Jump to content

മാത ഹാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത ഹാരി
"മാത ഹാരി" 1906-ലെ ഒരു തപാൽ കാർഡിൽ
ജനനം
മർഗരീതാ ഗീർട്രൂഡിനാ സെല്ലെ

(1876-08-07)7 ഓഗസ്റ്റ് 1876
മരണം15 ഒക്ടോബർ 1917(1917-10-15) (പ്രായം 41)
മരണ കാരണംഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ
ദേശീയതDutch
അറിയപ്പെടുന്നത്Receiving a conviction for pro-German espionage from French military courts in World War I
ഉയരം5 ft 10 in (1.78 m)
ജീവിതപങ്കാളി(കൾ)Rudolf John MacLeod (1895–1906) (divorced)
കുട്ടികൾ2
മാതാപിതാക്ക(ൾ)Adam Zelle
Antje van der Meulen

ഒന്നാം ലോക മഹായുദ്ധത്തിനിടെ ഇരട്ടച്ചാരവൃത്തി ആരോപിച്ച് ഫ്രെഞ്ച് അധികാരികൾ വെടിവെച്ചുകൊന്ന നെതർലൻഡ്സുകാരി മാദകനർത്തകിയും പരിവാരവനിതയുമായ (courtesan) മർഗരീതാ ഗീർട്രൂഡിനാ സെല്ലെയുടെ അരങ്ങിലെ പേരായിരുന്നു മാത ഹാരി[ക](ജനനം: 7 ആഗസ്റ്റ്, 1876; മരണം: 15 ഒക്ടോബർ 1917).[1]

ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മാത ഹാരി‍, പിതാവിന്റെ സാമ്പത്തിക തകർച്ചയേയും പുനർവിവാഹത്തേയും തുടർന്ന് യൗവനാരംഭത്തിൽ കഷ്ടസ്ഥിതിയിലായി. തന്നേക്കാൻ ഏറെ പ്രായമുണ്ടായിരുന്ന ഡച്ച് കോളനി സൈന്യത്തിലെ ഉദ്യോഗസ്ഥൻ റുഡോൾഫ് ജോൺ മക്ലിയൊഡിനെ വിവാഹം കഴിച്ച അവർ പതിനെട്ടാമത്തെ വയസ്സിൽ ഇൻഡോനേഷ്യയിലെത്തി. അവിടെ അവർ പ്രാദേശിക സംസ്കാരവുമായി പരിചയത്തിലാവുകയും നൃത്തം പരിശീലിക്കുകയും ചെയ്തു. വിവാഹത്തിന്റെ തകർച്ചയെ തുടർന്ന് നെതർലാൻഡ്സിൽ മടങ്ങിയെത്തിയ മാത ഹാരി, 1903-ൽ പാരിസിലേയ്ക്കു പോയി. അവിടെ നർത്തകിയെന്ന നിലയിൽ പേരെടുത്ത അവർക്ക് ഒന്നാം ലോകമഹായുദ്ധകാലത്ത് നെതർലാൻഡ്സിന്റെ നിഷ്പക്ഷതയുടെ സൗകര്യത്തിൽ രാജ്യാതിർത്തികൾ കടന്ന് സ്വതന്ത്രമായി സഞ്ചരിക്കാനായി. സഖ്യകഷിസൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരിൽ പലരുമായി അവർ ചങ്ങാത്തത്തിലായിരുന്നു.

ഫ്രെഞ്ചുകാർക്കു വേണ്ടി അവർ ചാരപ്പണി ചെയ്യുന്നതായി ബ്രിട്ടീഷ് അധികാരികൾ സംശയിച്ചിരുന്നെങ്കിലും ഫ്രാൻസ് ഇത് നിഷേധിച്ചു. മാഡ്രിഡിലെ ജർമ്മൻ സ്ഥാനപതികാര്യാലയത്തിലെ സൈനികസ്ഥാനപതി (military attache) ബെർളിനിലേയ്ക്ക് 1917 ജനുവരിയിൽ അയച്ച ഒരു റേഡിയോ സന്ദേശം, മാത ഹാരി ജർമ്മനിക്കു വേണ്ടിക്കൂടി ചാരവൃത്തി നടത്തിയിരുന്നുവെന്ന സൂചന നൽകിയതായി പറയപ്പെടുന്നു.ആ സന്ദേശം പിടിച്ചെടുത്ത ഫ്രെഞ്ച് സൈന്യം, അവരെ അറസ്റ്റു ചെയ്ത്, വിചാരണയിൽ കുറ്റക്കാരിയെന്നു കണ്ട് വെടിവെച്ചു കൊന്നു. അൻപതിനായിരം പട്ടാളക്കാരുടെ മരണത്തിന്‌ ഇടയാക്കി എന്നതാണ്‌ ഫ്രാൻസിൽ ഇവർക്കെതിരെ ചുമത്തിയ കേസ്[2] അവരുടെ വിചാരണ കെട്ടിച്ചമച്ച തെളിവുകളെ ആശ്രയിച്ചായിരുന്നെന്നും വാദമുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]
ജന്മനാട്ടിൽ മാത ഹാരിയുടെ പ്രതിമ
ജന്മനാടായ ലീയൂവാർഡനിലെ മ്യൂസിയത്തിൽ മാത ഹാരിയുടെ ചിത്രങ്ങളുള്ള "സ്ക്രേപ്പ് പുസ്തകം"

നെതർലാൻഡ്സിൽ ഫ്രീസ്‌ലാൻഡിലെ ലീയൂവാർഡൻ എന്ന സ്ഥലത്ത് ആദം സെല്ലെയുടേയും ആദ്യഭാര്യ ഫ്രാനേക്കറുടേയും നാലുമക്കളിൽ മൂത്തവളായാണ് മർഗരീത്ത ഗീർട്രൂയിഡാ സെല്ലെ ജനിച്ചത്.[3] അവൾക്ക് മൂന്നു സഹോദർന്മാരുണ്ടായിരുന്നു. ഒരു തൊപ്പിക്കടയും എണ്ണക്കമ്പനികളിൽ ഓഹരികളും ഉണ്ടായിരുന്ന പിതാവ് മർഗരീത്തയുടെ ബാല്യത്തിന്റെ തുടക്കം ആഡംബരം നിറഞ്ഞതാക്കാൻ മാത്രം സമ്പന്നനായിരുന്നു.[4] അതിനാൽ പതിമൂന്നാമത്തെ വയസ്സു വരെ അവൾ പോയിരുന്നത് മുന്തിയ തരം വിദ്യാലയങ്ങളിലായിരുന്നു.[5] എന്നാൽ 1889-ൽ മർഗരീത്തയുടെ പിതാവ് പാപ്പരാവുകയും മാതാപിതാക്കൾ വിവാഹമോചനം നേടുകയും ചെയ്തു. മരഗരീത്തയുടെ അമ്മ 1891-ൽ മരിച്ചു.[4][5] രണ്ടു വർഷം കഴിഞ്ഞ് പിതാവ് ആംസ്റ്റർഡാമിൽ പുനർ വിവാഹിതനായതോടെ കുടുംബം ശിഥിലമായപ്പോൾ മർഗരീത്ത തലതൊട്ടപ്പനോടൊത്ത് താമസിക്കാൻ തുടങ്ങി. അക്കാലത്ത് അവൾ കിന്റർഗാർട്ടൺ അദ്ധ്യാപികയായി പരിശീലനം നേടാൻ തുടങ്ങിയെങ്കിലും പ്രധാനാധ്യാപകൻ അവളോട് പരസ്യമായി പ്രേമം പ്രകടിപ്പിക്കാൻ തുടങ്ങിയെന്നു കണ്ട തലതൊട്ടപ്പൻ അവളെ വിദ്യാലയത്തിൽ നിന്നു മാറ്റി.[4][5][6] ഏതാനും മാസങ്ങൾക്കു ശേഷം അവൾ ഹേഗിലുള്ള അമ്മാവന്റെ വീട്ടിലേയ്ക്ക് ഓടിപ്പോയി.[6]

ഇൻഡോനേഷ്യയിൽ

[തിരുത്തുക]
മാത ഹാരിയും റുഡോൾഫ് മക്ലിയോഡും 1897-ൽ

പതിനെട്ടാമത്തെ വയസ്സിൽ ഒരു ഡച്ചു പത്രത്തിൽ കണ്ട വിവാഹപ്പരസ്യത്തോട് മർഗരീത്ത പ്രതികരിച്ചു. ഡച്ച് കൊളോണിയൽ പട്ടളത്തിലെ ഉദ്യോഗസ്ഥൻ റുഡോൾ ജോൺ മക്ലിയോഡിന്റേതായിരുന്നു പരസ്യം. മക്ലിയോഡിനെ വിവാഹം കഴിച്ച് മർഗരീത്ത ഭർത്താവിനൊപ്പം, ഡച്ച് ഈസ്റ്റ് ഇൻഡീസ് കോളനിയുടെ ഭാഗമായിരുന്ന ജാവയിലേയ്ക്കു പോയി. അവർക്ക് നോർമൻ ജോൺ എന്ന മകനും ജീൻ ലൂയീസ് എന്ന മകളും ജനിച്ചു.

എന്നാൽ ആ വിവാഹം പൊതുവേ പരാജയമായിരുന്നു.[7] മക്ലിയോഡ് അക്രമവാസനയുള്ള മദ്യപാനിയായിരുന്നു. തന്റെ പരാജയങ്ങൾക്കും മനക്ലേശത്തിനും അയാൾ തന്റെ പകുതി മാത്രം പ്രായമുണ്ടായിരുന്ന ഭാര്യയെ കുറ്റക്കാരിയായി കണ്ടു. കൂടാതെ അയാൾ പരസ്യമായി ഒരു ജാവക്കാരി ഭാര്യയേയും വെപ്പാട്ടിയേയും വച്ചുകൊണ്ടിരുന്നു. മനം മടുത്ത മർഗരീത്ത ഇടയ്ക്ക് മക്ലിയോഡിനെ ഉപേക്ഷിച്ച് മറ്റൊരു ഡച്ച് ഉദ്യോഗസ്ഥൻ വാൻ റീഡ്സിനൊപ്പം പോയി. മാസങ്ങളോളം അവൾ ഇൻഡോനേഷ്യൻ സംസ്കാരം പഠിക്കുന്നതിൽ ശ്രദ്ധിക്കുകയും ഒരു പ്രാദേശിക നൃത്തസംഘത്തിന്റെ ഭാഗമായിരിക്കുകയും ചെയ്തു. 1897-ൽ ഹോളണ്ടിലെ ബന്ധുക്കൾക്കെഴുതിയ ഒരു കത്തിലാണ് സൂര്യൻ ‍(പകലിന്റെ കണ്ണ്) എന്നർത്ഥമുള്ള മാത ഹാരി എന്ന അരങ്ങു നാമം അവൾ ആദ്യമായി വെളിപ്പെടുത്തിയത്.[5]

മാതഹാരിയുടെ ഭർത്താവ് റുഡോൾഫും മകൻ നോർമൻ ജോണും

മക്ലിയോഡിന്റെ നിർബ്ബന്ധത്തിനു വഴങ്ങി മർഗരീത്താ അയാൾക്കൊപ്പം തിരികെ ചെന്നപ്പോഴും അയാളുടെ അക്രമസ്വഭാവത്തിനു മാറ്റം വന്നില്ല. ഈ സാഹചര്യങ്ങളിൽ ആശ്വാസത്തിന് അവർ ആശ്രയിച്ചത് പ്രാദേശികസംസ്കാരത്തിന്റെ പഠനത്തിലാണ്.[5] 1899-ൽ അവരുടെ മകൻ നോർമൻ മരിച്ചു. കോപിഷ്ഠനായ ഒരു വേലക്കാരൻ കുട്ടിയ്ക്കു വിഷം കൊടുക്കുകയാണ് ചെയ്തതെന്ന് മാതാപിതാക്കൾ അവകാശപ്പെട്ടു. എന്നാൽ മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ സിഫിലിസ് രോഗത്തിനു നടത്തിയ ചികിത്സയെ തുടർന്നുണ്ടായ സങ്കീർണ്ണതകളാണ് മരണകാരണമെന്ന് പറയപ്പെടുന്നു. ചില രേഖകളിൽ,[5] മക്ലിയോഡിന്റെ ശത്രുക്കളിൽ ഒരാൾ അയാളുടെ രണ്ടു കുട്ടികളേയും കൊല്ലാനായി അത്താഴത്തിൽ വിഷം ചേർത്തതാണെന്നും പറയുന്നു. നെഥർലാൻഡ്സിലേയ്ക്കു തിരികേ പോയ ശേഷം മർഗരീത്തയും ഭർത്താവും 1902-ൽ വേർപിരിയുകയും 1906-ൽ വിവാഹമോചിതരാവുകയും ചെയ്തു. മക്ലിയോഡ് മകൾ ജീനിനെ നിർബ്ബന്ധപൂർവം കൈവശം വച്ചു. 21-ആമത്തെ വയസ്സിൽ മകളുടെ മരണവും സിഫിലിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമാണെന്ന് പറയപ്പെടുന്നു.[8] മക്ലിയോഡ് പിന്നീട് രണ്ടുവട്ടം വിവാഹം കഴിച്ചു.

പാരിസിൽ

[തിരുത്തുക]
നൃത്തം ചെയ്യുന്ന മാത ഹാരി 1905-ൽ

1903-ൽ പാരിസിലേയ്ക്ക് പോയ മർഗരീത്ത ഒരു സർക്കസിൽ കുതിരസവാരിക്കാരിയായി "ലേഡി മാക്ലിയോഡ്" എന്ന പേരിൽ വേഷം കെട്ടി. ഉപജീവനത്തിനായി, കലാകാരന്മാരുടെ മോഡലായും അവർ പ്രവർത്തിച്ചു.

1905 ആയതോടെ മാദകനർത്തകിയെന്ന നിലയിൽ അവർ പേരെടുക്കാൻ തുടങ്ങി. മാത ഹാരിയെന്ന അരങ്ങുനാമം അവർ ഉപയോഗിക്കാൻ തുടങ്ങിയത് അക്കാലത്താണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കലാപരമായ പ്രചോദനത്തിനായി ഏഷ്യയിലേയ്ക്കും ഈജിപ്തിലേയ്ക്കും കണ്ണുവച്ചിരുന്ന ആധുനിക നൃത്തപ്രസ്ഥാനത്തിന്റെ ആദ്യകാലതാരങ്ങളായ ഇസദോര ഡങ്കൺ, റൂത്ത് സെയിന്റ് ഡെനിസ് തുടങ്ങിയവരുടെ സമശീർഷയായിരുന്നു അവർ. പിൽക്കാലവിമർശകന്മാർ ഇതുപോലെയുള്ള പ്രസ്ഥാനങ്ങളെ, പൗരസ്ത്യവാദത്തിന്റെ (Orientalism) പശ്ചാത്തലത്തിൽ വിലയിരുത്തിയിട്ടുണ്ട്. ഗബ്രിയേൽ അസ്ട്രുക്ക് എന്നയാളായിരുന്നു മാത ഹാരിയുടെ ബുക്കിങ്ങ് ഏജന്റ്.[5]

1905 മാർച്ച് 13-ലെ അരങ്ങേറ്റം മുതൽ മാത ഹാരിയുടെ നൃത്തത്തിന്റെ സങ്കോചമില്ലാത്ത വിമോഹന ശൈലി വൻവിജയമായി.[9] നൃത്തശാലയുടെ സ്ഥാപകൻ, കോടീശ്വരനായ വ്യവസായ പ്രമുഖൻ എമിൽ എറ്റിയേൻ ഗിയൂമെറ്റിന്റെ ദീർഘകാല കാമുകിയായിത്തീർന്നു അവർ. ബാല്യം മുതൽ ഇൻഡ്യയിലെ "വിശുദ്ധനൃത്തത്തിൽ" പരിശീലനം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെട്ട മാത ഹാരി‍, ബ്രാഹ്മണ പശ്ചാത്തലത്തിലമുള്ള ജാവയിലെ ഹിന്ദു രാജകുമാരിയായും വേഷം കെട്ടി. ഇക്കാലത്ത് നഗ്നമോ മിക്കവറും നഗ്നമോ ആയ വേഷത്തിൽ പലവട്ടം അവർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരം ചിത്രങ്ങളിൽ ചിലത് കൈവശമാക്കിയ മക്ലിയോഡ്, മകളുടെ കൈവശാവകാശത്തിനു വേണ്ടിയുള്ള നിയമയുദ്ധത്തിൽ അവ ഉപയോഗിച്ചു.

ആഭരണങ്ങളും മാർവസ്ത്രവും മാത്രമണിഞ്ഞ മാത ഹാരി 1906-ൽ നൃത്തവേദിയിൽ‍

ഛായാഗ്രഹണരംഗത്തു നിന്ന് അരങ്ങിലേയ്ക്കു പകർത്തിയ ഈ സങ്കോചരാഹിത്യം, മാത ഹരിയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. അരങ്ങിലെ അവരുടെ ഏറ്റവും പേരുകേട്ട പ്രകടനം, അലങ്കാരപ്പണികളുള്ള മാർവസ്ത്രവും കയ്യിലേയും തലയിലേയും ആഭരണങ്ങളും മാത്രമാകുവോളം ഘട്ടങ്ങളായുള്ള വസ്ത്രം ഉരിയലായിരുന്നു.[5] അല്പസ്തനിയാണെന്ന ബോധം മൂലം അവർ മാർവസ്ത്രം ഉപേക്ഷിക്കുക പതിവില്ലായിരുന്നു.

തന്റെ പൂർവികത്വത്തെക്കുറിച്ചുള്ള മാത ഹാരിയുടെ അവകാശവാദങ്ങൾ സാങ്കല്പികം മാത്രമായിരുന്നെങ്കിലും അത് അവരുടെ മാദകനൃത്തത്തിന് ബഹുമാന്യത നൽകുന്നതിന് ഉപകരിക്കുകയും പാരിസിൽ പിന്നീട് പേരെടുത്ത ഒരു ശൈലിയെ ഉറപ്പിച്ചെടുക്കുകയും ചെയ്തു. മാത ഹാരിയുടെ താൻപോരിമയും തുറന്ന മനോഭാവവും സങ്കോചരാഹിത്യവും അവർക്ക് ജനപ്രീതി നേടിക്കൊടുത്തു. അവർ പ്രകോപനപരമായ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ധനികവൃത്തങ്ങളോട് ഇടപഴകുകയും ചെയ്തു. ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള പൂർവേന്ത്യൻ ദ്വീപുകളെക്കുറിച്ച് മറ്റു യൂറോപ്യന്മാർ മിക്കവാറും അജ്ഞരായിരുന്നതു കൊണ്ട്, മാതഹാരിയുടെ അവകാശവാദങ്ങൾ പൊതുവേ വിശ്വസിക്കപ്പെടുകയും അവർക്ക് സവിശേഷത കല്പിക്കപ്പെടുകയും ചെയ്തു.

ശിരസിൽ ആഭരണങ്ങൾ അണിഞ്ഞ മാത ഹാരി 1910-ൽ

1910 ആയപ്പോൾ അവരെ അനുകരിക്കുന്നവരായി ഒട്ടേറെപ്പേർ രംഗത്തു വന്നു. താമസിയാതെ, മാത ഹാരിയുടെ വശ്യതയ്ക്കു പിന്നിൽ വിലകുറഞ്ഞ പ്രകടനപരതയും കലാപരമായ പ്രതിഭയുടെ അഭാവവുമാണെന്ന് വിമർശകർ അഭിപ്രായപ്പെടാൻ തുടങ്ങി. യൂറോപ്പിലുടെനീളം പ്രധാനപ്പെട്ട സാമൂഹ്യസായാഹ്നങ്ങളുടെ കേന്ദ്രമായി അവർ തുടർന്നെങ്കിലും ഗൗരവസ്വഭാവമുള്ള സാംസ്കാരിക സ്ഥാപനങ്ങൾ നൃത്തമെന്താണെന്നറിയാത്ത നർത്തകിയായി കരുതി അവരെ വെറുക്കാൻ തുടങ്ങി.[5]

ഏറെ വിജയിച്ച ഒരു പരിവാരവനിത(courtesan) കൂടിയായിരുന്നു മാത ഹാരി. എന്നാൽ അവർ വിലമതിക്കപ്പെട്ടത് ഉദാത്തമായ സൗന്ദര്യത്തിന്റെ പേരിലെന്നതിനു പകരം മാദകത്വത്തിന്റെയും ഉത്തേജകത്വത്തിന്റെയും പേരിലാണ്. ഉന്നതരുമായുള്ള അവരുടെ ബന്ധം ദേശാതിർത്തികൾ കടന്നുള്ള യാത്രകൾക്ക് അവസരമൊരുക്കി. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് അവർ പൊതുവേ വിലയിരുത്തപ്പെട്ടത് കലാകാരി, സാമൂഹ്യമര്യാദകളെ അവഗണിക്കുന്ന സ്വതന്ത്രബുദ്ധി എന്നീ നിലകളിലായിരുന്നു. എന്നാൽ യുദ്ധത്തിന്റെ വരവോടെ തെറിച്ച അസന്മാർഗ്ഗചാരിയായും അപകടകാരിയായ വശീഹാരിണിയായും അവരെ ചിലർ കണക്കാക്കാൻ തുടങ്ങി.

അറസ്റ്റ്, വിചാരണ, വധം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധത്തിൽ നെഥർലാൻഡ്സ് നിഷ്പക്ഷത പാലിച്ചു. അതിനാൽ ആ നാട്ടുകാരിയായ മാത ഹാരിയ്ക്ക് ദേശാതിർത്തികൾ കടന്ന് സ്വതന്ത്രമായി സഞ്ചരിക്കാനായി. യുദ്ധമേഘകൾ ഒഴിവാക്കി ഫ്രാൻസിനും നെഥർലാൻഡ്സിനുമിടയിൽ ബ്രിട്ടണും സ്പെയിനും വഴി അവർ സഞ്ചരിച്ചു. അവരുടെ ആ യാത്രകൾ ശ്രദ്ധിക്കപ്പെട്ടു. ഒരവസരത്തിൽ ബ്രിട്ടീഷ് രഹസ്യാന്വേഷകർ ചോദ്യം ചെയ്തപ്പോൾ, ഫ്രെഞ്ച് രഹസ്യാന്വേഷക വിഭാഗത്തിനുവേണ്ടി പ്രവർത്തിക്കുന്നതായി അവർ സമ്മതിച്ചു. എന്നാൽ ഫ്രെഞ്ച് അധികാരികൾ ഇത് നിഷേധിച്ചു. തന്റെ പ്രാധാന്യം പെരുപ്പിച്ചു കാട്ടാനായി മാത ഹാരി കരുതിക്കൂട്ടി നുണ പറഞ്ഞതോ, ഈ വെളിപ്പെടുത്തലിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങൾ ഭയന്ന് ഫ്രെഞ്ചുകാർ അത് നിഷേധിച്ചതോ എന്നു വ്യക്തമല്ല.

മാഡ്രിഡിലെ ജർമ്മൻ സൈനികസ്ഥാനപതി, 1917 ജനുവരിയിൽ ബെർലിനിലേയ്കയച്ച ചില റേഡിയോ സന്ദേശങ്ങളിൽ‍, എച്ച്-21 എന്ന രഹസ്യപ്പേരുള്ള ഒരു ജർമ്മൻ ചാരന്റെ സേവനങ്ങൾ ചെയ്ത പ്രയോജനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഫ്രെഞ്ച് അധികാരികൾ ഈ സന്ദേശങ്ങൾ പിടിച്ചെടുക്കുകയും അവയിൽ പരാമർശിക്കപ്പെടുന്ന വ്യക്തി മാത ഹാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഫ്രെഞ്ചുകാർ മുന്നേ ഭേദിച്ചതെന്ന് ജർമ്മൻകാർക്ക് അറിയാമായിരുന്ന ഒരു രഹസ്യഭാഷാവ്യവസ്ഥയിലാണ് ഈ സന്ദേശങ്ങൾ എന്നതിനാൽ, അവ കെട്ടിച്ചമച്ചതാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്.

മാത ഹാരിയുടെ വധം(1920-ലെ ചലച്ചിത്രത്തിൽ)

1917 ഫെബ്രുവരി 13-ആം തിയതി, പാരിസിലെ പ്ലാസാ അഥീനി ഹോട്ടലിലെ അവരുടെ മുറിയിൽ നിന്ന് മാത ഹാരിയെ അറസ്റ്റു ചെയ്തു. വിചാരണയിൽ അവർക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണം, ജർമ്മനിക്കുവേണ്ടി ചാരവൃത്തി നടത്തി, 50,000 ഫ്രെഞ്ച് സൈനികരുടെ മരണത്തിന് കാരണക്കാരിയായി എന്നതായിരുന്നു. കുറ്റക്കാരിയെന്ന് കണ്ട്, 1917 ഒക്ടോബർ 15-ആം തിയതി, 41-ആമത്തെ വയസ്സിൽ അവരെ വെടിവച്ചു കൊന്നു.

"അപകടം പിടിച്ച പെണ്ണ്" (Femme Fatale) എന്ന ജീവചരിത്രത്തിൽ, മാത ഹാരി ഇരട്ട ഏജന്റ് ആയിരുന്നില്ലെന്ന് പാറ്റ് ഷിപ്പ്മാൻ വാദിച്ചിട്ടുണ്ട്. ഫ്രെഞ്ച് പ്രതി-രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവൻ ഗിയോർഗസ് ലാഡൂക്സിന്റെ പരാജയങ്ങൾക്ക് അവരെ ബലിയാടാക്കുകയായിരുന്നെന്ന് ഷിപ്പ്മാൻ വാദിക്കുന്നു. മാത ഹാരിയെ ഫ്രെഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുത്തത് ലാഡൂക്സ് ആയിരുന്നു. ലാഡൂക്സ് തന്നെ പിന്നീട് ഇരട്ട ഏജന്റ് എന്ന ആരോപണത്തിൽ അറസ്റ്റു ചെയ്യപ്പെട്ടു. മാത ഹാരിയുടെ കേസിന്റെ പ്രമാണങ്ങൾ 100 വർഷത്തേയ്ക്ക് മുദ്രവയ്ക്കപ്പെട്ടിരിക്കുന്നതിനാൽ, ഇതിന്റെ യാഥാർത്ഥ്യം അജ്ഞാതമായിരിക്കുന്നു.

പരിണാമം, കിം‌വദന്തികൾ

[തിരുത്തുക]

മാത ഹാരിയുടെ ശരീരം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ ആരും മുന്നോട്ടുവരാൻ ഇല്ലാതിരുന്നതിനാൽ അത് വൈദ്യഗവേഷണത്തിനായി മാറ്റി വച്ചു. അവരുടെ ശിരസ്, പാരീസിലെ ശരീരഘടനയുടെ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 2000 ആണ്ടിൽ അത് കാണാതായിരിക്കുന്നതായി അറിഞ്ഞു. മ്യൂസിയം മറ്റൊരു കെട്ടിടത്തിലേയ്ക്കു മാറിയ 1954-ൽ അത് അപ്രത്യക്ഷമായതായി കരുതപ്പെടുന്നു. 1918-ലെ രേഖകളിൽ, ബാക്കി ശരീരഭാഗങ്ങളും മ്യൂസിയത്തിന് കൈമാറ്റം ചെയ്തതായി സൂചനയുണ്ടെങ്കിലും അവയും കണ്ടെത്തപ്പെട്ടിട്ടില്ല.

ഒരു പഴയ മാദകനർത്തകി ചാരവൃത്തിയുടെ പേരിൽ വധിക്കപ്പെട്ടെന്നതു തന്നെ പല കിം‌വദന്തികൾക്കും അവസരമൊരുക്കി. അവയിലൊന്ന്, ആരാച്ചാർക്ക് അവർ ഒരു "പറക്കും ചുംബനം" (flying kiss) സമ്മാനിച്ചുവെന്നായിരുന്നു. പൂർവകാമുകന്മാരിൽ ഒരാളും, വധശിക്ഷയുടെ ദൃക്സാക്ഷിയുമായിരുന്ന തന്റെ വക്കീലിനെയാവാം ആ ചുംബനത്തിൽ അവർ ലക്ഷ്യമാക്കിയത്. "നന്ദി മോൺസിയോർ" എന്നായിരുന്നു അവരുടെ അന്ത്യമൊഴി എന്നും ഊഹിക്കപ്പെട്ടു. "ഞാൻ വേശ്യയായിരുന്നു, വഞ്ചകിയായിരുന്നില്ല" എന്ന് അവർ പറഞ്ഞതായും പറയപ്പെടുന്നു.

വെള്ളിത്തിരയിൽ

[തിരുത്തുക]

മാതഹാരിയുടെ ചരിത്രം ഒന്നിലേറെ ചലച്ചിത്രങ്ങളുടെ വിഷയമായിട്ടുണ്ട്. 1931-ൽ ജോർജ് ഫിറ്റ്സ്‌മൗറീസ് സം‌വിധാനം ചെയ്ത ചിത്രത്തിൽ മാത ഹാരിയായി അഭിനയിച്ചത് പ്രസിദ്ധനടി ഗ്രെറ്റ ഗാർബോ ആയിരുന്നു. തുടർന്ന് 1985 ൽ പുറത്തിറങ്ങിയ ചിത്രം ജോയൽ സിസ്കിന്റെ കഥയിൽ ജോൺ ഹാരിംഗ്ടൺ സം‌വിധാനം നിർവ്വഹിച്ചു.സിൽവിയ ക്രിസ്റ്റൽ മാത ഹാരിയായി വേഷമിട്ടു.[10]

കുറിപ്പുകൾ

[തിരുത്തുക]

ക.^ മാത ഹാരി എന്നതിന് മലയ ഭാഷയിൽ, സൂര്യൻ (പകലിന്റെ കണ്ണ്) എന്നാണ് അർത്ഥമെന്ന് പറയപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ലോകത്തെ മാറ്റിമറിച്ച 300 വനിതനകൾ, ബ്രിട്ടാണിക്കാ വിജ്ഞാനകോശം
  2. മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29 പേജ് 9
  3. www.praamsma.org Archived 2007-01-22 at the Wayback Machine. - Mata Hari
  4. 4.0 4.1 4.2 Article of the About.com Internet site
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 "Out of World of Biography Internet site". Archived from the original on 2010-09-15. Retrieved 2010-01-23.
  6. 6.0 6.1 ട്രൂ ടി.വി. ക്രൈം ലൈബ്രറി Mata Hari
  7. The Spy Who Never Was, by Julia Keay, published by Michael Joseph Ltd, 1987
  8. Shipman, Pat (2007). Femme Fatale: Love, Lies, and the Unknown Life of Mata Hari. New York: HarperCollins. pp. 450. ISBN 0-06-081728-3.
  9. www.crimelibrary.com - Mata Hari is Born
  10. http://www.imdb.com/title/tt0089565/
"https://ml.wikipedia.org/w/index.php?title=മാത_ഹാരി&oldid=3779074" എന്ന താളിൽനിന്ന് ശേഖരിച്ചത്