തിരുത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത
തിരുത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. cephalus
Binomial name
Mugil cephalus
Linnaeus, 1758

ഒരിനം വളർത്തുമത്സ്യമാണ് തിരുത. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ മുജിലിഡേ കുടുംബത്തിൽപ്പെടുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം മുജിൽ സെഫാലസ് എന്നാണ്. ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളർത്തുന്നത്.

ശരീരഘടന[തിരുത്തുക]

തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് ഗ്രേ മുള്ളറ്റ്, ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ് എന്നീ പേരുകൾ ലഭിച്ചത്. ഉദരഭാഗത്തിന് വെള്ളിനിറമായിരിക്കും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. രണ്ട് ഭുജപത്രങ്ങളുമുണ്ട്. ഭുജപത്രങ്ങൾക്ക് നീലകലർന്ന കറുപ്പുനിറമാണ്. ആദ്യത്തെ ഭുജപത്രത്തിൽ ഉള്ള നാല് കൂർത്ത മുള്ളുകൾ മുള്ളറ്റുകളുടെ പൊതുലക്ഷണമാണ്. തിരുതയുടെ രണ്ടാമത്തെ ഭുജപത്രത്തിൽ ഒമ്പത് മുള്ളുകൾ ഉണ്ടായിരിക്കും. ഭുജപത്രത്തിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഇവയുടെ രണ്ടു പൃഷ്ഠപത്രങ്ങൾക്കും ചാരനിറമാണ്.

വാസസ്ഥലം[തിരുത്തുക]

വിൽപ്പനക്ക് വച്ചിരിക്കുന്ന തിരുത മത്സ്യം

തിരുത ജലാശയങ്ങൾക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. ജലാശയത്തിനടിത്തട്ടിൽ ഇരതേടുന്നതിനാൽ ഇത്തരം മത്സ്യങ്ങളുടെ ആമാശയത്തിൽ ധാരാളം ചേറും ചെളിയും കടന്നുകൂടുക പതിവാണ്. കാലവർഷക്കാലത്ത് ധാരാളം എക്കൽ അടിഞ്ഞുകൂടുമ്പോൾ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു സസ്യഭുക്കായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ലവങ്ങളെ ആഹാരമാക്കാറുണ്ട്.

തിരുത മത്സ്യത്തെ ഉണക്കുന്നു. തായ്‌വാനിൽ നിന്നും

കേരളത്തിൽ ഞാറയ്ക്കൽ, മാലിപ്പുറം എന്നീ മത്സ്യകൃഷിയിടങ്ങളിൽ വളർത്തുന്ന ഇനമാണ് തിരുത. ഇവ വളരെ വേഗത്തിൽ വളരും. ഇവയുടെ വളർച്ചയേയും വളർച്ചാനിരക്കിനേയും കുറിച്ച് വളരെയേറെ പഠനങ്ങൾ ഇന്ത്യയിലും വിദേശങ്ങളിലും നടന്നിട്ടുണ്ട്.

പ്രജനനം[തിരുത്തുക]

രണ്ടുവർഷം പ്രായമായതിനുശേഷമേ തിരുത മത്സ്യങ്ങൾക്ക് പ്രജനനശേഷി കൈവരുന്നുള്ളൂ. ശുദ്ധജലാശയങ്ങളിൽ ഇവ പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടില്ല. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസക്കാലങ്ങളിൽ ലവണാംശം കൂടിയ ആഴക്കടലിലാണ് ഇവ മുട്ടയിട്ടു പ്രജനനം നടത്തുന്നതെന്നു കരുതപ്പെടുന്നു. കെട്ടിക്കിടക്കുന്ന ലവണജലത്തിൽ തിരുതകൾ മുട്ടയിടാറില്ല. പലപ്പോഴും ഹോർമോൺ കുത്തിവയ്പുകൾ നടത്തി ഇവയെ മുട്ടയിടീക്കാനും അവയിൽ നിന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനും കഴിയുന്നുണ്ടെങ്കിലും ഇതുവരെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനായിട്ടില്ല. മുട്ടയിൽനിന്നു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ലവണാംശത്തിന്റേയും പ്രകൃതിയിൽ നിന്നും ലഭിക്കേണ്ട ആഹാരത്തിന്റേയും അഭാവംമൂലം ചത്തുപോവുകയാണ് പതിവ്.

തിരുത മത്സ്യത്തിന്റെ മുട്ടകൾ ജലത്തിൽ പൊങ്ങിക്കിടക്കും. ഇവ വലിപ്പം കുറഞ്ഞതും 0.9 മില്ലിമീറ്റർ മാത്രം വ്യാസമുള്ളവയുമാണ്. ജലത്തിന്റെ താപനിലയനുസരിച്ച് മുട്ടകൾ വിരിയാൻ 48 മുതൽ 64 വരെ മണിക്കുർ സമയം ആവശ്യമാണ്. സമുദ്രജലത്തിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ലവണാംശം കുറഞ്ഞ കായലുകളിലേക്കും നദീമുഖങ്ങളിലേക്കും ഇരതേടിപ്പോവുക പതിവാണ്.

തിരുത ഒരു ഉത്തമ വളർത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളർച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളർത്തുമത്സ്യമെന്ന നിലയിൽ മുൻനിരയിലാക്കുന്നത്. കടലോരങ്ങളിലെ ലവണ ജലതടാകത്തിൽ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളർത്തുന്നുണ്ട്. തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തുന്നു. പശ്ചിമബംഗാളിൽ ലവണജല തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുക പതിവാണ്. ലവണജലാശയങ്ങളിൽ കരിമീൻ, കണമ്പ്, പൂമീൻ എന്നിവയോടൊപ്പവും ശുദ്ധജലാശയങ്ങളിൽ കാർപ്പു മത്സ്യങ്ങളോടൊപ്പവും തിരുത മത്സ്യത്തെ വളർത്തുന്നു.

ഫിലിപ്പീൻസിൽ കടലോരമാണ് ഇതിന്റെ പ്രധാന വളർത്തു കേന്ദ്രം. ഇവ കുളങ്ങളിൽ മുട്ടയിട്ടു പ്രജനനം നടത്താറില്ല. അതിനാൽ ഓരോ വർഷവും സമുദ്രജലത്തിൽ നിന്ന് കുഞ്ഞുങ്ങളെ ശേഖരിച്ച് വളർത്തുകുളങ്ങളിൽ വിടേണ്ടതായി വരുന്നു. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസക്കാലങ്ങളിലാണ് കുഞ്ഞുങ്ങളെ ധാരാളമായി ലഭിക്കുന്നത്. 2.5 - 3.5 സെന്റിമീറ്റർ വരെ നീളമുള്ള കുഞ്ഞുങ്ങളെ ദൂരദേശങ്ങളിലേക്കു കയറ്റി അയയ്ക്കുക സാധാരണമാണ്. ഈ പ്രായത്തിലാണ് ഇവയ്ക്ക് ശുദ്ധജലവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്നത്. തിരുതയുടെ ദേശാടനത്തെക്കുറിച്ച് ഇന്നും ഗവേഷണങ്ങൾ നടന്നുവരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുത&oldid=2837730" എന്ന താളിൽനിന്ന് ശേഖരിച്ചത്