എ. അലവി മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം പണ്ഡിതനും ഖുർആൻ വിവർത്തകനും മതപ്രഭാഷകനും മുസ്ലിം പരിഷ്ക്കരണ പ്രവർത്തകനുമായിരുന്നു എ. അലവി മൗലവി എന്ന പേരിൽ അറിയപ്പെട്ട ആലിപ്പറ്റ അലവി മൗലവി (1911-1979). അലവി മൗലവി എടവണ്ണ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു[1] കേരളത്തിലെ മുജാഹിദ് വിഭാഗത്തിലെ ആദ്യകാല നേതാക്കളിൽ പ്രമുഖനും വിശുദ്ധ ഖുർആൻ വിവരണം എന്ന പേരിലുള്ള മലയാളത്തിലെ പ്രമുഖ ഖുർആൻ വിവർത്തന ഗ്രന്ഥത്തിന്റെ രചയിതാക്കളിൽ ഒരാളുമാണ്[2]. മുഹമ്മദ് അമാനി മൗലവി, പി.കെ. മൂസ മൗലവി എന്നിവരാണ് ഈ കൃതിയുടെ മറ്റു രണ്ട് രചയിതാക്കൾ. [3] 1960-ൽ സ്വഹീഹ് ബുഖാരി, 1970-ൽ സ്വഹീഹ് മുസ്‌ലിം എന്നീ ഹദീഥ് സമാഹാരങ്ങൾ പരിഭാഷ ചെയ്തു[4].

ജീവിതം[തിരുത്തുക]

1911ൽ ആലിപ്പറ്റ പോക്കർ മൊല്ലയുടെയും ഭാര്യ മേലോടത്ത് കുഞ്ഞിരുമ്മയുടെയും മകനായി മേലാറ്റൂർ എടപ്പറ്റയിലാണ് അലവി മൗലവി ജനിച്ചത്. കേരളത്തിലെ വിവിധ ദർസുകളിലും വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, സൂറത്ത്,ദയൂബന്ദ് തുടങ്ങിയ പ്രസിദ്ധ മതപാഠശാലകളിലും പഠനം നടത്തി. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മൗലവി ഉറുദു ഭാഷയിൽ പ്രാവീണ്യമുള്ള ആളായതിനാൽ ജംഇയ്യത്തുൽ ഉലമായുടെ നേതാക്കൾ കേരളത്തിൽ വരുമ്പോൾ അവരുടെ പ്രസംഗങ്ങളുടെ പരിഭാഷ നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. ആചാര്യ വിനോബഭാവെ, കാമരാജ്, മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവരുമായി സൗഹൃദം പുലർത്തിയിരുന്നു മൗലവി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന മൗലവിയുടെ അടുത്ത സഹപ്രവർത്തകരായിരുന്നു ഇ. മൊയ്തു മൗലവി, മാധവമേനോൻ, കുട്ടിമാളു അമ്മ എന്നിവർ. മുസ്ലിം യാഥാസ്ഥിക വിഭാഗവുമായുള്ള ആശയ സംവാദത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എടവണ്ണയിലെ ജാമിഅഃ നദ്വിയ്യയുടെ സ്ഥാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചു. അവിടെ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 1979 മെയ് 19 ന് മരണമടഞ്ഞു[1]

കുടുംബം[തിരുത്തുക]

മേലാറ്റൂർ സ്വദേശി ആഇശയാണ് ആദ്യഭാര്യ. ആദ്യഭാര്യയിൽ മൗലവിക്ക് രണ്ട് മക്കളുണ്ട്. മുഹമ്മദ് അമീനും അബൂബക്കറും. അബൂബക്കറിന്റെ മകനാണ് പ്രമുഖ പത്രപ്രവർത്തകൻ എ. റശീദുദ്ദീൻ. ഫാത്വിമക്കുട്ടിയെ രണ്ടാമത് വിവാഹം ചെയ്തു. ജമീലടീച്ചർ, പ്രമുഖ ഹദീസ് പണ്ഡിതൻ അബ്ദുസ്സലാം സുല്ലമി[5], അബ്ദുല്ല നദ്‌വി, എസ്.ഡി.പി ഐ നേതാവ് സഈദ്, റഹ്മാബി, മുജീബുർറഹ്മാൻ, മുബാറക് എന്നിവരാണ് മക്കൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 അലവി മൗലവി, എടവണ്ണ by ആർ.എ - ഇസ്‌ലാമിക വിജ്ഞാനകോശം രണ്ടാം വോള്യം, പുറം 742. പ്രസാധനം:ഐ.പി.എച്ച്.കോഴിക്കോട്
  2. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 85. Retrieved 2021-08-05.
  3. ഇസ്‌ലാം കവാടം-പണ്ഡിതന്മാർ
  4. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 253, 254. Retrieved 2021-08-05.
  5. ഇസ്‌ലാമിക പണ്ഡിതൻ എ.അബ്ദുസ്സലാം സുല്ലമി ഷാർജയിൽ അന്തരിച്ചു
"https://ml.wikipedia.org/w/index.php?title=എ._അലവി_മൗലവി&oldid=3650745" എന്ന താളിൽനിന്ന് ശേഖരിച്ചത്