ഫുട്ബോൾ ലോകകപ്പ് 1982

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1982 ഫുട്ബോൾ ലോകകപ്പിന്റെ ചിഹ്നം

പന്ത്രണ്ടാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1982 ജൂൺ 13 മുതൽ ജൂലൈ 11 വരെ സ്പെയിനിൽ അരങ്ങേറി. പശ്ചിമ ജർമ്മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം തവണ കിരീട ജേതാക്കളായി. ലോകകപ്പിന്റെ ആരംഭഘട്ടത്തിൽ 1934ലും ‘38ലുമാണ് ഇതിനുമുൻ‌പ് ഇറ്റലി ജേതാക്കളായത്.

1978ലേതിൽ നിന്നു വ്യത്യസ്തമായി ഈ ലോകകപ്പിൽ 24 ടീമുകളാണ് മത്സരിച്ചത്. കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകുന്നതിനാണ് ഫിഫ ടീമുകളുടെ എണ്ണം കൂട്ടിയത്. ഇതുവഴി കാമറൂൺ, അൽജീരിയ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് ആദ്യമായി ലോകകപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ടീമുകളെ ആറു ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൌണ്ട് മത്സരങ്ങൾ. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലെത്തുന്നു. അവിടെ മൂന്നു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകൾ തിരിച്ച് മത്സരം. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിഫൈനലിലേക്ക്. ഈ ലോകകപ്പിൽ മാത്രമാണ് ഫിഫ ഇത്തരമൊരു മത്സരക്രമം പരീക്ഷിച്ചത്. പിന്നീടു വന്ന ലോകകപ്പുകളിലെല്ലാം രണ്ടാം റൌണ്ടു മുതൽ നോക്കൌട്ട് ഘട്ടങ്ങളായിരുന്നു.

നിലവിലുള്ള ചാമ്പ്യന്മാരായിരുന്ന അർജന്റീന ഉദ്ഘാടന മത്സരത്തിൽ ബെൽജിയത്തോട് പരാജയപ്പെടുന്നത് കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. നവാഗതരായ അൽജീരിയപശ്ചിമ ജർമ്മനിയെ 2-1നു അട്ടിമറിക്കുകയും ചെയ്തു. ഈ വമ്പൻ അട്ടിമറിക്ക് പ്രതികാരമെന്നോണം അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമ്മനിയും ഓസ്ട്രിയയും ഒത്തുകളിച്ച് അൽജീരിയഅൽജീരിയയുടെ രണ്ടാം റൌണ്ട് പ്രവേശനം തടഞ്ഞു. ലോകകപ്പിന് തീരാക്കളങ്കമേൽപ്പിച്ച ഈ മത്സരത്തെത്തുടർന്നാണ് അവസാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഒരേ സമയത്ത് തുടങ്ങുന്ന സംവിധാനം പിന്നീടുള്ള ലോകകപ്പുകളിൽ ഫിഫ ഏർപ്പെടുത്തിയത്. വിരസ സമനിലകളുടെ ആഘോഷമായിരുന്നു ഈ ലോകകപ്പിലെ ഒന്നാം റൌണ്ട്. പീ‍ന്നീട് ജേതാക്കളായ ഇറ്റലി അടങ്ങിയ ഒന്നാം ഗ്രൂപ്പിൽ ഒന്നൊഴികെ അഞ്ചു മത്സരങ്ങളും സമനിലയിലാണവസാനിച്ചത്.

ഇറ്റലിയെ കിരീടമണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പൗലോ റോസി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്തും കരസ്ഥമാക്കി. ലോകകപ്പിൽ ഇതുനുമുമ്പോ ശേഷമോ ഒരു കളിക്കാരനും ഈ രണ്ടു ബഹുമതികളും ഒരുമിച്ചു നേടിയിട്ടില്ല. ബ്രസീലിനെതിരായ സുപ്രധാന മത്സരത്തിലെ ഹാട്രിക് അടക്കം ആറു ഗോളുകളാണ് റോസി നേടിയത്.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1982&oldid=1967998" എന്ന താളിൽനിന്ന് ശേഖരിച്ചത്