തിരു ആലംതുരുത്തി മഹാമായ ക്ഷേത്രം
തിരു ആലംതുരുത്തി ഭഗവതി ക്ഷേത്രം | |
---|---|
പ്രധാന പ്രതിഷ്ഠ | ദുർഗ്ഗ/ഭഗവതി |
രാജ്യം | ഇന്ത്യ |
സ്ഥലം | തിരുവല്ല |
ജില്ല | പത്തനംതിട്ട |
സംസ്ഥാനം | കേരളം |
മതവിഭാഗം | ഹിന്ദുമതം |
ഗൂഗിൾ മാപ്പിൽ |
---|
https://goo.gl/maps/c2R8ufRmviXU2vy48 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരു ആലംതുരുത്തി ഭഗവതി ക്ഷേത്രം. പണ്ട് തിരുവല്ല ഗ്രാമത്തിന്റെ ഒരു ഉപഗ്രാമം ആയിരുന്നു ആലംതുരുത്തി. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരു ആലംന്തുരുത്തി മഹാമായ ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തി (ദുർഗ്ഗ) ആണ് ഇവിടുത്തെ പ്രതിഷ്ഠ എന്ന് വിശ്വാസം. തിരു ആലംന്തുരുത്തി മഹാമായ ശ്രീവല്ലഭന്റെ സഹോദരിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ഐതിഹ്യവും ചരിത്രവും
പണ്ട് പരശുരാമപ്രതിഷ്ഠയ്ക്ക് ശേഷം ആരാലും ശ്രദ്ധിക്കാതെ കിടന്ന വനപ്രദേശമായിരുന്നു ഇതെന്നും പിന്നീട് മാതംഗമഹർഷി പരാശക്തിയുടെ സാന്നിധ്യം കണ്ടത്തി പുനപ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം. മാതംഗാശ്രമം ഇവിടെയാണെന്നും പക്ഷമുണ്ട്. ഈ ഭഗവതി വിഷ്ണു സോദരിയാണെന്നാണ് സങ്കല്പം. ദേവി യോഗമായയും പരമശാന്തയുമാണ്. സത്വത്തിൽ സത്വമായ രൂപകല്പന. ജഗന്മാതാവ് പിഞ്ചുശിശുവിന്റെ ഭാവത്തോടെ ഇവിടെ വാണരുളുന്നു. കൃഷ്ണാവതാര കാലത്ത് വൃന്ദാവനത്തിൽ ഭഗവാന്റെ സഹോദരിയായി അവതരിച്ച ഭഗവതി ആണിതെന്ന് വിശ്വാസം. മഹാകാളി, ദുർഗ്ഗാസ്വരൂപിണി ആയ ആ കുട്ടിയെ കംസൻ വധിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ആകാശത്തേക്ക് ഉയർന്നു ഭഗവതിയുടെ രൂപത്തിൽ അയാൾക്ക് കൃഷ്ണന്റെ ജനനത്തെ പറ്റി മുന്നറിയിപ്പ് നൽകി മറഞ്ഞു എന്ന് ഭാഗവതം പറയുന്നു.
തിരുവല്ല നഗരത്തിന്റെ ഉപഗ്രാമമായ ആലംതുരുത്തി ഗ്രാമത്തിന്റെ കുലദൈവമായും തിരുവല്ല നഗരത്തിന്റെ രക്ഷാദൈവവുമാണ് തിരു ആലംതുരുത്തി മഹാമായ. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് വളരെ മുമ്പുപോലും ഈ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യ കാലങ്ങളിൽ വെള്ളം കയറിക്കിടന്ന ഭൂപ്രദേശങ്ങളായിരുന്നു ഇവിടം. 12-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തിരുവല്ല ചെപ്പേടുകളിൽ 'ആതൻതുരുത്തി' എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും ചുറ്റുവട്ടവുമാണ്. ഇന്ന് ഇഴിഞ്ഞില്ലം എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശം പണ്ട് ആലംതുരുത്തി ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിന്റെ തനതായ വാസ്തു നിർമ്മാണ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദാരുനിർമ്മിതമായ ഇരുനിലകളുള്ള ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. മുഖമണ്ഡപവും നാലമ്പലവും വിളക്കുമാടവും ബലിക്കൽപുരയും ഗോപുരവും ക്ഷേത്രത്തിനുണ്ട്. ശാസ്താവിന്റെ (അയ്യപ്പൻ) ഒരു ഉപക്ഷേത്രവുമുണ്ട്.
ഉത്സവം
മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി തുടർന്ന് എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് തിരു ആലംതുരുത്തി മഹാമായ ക്ഷേത്രത്തിലേത്. കൊടിയേറ്റിന് ശേഷമുള്ള ദിവസങ്ങളിൽ ആറാട്ടുകൾ ആരംഭിക്കുന്നു. തിരുവല്ല ദേശത്തിന്റെ അതിർത്തിയിൽപ്പെട്ട വിവിധ കരകളിലേക്കാണ് ആറാട്ട് നടത്തപ്പെടുന്നത്.
രണ്ടാം ദിവസം വേങ്ങൽ ആറാട്ടും ജിവിതകളിയും, മൂന്നാം ദിവസം അഴിയിടത്തുചിറ ആറാട്ടും ജിവിതകളിയും, നാലാം ദിവസം യമ്മർകുളങ്ങര ആറാട്ടും യമ്മർകുളങ്ങര തിരുപന്തവും, അഞ്ചാം ദിവസം മണിപ്പുഴ ആറാട്ടും കാരയ്ക്കൽ തിരുപന്തവും, ആറാം ദിവസം ഉത്രമേൽ ആറാട്ട്, കാവിൽ വരവ്, പെരിങ്ങോൾ തിരുപന്തം, മകം വിളക്കും, ഏഴാം ദിവസം മന്നൻകരച്ചിറ ആറാട്ടും ജിവിതകളിയും, എട്ടാം ദിവസം കൊടിയിറക്കും ഉത്രശ്രീബലിയും.