മുഹമ്മദ് അമാനി മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അമാനി മൗലവി
ജനനം 1906
മരണം 1987 നവംബർ 2
ദേശീയത  India
തൊഴിൽ ഇസ്‌ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ
പ്രശസ്തി ഖു‌ർ‌ആൻ വിവർത്തകൻ

കേരളത്തിലെ പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ർ‌ആൻ വിവർത്തകനും ഗ്രന്ഥകാരനുമായിരുന്നു മുഹമ്മദ് അമാനി മൗലവി എന്ന അമാനി മൗലവി (1910-1987). മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള പട്ടിക്കാട് സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുർ‌ആൻ വിവരണം" എന്ന മലയാള ഖു‌ർ‌ആൻ വിവർത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുർ‌ആൻ പരിഭാഷ എന്നറിയപ്പെട്ട ഈ ഖുർ‌ആൻ വ്യാഖ്യാനം കേരള മുസ്ലിംകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിവർത്തന കൃതിയാണ്‌. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ്‌ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] സലഫി ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലർത്തി.[1] സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാർ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബർ 3 ന്‌ മരണം.[2]

ജീവിതം[തിരുത്തുക]

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രമുഖ ശിഷ്യനും പണ്ഡിതനുമായിരുന്ന ഹസ്സൻ കുട്ടി മുസ്‌ല്യാരുടേയും ആലിമുസ്‌ല്യാരുടെ അടുത്ത ബന്ധുവായിരുന്ന വിളക്കണ്ടത്തിൽ ആമിനയുടേയും മകനായി 1906 ൽ ജനനം. അമാനത്ത് എന്ന കുടുംബപേര്‌ ചേർത്താണ്‌ മൗലവി അമാനി എന്ന പേരിലറിയപ്പെട്ടത്. ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള പട്ടിക്കാട് സ്കൂളിൽ എട്ടുവരെ പഠനം,പിന്നീട് മലപ്പുറം ജില്ലയിലെ തോഴന്നൂർ,താനാളൂർ,അരീക്കോട് എന്നിവടങ്ങളിലുള്ള പള്ളിദർസുകളിൽ പഠനം. ഉപരി പഠനം തഞ്ചാവൂരിലെ മദ്‌റസത്തുൽ ഖാസിമിയ്യയിൽ. 1936 ൽ ഇവിടെ നിന്ന് മൗലവി അൽ ഖാസിമി ബിരുദം കരസ്ഥമാക്കി.[1]

കുടുംബം

കാരാട്ട്‌തൊടി തിത്തുമ്മുവാണ്‌ മുഹമ്മദ്‌ അമാനി മൌലവിയുടെ ഭാര്യ. മഹ്മൂദ്‌ ഹുസൈൻ അമാനി(ഉമരി), സലീം അമാനി, പരേതനായ അഹ്മദ്‌ കുട്ടി, മുബാറക്‌ അമാനി, അബ്‌ദുൽകരീം അമാനി, മൈമൂന, മർയം, പരേതയായ കുഞ്ഞി എന്ന ആമിന എന്നിവർ മക്കാളാണ്‌. അബ്ദുൽ ജബ്ബാർ തൃപ്പനച്ചി മരുമകനും ജാബിർ അമാനി പൗത്രനുമാണ്‌.[2]

അദ്ധ്യാപകൻ[തിരുത്തുക]

1936-38 വർഷങ്ങളിൽ പട്ടിക്കാട്ടേയും തോടന്നൂരിലേയും പള്ളിദർസുകളിൽ അദ്ധ്യാപകാനായി സേവനമനുഷ്ഠിച്ച മൗലവി,1941 ൽ മൊറയൂരിൽ റിലിജിയസ് സ്കൂൾ ആരംഭിച്ചു. ഈ സ്കൂൾ പിന്നീട് മൊറയൂർ ഹൈസ്കൂളായി മാറി. സ്വന്തമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ചാണ്‌ അമാനി മൌലവി അധ്യാപനം നടത്തിയിരുന്നത്‌.[1]ജ്യോതിശാസ്‌ത്രവും ഭൂമിശാസ്‌ത്രവുമെല്ലാം ഗ്ലോബിന്റെയും അറ്റ്‌ലസ്സിന്റെയുമൊക്കെ സഹായത്തോടെ അറബി ഭാഷയിൽ അദ്ദേഹം പഠിപ്പിച്ചു. 1946 ൽ മഞ്ചേരിയിൽ റൗദത്തുൽ ഉലൂം സഥാപിച്ചപ്പോൾ അവിടെ അദ്ധ്യാപകനായി.

ഗ്രന്ഥകാരൻ[തിരുത്തുക]

അമാനി മൗലവിയുടെ പ്രധാന മേഖല എഴുത്തും ഗ്രന്ഥരചനയുമായിരുന്നു. മുദരിസ് (പള്ളി ദർസിലെ അദ്ധ്യാപകൻ) ആയി ജോലിചെയ്യുന്ന കാലത്ത് മുസ്ലിം വനിത,മുസൽമാൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം സ്ഥിരമായി എഴുതുമായിരുന്നു. ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹിൽ ബാലിഗ എന്ന ഗ്രന്ഥത്തിലെ തഖ്‌ലീദ്,ഇജ്‌തിഹാദ് എന്നീ അദ്ധ്യായങ്ങൾ മൗലവി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമാനിയ്യ ബുക്സ്റ്റാൾ എന്ന പേരിൽ ഒരു പുസ്തകശാലയും മൗലവി സ്ഥാപിക്കുകയുണ്ടായി

ഖുർ‌ആൻ പരിഭാഷ[തിരുത്തുക]

അമാനി മൗലവി മലായാളത്തിന്‌ നൽകിയ ഏറ്റവും വലിയ സംഭാനവയാണ്‌ അദ്ദേഹത്തിന്റെ "വിശുദ്ധ ഖുർ‌ആൻ വിവരണം" എന്ന പേരിലുള്ള ഖുർ‌ആൻ പരിഭാഷയും വ്യാഖ്യാനവും. നാലു വാല്യങ്ങളിലായി ഇറങ്ങിയ ഈ ഖുർ‌ആൻ വിവരണത്തിന്റെ പ്രസാധകർ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) ആണ്‌. പാദാനുപദ അർത്ഥവും വ്യാഖ്യാനവും വിശദീകരിക്കുന്നതാണ്‌ ഈ വിവരണത്തിന്റെ സവിശേഷത. പ്രഗല്ഭരായ എ. അലവി മൗലവി,പി.കെ മൂസ മൗലവി എന്നിവരും ഈ വിവർത്തന രചനയിൽ മുഖ്യപങ്കാളികളായിരുന്നു. അലവി മൗലവി രണ്ടാം പകുതിയുടെ രചനയിലായിരുന്നു ഉണ്ടായിരുന്നതെങ്കിൽ സൂറത്ത് കഹ്ഫ് മുതൽ സൂറത്ത് നംല്‌ കൂടിയ ഭാഗങ്ങളിലാണ്‌ പി.കെ. മൂസ മൗലവി പങ്കാളിയായത്. എന്നാൽ അമാനി മൗലവി നീണ്ട ഇരുപത്തഞ്ച് വർഷം ഈ ഉദ്ധ്യമത്തിൽ ചിലവഴിച്ചു. 1960 സെപ്റ്റംബർ 6 ന്‌ ആരംഭിച്ച രചന 1985 ഫെബ്രുവരിയിലാണ്‌ പൂർത്തിയായത്.[1] കേരളീയ മുസ്ലിംകൾക്കിടയിൽ ഈ പരിഭാഷക്ക് കക്ഷിഭേദമന്യേ സ്വീകാര്യത ലഭിക്കുകയുണ്ടായി. പൗരാണികവും ആധുനികവുമായ പ്രഗല്ഭ ഖുർ‌ആൻ തഫ്‌സീറുകൾ (വ്യാഖ്യാനങ്ങൾ) ഈ വിവരണത്തിന്റെ രചനയിൽ മൗലവി അവലംബിച്ചിട്ടുണ്ട്. ആധുനിക ഖുർ‌ആൻ വ്യാഖ്യാനങ്ങളിൽ അവലംബമായി സ്വീകരിച്ചവയിൽ ഒന്ന് പ്രഗല്ഭ ഈജിപ്ഷ്യൻ പണ്ഡിതനും അൽ-ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേതാവുമായിരുന്ന ശഹീദ് സയ്യിദ് ഖുതുബിന്റെ "ഫീ ളിലാലിൽ ഖുർ‌ആൻ" (ഖുർ‌ആന്റെ ശീതളഛായയിൽ) എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. ഖുർ‌ആൻ വിവർത്തനത്തിന്റെ രചനക്കായി സുന്നി പണ്ഡിതനായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ്‌ മുസ്ലിയാർ പോലുള്ള പ്രമുഖരുമായും മൗലവി ബന്ധപ്പെടാറുണ്ടായിരുന്നു.[1]

മറ്റു കൃതികൾ[1]
 • ഡോ. മുസ്‌തഫ സ്സിബാഇ യുടെ 'അസ്സുന്നത്തു വ മകാനത്തുഹാ ഫിത്തശ്രീഇൽ ഇസ്ലാമി' എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം
 • ഇസ്ലാമിക ചരിത്രം,
 • ഇസ്‌ലാമും പൗരധർമ്മവും
 • വിധിയും മനുഷ്യനും
 • ബൈബിളിന്റെ വിശ്വസനീയത (അലി അബ്ദുറസ്സാഖ് മദനിയുമായി ചേർന്ന് എഴുതിയത്)
 • നമ്മുടെ നബി
 • ഇമാം മാലിക്കിന്റെ കത്ത്‌
 • ഇമാം ശാഫിഈയുടെ യാത്ര
 • മുതലിടപാടുകളും നബി വാക്യങ്ങളും
 • നൂഹ്‌ നബിയുടെ കപ്പൽ
 • സുവിശേഷം നിർമ്മലവും പൂർണവുമായതെങ്ങനെ

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 ശബാബ് വാരിക ഓൺലൈൻ സെപ്റ്റംബർ 18,2009"മുഹമ്മദ് അമാനി മൗലവി :ഖുർ‌ആൻ വിവരണത്തിന്‌ സമർപ്പിച്ച ജീവിതം"
 2. 2.0 2.1 ശബാബ് വാരിക ഓൺലൈൻ ഒക്ടോബർ 2, 2009"മുഹമ്മദ് അമാനി മൗലവി :നേരറിവിന്റെ തിരികൊളുത്തിയ പണ്ഡിതൻ"
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അമാനി_മൗലവി&oldid=2608282" എന്ന താളിൽനിന്നു ശേഖരിച്ചത്