വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുതുക്കുക

തിരുത്തുക

<< സെപ്റ്റംബർ 2020 >>

സെപ്റ്റംബർ 1 - 3

ക്രാന്തിവൃത്തം

ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവുമൂലം ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ് വസന്തവിഷുവവും ശരത്‌വിഷുവവും.

സ്രഷ്ടാവ്: എൻ സാനു


സെപ്റ്റംബർ 4 - 7

കാനായി കുഞ്ഞിരാമൻ

കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു, ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. യക്ഷി, ശംഖ്, ജലകന്യക, അമ്മയും കുഞ്ഞും, മുക്കട പെരുമാൾ, നന്ദി, തമിഴത്തി പെണ്ണ്, വീണപൂവ്, ദുരവസ്ഥ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളാണ്. ശ്രീനാരായണഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത്‌ പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ തീർക്കുകയും കേരള സർക്കാരിന്റെ അവാർഡുകളുടെ രൂപകല്പന ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ


സെപ്റ്റംബർ 8 - 12

കാനായി കുഞ്ഞിരാമൻ

ഭാരതീയനൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതൽതന്നെ പല്ലവ-ചോള രാജാക്കന്മാർ നൃത്ത-സംഗീത-ശില്പങ്ങളെ വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന്‌ രൂപം കൊടുത്തത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


സെപ്റ്റംബർ 13 - 19

ഹംപി

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഹംപിയിൽ പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങളുണ്ട്. ഹംപിയിലെ അച്യുത് റായ ക്ഷേത്രത്തിന്റെ കവാടമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ജദൻ ജലീൽ


സെപ്റ്റംബർ 20 - 22

മർക്കടശലഭം

ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം. നീലശലഭങ്ങളുടെ കുടുംബത്തിൽ പെടുന്ന ഇവയുടെ ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ഈ ശലഭത്തിന്റെ ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ചിറകിനടിവശം വെളുത്ത ചാരനിറമാണ്, ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളുമുണ്ടാവും.

ഛായാഗ്രഹണം: Vengolis


സെപ്റ്റംബർ 23 - 25

പിൻഹോൾ ഒക്ലൂഡർ

ഒന്നോ അതിലധികമോ ചെറിയ ദ്വാരങ്ങളുള്ള ഒരു അതാര്യമായ ഡിസ്കാണ് പിൻഹോൾ ഒക്ലൂഡർ. നേത്രരോഗവിദഗ്ദ്ധർ, ഓർത്തോപ്റ്റിസ്റ്റുകൾ, ഒപ്റ്റോമെട്രിസ്റ്റുകൾ എന്നിവർ കാഴ്ചശക്തി പരിശോധിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. പിൻഹോൾ ക്യാമറയിലെന്നപോലെ പ്രകാശം ഫോക്കസ് ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ഒക്ലൂഡർ. ഹ്രസ്വദൃഷ്ടി പോലുള്ള റിഫ്രാക്റ്റീവ് പിശകുകൾ മൂലമുണ്ടാകുന്ന കാഴ്ചയിലെ മങ്ങൽ ഒക്ലൂഡർ ഉപയോഗത്തിലൂടെ താൽക്കാലികമായി ഒഴിവാക്കപ്പെടുന്നു.

ഛായാഗ്രഹണം: അജീഷ് കുമാർ


സെപ്റ്റംബർ 26 - 28

തിഥി

ഭാരതീയരീതികളിലെ പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങളിൽ ഒരു ഭാഗമാണ് തിഥി. ചന്ദ്രനും സൂര്യനും കോണീയ അകലം പന്ത്രണ്ടു ഡിഗ്രി വ്യത്യാസം വരാൻ വേണ്ടി വരുന്ന സമയമാണ് ഒരു തിഥി. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വെക്കുമ്പോൾ സൂര്യപ്രകാശം ചന്ദ്രമണ്ഡലത്തിൽ തട്ടി പ്രതിഫലിക്കുന്നത്തിന്റെ അളവിൽ വ്യത്യാസം വരുന്നു, ഈ വൃദ്ധി‌‌ക്ഷയമനുസരിച്ചാണ് തിഥി കണക്കാക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിനനുസരിച്ചു തിഥിയുടെ കാലയളവ്‌ വ്യത്യസ്തമാണ്, സാധാരണ ഗതിയിൽ ഇത്‌ പത്തൊൻപതു മുതൽ ഇരുപത്തിയാറു മണിക്കൂർ വരെയാണ്.

സ്രഷ്ടാവ്: എൻ. സാനു