Jump to content

പോളികാർപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. പോളികാർപ്പ്
വിശുദ്ധ പോളികാർപ്പ്
രക്തസാക്ഷി, സ്മിർണയിലെ മെത്രാൻ
ജനനംക്രി.വ. 69
മരണംക്രി.വ. 155
സ്മിർണ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ,
പൌരസ്ത്യ കത്തോലിക്കാ സഭകൾ,
പൌരസ്ത്യ ഓർത്തഡോക്സ് സഭ,
കിഴക്കൻ ഓർത്തഡോക്സ് സഭ,
ആംഗ്ലിക്കൻ സഭ,
ലൂഥറൻ സഭ
ഓർമ്മത്തിരുന്നാൾഫെബ്രുവരി 23 (മുൻപ്‌ ജനുവരി 26)
പ്രതീകം/ചിഹ്നംപാലിയം ധരിച്ച്, "ഫിലിപ്പിയർക്കുള്ള അദ്ദേഹത്തിന്റെ കത്തിനെ" സൂചിപ്പിക്കുന്ന പുസ്തകം കൈയിൽ പിടിച്ച്.
മദ്ധ്യസ്ഥംചെവിവേദന, അതിസാരം എന്നിവയ്ക്കെതിരെ

രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ സ്മിർണയിൽ മെത്രാനായിരുന്ന സഭാപിതാവാണ് പോളികാർപ്പ് (ജനനം: ക്രി.വ. 69; മരണം 155) (പുരാതന ഗ്രീക്ക്: Πολύκαρπος)[1]. പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ അനുസരിച്ച്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജീവനോടെ ദഹിപ്പിക്കാൻ ശ്രമിക്കുകയും അഗ്നി അദ്ദേഹത്തെ സ്പർശിക്കാതിരുന്നപ്പോൾ കുന്തംകൊണ്ടു കുത്തിക്കൊല്ലുകയുമാണ് ചെയ്തത്.[2] റോമൻ കത്തോലിക്കാ സഭ, പൌരസ്ത്യ ഓർത്തഡോക്സ് സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ സഭകൾ, ലൂഥറൻ സഭകൾ എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.

അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളികാർപ്പെന്നു കരുതപ്പെടുന്നു.[3] റോമിലെ ക്ലമൻറ്, അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് എന്നിവർക്കൊപ്പം ക്രിസ്തീയസഭയിലെ മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പോളികാർപ്പിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളികാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.


രേഖകൾ[തിരുത്തുക]

പോളികാർപ്പിന്റേതായി ഇന്നു ലഭ്യമായുള്ള ഏകകൃതി "ഫിലിപ്പിയർക്ക് പോളികാർപ്പ് എഴുതിയ ലേഖനം" ആണ്. ഗ്രീക്കു ഭാഷയിലുള്ള വിശുദ്ധലിഖിതസൂചകങ്ങൾ ചേർന്ന ഒരു ബഹുചിത്രപടമെന്നു പറയാവുന്ന ഇത് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇരണേവൂസിന്റെ "ശീശ്മകൾക്കെതിരെ" (Adversus Haereses) എന്ന കൃതിയുടെ ഭാഗമായ പോളികാർപ്പിന്റെ ജീവചരിത്രത്തിലാണ്. ഇതും, പൊണ്ടസിലെ സഭകൾക്ക് സ്മിർണായിലെ സഭ അയക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിട്ടുള്ള "പോളികാർപ്പിന്റെ രക്ഷസാക്ഷിത്വകഥ"-യും, റോമൻ കത്തോലിക്കർ "അപ്പസ്തോലിക പിതാക്കന്മാരുടെ രചനകൾ" എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റെ ഭാഗമാണ്. അപ്പസ്തോലികപാരമ്പര്യവുമായി അവയ്ക്കുള്ള അടുത്ത ബന്ധത്തെയാണ് ആ വിശേഷണം സൂചിപ്പിക്കുന്നത്. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വകഥ അടങ്ങുന്ന പുതിയനിയമത്തിലെ നടപടിപ്പുസ്തകത്തിനു പുറത്തുള്ള ഏറ്റവും പുരാതനമായ ആധികാരിക ക്രിസ്തീയ രക്തസാക്ഷിചരിതമായി[1] "പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ" കണക്കാക്കപ്പെടുന്നു. ക്രിസ്തുമതപീഡനങ്ങളെ സംബന്ധിച്ച് പീഡനകാലത്തു തന്നെ രചിക്കപ്പെട്ടിട്ടുള്ള ചുരുക്കം അകൃത്രിമസാക്ഷ്യങ്ങളിലൊന്നു കൂടിയാണിത്.

പോളികാർപ്പിന്റെ ജീവിതത്തെക്കുറിച്ചറിയാൻ ഉപകരിക്കുന്ന മറ്റു രേഖകൾ, പോളികാർപ്പിനും സ്മിർണാക്കാർക്കും ഉള്ള ഓരോ കത്തുകൾ ഉൾപ്പെടുന്ന അന്ത്യോഖ്യായിലെ ഇഗ്നേഷ്യസിന്റെ കത്തുകളാണ്. തെർത്തുല്യന്റേയും കേസറിയായിലെ യൂസീബിയസിന്റേയും മറ്റും രചനകളിലുള്ള വിവരങ്ങൾ ചരിത്രാടിസ്ഥാനമില്ലാത്തവയോ, മുൻസാക്ഷ്യങ്ങളെ ആശ്രയിച്ചുള്ളവയോ ആയി കരുതപ്പെടുന്നു. യൂസീബിയസിന്റെ സഭാചരിത്രത്തിൽ പോളികാർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മുഴുവനും തന്നെ, എരണേവൂസും രക്തസാക്ഷിത്വകഥയും തരുന്ന വിവരങ്ങളുടെ ആവർത്തനമാണ്.[4] പോളികാർപ്പിനെ സംബന്ധിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ചില പപൈറസ് ലിഖിതങ്ങൾ 1999-ൽ വെളിച്ചം കണ്ടു. അവ, മൂന്നും ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയായി കരുതപ്പെടുന്നു.[5]

പോളികാർപ്പും അപ്പസ്തോലന്മാരും[തിരുത്തുക]

അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളികാർപ്പെന്ന് യുവപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുള്ള ഇരണേവൂസും,[6]ഉത്തരാഫ്രിക്കൻ സഭാപിതാവ് തെർത്തുല്യനും[7] സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷിയായ പോളികാർപ്പിനെ, ഏറെ വധശ്രമങ്ങളെ അതിജീവിച്ച് വയോവൃദ്ധാവസ്ഥയിൽ പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹാന്നാനുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തും കാട്ടുന്ന ഒരു ആദ്യകാലപാരമ്പര്യം മൂന്നു ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതും ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്നതുമായ ഒരു കോപ്റ്റിക് ഭാഷാ പപ്പൈറസ് ശകലത്തിൽ കാണാം. "ഹാരിസ് ശകലം" എന്നറിയപ്പെടുന്ന ഈ രേഖയിലെ ഭാഷ്യം, "പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ"-യുടെ മൂലം വികസിച്ചുണ്ടായതാവാം.[8] യോഹന്നാനും പോളികാർപ്പും തമ്മിലുള്ള അടുപ്പത്തെ അതിനു മുൻപോ പിൻപോ ഉള്ള സാക്ഷ്യങ്ങളൊന്നുമായി ഒത്തുപോകാത്തവിധം പെരുപ്പിക്കുന്ന "ഹാരിസ് ശകലങ്ങൾ" സ്മിർണയിലേയും എഫേസോസിലേയും സഭകൾക്കിടയിലുണ്ടായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്മിർണായിൽ എഴുതപ്പെട്ട പുണ്യാത്മചരിതം(Hagiography) ആണെന്ന്, അതിന്റെ സംശോധകനായ ഫ്രെഡറിക് വീൽഡ്‌മാൻ അഭിപ്രായപ്പെടുന്നു.[9] സ്മിർണയിൽ രൂപപ്പെട്ട ഈ പാരമ്പര്യം "രക്തസാക്ഷിത്വകഥ"‌-യെ ഏറ്റുപറയുന്നതിനൊപ്പം അതിൽ നിന്നു വ്യതിചലിക്കുക കൂടി ചെയ്യുന്നുണ്ട്.

യോഹന്നാന്റെ മറ്റൊരു ശ്രോതാവായ പേപ്പിയസിന്റെ സഹചാരിയും അന്ത്യോഖ്യായിലെ ഇഗ്നേഷ്യസുമായി കത്തിടപാടുകൾ നടത്തിയിരുന്നവനുമായിരുന്നു പോളികാർപ്പെന്നും ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു.[10] ഇഗ്നേഷ്യസിന്റെ കത്തുകളിലൊന്ന് പോളികാർപ്പിനുള്ളതാണ്. കൂടാതെ, എഫേസോസുകാർക്കും മഗ്നീഷിയാക്കാർക്കും എഴുതിയ കത്തുകളിൽ അദ്ദേഹം പോളികാർപ്പിനെ പരാമർശിക്കുകയും ചെയ്യുന്നു.

പോളികാർപ്പിന്റെ ശിഷ്യനായിരുന്നെന്ന് അവകാശപ്പെടുന്ന ഇരണേവൂസ് അദ്ദേഹത്തിന്റെ സ്മരണയെ, സഭയുടെ അപ്പസ്തോലികയുഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ വിലമതിക്കുന്നു. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തിന്റേയും പശ്ചാത്തലം, ഫ്ലോറിനസിനെഴുതിയ കത്തിൽ ഇരണേവൂസ് വിവരിക്കുന്നുണ്ട്. യേശുവിനെ നേരിട്ടു കണ്ടിട്ടുള്ള "വയോധികനായ യോഹന്നാനെ"-പ്പോലുള്ളവരുമായുള്ള സംഭാഷണങ്ങളുടെ വിവരവും പോളികാർപ്പിൽ നിന്നു താൻ കേട്ടതായി ഇരണേവൂസ് എടുത്തു പറയുന്നു. പോളികാർപ്പിനെ ക്രിസ്തീയവിശ്വാസത്തിലേക്കു നയിച്ചത് അപ്പസ്തോലന്മാരാണെന്നും, അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നെന്നും, യേശുവിനെ കണ്ടിട്ടുള്ള പലരുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും മറ്റും ഇരണേവൂസ് പറയുന്നു. പോളികാർപ്പ് പടുവൃദ്ധനായിരുന്നെന്നു അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു.

പോളികാർപ്പും അനിസീറ്റസും[തിരുത്തുക]

സിറിയയിൽ നിന്നുള്ള അനിസീറ്റസ് റോമിലെ മെത്രാനായിരിക്കെ, ക്രി.വ. 150-60 കാലത്തെങ്ങോ പോളികാർപ്പ് റോമിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും ഇരണേവൂസ് വിവരിക്കുന്നുണ്ട്. ഉയിർപ്പുതിരുനാളിന്റെ തിയതി ഉൾപ്പെടെ വിവിധവിഷയങ്ങളിൽ ഏഷ്യാമൈനറിലേയും റോമിലേയും സഭകൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു സന്ദർശനലക്ഷ്യം. ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞെങ്കിലും ഉയിർപ്പിന്റെ തിയതിയുടെ കാര്യത്തിൽ ഇരുവരും അവരുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. എങ്കിലും, സഭകൾക്കിടയിലെ സാഹോദര്യത്തേയും പാരസ്പര്യത്തേയും ഈ അഭിപ്രായഭിന്നത ബാധിച്ചില്ല. തന്റെ പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ അനിസീറ്റസ് പോളികാർപ്പിനെ അനുവദിച്ചു. ആഴ്ചയിലെ ഏതു ദിവസമാണെന്നതു കണക്കിലെടുക്കാതെ യഹൂദരീതി അനുസരിച്ച്, നിസാൻ മാസം 14-അം തിയതി പെസഹാ ആചരിക്കുന്ന പൗരസ്ത്യരീതിയാണ് സ്മിർണായിലെ പോളികാർപ്പിന്റെ സഭ പിന്തുടർന്നിരുന്നത്.

എതിരാളികളോടുള്ള സമീപനം[തിരുത്തുക]

ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളികാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.[11][൧] രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയദ്വൈതവാദി മാർഷനെ "സാത്താന്റെ ആദ്യജാതൻ" എന്ന് പോളികാർപ്പ് വിശേഷിപ്പിച്ചത് ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളികാർപ്പ് കൊടുത്ത മറുപടി “ഉവ്വുവ്വ്, സാത്താന്റെ ആദ്യസന്തതിയെ ഞാൻ തിരിച്ചറിയുന്നു.”[൨] എന്നായിരുന്നു. [12]

രക്തസാക്ഷിത്വം[തിരുത്തുക]

ഏറെ പേരെടുത്ത ക്രിസ്തീയരക്തസാക്ഷിചരിതങ്ങളിലൊന്നിലെ നായകനാണ് പോളികാർപ്പ്. ആ കഥയനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ പീഡനകാലത്ത് ഒരു ഭവനത്തിൽ അജ്ഞാതനായി കഴിഞ്ഞിരുന്ന 86 വയസ്സുള്ള പോളികാർപ്പിനെ, ഭീഷണി ഭയന്ന ഒരടിമ ഒറ്റിക്കൊടുത്തു. കുതിരപ്പട ആ വീടു വളഞ്ഞപ്പോൾ അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല. വീട്ടുവാതിൽക്കൽ അദ്ദേഹം പട്ടാളക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവരോടൊപ്പം പോകുന്നതിനു മുൻപ്, പ്രാർത്ഥിക്കാൻ അല്പസമയം ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്.[11] രാജപ്രതിനിധിയായ ഫിലിപ്പിന്റെ മുൻപിൽ കൊണ്ടുവരപ്പെട്ട അദ്ദേഹത്തോട് ഫിലിപ്പ്, ക്രിസ്തുവിനെ നിന്ദിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്:

തുടർന്ന് ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ജീവനോടെ തീയിലിട്ടു. എങ്കിലും തീനാളം പോളികാർപ്പിനെ സ്പർശിച്ചില്ലെന്നും വിലയേറിയ സുഗന്ധദ്രവ്യങ്ങൾ ഹോമിക്കുമ്പോഴെന്ന പോലെ തീ സുഗന്ധം വമിച്ചെന്നും രക്തസാക്ഷിത്വചരിതം പറയുന്നു. ഒടുവിൽ ജനത്തിന്റെ ആവശ്യമനുസരിച്ച്, ആരാച്ചാർ അദ്ദേഹത്തെ കുന്തം കൊണ്ടു കുത്തി. അതോടെ അദ്ദേഹത്തിന്റെ മാറിൽ നിന്നു ഒരു മാടപ്രാവു പറന്നു പോവുകയും[൩] തീയണയാൻ മാത്രം രക്തം പ്രവഹിക്കുകയും ചെയ്തു.[13]

'"പോളികാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളികാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിർണയിലെ സഭ ആഴ്ചയിലെ ഏഴാം ദിവസമായ ശനിയാഴ്ച സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്. 17-18 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് വൈദികനായിരുന്ന വില്യം കേവ് ഇതേക്കുറിച്ച് ഇങ്ങനെ പറയുന്നു, "...സാബത്തു ദിവസമായ ശനിയാഴ്ചയെക്കുറിച്ചുള്ള പരാമർശം, അതു ക്രിസ്ത്യാനികളെ സംബന്ധിക്കുന്ന കാര്യമാണെന്ന മട്ടിൽ സഭാപിതാക്കളുടെ രചനകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. അവർ, പ്രത്യേകിച്ച് പൗരസ്ത്യദേശങ്ങളിൽ അതിനെ മതപരമായ ചടങ്ങുകളോടെ ഏറെ മാനിച്ചു."[14] എന്നാൽ വലിയ സാബത്തെന്നതിന് ക്രിസ്ത്യാനികളുടെ പെസഹാത്തിരുന്നാളെന്നോ, മറ്റേതെങ്കിലും ആഘോഷം എന്നോ ഉള്ള അർത്ഥമേ കല്പിക്കേണ്ടതുള്ളു എന്നും വാദമുണ്ട്.

പ്രാധാന്യം[തിരുത്തുക]

ആദിമക്രൈസ്തവ സഭാനാൾവഴിയിൽ മുന്തിയ സ്ഥാനമാണ് പോളികാർപ്പിന് ഉള്ളത്.[5] ഇന്നും രചനകൾ നിലനിൽക്കുന്ന ചുരുക്കം ആദിമക്രൈസ്തവരിൽ ഒരാളാണ് അദ്ദേഹം. യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാനെ അദ്ദേഹത്തിന് നേരിൽ പരിചയം ഉണ്ടായിരുന്നിരിക്കണം[15]. അപ്പോസ്തലന്മാർ പ്രവർത്തിച്ചിരുന്ന ഒരു പ്രദേശത്തെ പ്രമുഖമായ ഒരു ക്രൈസ്തവ കൂട്ടായ്മയുടെ മൂപ്പനായിരുന്നു അദ്ദേഹം. എല്ലാ പ്രമുഖ ക്രൈസ്തവ സഭാവിഭാഗങ്ങളും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ രചനകൾ ആളുകളിൽ വലിയ താല്പര്യമുണർത്തുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.

കുറിപ്പുകൾ[തിരുത്തുക]

^ പോളികാർപ്പ് കർണ്ണരോഗികളുടെ മദ്ധ്യസ്ഥനാകാൻ ഇതാണു കാരണം.[11]

^ "Ay, ay, I recognize the first born of Satan".[16]

^ കുത്തേറ്റ പോളികാർപ്പിന്റെ ശരീരത്തിൽ നിന്ന് മാടപ്പിറാവു നിർഗ്ഗമിച്ചു എന്ന കഥ, രക്തസാക്ഷിത്വകഥയുടെ പാഠത്തിൽ പ്രക്ഷിപ്തമായതാവാമെന്ന് കത്തോലിക്കാവിജ്ഞാനകോശം പറയുന്നു."The story of the dove issuing from the body probably arose out of a textual corruption."[16]

അവലംബം[തിരുത്തുക]

 1. 1.0 1.1 പോളികാർപ്പിനെ കുറിച്ചുള്ള എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
 2. Henry Wace, Dictionary of Christian Biography and Literature to the End of the Sixth Century A.D., with an Account of the Principal Sects and Heresies, S.V. "Polycarpus, bishop of Smyrna".
 3. Staniforth, Maxwell. Early Christian Writings. (Penguin Books: London, 1987), 115.
 4. കേസറിയായിലെ യൂസീബിയസ് "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം, ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറങ്ങൾ 167-74, 227-28)
 5. 5.0 5.1 ഹാർട്ടോഗ്, പോൾ (2002). പോളികാർപ്പും പുതിയനിയമവും. p. 17. ISBN 9783161474194.
 6. ഇരണേവൂസ്, ശീശ്മകൾക്കെതിരെ: പോളികാർപ്പിന്റെ ഇപ്പോൾ നിലവിലുള്ള കത്തിൽ, യോഹന്നാന്റെ സുവിശേഷം പരമർശിക്കപ്പെടുന്നില്ല. പോളികാർപ്പിനു പരിചയമുണ്ടായിരുന്ന യോഹാന്നാൻ ആരാണെങ്കിലും അത് സുവിശേഷകനായ യോഹന്നാൻ അല്ലെന്നോ, പോളികാർപ്പ് ശിഷ്യത്വം വിട്ടതിനു ശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയതെന്നോ ആവാം ഇതു നൽകുന്ന സൂചന. "ഹാരിസ് ശകലങ്ങൾ" ആദ്യകാലപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാകാമെന്ന് സമ്മതിക്കുന്ന വീൽഡ്മാന്റെ(വീൽഡ്‌മാൻ 1999:132) നിരീക്ഷണം ഇതാണ്: "യോഹന്നാനേയും പോളികാർപ്പിനേയും ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന്റെ അസംസ്കൃതരൂപം ഇരണേവൂസിനു മുൻപും ഉണ്ടായിരുന്നിരിക്കാം; എങ്കിലും അപ്പസ്തോലനായ യോഹന്നാനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ പോളികാർപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാരമ്പര്യത്തിന്റെ ക്രോഡീകരണം ഇരണേവൂസുമായി നേരിട്ടു ബന്ധപ്പെട്ടതു തന്നെയാകണം."
 7. Tertullian, De praescriptione hereticorum 32.2
 8. Dating according to Frederick W. Weidmann, ed. and tr. Polycarp and John: The Harris Fragments and Their Challenge to the Literary Tradition (University of Notre Dame Press, 1999).
 9. Weidmann 1999:133.
 10. Irenaeus, V.xxxii.
 11. 11.0 11.1 11.2 Dictionary of Saints(പുറങ്ങൾ 159-60), പോളികാർപ്പ്
 12. ഇരണേവൂസ്, പാഷണ്ഡതകൾക്കെതിരെ, III.3.4.
 13. വിൽ ഡുറാന്റ് സീസറും ക്രിസ്തുവും(പുറങ്ങൾ 648-49), സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം
 14. Cave, Primitive Christianity: or the Religion of the Ancient Christians in the First Ages of the Gospel. 1840, revised edition by H. Cary. Oxford, London, pp. 84-85).
 15. Jerome, Illustrious Men 17
 16. 16.0 16.1 കത്തോലിക്കാവിജ്ഞാനകോശം വിശുദ്ധ പോളികാർപ്പ്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോളികാർപ്പ്&oldid=3798480" എന്ന താളിൽനിന്ന് ശേഖരിച്ചത്