Jump to content

യൗസേപ്പ് സുലാഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ആദ്യ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത ആയിരുന്നു മാർ യൗസേപ്പ് സൂലാഖ. അസ്സീറിയയിൽ നിന്ന് മലബാറിലേക്ക് വന്നിരുന്ന പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തമാരുടെ പട്ടികയിൽ ഇദ്ദേഹവും ഉൾപ്പെടുന്നു. മലബാറിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ച പോർട്ടുഗീസുകാർ മതപരമായ ആധിപത്യം നേടാൻ ശ്രമിക്കുന്നതിന് ഇദ്ദേഹത്തിന്റെ ഭരണകാലം സാക്ഷിയായി.

മാർ
 യൗസേപ്പ് സുലാഖ 
മെത്രാപ്പോലീത്ത
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും
വടക്കൻ പറവൂർ മാർ തോമാ ചെറിയപള്ളിയിലെ സ്ഥാപന ശിലാലിഖിതം. ഇതിൽ മാർ യൗസേപ്പ് ആണ് പള്ളി സ്ഥാപിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
സഭകൽദായ കത്തോലിക്കാ സഭ
നിയമനം1555ൽ അബ്ദീശോ നാലാമൻ
സ്ഥാനാരോഹണം1558
ഭരണം അവസാനിച്ചത്1569
മുൻഗാമിമാർ യാക്കോബ് ആബൂന (കിഴക്കിന്റെ സഭയിൽ)
പിൻഗാമിമാർ അബ്രാഹം
എതിർപ്പ്മാർ അബ്രാഹം (1562 വരെ)
വൈദിക പട്ടത്വംശിമയോൻ ഏഴാമൻ യാഹ്ബാലാഹാ
മെത്രാഭിഷേകം1554ൽ ശിമയോൻ എട്ടാമൻ യോഹന്നാൻ സുലാഖ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
മരണം1569
റോം
വിദ്യാകേന്ദ്രംഈജിപ്തുകാരൻ മാർ അഹ്ഹായുടെ ആശ്രമം, ഗസ്സാർത്ത
മുൻപദവി
സീർട്ടിന്റെ മെത്രാപ്പോലീത്ത
നിയമനംശിമയോൻ എട്ടാമൻ യോഹന്നാൻ സുലാഖ
സ്ഥാനാരോഹണം1554
ഭരണം അവസാനിച്ചത്1555
പിൻഗാമിമാർ ദെനഹാ

കൽദായ കത്തോലിക്കാ സഭയിലെ ആദ്യകാല മെത്രാപ്പോലീത്താമാരിൽ ഒരാളായിരുന്നു മാർ യൗസേപ്പ്. സഭയുടെ സ്ഥാപക പാത്രിയർക്കീസായ യോഹന്നാൻ സുലാഖായുടെ സഹോദരൻ കൂടിയായിരുന്നു ഇദ്ദേഹം.

ആദ്യകാല ജീവിതം

[തിരുത്തുക]

ബേഥ് ബെല്ലോ കുടുംബാംഗമായിരുന്ന ഇദ്ദേഹം ഇതിനുമുമ്പ് കിഴക്കിന്റെ സഭയുടെ കീഴിലുണ്ടായിരുന്ന ഈജിപ്തുകാരൻ മാർ അഹ്ഹായുടെ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു. അവിടെ വിവിധ പുസ്തകങ്ങൾ പകർത്തി എഴുതുന്നതിലും മറ്റും ശ്രദ്ധ ചെലുത്തി. കാതോലിക്കോസ് ശിമയോൻ ഏഴാമന്റെ കാലത്ത് കിഴക്കിന്റെ സഭയിലെ കുടുംബാധിപത്യ ഭരണസംവിധാനത്തെ എതിർത്ത സന്യാസിമാരോടൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. റോമൻ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ സഹോദരനും റമ്പാൻ ഹോർമിസ്ദ് ആശ്രമത്തിലെ സന്യാസിയുമായ റമ്പാൻ യോഹന്നാൻ സുലാഖയുടെ നേതൃത്വത്തിൽ രൂപപ്പെട്ട കൽദായ കത്തോലിക്കാ സഭയിൽ ഇദ്ദേഹവും ഭാഗമായി. 1552ൽ റോമിൽ എത്തിയ യോഹന്നാൻ സുലാഖ ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയിൽ നിന്ന് മെത്രാൻ പട്ടം സ്വീകരിക്കുകയും ശിമയോൻ എട്ടാമൻ എന്ന പേര് സ്വീകരിച്ച് പാത്രിയർക്കീസായി അവരോധിതനാവുകയും ചെയ്തു. 1554ൽ മാർ യൗസേപ്പിനെ യോഹന്നാൻ സുലാഖാ സീർട്ടിന്റെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. എന്നാൽ 1555ൽ യോഹന്നാൻ സുലാഖാ പാത്രിയർക്കീസ് കൊല്ലപ്പെട്ടു. തുടർന്ന് പാത്രിയർക്കീസ് ആയ മാർ അബ്ദീശോ നാലാമൻ 1555ൽ തന്നെ യൗസേപ്പിനെ ഇന്ത്യയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.[1]

ഇന്ത്യയിലേക്ക്

[തിരുത്തുക]

മാർ യാക്കോബ് ആവൂനയുടെ മരണത്തേടുർന്ന് ഇന്ത്യാ മെത്രാസാനത്തിലുണ്ടായ ഒഴിവ് പരിഹരിക്കാൻ പാത്രിയർക്കീസ് അബ്ദീശോ നാലാമൻ മാറോൻ ഇന്ത്യയുടെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത ആയി മാർ യൗസേപ്പിനെ നിയമിച്ച് അയച്ചു. മാർ ഏലിയാ എന്ന മറ്റൊരു മെത്രാപ്പോലീത്തയോടും മാൾട്ടക്കാരായ പേപ്പൽ നൂൺഷ്യോ ബിഷപ്പ് അംബ്രോസ് ബുട്ടിജീജ്, ഫാദർ അന്തോണിയോസ് സ്സഹാറ എന്നീ രണ്ട് ലത്തീൻ കത്തോലിക്കാ ഡൊമിനിക്കൻ സന്യാസികളോടും ഒപ്പമാണ് ഇദ്ദേഹത്തെ പാത്രിയർക്കീസ് ഇന്ത്യയിലേക്ക് അയച്ചത്. ഈ രണ്ട് മിഷനറിമാർ അസ്സീറിയയിൽ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ കത്തോലിക്കാ സഭയിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി റോമിൽ നിന്ന് അയയ്ക്കപ്പെട്ടവരായിരുന്നു.[2]

പോർട്ടുഗീസുകാരുടെ തടവിൽ

[തിരുത്തുക]

എന്നാൽ ഇന്ത്യയിലെത്തിയ യൗസേപ്പിനെയും സഹചാരികളെയും പോർട്ടുഗീസ് മിഷനറിമാർ തടഞ്ഞു.[2] ഇതിനോടകം ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മേലധികാരം മാർപ്പാപ്പയിൽ നിന്ന് പദ്രുവാദോ ഉടമ്പടി പ്രകാരം സിദ്ധിച്ച പോർട്ടുഗീസ് അധികൃതർ മലബാറിൽ സുറിയാനി മെത്രാന്മാരുടെ സാന്നിധ്യം എതിർക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യ അടക്കമുള്ള കിഴക്കൻ പ്രദേശങ്ങളിലെ പോർച്ചുഗീസ് പ്രവർത്തന മേഖലകൾ പദ്രുവാദോ ഉടമ്പടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മുഴുവൻ ക്രിസ്ത്യാനികളും പോർട്ടുഗീസ് രാജാവ് നിയമിക്കുന്ന ഗോവാ മെത്രാപ്പോലീത്തയുടെ അധികാരത്തിൻ കീഴിൽ ആണ് എന്നാണ് മിഷനറിമാർ അവകാശപ്പെട്ടിരുന്നത്. സുറിയാനി മെത്രാന്മാർ തങ്ങളുടെ നിയമപരമായ അധികാരമേഖലയിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നവരാണ് എന്ന് അവർ ആരോപിച്ചു. അസ്സീറിയയിൽ നിന്ന് പുതിയ രണ്ട് മെത്രാന്മാർ വന്നിട്ടുണ്ട് എന്ന് അറിഞ്ഞ അവർ യൗസേപ്പിനെയും മറ്റ് മൂന്നുപേരെയും ഗോവയിൽവച്ച് പിടികൂടി. അതിനുശേഷം യൗസേപ്പിനെയും ഏലിയായെയും മൊസാംബിക്കിലേക്കും പിന്നീട് അവിടെ നിന്ന് ബോംബേയിലെ ബാസ്സെയിനിലേക്കും കൊണ്ടുപോയി അവിടെ തടവിലാക്കി. കൂടെയുള്ള രണ്ട് ഡൊമിനിക്കൻ ലത്തീൻ സന്യാസികളെ അതേസമയം ഗോവയിൽ തന്നെ തടങ്കലിൽ പാർപ്പിച്ചു.

മാർ അബ്രാഹം

[തിരുത്തുക]

എന്നാൽ അക്കാലത്ത് മാർ അബ്രാഹം എന്ന സ്വതന്ത്ര പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത ഇതിനോടകം മലബാറിൽ എത്തി പ്രവർത്തനം തുടങ്ങുകയും നസ്രാണികളുടെ ഇടയിൽ സ്വാധീനമുറപ്പിക്കുകയും ചെയ്തിരുന്നു. അബ്രഹാമിനെ പിടികൂടാൻ അങ്കമാലിയിൽ എത്തിയ പോർട്ടുഗീസ് മിഷനറിമാർക്ക് നസ്രാണികളുടെ ചാവേർപ്പടയുടെ ചറുത്തുനിൽപ്പ് നേരിടേണ്ടി വന്നു. നസ്രാണികളെ എതിരിട്ട് അബ്രാഹാമിനെ ഉൾനാടൻ പ്രദേശത്ത് നിന്ന് പിടികൂടാൻ എളുപ്പമല്ല എന്ന് മനസ്സിലാക്കിയ പോർട്ടുഗീസുകാർ മാർ യൗസേപ്പിനെ മലബാറിലേക്ക് അയക്കാൻ തീരുമാനിച്ചു. അങ്ങനെ പതിനെട്ട് മാസം നീണ്ട തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട് മാർ യൗസേപ്പും മാർ ഏലിയായും ബിഷപ്പ് ബുട്ടിജീജും ഫാദർ സ്സഹാറയും 1558ൽ മലബാറിൽ എത്തിച്ചേർന്നു. ബിഷപ്പ് ബുട്ടിജീജ് മലബാറിൽ വന്ന് താമസിയാതെ കൊച്ചിയിൽ വെച്ച് മരണപ്പെട്ടു. മലബാറിലെ സുറിയാനി പള്ളികളിലെ സന്ദർശനത്തിന് ശേഷം മാർ ഏലിയാ അസ്സീറിയയിലേക്ക് തിരിച്ചു പോവുകയും പാത്രിയർക്കീസിനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പാത്രിയർക്കീസിനുള്ള നസ്രാണികളുടെ കാഴ്ചകളും അദ്ദേഹം കൂടെ കൊണ്ടുപോയി. പിന്നീട് മലബാറിലെ കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ ബോധിപ്പിക്കാൻ അവിടെനിന്ന് റോമിലേക്ക് പോയി അവിടെ മാർപ്പാപ്പയ്ക്ക് വിവരണം സമർപ്പിച്ചു.

യൗസേപ്പിന്റെ മലബാറിലെ സാന്നിധ്യവും പ്രവർത്തനങ്ങളും അബ്രാഹാമിന്റെ സ്വാധീനം ക്ഷയിപ്പിച്ചു. അന്തോണിയോസ് സ്സഹാറയുടെ സഹകരണവും യൗസേപ്പിന് ഉണ്ടായിരുന്നു. പോർച്ചുഗീസുകാർ തന്നെ എപ്പോൾ വേണമെങ്കിലും പിടികൂടുമെന്ന് മനസ്സിലാക്കിയ അബ്രാഹം മിഷനറിമാരുടെ മുമ്പിൽ ഹാജരായി. കൊച്ചിയിൽ വെച്ച് അദ്ദേഹം കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. മിഷനറിമാർ അദ്ദേഹത്തെ ഗോവയിലേക്ക് കൊണ്ടുപോയി അവിടെ തടവിലാക്കി, പിന്നീട് മോചിപ്പിച്ചു. അതിനുശേഷം അബ്രാഹം പാത്രിയർക്കീസിനെ സന്ദർശിക്കാൻ അസ്സീറിയയിലേക്ക് മടങ്ങി.

രണ്ടാമതും പോർച്ചുഗീസ് തടവിൽ, മലബാറിലെ പ്രവർത്തനം

[തിരുത്തുക]

അബ്രാഹം മടങ്ങിപ്പോയതോടെ പോർട്ടുഗീസ് മിഷനറിമാർ യൗസേപ്പിനെ പിടികൂടാൻ ഉറച്ചു. നെസ്തോറിയൻ പാഷണ്ഡത ആരോപിച്ച് ഇദ്ദേഹത്തെ ഗോവയിലെ മതവിചാരണക്കോടതിയിൽ ഹാജരാക്കി. അവിടെ നിന്നും ലിസ്ബണിലേക്ക് അയയ്ക്കപ്പെട്ട ഇദ്ദേഹം മാർപ്പാപ്പയെ കണ്ട് പരാതി ബോധിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഇതിനുമുമ്പേ ഈ വിഷയത്തെപ്പറ്റി വിവരം ലഭിച്ച പോൾ നാലാമൻ മാർപ്പാപ്പ മാർ യൗസേപ്പിന് ഒരു കത്ത് എഴുതി അയയ്ക്കുകയും അദ്ദേഹത്തിൻറെ വിശ്വാസത്തെയും സഭാബന്ധത്തെയും സ്ഥിരീകരിക്കുകയും മലബാറിലേക്ക് തിരികെ പോയി സഭാഭരണം ഏറ്റെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് 1564ഓടെ മാർ യൗസേപ്പ് മലബാറിൽ മടങ്ങിയെത്തി. മലബാറിൽ സഭാഭരണം ഏറ്റെടുത്ത മാർ യൗസേപ്പ് പറവൂർ മാർത്തോമാ പള്ളി ഉൾപ്പെടെ പല പള്ളികളും സ്ഥാപിക്കുകയും ആരാധനാകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു.

ലത്തീൻവത്കരണം

[തിരുത്തുക]

ചില മിഷനറിമാരുമായി യൗസേപ്പ് സൗഹൃദവും കാത്തുസൂക്ഷിച്ചു. ആരാനാക്രമത്തിൽ റോമൻവത്ക്കരണങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിനുമേൽ കടുത്ത സമ്മർദ്ധം ഉണ്ടായിരുന്നു. മാർത്തോമാ നസ്രാണികളുടെ ആരാധനാക്രമത്തിൽ റോമൻവൽക്കരണങ്ങൾ ആരംഭിച്ചത് ഇദ്ദേഹത്തിൻറെ കാലത്താണ്. കുർബാനയുടെ അദ്ദായി മാറി കൂദാശാക്രമത്തിൽ യേശുക്രിസ്തുവിന്റെ അന്ത്യാത്താഴ വിവരണം ഇല്ലാത്തതിനാൽ ലത്തീൻ ആരാധനാക്രമത്തിൽ നിന്ന് പ്രസ്തുത വിവരണം പകർത്തി അത് ആരാധനാക്രമത്തിൽ ചേർത്തത് ഇദ്ദേഹമാണ്. എന്നാൽ അനാഫറയിൽ അല്ല, കുർബാനയിലെ വിഭജന ശുശ്രൂഷയിലാണ് അദ്ദേഹം ഈ കൂട്ടിച്ചേർക്കൽ നടത്തിയത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ കുർബാനയ്ക്ക് ഉപയോഗിച്ചിരുന്ന എണ്ണയും ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന പുളിപ്പുള്ള അപ്പത്തിനും ഉണക്കമുന്തിരി നീരിനും പകരം പുളിപ്പിക്കാത്ത അപ്പവും മുന്തിരി വീഞ്ഞും ഉപയോഗത്തിൽ വരുത്തിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. ലത്തീൻ ശൈലിയിലുള്ള വേഷവിധാനങ്ങളും ഇദ്ദേഹം അനുവദിച്ചു. അന്ത്യകൂദാശ, കുമ്പസാരം എന്നീ കൂദാശാക്രമങ്ങളും ഇദ്ദേഹത്തിന്റെ കാലത്ത് പ്രചാരത്തിൽ വന്നു.[3]

എന്നിരുന്നാലും സുറിയാനി ഭാഷ അഭ്യസിക്കാതെ ലത്തീൻ മിഷണറിമാരുടെ സെമിനാരികളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ വൈദികരായി അഭിഷേകം ചെയ്യാനോ ഇടവകകളിൽ നിയമിക്കാനോ മാർ യൗസേപ്പ് തയ്യാറായിരുന്നില്ല.[4]

മൂന്നാമത്തെ തടവിലാക്കപ്പെടൽ, അന്ത്യം

[തിരുത്തുക]

പോൾ നാലാമൻ മാർപ്പാപ്പയുടെ കാലശേഷം പോൾ അഞ്ചാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റതോടെ പോർട്ടുഗീസ് മിഷനറിമാർ യൗസേപ്പിന്റെമേൽ നെസ്തോറിയൻ പാഷണ്ഡത വീണ്ടും ശക്തമായി ആരോപിച്ചു തുടങ്ങുകയും ഇദ്ദേഹത്തെ വിചാരണ ചെയ്യാൻ റോമിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. 1567ഓടെ ഇദ്ദേഹം വീണ്ടും ഗോവയിൽ തടവിലാക്കപ്പെട്ടു. അവിടെ നിന്ന് ലിസ്ബണിലേക്കും റോമിലേക്കും അയയ്ക്കപ്പെട്ട ഇദ്ദേഹം റോമിലെ അന്തിമവിചാരണയിൽ ഒരിക്കൽ കൂടി നിരപരാധനായി പ്രഖ്യാപിക്കപ്പെട്ടു. പീഡനങ്ങൾക്കിടയിലും ദുരാരോപണങ്ങൾക്കിടയിലും കത്തോലിക്കാ വിശ്വാസവും സഭയോടുള്ള കൂറും നിലനിർത്തിയ ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പോൾ അഞ്ചാമൻ മാർപാപ്പ ഇദ്ദേഹത്തെ കർദിനാളായി നിയമിക്കാൻ നടപടികൾ തുടങ്ങി. ഇതിനിടയിൽ 1569ൽ റോമിൽ വെച്ച് ഇദ്ദേഹം മരണപ്പെട്ടു. ഇദ്ദേഹത്തെ റോമിൽത്തന്നെ കബറടക്കി.[5][6][7][8]

സ്വാധീനം

[തിരുത്തുക]

റോമിൽവെച്ച് മരണത്തിന് മുമ്പായി അന്തിമമായി മാർ യൗസേപ്പ് സുലാഖ നിരപരാധനായി പ്രഖ്യാപിക്കപ്പെടുകയും അദ്ദേഹത്തിൻറെ കത്തോലിക്കാ വിശ്വാസവും സഭാ ബന്ധവും മാർപ്പാപ്പ സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ഇത് പോർട്ടുഗീസുകാർക്കോ മറ്റ് പിൽക്കാല ലത്തീൻ മിഷനറിമാർക്കോ സ്വീകാര്യമായിരുന്നില്ല. ഇദ്ദേഹം റോമിലെ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരം ഒരു വിധി നേടിയെടുത്തത് എന്ന് മിഷനറിമാർ വാദിച്ചു. മാർ അബ്രഹാമിന്റെ മലബാറിലെ ആദ്യകാല പ്രവർത്തനങ്ങൾ മാർ യൗസേപ്പിന്റെമേൽ അവർ തെറ്റിദ്ധരിച്ച് ആരോപിച്ചിരുന്നു. ഡേവിഡ് ഫെറോളിയുടെ ജെസ്യൂട്സ് ഇൻ മലബാർ എന്ന പുസ്തകത്തിൽ ഇത് ആവർത്തിക്കുന്നു. അതേസമയം യൂജിൻ ടിസ്സറാന്റ് ഉൾപ്പെടെയുള്ള പിൽക്കാല റോമൻ കത്തോലിക്കാ ചരിത്രകാരന്മാർ ഈ നിലപാട് തള്ളിക്കളയുകയും മാർ യൗസേപ്പിന്റെ പ്രവർത്തനങ്ങളെ ശരിവെക്കുകയും ചെയ്യുന്നു.[6][8]

മലബാറിലെ ക്രൈസ്തവ ചരിത്രത്തിൽ മാർ യൗസേപ്പിന് പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യയിലെ ആദ്യ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത ആയിരുന്നു അദ്ദേഹം. മാർത്തോമ്മാ നസ്രാണികളെ കത്തോലിക്കാ സഭയിലേക്ക് ഐക്യപ്പെടുത്തുന്നതിൽ ഏറ്റവും വലിയ സംഭാവനകൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. നസ്രാണികളിലെ പഴയകൂർ വിഭാഗത്തിൻറെ ആരാധനാക്രമത്തിന്റെയും സഭാ നിലപാടുകളുടെയും ശില്പികളിൽ ഒന്നാമനായി ഇദ്ദേഹം എണ്ണപ്പെടുന്നു. സിറോ-മലബാർ ആരാധനാക്രമത്തിൽ പെസഹാ സംഭവം അഥവാ ക്രിസ്തുവിൻറെ അന്ത്യാത്താഴ വിവരണം ആദ്യമായി കൂട്ടിച്ചേർത്തത് ഇദ്ദേഹമാണ്. വലിയ ഒരു പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹം നിരവധി ഗ്രന്ഥശേഖരങ്ങളുടെ പേരിലും അറിയപ്പെട്ടു. ഇന്ന് വത്തിക്കാൻ ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന മലബാറിൽനിന്നുള്ള പുരാതന സുറിയാനി കൈയ്യെഴുത്ത് പ്രതികളിൽ പലതും മാർ യൗസേപ്പ് തൻ്റെ യാത്രയ്ക്കിടെ റോമിൽ എത്തിച്ചവയാണ്. നസ്രാണികളുടെ ചരിത്രത്തെപറ്റിയുള്ള ചില അമൂല്യമായ വിവരങ്ങൾ ഇവയിൽനിന്ന് ലഭിക്കുന്നുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. Wilmshurst, പുറം. 86, 87, 115, 349, 350.
  2. 2.0 2.1 Wilmshurst, പുറം. 50, 56.
  3. 3.0 3.1 Webb (1958), പുറം. 185–205.
  4. Baby Varghese (2013), പുറം. 326–330.
  5. Pallath (2005), പുറം. 42–47.
  6. 6.0 6.1 Tisserant (1957), പുറം. 41.
  7. Beltrami (1933), പുറം. 35–59.
  8. 8.0 8.1 Thekkedath (1988), പുറം. 40–47.

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • Baby Varghese (2013). Tang, Li; Winkler, Dietmar W. (eds.). East Syrian Missions to the Malabar Coast in the Sixteenth Century. From the Oxus River to the Chinese Shores: Studies on East Syriac Christianity in China and Central Asia (in ഇംഗ്ലീഷ്). LIT Verlag Münster. pp. 317–340. ISBN 978-3-643-90329-7.
  • Beltrami, Giuseppe (1933). La Chiesa Caldea nel secolo dell’ Unione. Rome: Pontificium Institutum Orientalium Studiorum.
  • Pallath, Paul (2005). The Provincial Councils of Goa and the Church of St Thomas Christians. Vadavathoor: Oriental Institute of Religious Studies India.
  • Perczel, István (2006). E. Bremer; J. Jarnut; S. Müller; M. Wemhoff (eds.). "Language of Religion, Language of the People, Languages of the Documents: The Legendary History of the Saint Thomas Christians of Kerala". Language of Religion—Language of the People: Medieval Judaism, Christianity and Islam. Munich: 399–400.
  • Ploeg, J. P. M. van der (1983). Lavenant, René (ed.). "Mar Joseph, Bishop-Metropolitan of India (1556-1569)". III° Symposium Syriacum 1980. Rome: Pontificum Institutum Orientalium Studiorum: 161–170. ISBN 9788872101209.
  • Thekkedath, Joseph (1988). History of Christianity in India: From the Middle of the Sixteenth to the End of the Seventeenth Century (1542-1700). Vol. 2. Bangalore: Church History Association of India.
  • Eugène Tisserant (1957). Edward René Hambye (ed.). Eastern Christianity in India: A History of the Syro-Malabar Church from the Earliest Time to the Present Day. Orient Longmans.
  • Webb, Douglas (1958). "Mar Joseph Sulaqa et la liturgie du Malabar". Orient Syrien. 3: 185–205.
  • Wilmshurst, David (2000). The ecclesiastical organisation of the Church of the East, 1318-1913. Peeters. ISBN 90-429-0876-9. OCLC 43195236.
"https://ml.wikipedia.org/w/index.php?title=യൗസേപ്പ്_സുലാഖ&oldid=4010426" എന്ന താളിൽനിന്ന് ശേഖരിച്ചത്