ഓസോൺ) പാളിയാണിത്. 1970-കളിൽ അന്റാർട്ടിക്കയിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായും മറ്റും ഈ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഫോം നിർമ്മാണം, ഇലക്ട്രോണിക വ്യവസായം എന്നീ മേഖലകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന ക്ളോറോ ഫ്ളൂറോ കാർബണുകൾ (CFCs) ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നതാണിതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഓസോൺ പാളി ശോഷണം നിമിത്തം ഉയർന്ന തോതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ എത്തുന്നത് ത്വക്ക് അർബുദം, തിമിരം, രോഗപ്രതിരോധശക്തി ശോഷണം, സസ്യങ്ങളുടെ ഉത്പാദനക്ഷമതയിൽ ശോഷണം, സൂക്ഷ്മസസ്യങ്ങളുടെ നാശം എന്നിവയുണ്ടാകുന്നു. ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ലോകരാഷ്ട്രങ്ങൾ ഓസോൺ ശോഷക വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനായി വിയന്നാ കൺവെൻഷൻ (1985), മോൺട്രിയൽ പ്രോട്ടോക്കോൾ (1987), ലണ്ടൻ (1990), കോപ്പൻ ഹാഗൻ (1992) ഉടമ്പടികൾ തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ട്.

ആഗോള താപനം[തിരുത്തുക]

ഹരിതഗൃഹവാതകങ്ങൾ എന്നറിയപ്പെടുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ളോറോഫ്ളൂറോ കാർബണുകൾ, നീരാവി തുടങ്ങിയ വാതകങ്ങൾ ഭൂമിയുടെ ശരാശരി താപനില വർധിക്കുവാൻ കാരണമായി തീർന്നിട്ടുണ്ട്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതിൽ ഭൂമിയിൽ നിന്നു തിരികെ ബഹിരാകാശത്തേക്ക് വികിരണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മേല്പ്പറഞ്ഞ വാതകങ്ങൾ പ്രകാശം, താപരശ്മികളെ ആഗിരണം ചെയ്ത് ഭൂതലത്തിലേക്കു തന്നെ വികിരണം ചെയ്യുന്നതാണ് താപനില ഉയരുവാൻ കാരണം. ഹരിതഗൃഹപ്രഭാവം (Green House Effect) എന്നാണിതറിയപ്പെടുന്നത്. 19-ാം ശത്തിന്റെ അന്ത്യം മുതൽ 20-ാം ശ.-ത്തിന്റെ അന്ത്യംവരെയുള്ള കണക്കനുസരിച്ച് ആഗോള തലത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവിൽ 25 ശ.മാ. വരെ വർധനവുണ്ടായിട്ടുള്ളതായും പ്രതിവർഷം 0.5 ശ.മാ. എന്ന കണക്കിൽ വർധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കണക്കാക്കപ്പെടുന്നു. ഹരിതഗൃഹവാതകങ്ങളുടെ ഈ നിലയിലുള്ള വർധന തുടർന്നാൽ 2040-ഓടെ ആഗോളതാപനിലയിൽ 20 മുതൽ 50 വരെ വർധനയുണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. ധ്രുവഹിമപാളികളും ഹിമാനികളും ഉരുകി സമുദ്രജലനിരപ്പിൽ ഗണ്യമായ ഉയർച്ച ഉണ്ടാകും. പല ദ്വീപുകളും സമുദ്രതീരപ്രദേശങ്ങളും ഇതോടെ കടലിനടിയിലാകും. ആഗോളതാപനം കൊണ്ടുണ്ടാകുന്ന ആപൽക്കരമായ സ്ഥിതിവിശേഷത്തിനു തടയിടുവാനായി ഹരിതഗൃഹവാതകങ്ങളുടെ നിർഗമനത്തിൽ വരുത്തേണ്ട വെട്ടിച്ചുരുക്കൽ സംബന്ധിച്ച് 160 ലോകരാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി (1997).


അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇന്നു ലോകത്തിന്റെ പലഭാഗത്തും നടന്നുവരുന്നു. ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (WMO) 1989 മുതൽ ആഗോള പരിസ്ഥിതി നിരീക്ഷണ പദ്ധതി (Global Environment Monitoring System) ആവിഷ്ക്കരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണ തോത് (Background Air pollution Monitoring Network) ഓസോണിന്റെ അളവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.


നാഷനൽ എയർ ക്വാളിറ്റി മോണിറ്ററിങ് നെറ്റ്വർക്ക് (National Air Quality Monitoring Network)ഉം നാഷനൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂ(NEERI)ട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണസമിതികളും ചേർന്നാണ് ഭാരതത്തിൽ അന്തരീക്ഷ മലിനീകരണ നിരീക്ഷണ പഠനങ്ങൾ നടത്തിവരുന്നത്.

അവലംബം[തിരുത്തുക]

  1. "primary pollutants".
  2. "secondary pollutants".
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷമലിനീകരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരീക്ഷമലിനീകരണം&oldid=4082482" എന്ന താളിൽനിന്ന് ശേഖരിച്ചത്