ദേവദാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവദാസി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവദാസി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവദാസി (വിവക്ഷകൾ)

ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട സ്ത്രീകൾ. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്പ്രദായമെന്ന നിലയ്ക്ക് ഇത് ആവിർഭവിച്ചത് തെക്കേ ഇന്ത്യയിലാണെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ നൃത്ത-ഗാനങ്ങൾ നടത്തുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവർ ഉണ്ടായിരുന്നു.

ദൈവത്തിന്റെ ദാസി എന്ന അർത്ഥത്തിലുള്ള ദേവദാസി ഹൈന്ദവ ക്ഷേത്രങ്ങളിൽ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഭാരതത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും ഈ സമ്പ്രദായത്തിന്റെ ഉല്പത്തി മതപരമായ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയായിരുന്നില്ല. പലദേശങ്ങളിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ദേവദാസികൾക്ക് ഉണ്ടായിരുന്നത്. കേരളത്തിൽ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞൻപിള്ള വാദിക്കുന്നു.

ദേവപ്രതിഷ്ഠയെ ചാമരംകൊണ്ടു വീശുക, കുംഭാരതി ഏന്തി ദേവന് അകമ്പടി സേവിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, അവിടുത്തെ പാത്രങ്ങൾ കഴുകുക തുടങ്ങിയവയും ദേവദാസികളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. പ്രാചീനകാലത്ത്, പൂജാരിയെപ്പോലെ ദേവദാസികളും ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്തു പല പുരോഹിതന്മാരും ഇവരെ ചൂഷണം ചെയ്തതായി പറയപ്പെടുന്നു.

ഏഴുതരം ദേവദാസികളെപ്പറ്റി സംസ്കൃത കൃതികളിൽ പരാമർശമുണ്ട്.

  1. ദത്ത - ദേവനു സ്വയം സമർപ്പിച്ചവൾ
  2. വിക്രീത - ദേവനു വില്ക്കപ്പെട്ടവൾ
  3. ഭൃത്യ - ദേവനെ പരിചരിക്കുന്നവൾ
  4. ഭക്ത - ഭക്തികൊണ്ട് കൈങ്കര്യം സ്വീകരിക്കുന്നവൾ അഥവാ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവൾ
  5. ഹൃത - പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമർപ്പിക്കപ്പെട്ടവൾ
  6. അലങ്കാര - രാജാവോ നാടുവാഴിയോ ദേവനു സമർപ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവൾ. ഇവർ ക്ഷേത്രത്തിന് അലങ്കാരമാണെന്ന് കരുതപ്പെട്ടിരുന്നു.
  7. ഗോപിക അഥവാ രുദ്രഗണിക - പ്രതിഫലംപറ്റി ക്ഷേത്രത്തിൽ ആടുകയും പാടുകയും ചെയ്യുന്നവൾ.


ദേവദാസികൾ, ദാസികൾ, ദേവരടിയാർ, തേവിടിച്ചികൾ, കൂത്തച്ചികൾ, കൂടിക്കാരികൾ എന്നിങ്ങനെ പല പേരുകളിൽ ഇവർ അറിയപ്പെട്ടിരുന്നു. 'കൂത്തച്ചി', 'തേവിടിച്ചി' എന്നീ വാക്കുകൾ ഇന്ന് ആക്ഷേപ പദങ്ങളായിട്ടുണ്ടെങ്കിലും, ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തിൽ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നത്.

നൃത്തവും ദേവദാസിയും[തിരുത്തുക]

നൃത്ത-ശില്പ കലയുടെ വികാസത്തെ ദേവദാസി സമ്പ്രദായം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദാസിയാട്ടത്തിൽനിന്ന് ദേവദാസികൾ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. 14ശ.-ത്തിൽ രചിക്കപ്പെട്ട ശിവവിലാസം എന്ന കൃതി, നൃത്തകലയിലെ ദേവദാസികളുടെ വൈഭവത്തിന് ഉദാഹരണമാണ്. ദേവദാസികളുടെ നിശാനൃത്തത്തിൽ ആകൃഷ്ടരായ ദേവന്മാർ, അത് സ്ഥിരമായി ആസ്വദിക്കുന്നതിനുവേണ്ടി ക്ഷേത്രച്ചുമരുകളിൽ പ്രതിമകളായി മാറി എന്നാണ് ശിവവിലാസത്തിൽ പറയുന്നത്.

പിൽകാലത്ത്, ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായി അധഃപതിക്കുകയാണുണ്ടായത്.[1] 1934-ൽ തിരുവിതാംകൂറിൽ ഈ സമ്പ്രദായം നിരോധിക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. രവീന്ദ്രൻ (15 ഒക്ടോബർ 2011). "'ഭോഗ'സ്ത്രീകൾ". അകലങ്ങളിലെ മനുഷ്യർ. മാതൃഭൂമി. മൂലതാളിൽ (യാത്രാവിവരണം) നിന്നും 2014-10-07 12:08:39-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2014. Check date values in: |archivedate= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ദേവദാസി&oldid=3460447" എന്ന താളിൽനിന്ന് ശേഖരിച്ചത്