മുജ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യയിൽ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് മുജ്റ. സ്ത്രീകളാണ് പ്രധാനമായും മുജ്റ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളിലേക്കു കൂടുതൽ ശ്രദ്ധയാകർഷിക്കും വിധമാണ് ഈ നൃത്തരൂപം അവതരിപ്പിക്കപ്പെടുന്നത് അതിനാൽ തന്നെ മുജ്റ നൃത്തത്തിൽ സ്ത്രീ ശരീരത്തിനു വലിയ പ്രാധാന്യമുണ്ട്. കഥക് നൃത്തരൂപത്തിന്റെയും ഠുമ്രി, ഗസൽ എന്നീ ഗാനവിഭാഗങ്ങളുടെയും അംശങ്ങൾ മുജ്റയിൽ അടങ്ങിയിരിക്കുന്നു. ഹവേലി, മെഹ്ഫിൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് മുജ്റ നൃത്തം അവതരിപ്പിക്കുന്നത്.

രാജസ്ഥാനിലെ ഒരു ഹവേലി

ചരിത്രം[തിരുത്തുക]

1972-ൽ പുറത്തിറങ്ങിയ പഖീസ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പോസ്റ്റർ

മുഗൾ സാമ്രാജ്യകാലത്താണ് മുജ്ര നൃത്തത്തിന്റെ ഉത്ഭവമെന്നു കരുതുന്നു. മുഗൾ ഭരണാധികളുടെയും സമ്പന്നരുടെയും കൊട്ടാരങ്ങളിൽ താമസിച്ചിരുന്ന ദാസിമാരാണ് മുജ്ര നൃത്തം അവതരിപ്പിച്ചിരുന്നത്.[1] മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫറിന്റെ കാലത്തെ കവിതകൾ മുജ്റ നൃത്തത്തിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുഗൾ ഭരണകാലത്ത് ജയ്പൂർ പോലുള്ള പ്രദേശങ്ങളിൽ പരമ്പരാഗതമായാണ് മുജ്ര നൃത്തം അവതരിപ്പിച്ചിരുന്നത്. മുജ്ര നർത്തകിമാരിൽ നിന്ന് അടുത്ത തലമുറയിലേക്ക് നൃത്തം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

ഇപ്പോൾ[തിരുത്തുക]

മുഗൾ ഭരണം പ്രബലമായിരുന്ന ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും മുജ്റ നൃത്തം പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് കൊട്ടാരങ്ങളിലും മറ്റും അവതരിപ്പിച്ചിരുന്ന ഈ നൃത്തരൂപം ഇന്ന് പാർട്ടികളിലും വിവാഹച്ചടങ്ങുകളിലും യുവാക്കളുടെ ആഘോഷങ്ങളിലുമെല്ലാം അവതരിപ്പിക്കപ്പെടുന്നുണ്ട്.[2]

ബോളിവുഡിലും ലോലിവുഡിലും[തിരുത്തുക]

പല ബോളിവുഡ് ചലച്ചിത്രങ്ങളിലും മുജ്റ നൃത്തം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പഖീസ, ഉമ്രാവോ ജാൻ (1981), സിന്ദഗി യാ തൂഫാൻ (1958), ദേവദാസ് (1955) എന്നീ ബോളിവുഡ് ചലച്ചിത്രങ്ങൾ ഇതിനുദാഹരണമാണ്. അൻജുമാൻ (1970) എന്ന പാക് ചലച്ചിത്രത്തിലുടനീളം മുജ്ര നൃത്തം കാണിക്കുന്നുണ്ട്.[3] മുഗൾ ഭരണചരിത്രം പ്രമേയമായ ചലച്ചിത്രങ്ങളിൽ ഈ നൃത്തരൂപം ഒരു അവിഭാജ്യഘടകമാണ്.

ഇന്ത്യയിലും പാകിസ്താനിലും[തിരുത്തുക]

2005-ൽ ഡാൻസ് ബാറുകൾ അടച്ചുപൂട്ടിയതോടെ മഹാരാഷ്ട്രയിലെ ബാർ നർത്തകിമാർ മുംബൈയിലെ കെന്നഡി ബ്രിഡ്ജിനു സമീപം മുജ്റ നൃത്തം അവതരിപ്പിക്കുവാൻ തുടങ്ങി. ഇവർക്ക് ആഗ്ര, ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി എന്നിവിടങ്ങളിൽ നിന്നു പരിശീലനം ലഭിച്ചിരുന്നു. പാകിസ്താനിലെ ലാഹോറിലുള്ള ഹീര മൺഡി പ്രദേശത്താണ് ഏറ്റവും പഴക്കം ചെന്ന മുജ്റ നൃത്തവേദിയുള്ളത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.dawn.com/news/1279428, 'How Facebook is killing Lahore's Heera Mandi', Dawn newspaper, Published 23 August 2016, Retrieved 2 February 2017
  2. John Caldwell, University of North Carolina at Chapel Hill, [1], Southeast Review of Asian Studies Volume 32 (2010), pp. 120-8, Retrieved 2 February 2017
  3. https://www.youtube.com/watch?v=I-WNCvMiooc, Watch 'Mujra dances' being performed in Pakistani film Anjuman (1970 film) on YouTube, Retrieved 2 February 2017

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുജ്റ&oldid=3271362" എന്ന താളിൽനിന്ന് ശേഖരിച്ചത്