പെലേജിയനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്മപാപസങ്കല്പത്തെ നിഷേധിച്ച പെലേജിയൂസ്

ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഓഹരി ജന്മപാപമായി ഏറ്റുവാങ്ങിയാണ്‌ മനുഷ്യരെല്ലാം ജനിക്കുന്നതെന്ന വിശ്വാസത്തിന്റെ നിഷേധത്തെ ആശ്രയിച്ചുള്ള ദൈവശാസ്ത്രസിദ്ധാന്തമാണ്‌ പെലേജിയനിസം. ബ്രിട്ടീഷുകാരനായ പെലേജിയൂസ് (ക്രി.വ. 354-420/40)എന്ന സന്യാസിയുടെ പേരിലാണ്‌ ഇതറിയപ്പെടുന്നതെങ്കിലും പെലേജിയൻ സിദ്ധാന്തസമുച്ചയത്തിന്റെ പല അംശങ്ങളേയും അദ്ദേഹം നിഷേധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സഭാപിതാവായ അഗസ്തീനോസ് പൂർണ്ണരൂപത്തിലെത്തിച്ച ജന്മപാപസങ്കല്പത്തിന്‌ സ്വീകാര്യത കിട്ടിയ പാശ്ചാത്യ ക്രൈസ്തവസഭയിലാണ്‌ ആ സങ്കല്പത്തിന്റെ നിഷേധത്തിലുറച്ച പെലേജിയനിസവും പ്രചരിച്ചത്.

പെലേജിയൂസ്[തിരുത്തുക]

പെലേജിയൂസിന്റെ ജീവിതത്തെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും ലഭ്യമല്ല. ബ്രിട്ടണിൽ നിന്നുള്ള സന്യാസിയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹം ഏതു ദേശക്കാരനാണെന്നു വ്യക്തമല്ല. പെലേജിയൂസ് ഏറെക്കാലം റോമിൽ ജീവിച്ചിരുന്നതായി പറയുന്ന അഗസ്തീനോസ്, അതേ പേരുള്ള മറ്റൊരാളിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി അദ്ദേഹത്തെ "ബ്രിട്ടോ" എന്നു വിളിക്കുന്നു. സഭാചരിത്രകാരനായ ബീഡും പെലേജിയൂസിനെ "പെലേജിയൂസ് ബ്രിട്ടോ" എന്നു വിളിക്കുന്നുണ്ട്. [1] "സ്കോട്ട്‌ലണ്ടിലെ പാൽക്കഞ്ഞി കുടിച്ച് വീർത്ത ആ പൊണ്ണത്തലയൻ" (that fathead bloated with Scotch porridge)എന്ന് ജെറോം പെലാജിയസിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും [2]"സ്കോട്ട്‌ലൻഡ്" എന്ന വാക്ക് അക്കാലത്ത് അയർലണ്ട് എന്ന അർത്ഥത്തിലും ഉപയോഗിച്ചിരുന്നതെന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന ബ്രിട്ടണിൽ പെലാജിയൂസ് തപോനിഷ്ഠയുടേയും പ്രഭാഷണചാതുര്യത്തിന്റേയും പേരിൽ അറിയപ്പെട്ടിരുന്നു. പെലേജിയൻ ആശയങ്ങൾ അവയുടെ പൂർണ്ണരൂപത്തിൽ വെളിച്ചം കാണുന്നതിനു മുൻപ്, അഗസ്തീനോസിനെപ്പോലെ ഉന്നതസ്ഥാനീയരായ സഭാനേതാക്കന്മാർ പോലും അദ്ദേഹത്തെ "വിശുദ്ധൻ" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഏറെക്കാലം റോമിൽ കഴിഞ്ഞ പെലേജിയൂസ് അലാറിക്കിന്റെ വിസിഗോത്ത് സൈന്യം നഗരം കൊള്ളയടിച്ചതിനെ തുടർന്ന് ആഫ്രിക്കയിലെത്തി. അവിടെ തുടമുഖപട്ടണമായ ഹിപ്പോയും അദ്ദേഹം സന്ദർശിച്ചെങ്കിലും അവിടത്തെ മെത്രാനായിരുന്ന അഗസ്തീനോസ് അപ്പോൾ നഗരത്തിൽ ഉണ്ടായിരുന്നില്ല.

സിദ്ധാന്തം[തിരുത്തുക]

ആദിമാതാപിതാക്കളുടെ പാപത്തിന്റെ കളങ്കം മനുഷ്യപ്രകൃതിയെതന്നെ അധഃപതിപ്പിച്ചതിനാൽ ദൈവത്തിൽ നിന്ന് ദാനമായി കിട്ടുന്ന കൃപയല്ലാതെ രക്ഷയിലേയ്ക്ക് മനുഷ്യന്‌ മറ്റു വഴിയില്ലെന്നാണ്‌ ജന്മപാപസിദ്ധാന്തത്തിന്റെ നിലപാട്. അധഃപതിച്ച് തിന്മയിലേയ്ക്കു ചാഞ്ഞ മനുഷ്യപ്രകൃതി, നന്മ തെരഞ്ഞെടുക്കാൻ കഴിവില്ലാത്തതാണെന്നാണ്‌ വാദം‌. എന്നാൽ ആദിപാപം സ്പർശിച്ചത് ആദാം-ഹവ്വമാരെ മാത്രമാണെന്നും അവരുടെ സന്തതിപരമ്പരയെ അത് മലിനപ്പെടുത്തിയിട്ടില്ലാത്തതിനാൽ മനുഷ്യബുദ്ധിയ്ക്ക് ദൈവത്തിന്റെ കൃപയുടെ ഇടപെടൽ കൂടാതെ തന്നെ നന്മ തെരഞ്ഞെടുക്കാനാകുമെന്ന് പെലേജിയൂസ് പഠിപ്പിച്ചു. മനുഷ്യന്റെ സൽ‌പ്രവർത്തികൾക്ക് ദൈവകൃപയുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മനുഷ്യബുദ്ധിയ്ക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകൾ, പാപരഹിതമായ ജീവിതത്തിന്‌ മതിയാകുമെന്ന് അദ്ദേഹം കരുതി. ആദിപാപത്തിന്റെ ദുർമ്മാതൃകയെ മറികടന്ന്, ദൈവദത്തമായ ബുദ്ധിയുടെ വിവേചന ഉപയോഗിച്ചു യേശു കാണിച്ച ത്യാഗത്തിന്റെ സന്മാതൃക പിന്തുടർന്ന് രക്ഷപ്രാപിക്കാൻ മനുഷ്യന്‌ കഴിവും ബാദ്ധ്യതയും ഉണ്ട്. ആദാമിന്റെ പാപത്തിൽ മനുഷ്യരെല്ലാം തെറ്റുകാരാണെന്ന് പെലേജിയൂസ് സമ്മതിച്ചില്ല. ആദാം-ഹവ്വാമാരുടെ പാപം അവരുടെ സന്തതികളെ ദുർമ്മാതൃക എന്ന നിലയിലല്ലാതെ ജന്മപാപം ആയി പിന്തുടരുന്നില്ല. യേശുവിന്റെ ജീവിതവും മരണവും ആദിമാതാപിതാക്കളുടെ ദുർമ്മാതൃകയെ മറികടക്കാൻ സഹായിക്കുന്ന സന്മാതൃകയായി. ചുരുക്കത്തിൽ സ്വന്തം അവസ്ഥ തെരഞ്ഞെടുക്കാൻ കഴിവുള്ള മനുഷ്യൻ, സുവിശേഷത്തിലെ അനുശാസനങ്ങൾ പിന്തുടരാൻ ധാർമ്മികമായ ബാദ്ധ്യതയുള്ളവനും കർമ്മങ്ങളുടെ ഉത്തരവാദിത്തം പേറാൻ വിധിക്കപ്പെട്ടവനുമാണ്‌. മനുഷ്യർ പാപം ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയതിനാൽ അവർ പാപത്തിന്റെ ഇരകളല്ല. പാപി കൃപ ആവശ്യമുള്ള ഇരയല്ല, മാപ്പു തേടേണ്ട കുറ്റവാളിയാണ്‌. മനുഷ്യരെല്ലാം പരിപൂർണ്ണത പ്രാപിക്കാൻ കഴിവും ചുമതലയും ഉള്ളവരാണെന്ന വിശ്വാസമാണ്‌ പെലേജിയനിസത്തിന്റെ കാതൽ.[3]


മനുഷ്യരുടെ പിറവി തന്നെ ഹീനാവസ്ഥയിലാണെന്നും, അതിനാൽ പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അവർ അശക്തരാണെന്നുമുള്ള വാദം അസംബന്ധമാണെന്ന് പെലേജിയൂസ് കരുതി. ആഗസ്തീനോസിന്റെ കൺഫെഷൻസ് എന്ന പ്രഖ്യാതകൃതിയെ ഒരുതരം നിഷ്ക്രിയഭക്തിയ്ക്കുള്ള ആഹ്വാനമായി അദ്ദേഹം വിലയിരുത്തി. കൺഫെഷൻസ് പത്താം അദ്ധ്യായത്തിലെ "നിനക്കിഷ്ടമുള്ളത് എന്നോടു കല്പിക്കുക; കല്പിക്കുന്നത് നീ പ്രദാനം ചെയ്യുക" എന്ന പ്രാർത്ഥന[4] പെലേജിയൂസിനെ അരിശം കൊള്ളിച്ചു. കർമ്മങ്ങൾക്കുള്ള ഉത്തരവാദിത്തത്തിൽ നിന്ന് വ്യക്തികളെ മുക്തരാക്കി, സമൂഹത്തിൽ അധാർമ്മികത പരാത്താൻ മാത്രം ഉപകരിക്കുന്ന നിലപാടായാണ്‌ ഇതിനെ അദ്ദേഹം കണ്ടത്. ആഫ്രിക്കയിൽ ക്രമേണ പ്രചരിച്ച പെലേജിയൂസിന്റെ ആശയങ്ങളെ അഗസ്തീനോസ് എതിർത്തു. മനുഷ്യന്‌ ഈ ലോകത്തിൽ ദൈവത്തിന്റെ കൃപകൂടാതെ തന്നെ സ്വതന്ത്രമനസ്സോടെ ചെയ്യുന്ന പ്രവൃത്തികൾ വഴി ധാർമ്മികമായ പൂർണ്ണത നേടാനാകുമെന്ന് പെലേജിയൂസ് വാദിച്ചപ്പോൾ, എല്ലാമനുഷ്യരും ജന്മപാപത്താൽ പങ്കിലമായ മനസ്സും ബുദ്ധിയുമായി ജനിക്കുന്നതിനാൽ ദൈവകൃപകൂടാതെ പരിപൂർണ്ണത കൈവരിക്കുക സാധ്യമല്ലെന്നായിരുന്നു അഗസ്തീനോസിന്റെ നിലപാട്. ജന്മപാപസിദ്ധാന്തം മനിക്കേയവാദത്തിന്‌ സമമാണെന്ന് പെലേജിയന്മാർ വാദിച്ചു: മാംസം സ്വഭാവത്താലേ പാപോന്മുഖമാണെന്ന വിശ്വാസം മനിക്കേയവാദത്തിൽ ഉൾപ്പെട്ടിരുന്നു. ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനാകുന്നതിനു മുൻപ് അഗസ്തീനോസ് മനിക്കേയവാദത്തിൽ ആകൃഷ്ടനായിരുന്നുവെന്നത് ഈ ആരോപണത്തിന്‌ കൂടുതൽ പ്രസക്തി നൽകി. മനുഷ്യനു രക്ഷ ദൈവത്തിൽ നിന്ന് ദാനമായി ലഭിക്കുന്നതാണെന്നും, ആ ദാനം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള കഴിവിലാണ്‌ മനുഷ്യസ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നതെന്നും അഗസ്തീനോസ് കരുതി.[5]


പാപം മനുഷ്യപ്രകൃതിയുടെ ഭാഗം തന്നെയാണെന്നും പാപം ചെയ്യാതിരിക്കാൻ ആർക്കുമാവില്ലെന്നും വിശ്വസിച്ച ജെറോം, അഗസ്തീനോസിനൊസ് കഴിഞ്ഞാൻ പെലേജിയൂസിന്റെ ഏറ്റവും വലിയ വിമർശകനായി.[2]

വിലക്ക്[തിരുത്തുക]

റോമിന്റെ മേലുള്ള അലാറിക്കിന്റെ വിസിഗോത്ത് സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ആഫ്രിക്കയിലെത്തിയ അഭയാർത്ഥികളിൽ പെലേജിയൂസും ഉൾപ്പെട്ടിരുന്നു. നേരത്തെ ഇറ്റലിയിൽ പ്രചരിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ അതോടെ ആഫ്രിക്കയിൽ പ്രചരിക്കാൻ തുടങ്ങി. താമസിയാതെ പെലേജിയൂസ് ആഫ്രിക്ക വിട്ട് പലസ്തീനയിലേയ്ക്ക് പോയെങ്കിലും പെലേജിയൻ നിലപാടിന്റെ ശക്തനായ വക്താവായിരുന്ന സെലസ്റ്റിയസ് ആഫ്രിക്കയിൽ തുടർന്നു‌. പലസ്തീനയിലെത്തിയ പെലേജിയൂസിനെക്കുറിച്ച് അവിടെ താപസജീവിതം നയിച്ചിരുന്ന ജെറോമിന്‌ അഗസ്തീനോസ് മുന്നറിയിപ്പു കൊടുത്തു. പെലേജിയനിസത്തെക്കുറിച്ചു തീരുമാനിക്കാൻ യെരുശലേമിൽ രണ്ടു സൂനഹദോസുകൾ ചേർന്നു. അതിലൊരു സൂനഹദോസ് പെലേജിയനിസത്തെ ശപിക്കുകയും മറ്റേത് അതിനെ അംഗീകരിക്കുകയും ചെയ്തു. അഗസ്തീനോസിന്റെ ഉത്സാഹത്തിൽ ക്രി.വ. 416-ൽ സംഘടിപ്പിക്കപ്പെട്ട രണ്ട് ഉത്തരാഫ്രിക്കൻ സൂനഹദോസുകളും പെലേജിയനിസത്തെ ശപിച്ചു. റോമിലെ മെത്രാനായിരുന്ന മാർപ്പാപ്പ ഇന്നസെന്റ് പെലേജിയനിസത്തെ ശപിച്ചെങ്കിലും അദ്ദേഹത്തിന്റെ പിൻ‌ഗാമി സോസിമസ് തന്റെ കാര്യം വാദിക്കാൻ റോമിലെത്തിയ പെലേജിയൂസിനോട് സഹതാപം കാട്ടി. എന്നാൽ റോമിൽ അക്കാലത്തു നടന്ന ഒരു ലഹളയ്ക്ക് പെലേജിയൂസിന്റെ അനുയായികൾ ഉത്തരവാദികളാണെന്നു കരുതിയ ഹോണോറിയസ് ചക്രവർത്തി പെലേജിയനിസത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു വിളമ്പരം ഇറക്കുകയും പെലേജിയന്മാരെ റോമിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഭരണരംഗത്ത് നിലനിന്നിരുന്ന അഴിമതിക്കെതിരെയുള്ള പെലേജിയൂസിന്റെ വിമർശനവും ചക്രവർത്തിയെ അദ്ദേഹത്തിനെതിരായി തിരിക്കാൻ സഹായിച്ചു എന്നു പറയപ്പെടുന്നു. അഗസ്തീനോസിന്റെ സുഹൃത്തും ഉത്തരാഫ്രിക്കയിൽ അദ്ദേഹത്തിന്റെ ജന്മനാടായ തഗാസ്തയിലെ മെത്രാനുമായിരുന്ന അലിപ്പിയസ്, പെലേജിയന്മാർക്കെതിരെ ഈ തീരുമാനമെടുക്കാനായി രാജകീയോദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തു എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.[ക] ആഫ്രിക്കയിൽ, സഭയുടെ വക ഭൂമിയിൽ മേഞ്ഞുകൊഴുത്ത 80 കുതിരകളായിരുന്നത്രെ കൈക്കൂലി.[ഖ] ഭരണകൂടം പെലാജിയൂസിനെതിരായതോടെ സോസിമസ് മാർപ്പാപ്പായും പഴയ ‌നിലപാടുമാറ്റി, പെലേജിയൻ വാദത്തെ ശപിച്ചു.

ജൂലിയൻ മെത്രാൻ[തിരുത്തുക]

ഭരണകൂടത്തിന്റേയും മാർപ്പാപ്പയുടേയും വിലക്കിനു ശേഷവും ഇറ്റലിയിൽ പെലേജിയനിസത്തിനു പിന്തുണ തീരെ ഇല്ലാതായില്ല. ജൂലിയൻ മാർപ്പാപ്പയുടെ വിലക്കോടെ തന്നെ പെലാജിയനിസത്തിന്റെ കഥ കഴിഞ്ഞെന്ന് ("Causa finita est"; Case is finished) അഗസ്തീനോസ് അവകാശപ്പെട്ടിരുന്നെങ്കിലും[6] ഇറ്റലിയിലെ 18 മെത്രാന്മാർ വിലക്കിനെ ധിക്കരിച്ച് പെലേജിയൂസിനെ പിന്തുണച്ചു. അവരിൽ ഏറ്റവും പ്രമുഖൻ എക്ലാനമിലെ ചെറുപ്പക്കാരനായ ജൂലിയൻ മെത്രാൻ(ക്രി.വ.386-454) ആയിരുന്നു. പെലാജിയൻ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രഗല്ഭനായ നേതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു.[7] അഗസ്തീനോസിന്റെ സുഹൃത്തായിരുന്ന ഇറ്റലിയിലെ മെമോറിയൂസ് മെത്രാന്റെ മകനായിരുന്ന ജൂലിയൻ, പെലേജിയനിസത്തിനെതിരായുള്ള പോരാട്ടത്തിൽ അഗസ്തീനോസിന്റെ ബദ്ധവൈരിയായി. ഭരണകൂടത്തെ ധിക്കരിച്ചതിന്‌ നാടുകടത്തപ്പെട്ടതിനു ശേഷവും ജൂലിയൻ പെലേജിയൻ പ്രചരണം തുടർന്നു. അഗസ്തീനോസുമായുള്ള ജൂലിയന്റെ സം‌വാദം ദീർഘവും തീക്ഷ്ണവും വ്യക്തിപരമായ ശത്രുതയുടെ സൂചനകൾ നൽകിയതും ആയിരുന്നു. ക്രി.വ. 430-ൽ അഗസ്തീനോസിന്റെ മരണം വരെ അത് തുടർന്നു. അഗസ്തീനോസിനെ ജൂലിയൻ, "കഴുതകളുടെ പ്രഭു"(petronus asinorum) എന്നു വിളിക്കുക പോലും ചെയ്തു.[8] മനുഷ്യപ്രകൃതിയേയും, ദൈവത്തിന്റെ നീതിയേയും ലൈംഗികതയേയും കുറിച്ചുള്ള അഗസ്തീനോസിന്റെ നിലപാടുകളെ ജൂലിയൻ നിശിതമായി വിമർശിച്ചു. എല്ലാ മനുഷ്യരുടേയും ഉല്പത്തി പാപത്തോടെ ആയതിനാൽ ജ്ഞാനസ്നാനം വഴി ജന്മപാപത്തിൽ നിന്ന് മുക്തി നേടാതെ മരിക്കുന്ന ശിശുക്കൾ പോലും നരകത്തിൽ നിത്യകാലം ശിക്ഷിക്കപ്പെടുമെന്ന അഗസ്തീനോസിന്റെ നിലപാടാണ്‌ ജൂലിയന്റെ വിമർശനത്തിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നായത്. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:

ദൈവത്തിന്റെ നീതിയെ, നീതിയെക്കുറിച്ചുള്ള മനുഷ്യന്റെ ആശയങ്ങളെ ആശ്രയിച്ചു വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ഈ വിമർശനത്തിനു അഗസ്തീനോസ് കൊടുത്ത മറുപടി.

ലൈംഗികതയെ, ആദിപാപവും അതുവഴിവന്നതായി പറയപ്പെട്ട മനുഷ്യന്റെ ഹീനാവസ്ഥയുമായി ബന്ധപ്പെടുത്തി തിന്മ എന്ന മട്ടിൽ വിലയിരുത്തുന്ന അഗസ്തീനോസിന്റെ രീതിയേയും ജൂലിയൻ എതിർത്തു. നഗ്നതയും ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട ലജ്ജ തന്നെ, തന്റെ നിലപാടിനു തെളിവായി അഗസ്തീനോസ് അവതരിപ്പിച്ചു. രതിവാസനയെ, ശരീരത്തിൽ ആറാമതായുള്ള ഇന്ദ്രിയവും, വിവേചനാപൂർ‌വം നന്മയ്ക്കായി ഉപയോഗിക്കാവുന്ന നിഷ്പക്ഷോർജ്ജവും ആയി ജൂലിയൻ വിശേഷിപ്പിച്ചപ്പോൾ അഗസ്തീനോസിന്റെ പ്രതികരണം ഇതായിരുന്നു:

അന്ത്യം[തിരുത്തുക]

പെലാജിയന്മാരെ റോമിൽ നിന്ന് ബഹിഷ്കരിച്ച ശേഷമുള്ള വർഷങ്ങളിൽ അവരുടെ പ്രസ്ഥാനത്തിന്റെ ചരിത്രം, എക്ലാനമിലെ ജൂലിയനും അഗസ്തീനോസും തമ്മിലുള്ള സം‌വാദത്തിന്റെ ചരിത്രമായിരുന്നു. മരണത്തിൽ കലാശിച്ച പനി തുടങ്ങുന്നതിനു ഏതാനും ദിവസം മുൻപ് വരെ ജൂലിയനെ വിമർശിച്ചുള്ള മറ്റൊരു കൃതിയുടെ രചന അഗസ്തീനോസ് തുടർന്നു. ആ കൃതി പൂർത്തിയായില്ല.

പെലാജിയനിസത്തിന്റെ ഏറ്റവും പ്രഗല്ഭവക്താവായിരുന്ന ജൂലിയൻ അവസാന നാളുകൾ ചെലവഴിച്ചത് സിസിലിയിൽ കൊച്ചുകുട്ടികളെ അക്ഷരമാല പഠിപ്പിക്കുന്ന അദ്ധ്യാപകനായാണ്‌. പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. [10] ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.[11]

കുറിപ്പുകൾ[തിരുത്തുക]

ക.^ "It was also said that a colleague of Augustine's, the bishop of his home town, Thagaste, employed bribery at the court in his cause."[2]

ഖ.^ "On one Mission, Alypius had carried with him the promise of eighty Numidian stallions, fattened on the estates of the Church, as douceurs for the cavalry-officers, whose views on grace had proved decisive."[12]

അവലംബം[തിരുത്തുക]

  1. Bede's Ecclesiastical History of the English People: A Historical Commentary
  2. 2.0 2.1 2.2 2.3 The Closing of the Western Mind, Charles Freeman(പുറങ്ങൾ 291-293)
  3. ഹിപ്പോയിലെ അഗസ്റ്റിൻ, പീറ്റർ ബ്രൗൺ, പുറം 342. "This message was simple and terrifying: since perfection is possible for man, it is obligatory".
  4. കൺഫെഷൻസ്, പത്താം പുസ്തകം 29:40
  5. The Cambridge Companion to Augustine. 2001. , eds. Eleonore Stump, Norman Kretzmann. New York: Cambridge University Press. 130-135.
  6. വിശ്വാസത്തിന്റെ യുഗം, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ, നാലാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 69-70)
  7. കത്തോലിക്കാവിജ്ഞാനകോശം, എക്ലാനമിലെ ജൂലിയൻ
  8. പീറ്റർ ബ്രൗൺ, പുറം 385
  9. പീറ്റർ ബ്രൗൺ, പുറം 393
  10. controverscial.com Archived 2010-05-27 at the Wayback Machine. Unitarian Universalism
  11. Pelagianism[പ്രവർത്തിക്കാത്ത കണ്ണി] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)
  12. പീറ്റർ ബ്രൗൺ 364
"https://ml.wikipedia.org/w/index.php?title=പെലേജിയനിസം&oldid=3977393" എന്ന താളിൽനിന്ന് ശേഖരിച്ചത്